Image

സ്വപ്നഭൂമിയില്‍ നിന്നും ഒരു മടക്കയാത്ര(കഥ: രാജു ചിറമണ്ണില്‍)

രാജു ചിറമണ്ണില്‍ Published on 07 May, 2020
 സ്വപ്നഭൂമിയില്‍ നിന്നും ഒരു മടക്കയാത്ര(കഥ: രാജു ചിറമണ്ണില്‍)
പുറത്തെ കത്തുന്ന ചൂടില്‍ നിന്നും നിരനിരയായി നിറുത്തിയിട്ടിരിക്കുന്ന ബസ്സില്‍ ഓരോരുത്തരായി കയറി.

തങ്ങള്‍ ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര.
ഇനിയും തിരിച്ചു വരവ് ഉണ്ടാകുമോ? ആര്‍ക്കറിയാം....!
എയര്‍ കണ്ടീഷന്റെ തണുപ്പുണ്ടായിട്ടും വിയര്‍പ്പുപൊടിയുന്ന മുഖവും, നെറ്റിയും കൈലേസുകൊണ്ട് അമര്‍ത്തിത്തുടച്ച് അയാള്‍ വണ്ടിയിലാകെ ഒന്ന് കണ്ണോടിച്ചു. മുഖം മറക്കുന്ന മാസ്‌ക്കിനുള്ളിലെ വികാരം എന്താകുമെന്ന് തന്റെ അനുഭവങ്ങളില്‍ കൂടി ഗ്രഹിക്കാവുന്നതേയുള്ളൂവെന്ന് അയാള്‍ക്കറിയാമായിരുന്നുവെങ്കിലും, വണ്ടിയുടെ ചലനത്തിനായി കാത്തിരിക്കുന്ന അവരുടെ കണ്ണുകളില്‍ നിര്‍വ്വികാരതയായിരുന്നു എന്നയാള്‍ മനസ്സിലാക്കി.

ഇന്നലെ രാത്രിയില്‍ പതിവിലും നേരത്തെ എല്ലാവരും മുറിയില്‍ എത്തിയിരുന്നു. ആരുമൊന്നും ഉരിയാടാതെ, വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍ക്ക് വിരാമമിട്ടത് താനായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഒരേ മുറിയില്‍ കഴിയുന്ന അഞ്ചു ജീവിങ്ങള്‍. തങ്ങളുടെ ഓരോ അനുഭവങ്ങളും, സന്തോഷത്തിന്റേതാകട്ടെ-, നൊമ്പരത്തിന്റേതാകട്ടെ-, പങ്കുവയ്ക്കലില്‍ക്കൂടെ അത് അന്യോന്യം സ്വന്തമാക്കിത്തീര്‍ന്നിരുന്ന ദിവസങ്ങള്‍.
ഓരോരുത്തര്‍ക്കും നൂറു അനുഭവങ്ങളുണ്ടാവും. പൊടിപ്പും, തൊങ്ങലും ചേര്‍ത്ത കൗമാരക്കഥകള്‍. യൗവ്വനത്തിന്റെ തുടപ്പില്‍ പാളിപ്പോയ സ്നേഹ-പ്രണയ-കൂട്ടുക്കെട്ടുകളുടെ മധുരിക്കുന്ന-ചായം തേച്ച കഥകള്‍. സന്ധ്യയുടെ വിരസ്സതയെ ആട്ടിപ്പായിക്കുന്ന ഗസലും, പഴയ ഹിന്ദി സിനിമാഗാനങ്ങളുടെ പുനരാവിഷ്‌ക്കാരങ്ങളും, ഓരോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ മരിച്ചു വീഴുമ്പോള്‍, അടുത്ത ഷിഫ്റ്റിനുള്ള അലാറം മുഴുങ്ങിയിരിക്കും.

ഒരു മാറ്റവുമില്ലാത്ത ജീവിതചര്യകള്‍, മനം മടുപ്പിക്കുന്ന- നിസ്സഹായത പേറുന്ന- കഷ്ടപ്പെട്ട ജോലിയില്‍ ഏര്‍പ്പെടുമ്പോഴും, കത്തിക്കാളുന്ന സൂര്യന്റെ കൊടുംചൂടില്‍ ഉര്‍ന്നിറങ്ങുന്ന വിയര്‍പ്പുതുളളികള്‍ തുടച്ചുമാറ്റി-കഷ്ടതയുടെ-കഷ്ടപ്പാടുകളുടെ ഭാണ്ഡം പേറുമ്പോഴും, സ്വന്തം കൂരയില്‍ എരിയുന്ന അടുപ്പുകള്‍ അണയാതിരിക്കേണമേയെന്നുള്ള പ്രാര്‍ത്ഥന മാത്രമായിരുന്നു.

ബസ് ചലിക്കാന്‍ തുടങ്ങി. പിറകോട്ട് ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. ആളൊഴിഞ്ഞ ക്യാമ്പുകള്‍. പല രാജ്യങ്ങളില്‍ നിന്നും, പല ജാതിയില്‍, പല ഭാഷയില്‍പെട്ട തൊഴിലാളികള്‍ തമ്പടിച്ചിരുന്ന കെട്ടിടം വിജനതയുടെ, അനാഥത്വത്തിന്റെ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.

ശൂന്യത-തങ്ങളുടെ ജീവിതം പോലെ-, തന്നെ പുറപ്പെട്ട ബസ്സില്‍ പോയിരിക്കുന്നു. അവര്‍ എയര്‍പോര്‍ട്ടില്‍ തനിക്കു വേണ്ടി കാത്തിരിക്കുമോ...?- ആവോ...!
ആര്‍ക്കറിയാം
കഴിഞ്ഞ രാത്രിയില്‍ എല്ലാവരും ഒത്തുകൂടി. ്അഞ്ചു പേര്‍ക്കുള്ള കിടപ്പു സ്ഥലം. ഏഴുപേര്‍ ഉണ്ടായിരുന്നു. ഹസനിക്കയുടെ പെങ്ങളുടെ മക്കള്‍- അവര്‍ താമസിച്ചിരുന്ന ക്യാമ്പ് നേരത്തെ ഒഴിപ്പിച്ചിരുന്നു. വളരെ വെളുപ്പിനുള്ള ബസ്സില്‍ പോകേണ്ടതുകൊണ്ട് അവര്‍ രണ്ടും ഞങ്ങളോടൊപ്പംക്കൂടി.

ആരും ഉറങ്ങിയില്ല-സോമന്‍ എങ്ങുനിന്നോ സംഘടിപ്പിച്ച വില കുറഞ്ഞ 'റം' ഞങ്ങള്‍ 'അന്ത്യഅത്താഴമെന്ന' വിധത്തില്‍ കഴിച്ചു. ഹസനിക്ക മാത്രം കഴിച്ചില്ല-ഇക്കക്ക് മ്ദ്യം ഹറാമാണ്. എല്ലാവരും അന്യോന്യം നോക്കിയിരുന്നു. ഏഴാതമക്കളുടെ മനസ്സില്‍ ഒരു ചിന്ത മാത്രമായിരുന്നു, 'ഇനിയെന്ത്??' ആരും ഒന്നും പറഞ്ഞില്ല-കെട്ടിപ്പൊതിയാന്‍ ഒന്നുമില്ല.

പണ്ട്-
അങ്ങനെയായിരുന്നില്ല- നാട്ടിലേക്കുള്ള യാത്രക്ക് മാസങ്ങള്‍ക്കുമുമ്പേ തയ്യാറെടുക്കും. ഓരോരുത്തര്‍ക്കും കൊടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കും- സ്വന്തക്കാരുടേയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരും അവര്‍ക്കുള്ള പൊതിയും പ്രത്യേകം വേര്‍തിരിക്കും. ആരും മറന്നിട്ടില്ല എന്ന് വീണ്ടും ഉറപ്പുവരുത്തും അച്ഛനും, അമ്മക്കും, സഹോദരങ്ങള്‍ക്കുമുള്ളവ പ്രത്യേകക്കൂട്ടില്‍ മാറ്റി വയ്ക്കും-മാറിപ്പോയാല്‍ ആകെ പ്രശ്നമാണ്-ഓരോ തുണിയും അടുക്കിവയ്ക്കുമ്പോള്‍ ഒരു ലേശം അത്തര്‍ പുരട്ടാന്‍ മറക്കാറില്ല-നാട്ടിലുള്ളവര്‍ സമ്മാനപ്പൊതി വാങ്ങുമ്പോള്‍ അതിലുള്ള സമ്മാനം നോക്കുന്നതിനു മുമ്പെ ഒന്നു മണത്തു നോക്കും. ആ മണത്തിലാണ് സ്നേഹത്തിന്റെ ഇഴയടുപ്പ്.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വീണ്ടും ഒരു യാത്രക്കുവേണ്ടി നാട്ടില്‍ നിന്നും തിരികെ വരുന്നനാള്‍ മുതല്‍ ഒരുങ്ങുകയാണ്-, പത്തേമാരിയിലെ നാരായണ്‍കുട്ടിയെപ്പോലെ, പിന്നെ ഊണും, ഉറക്കവും മറന്ന് ഒരു ജീവിതം. സൂര്യന്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും അവര്‍ക്കുവേണ്ടിയാണ്. ഒരു ചെറിയ വീട്- അച്ഛനും, അമ്മക്കും, സഹോദരങ്ങള്‍ക്കും അലച്ചില്‍ക്കൂടാതെ ജീവിക്കുവാനുള്ള സാഹചര്യം. കൂടുല്‍ ഒന്നും സ്വപ്നത്തിലില്ലായിരുന്നു.

എ്ത്രയോ വര്‍ഷമായി ഈ മരുഭൂമിയില്‍-, തന്റെ ജീവിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല- ഇല്ലേ....??, ഉണ്ട്-
സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയപ്പിച്ചു അനിയന്മാര്‍ക്ക് ചെറിയ ബിസിനസ്സ് തരപ്പെടുത്തി. അച്ഛനും, അമ്മക്കും അടച്ചടവുള്ള ഒരു ചെറിയ വീട്-,
തന്റെ ജീവിതം-
അയാള്‍ തന്റെ കൈകളില്‍ അമര്‍ത്തി തിരുമ്മി. തഴമ്പിച്ച കൈവെള്ളകള്‍ മുറിഞ്ഞുണങ്ങിയ വിരല്‍ത്തുമ്പുകളില്‍ ആഞ്ഞമര്‍ന്നപ്പോള്‍, ഉണങ്ങിത്തുടങ്ങിയ ആ മുറിവുകളില്‍ നിന്നും നൊമ്പരത്തിന്റെ മുറിപ്പാടുകള്‍ അയാളെ എവിടെക്കോക്കൂട്ടിക്കൊണ്ടുപോയി.

സ്വപ്നമായിരുന്നു.

തനിക്കും ആരെങ്കിലുമാകണം. അത്തറിന്റെ മണവും, ചീകിയൊതുക്കിയ മുടിയില്‍ ഹെയര്‍ ഓയിലും പുരട്ടി, സില്‍ക്കു മുണ്ടും, ഇഴയും തന്റെ ഉറക്കം കെടുത്തിയ ദിവസങ്ങള്‍ക്കൊടുവില്‍ താനും ഈ സ്വപ്നഭൂമിയിലേക്ക്-, മണിമന്ദിരങ്ങളും, സൗഭാഗ്യങ്ങളും മാടിവിളിക്കുന്ന കറുത്ത പൊന്നിന്റെ-നാട്ടിലേക്ക് എത്തപ്പെട്ടു.
മണിമാളിക പണിയുവാനോ, കോടീശ്വരന്‍ ആകുവാനോ ആയിരുന്നില്ല-പട്ടുടുത്ത്, പറുദീസയില്‍ കഴിയണമെന്ന മോഹവുമുണ്ടായിരുന്നില്ല-കുടുംബത്തിന്റെ-ഉറ്റവരുടെ-ഉടയവരുടെ, നന്മക്കായി, താങ്ങും തണലുമായി ജീവിക്കണം. അതോടൊപ്പം തനിക്കും ഒരു സന്തോഷക്കൂട്-അത്രമാത്രം- പക്ഷേ-,
താനിന്നും ഒരു കൂട്ടുക്കൂട്ടാനാവാതെ, ഒറ്റക്കിരുന്ന് സ്വപ്നം കാണുന്ന ഒരു രാക്കിളിയായി- സാരമില്ല, മറ്റുള്ളവര്‍ രക്ഷപ്പെട്ടല്ലോ-ഒന്നും ആഗ്രഹിച്ചിട്ടില്ല.

ബസ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ എത്തി. ശരീരത്തിന്റെ ടെമ്പറേച്ചര്‍, എടുത്തു മെഡിക്കള്‍ പരിശോധന നടത്തി. ഇനിയും തനിക്കു പോകാനുള്ള ഫ്ളൈറ്റിന് നാലുമണിക്കൂര്‍ ഉണ്ട്.

തകര്‍ന്ന മനസ്സോടെ ലൗഞ്ചിലെ ചാരുബഞ്ചിലിരുന്നു. കൈയിലുള്ള ഏക ബാഗ് ശരീരത്തോട് ചേര്‍ത്ത് പിടിച്ച് കണ്ണുകളടച്ചു.

എത്രയോ പ്രാവശ്യം നാട്ടിലേക്ക് യാത്രപോയിരിക്കുന്നു. രണ്ടു ലഗ്ഗേജിനു പകരം ഡ്യൂട്ടികൊടുത്ത് ഒന്നും രണ്ടും കൂടുതല്‍ പെട്ടികള്‍. സ്വീകരിക്കാനായി എത്തുന്നവര്‍ പലപ്പോഴും നോക്കുന്നത് പെട്ടിയുടെ എണ്ണമാണ്.

ഉമ്മറത്തു വച്ചു തന്നെ പൊട്ടിക്കുന്ന പെട്ടികള്‍ ശൂന്യമാകുന്ന മുറക്ക് അപ്രത്യക്ഷമാകുന്ന ബന്ധുക്കള്‍-
തിരക്കാണ്-
ഓരോ പ്രാവശ്യവും കരുതും ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന്- എന്നാല്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ വീണ്ടും അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പാണ്. പ്രവാസികള്‍ അങ്ങനെയാണ്-,
അവരുടെ മനസ്സും-
ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല. എല്ലാം പെട്ടെന്നായിരുന്നു. എവിടെയും ഭയത്തിന്റേയും, അനിശ്ചിതത്വത്തിന്റേയും അന്തരീക്ഷം. ഓരോ മുഖങ്ങളിലും വേപുഥ പൂണ്ട നിര്‍ജീവത- ആരും അന്യോന്യം സംസാരിക്കുന്നു പോലുമില്ല-മൗനം മരണത്തെക്കാള്‍ ഭയാനകം എന്നു തോന്നിയ നിമിഷങ്ങള്‍-ആരെങ്കിലും - ഒന്ന് മിണ്ടിയിരുന്നെങ്കില്‍-വയ്യ.
ഹസനിക്ക ഒരു കൊച്ചുടുപ്പ് എടുത്ത് മടക്കി പ്ലാസ്റ്റിക്ക് കവറില്‍ ആക്കുമ്പോള്‍-
'ഇത് എന്റെ പേരക്കുട്ടിയാണ്, അവള്‍ക്കറിയുമോ കൊറോണയോ, കോവിഡോ....? ആ പിഞ്ചു മനസ്സിനെ വേദനിപ്പിക്കാതിരിക്കാന്‍ വാങ്ങിയതാണ്...' കരച്ചിലിന്റെ വക്കിലെത്തിയ ആ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല- ആശ്വസിപ്പിക്കാനോ, സമാധാന വാക്കുകള്‍ പറയാനോ ആരുമുണ്ടായില്ല-

എല്ലാം തുല്യ ദുഃഖിതര്‍,
കട്ടിലിന്റെ കീഴെ പൊടിപിടിച്ചു കിടന്ന ബാഗ് എടുത്തു ആവശ്യസാധനങ്ങള്‍ കുത്തിനിറക്കുമ്പോള്‍ കണ്ണുകള്‍ ഒന്നുകൂടി ചുററും പരതി, എന്തെങ്കിലും, ചില്ലുപൊട്ടിയ അലമാരിയുടെ അടിയില്‍ ഇരിക്കുന്ന റേഡിയോ-കം-കാസറ്റ് പ്ലയര്‍. തന്റെ സ്വപ്നഭൂമിയിലെ ആദ്യത്തെ സമ്പാദ്യം. ഇന്നും നന്നായിപാടും. ബി.ബി.സിയും സിലോണും നന്നായി കാട്ടും. 'ഓള്‍ഡ് ഈസ് ഗോള്‍ഡ'
അങ്ങിങ്ങു പിഞ്ചിയ ബഡ്ഷീറ്റു മടക്കി കളയാനുള്ള തുണികളുടെക്കൂട്ടത്തില്‍ വച്ചു, തയ്യലുപൊട്ടിയ തലയിണക്കവറിനുള്ളില്‍ പൊട്ടിക്കിടക്കുന്ന പഞ്ഞിത്തുണ്ടുകള്‍. തന്റെ ഈ ദേശത്തെ ജീവിതത്തിനൊപ്പം പഴക്കമുണ്ടാകും ഈ തലയിണക്ക്. രാത്രിയുടെ യാമങ്ങളില്‍ പരിഭവങ്ങളും, പരിദേവനങ്ങളും കേള്‍ക്കുമ്പോള്‍ രാത്രിയുടെ നിശബ്ദതയില്‍ താന്‍ മുഖമമര്‍ത്തി തന്റെ വിങ്ങിപ്പൊട്ടലുകള്‍ പങ്കു വച്ചിരുന്നത് ഈ തലയിണയോടായിരുന്നു. ഉപേക്ഷിക്കാന്‍ മനസ്സു വരുന്നില്ല-എന്തു ചെയ്യാം. കൂടെക്കൂട്ടാന്‍ പറ്റില്ലല്ലോ...., തന്റെ നൊമ്പരങ്ങളേയും, ഇല്ലായ്മയേയും ഏററവും അടുത്തറിഞ്ഞ-തന്നെ സാന്ത്വനപ്പെടുത്തിയ അതിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു-, അമര്‍ത്തി ചുംബിച്ചു-, ഇതിന് അത്തറിന്റെ ഗന്ധമില്ല-വിലകൂടിയ സിഗരറ്റിന്റെ മണമില്ല- ഒന്നുമാത്രം, തന്റെ വിയര്‍പ്പിന്റെ ഗന്ധം, കണ്ണുനീരിന്റെ ഉപ്പുരസം.

അനൗണ്‍സ്മെന്റ് തുടരെ വന്നുകൊണ്ടിരിക്കുന്നു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. തന്നോടൊപ്പം ബസ്സില്‍ വന്നവര്‍ ധൃതിയില്‍ നടക്കുന്നു. ആരേയും അറിയില്ല- മുഖംമൂടി ധരിച്ചവര്‍. വിറക്കുന്ന പാദങ്ങളോടെ താനും അവരെ പിന്തുടര്‍ന്നു.

ഇനിയും ഏതാനും മണിക്കൂറുകള്‍, സ്വന്തം നാടിന്റെ ഗന്ധവും, രുചിയും, സ്നേഹവും ്അനുഭവിക്കുവാന്‍ പോകുന്നു. ആര്‍ക്കറിയാം അവര്‍ തന്നെ തിരിച്ചറിയുമോയെന്ന്...?
എല്ലാവരും മുഖം മൂടി ധരിച്ചവര്‍-


 സ്വപ്നഭൂമിയില്‍ നിന്നും ഒരു മടക്കയാത്ര(കഥ: രാജു ചിറമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക