Image

വാപ്പച്ചിയും ഉമ്മച്ചിയുമാണ്‌ വീട്ടിലെ പ്രണയ ജോഡികളെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍

Published on 07 May, 2020
വാപ്പച്ചിയും ഉമ്മച്ചിയുമാണ്‌ വീട്ടിലെ പ്രണയ ജോഡികളെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍


വാപ്പച്ചിയും ഉമ്മച്ചിയുമാണ്‌ വീട്ടിലെ പ്രണയ ജോഡികളെന്ന്‌ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. പ്രണയം നിറഞ്ഞ ജീവിതയാത്ര 41 വര്‍ഷത്തിലേക്ക്‌ കടക്കുമ്പോള്‍ ആശംസകളുടെ പൂമഴയുമായി എത്തുകയാണ്‌ ആരാധകര്‍.

1979 മെയ്‌ ആറിനാണ്‌ മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം ചെയ്യുന്നത്‌. അന്ന്‌ മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുകയായിരുന്നു. അഭിനയ മോഹം തലയ്‌ക്കു പിടിച്ച മമ്മൂട്ടി വിവാഹത്തിനുമുമ്പ്‌ അഭിനയിച്ചത്‌ കാലചക്രം, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങള്‍ അന്ന്‌ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

വിവാഹത്തിനു ശേഷം കെ.ജി ജോര്‍ജ്‌ സംവിധാനം ചെയ്‌ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള കാലം മമ്മൂട്ടി എന്ന നടന്റെ വളര്‍ച്ചയുടേതായിരുന്നു. ഒരു വര്‍ഷം അഭിനയിക്കുന്ന ചിത്രങ്ങളില്‍ മുക്കാലും പരാജയപ്പെട്ടാല്‍ പോലും താരമൂല്യത്തെ ബാധിക്കാത്ത വിധം മമ്മൂട്ടി എന്ന നടന്‍ സൂപ്പര്‍ സ്റ്റാറും പിന്നീട്‌ മെഗാ സ്റ്റാറുമായും വളര്‍ന്നു. 
സിനിമാ ചരിത്രത്തില്‍ തന്നെ വളരെ മികച്ചൊരു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്ക്‌ സാധിച്ചിട്ടുണ്ട്‌. ആ യാത്ര ഇന്നും തുടരുമ്പോള്‍ അഭിഭാഷകന്റെ ജോലി വിട്ട്‌ സിനിമാ മേഖലയില്‍ സജീവമാകാനുള്ള പിന്തുണ നല്‍കിയതത്രയും സുല്‍ഫത്തായിരുന്നു.

സുറുമിയാണ്‌ മമ്മൂട്ടി-സുല്‍ഫത്ത്‌ ദമ്പതികളുടെ മൂത്ത മകള്‍. സുറുമിയേക്കാള്‍ നാലു വയസിനിളയതാണ്‌ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സ്വഭാവത്തിലും ലോകത്തോടുള്ള കാഴ്‌ചപ്പാടിലും വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ്‌ ഉമ്മ എന്ന്‌ ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്‌. `` സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന്‌ ഉമ്മച്ചി ഒരുപാട്‌ നിര്‍ബന്ധിച്ചിരുന്നു. 

പഠിച്ച്‌ ജോലി നേടണം എന്നാണ്‌ ഉമ്മച്ചി പറഞ്ഞിരുന്നത്‌. വളരെ ലളിതമായ ജീവിതമാണ്‌ ഞങ്ങള്‍ നയിച്ചിരുന്നത്‌. ഉമ്മച്ചി അങ്ങനെയാണ്‌ ഞങ്ങളെ പഠിപ്പിച്ചിരുന്നതും വളര്‍ത്തിയതും. ഉമ്മച്ചി പറയാറുണ്ട്‌. വാപ്പച്ചി ഭാഗ്യവാനാണ്‌. അദ്ദേഹം പലതും നേടി. പക്ഷേ ഇപ്പോഴുള്ള ആര്‍ഭാടത്തില്‍ നിങ്ങള്‍ മുഴുകരുതെന്ന്‌. ഞങ്ങളെ വളര്‍ത്തിയ രീതിയില്‍ എനിക്കഭിമാനമുണ്ട്‌. ഇപ്പോഴും പണം ചെലവാക്കുമ്പോള്‍ ഉമ്മച്ചി ഒന്നു തുറിച്ചു നോക്കും. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറാനാണ്‌ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്‌.

എനിക്ക്‌ വാപ്പച്ചിയെ പോലെയാകാന്‍ കഴിയില്ല. ഒരിക്കലും ഞാനതിന്‌ ശ്രമിക്കുകയുമില്ല. എന്റെ സിനിമകളിലൊന്നും വാപ്പച്ചി ഇടപെടാറില്ല. ഒരിക്കലും പ്രമോട്ട്‌ ചെയ്യാറുമില്ല. വാപ്പച്ചി എപ്പോഴും തിരക്കിലാണ്‌. ഒരു വര്‍ഷം എന്നേക്കാള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാറുണ്ട്‌.'' ദുല്‍ഖര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക