Image

പുരുഷോത്തമന്‍പിള്ള: റൂം 99 (കഥ: തമ്പി ആന്റണി)

Published on 06 May, 2020
പുരുഷോത്തമന്‍പിള്ള: റൂം 99 (കഥ: തമ്പി ആന്റണി)
അധികം കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും, കുറേ നല്ല കഥകളെഴുതി ശ്രദ്ധിക്കപ്പെട്ട ഒരെഴുത്തുകാരന്‍ പെട്ടെന്ന് എഴുത്തു നിര്‍ത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. അത്തരമൊരവസ്ഥയില്‍, കുറേ വായനക്കാര്‍ മറക്കുമെങ്കിലും എല്ലാവര്‍ക്കും അതു പറ്റില്ലല്ലോ! ആ കഥാകാരന്റെ പുതിയ കഥകള്‍ക്കായി കാത്തിരുന്ന ഒരു വായനക്കാരന്‍, അയാളെ അന്വേഷിച്ചുള്ള യാത്രയിലാണിപ്പോള്‍.
എഴുത്തുകാരന്‍ സ്ഥിരമായി എഴുതാറുള്ള ആഴ്ചപ്പതിപ്പിന്റെ ഓഫീസിലാണ്, വായനക്കാരന്‍ ആദ്യം പോയത്. പതിവായി യാത്ര ചെയ്യാറുള്ള സ്വന്തം ബൈക്കിലാണ് അയാള്‍ പട്ടണത്തിലേക്കു വന്നത്. സൈലന്‍സര്‍ കേടായ ആ മോട്ടോര്‍ ബൈക്കില്‍ പതിയെപ്പോയാലും, അതിന്റെ അരോചകമായ ശബ്ദം കേട്ട്, കാല്‍നടക്കാര്‍ വരെ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു പ്രതിഷേധിക്കാറുണ്ട്. അതൊന്നും അയാള്‍ മാത്രം അറിയാറില്ല; അല്ലെങ്കില്‍ അയാള്‍ അതൊന്നും ശ്രദ്ധിക്കാറില്ല.
പ്രധാനതെരുവില്‍നിന്ന് അകലെ മാറി, അധികം തിരക്കില്ലാത്ത, പൊക്കമുള്ള മരങ്ങള്‍ ഇരുട്ടു പാകിയ, ഇടുങ്ങിയ തെരുവിലേക്കായിരുന്നു അയാള്‍ തിടുക്കത്തില്‍ ഓടിച്ചുപോയത്.
പോകേണ്ട സ്ഥാപനത്തിന്റെ വാതില്‍ക്കല്‍ ബൈക്ക് നിര്‍ത്തി, പട്ടണത്തിന്റെ പഴമയെ ഓര്‍മ്മപ്പെടുത്തുന്ന മൂന്നുനിലക്കെട്ടിടത്തിലേക്ക് അല്‍പ്പനേരം നോക്കിനിന്നു. ഒരു കാറിനു കയറാവുന്ന ഗെയ്റ്റിനോടു ചേര്‍ന്ന്, പെയിന്റിളകിത്തുടങ്ങിയ നെയിംബോര്‍ഡില്‍, 'എഴുത്തോല' എന്ന്, ഒരോലയുടെ പടത്തില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. അതു കൂടാതെ, താഴത്തെ നിലയിലുള്ള ഒരു തയ്യല്‍ക്കടയുടേയും ഫാര്‍മസിയുടേയും പേരുകളെഴുതിയ ബോര്‍ഡുകള്‍ മാത്രമേയുള്ളു. അവ രണ്ടും തുറന്നിട്ടുണ്ടെങ്കിലും അകത്ത് ആളനക്കങ്ങളില്ല.
വെട്ടുകല്ലുകള്‍കൊണ്ടു കെട്ടിയ, അധികം പൊക്കമില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ മതിലില്‍, ചുവന്ന പൂക്കളുള്ള ബോഗെന്‍വില്ല പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. അതുകൊണ്ട്, പുതുതായി ഒട്ടിച്ചിട്ടുള്ള സിനിമാ പോസ്റ്ററുകള്‍പോലും വ്യക്തമായി കാണാന്‍ കഴിയില്ല.
അയാള്‍ ബൈക്ക് അകത്തേക്കു കയറ്റി. മുമ്പൊക്കെ ഒരുപാടു കാറുകള്‍ തിങ്ങി പാര്‍ക്ക് ചെയ്തിരുന്ന, വലിയ പാര്‍ക്കിംഗ് ഏരിയയില്‍ ഒന്നോ രണ്ടോ കാറുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു എന്നത് അയാളെ അത്ഭുതപ്പെടുത്തി. പ്രിന്റ് മീഡിയയുടെ തകര്‍ച്ചയുടെ തുടക്കമാണോ ഇതൊക്കെ എന്നയാള്‍ ഒരുനിമിഷം ആലോചിച്ചുനിന്ന ശേഷം, അന്വേഷണമുറിയിലേക്കു കയറി. അവിടെയും ആളനക്കമൊന്നുമില്ല.
പത്രാധിപരെ ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍, അവിടെയിരുന്ന അല്‍പ്പം കറുത്ത പെണ്‍കുട്ടി പേരു ചോദിച്ചു. 'കറുപ്പിനേഴഴക്' എന്നൊക്കെ വെറുതേ പറയുന്നതല്ല എന്ന് അവളെ കണ്ടപ്പോള്‍ തോന്നി. പത്രക്കാരൊക്കെ അവരുടെ ഓഫീസുകളില്‍ സുന്ദരികളായ പെണ്‍കുട്ടികളെ ഇരുത്തുന്നതില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരിക്കണമല്ലോ!
വീണ്ടും അതേ കിളിനാദം:
'എന്തുപറ്റി മാഷേ, പേരില്ലേ?!'
ഒന്നു ചമ്മിയെങ്കിലും അതറിയിക്കാതെ അയാള്‍ ക്ഷമാപൂര്‍വ്വം പറഞ്ഞു:
'സോറി... ഞാന്‍ വെറുതെ ഓരോന്നാലോചിക്കുകയായിരുന്നു...'
അവള്‍ അതു കേള്‍ക്കാത്ത മട്ടില്‍, ഉള്ളില്‍ ചിരിയൊളിപ്പിച്ചു വീണ്ടും പറഞ്ഞു:
'പേരു പറഞ്ഞില്ല...'
'ആദിത്യന്‍.'
'എവിടെനിന്നു വരുന്നു?'
'കുറച്ചു കിഴക്കുനിന്നാ...'
അവള്‍ ഇന്റര്‍കോമിലൂടെ വീണ്ടും കിളിനാദമൊഴുക്കി:
'സാര്‍... കിഴക്കുനിന്ന് ഒരാദിത്യന്‍ വന്നിട്ടുണ്ട്... സാറിനെ കാണാനാ...'
അതിനുശേഷം, അവള്‍ അവിടെയിരുന്ന ബുക്കില്‍ ഇങ്ങനെയെഴുതി:
'കിഴക്കുനിന്ന് ആദിത്യന്‍.'
പിന്നെ, അയാളുടെ നേരേ നോക്കി, മോണോലിസയെപ്പോലെ ചിരിയൊളിപ്പിച്ച്, പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു:
'ഈ കിഴക്കുനിന്നുള്ള ആദിത്യന്‍ എന്നു പറഞ്ഞാല്‍ സൂര്യനായിരിക്കുമല്ലോ...?'
'നല്ല ഹ്യൂമര്‍ സെന്‍സുണ്ടല്ലോ... എനിക്കിഷ്ടമായി.'
'എന്തിഷ്ടമായെന്ന്?'
'അഞ്ജനാ ജോസ് അംബൂക്കന്റെ ഹ്യൂമര്‍ സെന്‍സ്... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നര്‍മ്മബോധം!'
പേരു പറഞ്ഞതു കേട്ടതോടെ, ഇട്ടിരുന്ന ഇളംമഞ്ഞ ഷര്‍ട്ടിന്റെ ഇടതുവശത്തായി മാറിടത്തിനു മുകളില്‍ ക്ലിപ്പ് ചെയ്തിരുന്ന നെയിം ടാഗ് അവള്‍ വേഗത്തില്‍ തിരിച്ചിട്ടു. ഷര്‍ട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടണുകള്‍ ഇടാന്‍ മറന്ന കാര്യം, അപ്പോഴാണവള്‍ ശ്രദ്ധിച്ചത്. ഒരെണ്ണം പെട്ടെന്നിട്ടപ്പോഴേക്കും അയാള്‍ പറഞ്ഞു:
'ഞാനതൊക്കെ ആദ്യമേ കണ്ടുപിടിച്ചു!'
'കുറുക്കന്റെ കണ്ണാണല്ലോ...'
'ആണുങ്ങള്‍ നോക്കുന്നിടത്തായാല്‍പ്പിന്നെ കാണാതിരിക്കുമോ?'
'ഇതുവരെ കണ്ടുകഴിഞ്ഞില്ലെന്നു തോന്നുന്നു...'
'ആളിന്റെയത്രതന്നെ നീളമുള്ള പേരല്ലേ? വായിച്ചെടുക്കാന്‍ സമയമെടുക്കും'
'ആദിത്യന്‍ ഇത്തിരി കൂടുതല്‍ സമയമെടുത്തെന്നാ തോന്നുന്നത്. അതാ ഞാന്‍ മറിച്ചിട്ടത്...'
'എന്നാലും എനിക്കു കാണാം.'
'എന്തു കാണുന്ന കാര്യമാ ആദിമാഷേ...?'
'പേരില്ലാത്ത, നീളമുള്ള നെയിം ടാഗ്.'
അവള്‍ അര്‍ത്ഥംവച്ച് ഒന്നു നോക്കിയ ശേഷം, അതേ കള്ളച്ചിരിയോടെ അല്‍പ്പം ഗൗരവത്തില്‍ പറഞ്ഞു:
'അപ്പുറത്ത് സ്വീകരണമുറിയില്‍ പോയിരുന്നോളൂ... സമയമാകുമ്പോള്‍ വിളിക്കാം.'
പെട്ടെന്ന് ആ കിളിനാദത്തിനിത്തിരി ഘനം വച്ചതുപോലെ അയാള്‍ക്കു തോന്നി.
ആദിത്യന്‍ അപ്പോഴാണ് അടുത്തുള്ള ഇടുങ്ങിയ മുറി ശ്രദ്ധിച്ചത്. അങ്ങോട്ടുനോക്കി, അയാള്‍ അവളോടു മെല്ലെ പറഞ്ഞു:
'താങ്ക്‌സ്...'
'യൂ ആര്‍ വെല്‍കം.'
വര്‍ഷങ്ങളായി, പല എഴുത്തുകാരും ഇരുന്നു നിറംമങ്ങിപ്പോയ ലതര്‍ സോഫയില്‍ അയാള്‍ മനസ്സില്ലാമനസ്സോടെ ഇരുന്നു. മേശപ്പുറത്തു കിടന്ന മാഗസിനുകള്‍ അലസമായി മറിച്ചുനോക്കിക്കൊണ്ടിരുന്നപ്പോള്‍, പ്രതീക്ഷിച്ചതുപോലെ അംബുക്കന്റെ വിളി വന്നു:
'മിസ്റ്റര്‍ ആദി മുകളിലേക്കു ചെന്നോളൂ... മൂന്നാംനിലയില്‍ റൂം തൊണ്ണൂറ്റൊമ്പത്...'
എത്ര സ്വാതന്ത്ര്യത്തോടെയാണവള്‍ 'ആദി' എന്നു വിളിക്കുന്നതെന്നാലോചിച്ച്, ഇരുമ്പുവേലിയുള്ള, പഴകി ലിഫ്റ്റിനടുത്തേക്ക് അയാള്‍ നടന്നു.
'ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. നടന്നു കയറേണ്ടിവരും...'
അവള്‍ കളിയാക്കിയതാണെന്നു തോന്നി. പണി തന്നതാണോ എന്ന സംശയത്തില്‍ അയാള്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.
'നോക്കണ്ട. അതു കേടായിട്ടു രണ്ടുമൂന്നു ദിവസങ്ങളായി. സാമ്പത്തികപ്രശ്‌നങ്ങളാ...'
അയാള്‍ പെട്ടെന്നു നിന്നു. പിന്നെ, സംശയത്തോടെ പറഞ്ഞു:
'മനസ്സിലായില്ല...'
'മാഷ് ഈ ലോകത്തെങ്ങുമല്ലേ? ഇന്റര്‍നെറ്റിന്റെ അതിപ്രസരംകൊണ്ട് പ്രിന്റ് മീഡിയയൊക്കെ പ്രശ്‌നത്തിലാ... കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലറുണ്ട്... മാധ്യമസ്വാതന്ത്ര്യംതന്നെ അപകടത്തിലാ... പണ്ടേ ദുര്‍ബ്ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്നൊക്കെ കേട്ടിട്ടില്ലേ? അതാ ഇപ്പോഴത്തെ അവസ്ഥ...'
'നമ്മള്‍ ദുരവസ്ഥയിലാണെന്നാണോ അംബുക്കന്‍ പറഞ്ഞുവരുന്നത്?'
'അതുപിന്നെ സംശയമുണ്ടോ? ഇങ്ങനെ പോയാല്‍ എന്റെ സീറ്റും താമസിക്കാതെ തെറിക്കും.'
'അതെനിക്കിഷ്ടമായി!'
അവള്‍ രൂക്ഷമായി ഒന്നു നോക്കിയിട്ടു ചോദിച്ചു:
'എന്ത്? എന്റെ ജോലി തെറിക്കുന്നതോ?'
'അല്ല... ഞാന്‍ നേരത്തേ പറഞ്ഞില്ലേ, ഈ ഹ്യൂമര്‍ സെന്‍സ്! അതും എത്ര കൂളായിട്ടാണു പറയുന്നത്!'
'ഉള്ളിലെ വിഷമം മറക്കാനുള്ള ഒരടവാ മാഷേ ഇതൊക്കെ... മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കൂളായി എന്തെങ്കിലുമൊക്കെ പറയും. എന്തായാലും ഈ ജോലിയുംകൂടി തെറിച്ചാല്‍ എന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. ഇനിയിപ്പം മുകളിലേക്കു ചെല്ല്... ബാക്കി അവിടുന്നും കിട്ടും.'
അവളുടെ മുഖത്ത് നിഗൂഢമായ ചിരി. അല്‍പ്പനേരം എന്തോ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഒരു പ്രായമായ സ്ത്രീ കൈവരിയില്‍ പിടിച്ച് പടി കയറുന്നത് അയാള്‍ കണ്ടു. അവള്‍ പറഞ്ഞതു ശരിയാണെന്ന് അയാള്‍ക്കു മനസ്സിലായി.
പതിനെട്ടാംപടി ചവിട്ടി, നേരേ തൊണ്ണൂറ്റിയൊമ്പതാംനമ്പര്‍ ഓഫീസിന്റെ വാതില്‍ക്കലേക്കു ചെന്നു. തടികൊണ്ടുള്ള ഒരു ബോര്‍ഡില്‍, 'പത്രാധിപര്‍, പുരുഷോത്തമന്‍പിള്ള: റൂം 99' എന്ന് മലയാളത്തില്‍ എഴുതിവച്ചിരുന്നു.
പെട്ടെന്ന്, രണ്ടാംക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ച പുരുഷോത്തമനെയാണ് അയാളോര്‍മ്മിച്ചത്. എന്നും ഒരു പത്രക്കടലാസില്‍ മഞ്ചാടിക്കുരുവും കുന്നിക്കുരുവും പൊതിഞ്ഞുകൊണ്ടുവരുന്ന പുരുഷു. ഏറ്റവും പ്രിയപ്പെട്ട ആ കൂട്ടുകാരനെ ആദിത്യന്‍ അങ്ങനെയാണു വിളിച്ചിരുന്നത്. ഇളയ അനുജനുണ്ടായപ്പോള്‍ ഏതു പേരിടണം എന്ന് ചേച്ചിയും അമ്മയുംകൂടി കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ ആദി നിര്‍ദ്ദേശിച്ചത് പുരുഷോത്തമന്‍ എന്ന പേരാണ്. ചേച്ചി അന്നയാളെ കൊന്നില്ലെന്നേയുള്ളു.
പത്രാധിപര്‍ നല്ല തിരക്കിലായിരുന്നു. അതോ അങ്ങനെ അഭിനയിക്കുന്നതോ എന്നു മനസ്സിലായില്ല. ഭാഗ്യത്തിന് അകത്തു മറ്റാരുമില്ലെന്നു മനസ്സിലായി. പതിയെ ഒന്നുരണ്ടുതവണ മുട്ടിയപ്പോഴേ, 'കടന്നുവരൂ' എന്നൊരു ശബ്ദം ഉള്ളില്‍നിന്നു വന്നു. അകത്തു കടന്നപ്പോഴേ, 'ഇരിക്കൂ' എന്നു പറഞ്ഞു.
അന്തരിച്ചുപോയ പ്രശസ്തനടന്‍ അടൂര്‍ ഭാസിയെ ഓര്‍മ്മിപ്പിക്കുന്ന രൂപം. അതേ ചിരി; അതേ സംസാരം. തൊട്ടടുത്ത മേശയിലും നിലത്തുമായി അടുക്കും ചിട്ടയുമില്ലാതെ വച്ചിരിക്കുന്ന പുസ്തകങ്ങളും വീക്കിലികളും. ശ്രദ്ധിച്ചു നോക്കിയാല്‍, മേശയുടെ അടിയില്‍ ഒന്നുരണ്ട് ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികളും മേശപ്പുറത്ത് രണ്ടു ഗ്ലാസ്സുകളും കാണാം.
'നമസ്‌കാരം സര്‍.'
അയാള്‍ പറഞ്ഞു.
'ഇന്നത്തെ ആദ്യത്തെ അതിഥിയാണു നിങ്ങള്‍. എന്താണ് മുന്നറിയിപ്പൊന്നുമില്ലാതെ ഇങ്ങനെയൊരു സന്ദര്‍ശനം?'
പുരുഷോത്തമന്‍പിള്ള ചിരിച്ചുകൊണ്ട്, ഒരു മുഖവുരയുമില്ലാതെ ചോദിച്ചു.
'ഒരു എഴുത്തുകാരനെ അന്വേഷിച്ചിറങ്ങിയതാ.'
'പേരെന്താണെന്നാ പറഞ്ഞത്?'
'ആദിത്യന്‍.'
'താങ്കളുടെ പേരാ ചോദിച്ചത്.'
'അതുതന്നെയല്ലേ പറഞ്ഞത്... ആദിത്യന്‍'
'അപ്പോള്‍ നിങ്ങളാണോ ഈ കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്നത്?'
'അല്ല സര്‍. ഞാനും അന്വേഷണത്തിലാണ്. എനിക്കും കണ്ടെത്താനായില്ല!'
പുരുഷോത്തമന്‍പിള്ള പരിഹാസച്ചിരിയോടെ പറഞ്ഞു:
'ഇതൊക്കെ എല്ലാ എഴുത്തുകാരും പറയുന്നതാ... സ്വയം കണ്ടെത്താനുള്ള വ്യഗ്രത. എഴുത്തിന്റെ തുടക്കംതന്നെ അങ്ങനെയാണല്ലോ. എന്തായാലും എനിക്കും അങ്ങനയൊരാളെ നേരിട്ടറിയില്ല. അഞ്ജന വിളിച്ചുപറഞ്ഞപ്പോള്‍ അയാളായിരിക്കുമെന്നു തെറ്റിദ്ധരിച്ചു.'
'ഇപ്പോള്‍ എനിക്കുമൊരു സംശയമുണ്ട്. ആ തൂലികാനാമത്തില്‍, ''എന്നെ തിരയുന്ന ഞാന്‍'' എന്നൊരു പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോള്‍.'
ആദിത്യന്‍ ഗൗരവത്തില്‍ പറഞ്ഞു.
പുരുഷോത്തമന്‍ ഉച്ചത്തില്‍ ചിരിച്ചു. പെട്ടെന്ന്, അടൂര്‍ ഭാസിയെപ്പോലെ ചിരിക്കു സഡന്‍ ബ്രേക്കിട്ടു.
'നിങ്ങള്‍ എഴുത്തുകാരന്‍ മാത്രമല്ല, പെരുംകള്ളനുംകൂടിയാ... എനിക്കീ കള്ളം പറയുന്നവരെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം.'
'എഴുത്തുകാരെല്ലാം കള്ളന്‍മാരല്ലേ... ഒന്നാന്തരം മോഷ്ടാക്കള്‍! കുറേ കള്ളങ്ങള്‍ കൂട്ടിക്കൂട്ടി കഥകളും നോവലുകളും മെനഞ്ഞെടുക്കുന്നു. അസ്സല്‍ കൊള്ളക്കാരാ സര്‍.'
'നിങ്ങളുടെ തത്വശാസ്ത്രം എനിക്കിഷ്ടമായി. കുറേക്കാലമായി കഥയ്ക്കുള്ള പേയ്‌മെന്റെല്ലാം പെന്‍ഡിംഗിലാ...'
പത്രാധിപര്‍ മേശയുടെ ഡ്രോയര്‍ വലിച്ചുതുറന്ന്, അതില്‍നിന്നൊരു കവറെടുത്തു മേശപ്പുറത്തു വച്ചു.
'ഞങ്ങളുടെ വാര്‍ത്തകള്‍ക്കും വിലക്കുകള്‍ വന്നുതുടങ്ങി. അതുകൊണ്ട് എഴുത്തോലയും കൊഴിഞ്ഞുവീഴാറായി. ഉടന്‍തന്നെ ചരമക്കോളത്തില്‍ ഇടംപിടിക്കുമെന്ന് ഏതാണ്ടുറപ്പായി...'
ഒന്നു നിര്‍ത്തി, ആദിത്യന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി പത്രാധിപര്‍ ചോദിച്ചു:
'ഒരെണ്ണം വീശുന്നോ? വിഷമം വരുമ്പോള്‍ ഒന്നു വീശാന്‍ തോന്നും... എന്നാലും ഒറ്റയ്ക്കിരുന്നു കഴിക്കാറില്ല.'
'ഞാന്‍ പകലരുത് എന്നാണു വിശ്വസിക്കുന്നത്.'
'എന്നാല്‍ വേണ്ട. ഞാനങ്ങനെ ചോദിച്ചിട്ടേയില്ല എന്നങ്ങു കരുതിക്കോ. എന്തു ചെയ്യാം! വര്‍ഷങ്ങളായി, സ്വന്തം മകനേപ്പോലെ വളര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനമാ...'
'ഒരാഗോളപ്രതിഭാസമല്ലേ? അനുഭവിക്കാതെ പറ്റില്ലല്ലോ!'
'എന്തായാലും ഈ ചെക്കൊക്കെ വണ്ടിച്ചെക്കാകുന്നതിനുമുമ്പേ ക്യാഷാക്കിയാല്‍ നിങ്ങള്‍ക്കു നല്ലത്.'
'സര്‍... നിങ്ങള്‍ക്ക് ആളുമാറിപ്പോയതാ. ഞാന്‍ ആദി...'
അതു മുഴുമിപ്പിക്കുന്നതിനുമുമ്പ്, കുറേ ചെക്കുകള്‍ ഒന്നിച്ചിട്ടിരുന്ന കവര്‍ അയാള്‍ ആദിത്യന്റെ കൈയില്‍ കൊടുത്തു.
'അയ്യോ സര്‍... ഞാനിതൊന്നും പ്രതീക്ഷിച്ചില്ല.'
'ഇനി ഒന്നും പറയണ്ട. ഇപ്പോഴാ എനിക്കൊരു മനസ്സമാധാനമായത്. ഇനി ഈ മാസത്തെ വാടകകൂടിക്കൊടുത്താല്‍ എല്ലാം പൂട്ടിക്കെട്ടി ഇവിടെനിന്നിറങ്ങാം. എനിക്കറിയാമായിരുന്നു, നിങ്ങള്‍ ഇവിടെ വരുമെന്ന്. എന്റെ കാര്യങ്ങളൊക്കെ എപ്പോഴും കിറുകൃത്യമാ... ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്നല്ലേ...'
വീണ്ടും ഭാസിയെപ്പോലെ വയറു കുലുക്കിക്കൊണ്ട് പത്രാധിപര്‍ ഉച്ചത്തില്‍ ചിരിച്ചു.
'കഴിഞ്ഞ രണ്ടു മാസമായി വീക്കിലി കാണുന്നില്ല. അതുകൊണ്ടാ ഞാനിപ്പൊ ഇങ്ങോട്ടിറങ്ങിയത്.'
'ഇനി വീക്കിലി കാണാനുള്ള സാധ്യതയില്ല. അതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് ഒരാഗോളപ്രതിഭാസമാണെന്നല്ലേ താങ്കള്‍ പറഞ്ഞത്?'
'അതേ.'
'ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ട പത്രക്കാരെയാ ആദ്യം ബാധിക്കുന്നത്. കുറേക്കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടുകേല. കൊറോണപോലെ കത്തിപ്പടരും.'
വീണ്ടും ഭാസിച്ചിരി. അയാള്‍ അതു ശ്രദ്ധിക്കാതെ, അപ്രതീക്ഷിതമായി കൈയില്‍ക്കിട്ടിയ എന്‍വലപ്പുമായി മെല്ലെ എഴുന്നേറ്റു. ജോലി തെറിക്കുമെന്ന് അഞ്ജന പറഞ്ഞത് ശരിയാണെന്ന് അയാള്‍ക്കു ബോധ്യമായി. പാവം ഇനിയെന്തു ചെയ്യുമെന്നാലോചിച്ച്, പുരുഷോത്തമന്‍പിള്ളയോടു യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി, സാവകാശം പടിയിറങ്ങി. നേരത്തേ കയറിപ്പോയ പ്രായമായ സ്ത്രീയെ പിന്നീടു കണ്ടില്ല. മറ്റേതെങ്കിലും മുറിയില്‍ കയറിയാതാവാമെന്നൂഹിച്ചു.
താഴെയിറങ്ങിയപ്പോള്‍, അഞ്ജന അയാളെ നോക്കി പരിഹാസപൂര്‍വ്വം ചിരിച്ചുകൊണ്ടു ചോദിച്ചു:
'എന്താ, പിള്ളസ്സാറിന്റെ കൈയില്‍നിന്നു വയറുനിറച്ചു കിട്ടിയോ?'
അയാള്‍ അവളെത്തന്നെ നോക്കിനിന്ന ശേഷം സംശയത്തോടെ പറഞ്ഞു:
'ഈ അംബുക്കനെ ഞാനെവിടെയോ കണ്ടിട്ടുണ്ട്. നല്ല മുഖപരിചയം. ചിലപ്പോള്‍ ഫെയ്‌സ്ബുക്കിലോ വാട്‌സാപ്പിലോ ആയിരിക്കും.'
'രണ്ടിലുമല്ല. ആദിമാഷിന്റെ തൊട്ടയല്‍പക്കത്തുള്ള ജോസ് അംബുക്കന്റെ മകളാ ഞാന്‍. എന്നെ കണ്ടുകാണണം. ഇനിയിപ്പം എന്നെ കണ്ടില്ലെങ്കിലും ഞാന്‍ മാഷിനെ കാണുന്നുണ്ട്, ആ പൊട്ടലും ചീറ്റലുമുള്ള പഴയ ബൈക്കില്‍ എന്നും രാവിലെ പോകുന്നത്.'
'എല്ലാം കാണുന്നുണ്ടായിരുന്നു, അല്ലേ?'
'രണ്ടുകൊല്ലം മുമ്പുവന്ന പുതിയ താമസക്കാര്‍, ബാങ്ക് മാനേജര്‍ നടേശന്‍സാറിന്റെ മകന്‍' എന്നുകൂടി പറഞ്ഞപ്പോള്‍, ആദി ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കിനിന്നു.
അല്ലെങ്കില്‍ത്തന്നെ, തൊട്ടയല്‍പക്കത്തുള്ളവരെ കാണാതെ, വിദേശരാജ്യങ്ങളിലുള്ളവരുമായി സൗഹൃദം പങ്കുവയ്ക്കുന്നവരാണല്ലോ നമ്മളിപ്പോള്‍! അടുത്തുള്ളവരെ കാണാതെയും അറിയാതെയും വര്‍ഷങ്ങളോളം ജീവിക്കുന്നു! എല്ലാം അറിഞ്ഞുകൊണ്ട് അവള്‍ ഒരു നാടകം കളിക്കുകയായിരുന്നുവെന്ന് അയാള്‍ക്കു മനസ്സിലായി.
'ഈ എഴുത്തോല ഉടനേ പൂട്ടും. പിന്നെ എന്റെ കാര്യം കട്ടപ്പുക! അനിയത്തിമാര്‍ രണ്ടുപേര്‍ പഠിക്കുന്നു.'
അവള്‍ ഒരു കൂസലുമില്ലാതെ പറഞ്ഞു.
'എഴുത്തോല പൂട്ടിയാലും ജോലി പോയാലും എനിക്കിഷ്ടമാ.'
ആദിത്യന്‍ പുരുഷോത്തമന്‍പിള്ളയെപ്പോലെ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
'ഈ ചിരിയും ഒരു കള്ളച്ചിരിയാ. എനിക്കറിയാം, എന്നെപ്പോലെയുള്ള പെണ്‍കുട്ടികളെ ആര്‍ക്കും ഇഷ്ടമാവില്ലെന്ന്...'
'എന്റെ കഥകളിലെ നായകമാര്‍ അധികവും കറുത്തവരാ.'
'ഞാനും കഥകള്‍ വായിക്കാറുണ്ട്.'
'എന്റെ കഥകള്‍ വായിക്കുന്നവരെയാ എനിക്കുമിഷ്ടം.'
'അതു മനസ്സിലായി. അപ്പോള്‍ ഞാന്‍ മാത്രമല്ല...'
'ഇപ്പോള്‍, ഈ നിമിഷം മുതല്‍ അംബുക്കന്‍ മാത്രമേയുള്ളു.'
അതു കേട്ടപ്പോള്‍ അവള്‍ അയാളുടെ കണ്ണുകളിലേക്കുതന്നെ സൂക്ഷിച്ചുനോക്കി, പതിയെ പറഞ്ഞു:
'കള്ളനാണ്, ഒന്നു സൂക്ഷിക്കണമെന്ന് പിള്ളസ്സാര്‍ പറഞ്ഞിരുന്നു.'
'സമ്മതിച്ചു. ഞാന്‍ ഒരുപാടു കള്ളം പറഞ്ഞിട്ടുണ്ട്; കള്ളം എഴുതിയിട്ടുമുണ്ട്. പക്ഷേ, ഇതുമാത്രം കള്ളമല്ല.'
അവള്‍ ഒന്നും മിണ്ടാതെ നിലത്തേക്കു നോക്കിനിന്നു.
'എന്താ, കാലുകൊണ്ടു കളം വരയ്ക്കുകയാണോ?'
'അതൊക്കെ പൈങ്കിളിക്കഥയിലെ നായികമാര്‍... എന്നെ അങ്ങു വിട്ടുപിടിച്ചേര്!'
'പിന്നെയെന്താണ് ഒരു ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ?'
'വെറുതെ ഓരോന്നാലോചിക്കുകയായിരുന്നു. അപ്പന്റെ റബ്ബര്‍ കച്ചവടമൊക്കെ നഷ്ടത്തിലാ. പ്രാരാബ്ധങ്ങള്‍ കൂടുമ്പോള്‍ എല്ലാം നഷ്ടപ്പെടുന്നതുപോലെ...'
'നാളെത്തന്നെ ഞാന്‍ ജോസേട്ടനെ കാണും.'
അയാള്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.
'ജാതിപ്രശ്‌നമുണ്ടാകും. അപ്പന്‍ അംബുക്കന്‍ മൂത്ത അ പു കയാ...'
'അങ്ങനയൊരു ജാതിയുണ്ടോ?'
'അതിപുരാതന കത്തോലിക്കാ കുടുംബം. ഈ ആദിമാഷിന് ഒന്നുമറിയില്ല. പക്ഷേ അ പു ക അംബുക്കന്‍ നര്‍ത്തകിയായ ജാനമ്മയുടെ വലയില്‍ വീണു...'
'അപ്പോള്‍ നല്ല സ്‌കോപ്പുണ്ട്.'
അയാള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
'ഞാനൊരു സങ്കരവര്‍ഗ്ഗമാ. വീര്യം കൂടും.'
'അതെനിക്ക് ആദ്യം സംസാരിച്ചപ്പോഴേ മനസ്സിലായി. എന്തായാലും ഒന്നു മുട്ടിനോക്കട്ടെ. മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ ക്രിസ്തു പറഞ്ഞിരിക്കുന്നത്?'
'മുറിക്കകത്ത് ആളില്ലെങ്കിലോ?'
'അതിപ്പം ക്രിസ്തുവിനോടുതന്നെ ചോദിക്കേണ്ടിവരും.'
അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം, അഞ്ജന അയാളോടു മൃദുവായി പറഞ്ഞു:
'എന്നും ആ പൊട്ടബൈക്കിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ ഞാനെന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ എത്തിനോക്കാറുണ്ടായിരുന്നു.'
അവളത് കാതില്‍ മന്ത്രിക്കുന്നതാണെന്ന് ആദിത്യനു തോന്നി. അയാള്‍ ഒന്നും മിണ്ടാതെ, മുറ്റത്തേക്കിറങ്ങി, ഒന്നുകൂടി തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് ബൈക്കിനടുത്തേക്കു നടന്നു.
അപ്പോഴാണ്, പിള്ളസ്സാറിന്റെ വിളി വന്നത്.
'അവന്‍ പോയോ?'
'പോയി.'
'ഒരു കള്ളലക്ഷണമുണ്ട്. സൂക്ഷിച്ചോണം.'
പുരുഷോത്തമന്‍പിള്ള ആവര്‍ത്തിച്ചുപറഞ്ഞു.
'ഓക്കെ സര്‍.'
അവള്‍ പുഞ്ചിരിച്ചുകൊണ്ട് ഫോണ്‍ വച്ചു.
അപ്പോള്‍, ആ പഴയ മോട്ടോര്‍ ബൈക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം, ദൂരെയെങ്ങോനിന്നു കേള്‍ക്കുന്നതുപോലെ അഞ്ജനയ്ക്കു തോന്നി.

പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക