Image

കൈക്കുറ്റഥപ്പഡ് ( കവിത: ബിന്ദു രാമചന്ദ്രൻ)

Published on 06 May, 2020
കൈക്കുറ്റഥപ്പഡ് ( കവിത: ബിന്ദു രാമചന്ദ്രൻ)
ആദ്യത്തേതു മൂന്നാംപക്കം
മഞ്ഞത്താലി സ്വർണനൂലിൽ കോർക്കും മുമ്പ്

എന്തിനായിരുന്നു...?
ഓർത്തെടുക്കണം.

പറയേണ്ടതാരോട്, എന്ത് -
ചെയ്യേണ്ടേതെന്താന്നും തിരിഞ്ഞില്ല.
കണ്ണു നിറഞ്ഞതും
പൂണ്ടടക്കം ഒരുമ്മ !!
മറന്നിട്ടില്ല.

അരുതാത്തതു
ചെയ്താല്
അച്ഛനുമിങ്ങനല്ലേന്ന് .

കവിള് തടവി വാക്കു കൊടുത്തു

രണ്ടാമത്തേതു രണ്ടാഴ്ച്ച കഴിഞ്ഞിട്ട്,
മൂന്നും നാലും ഉടനുടൻ.
പിന്നങ്ങനിങ്ങനെത്രയെത്ര...

കൂട്ടലു കഴിഞ്ഞു ഗുണനം
എത്ര കിട്ടിയാലും
നന്നാവാതെ ഞാനും

മേശയിൽ മെഴുക്ക്
കറിക്കെരിവ്

കുട്ട്യോളു തമ്മിലടി
ഊണില് മുടി

എന്റമ്മേടെ നാവ്
അച്ഛന്റെ ഓട്ടക്കീശ

ബത്തയുടെ ക്ഷാമം
ക്ഷാമത്തിലെ ദുരിതം

ഒരന്തോം കുന്തോമില്ലാത്ത
പിഴകൾ, പിഴവുകൾ.
ഞാനെന്താ
എന്റമ്മയെന്താ
നന്നാവാതെ

മക്കളു കണ്ടാലും
നാട്ടുകാരറിയാണ്ടു നോക്കും

ചുവരിനുള്ളില് ഒച്ചയും
തിണർത്തമരുന്ന പാടും..
മാഞ്ഞുമറഞ്ഞു
പിന്നെയും പൊന്തി

ചട്ടീം കലോമല്ലേ
പൊള്ളലെത്ര, നീറ്റലിത്ര...

ശീലത്തിനു നോവില്ല
ഒന്നുഴിയാൻ നേരവുമില്ല

ഒക്കെ നോക്കീം കണ്ടും
മോനും പിന്നെ മോളും

ഉയ്യെന്റപ്പാ...
ഉയിരെടുക്കാനീ ചെന്നിക്കുത്ത്.
ഒരല്പം ചായട്ടെ...

ഏട്ടൻ ഥപ്പഡ് കാണുന്നു,
ചായയ്ക്കു നേരായാൽ
കവിളിലു വീണ്ടും നീരാവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക