Image

കാറിലിരുന്നു സിനിമ കാണാം; ഡിസ്‌നി മാസ്‌ക്കുകള്‍ വില്‍പ്പനയ്ക്ക് (ജോര്‍ജ് തുമ്പയില്‍)

Published on 06 May, 2020
കാറിലിരുന്നു സിനിമ കാണാം; ഡിസ്‌നി മാസ്‌ക്കുകള്‍ വില്‍പ്പനയ്ക്ക് (ജോര്‍ജ് തുമ്പയില്‍)
സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നാണ് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ ആവശ്യം. അപ്പോള്‍ പിന്നെ വിരസത മാറ്റാന്‍ എന്താണ് മാര്‍ഗം. പാര്‍ക്കുകള്‍ തുറന്നിട്ടുണ്ടെങ്കിലും അവിടെയും നിയന്ത്രണമുണ്ട്. സിനിമാ തീയേറ്ററുകളെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട. അങ്ങനെ വിഷമിക്കാന്‍ വരട്ടെ. ഇതാ, പുതിയ ഓപ്പണ്‍സിനിമ തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ്സുകാരനായ പിജെ വിന്‍ഡില്‍ വളരെ വ്യത്യസ്തമായ ഒരു ആശയമാണ് ഇപ്പോള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ക്കുകളിലേക്കും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും ഡ്രൈവ് ഇന്‍ സിനിമാ തിയേറ്ററുകളെ എത്തിക്കുന്ന രീതിയാണിത്. 
ഒരു മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. അവിടെയിരുന്നു കൊണ്ട് വലിയ സ്‌ക്രീനില്‍ സിനിമകാണുക. കാറിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദമെത്തും. മൈതാനത്ത് തന്നെ ഡ്രൈവ് ഇന്‍ റെസ്റ്ററന്റുമുണ്ട്. ആവശ്യക്കാര്‍ക്ക് കാറോടിച്ച് അവിടെയെത്തി ഭക്ഷണവും കഴിക്കാം. വ്യത്യസ്തമായ ഐഡിയകള്‍ ഇപ്പോള്‍ പലേടത്തും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ജാക്‌സണ്‍ വാള്‍ ടൗണ്‍ഷിപ്പിലെ ഓക്ക് ട്രീ ലോഡ്ജില്‍ സെമി പെര്‍മനന്റ് പോപ്പ്അപ്പ് ഡ്രൈവ്ഇന്‍ തിയേറ്റര്‍ ഇപ്പോള്‍ വിജയകരമായി നടക്കുന്നു. ഇതു സംസ്ഥാനത്തൊട്ടാകെയുള്ള ഒരു ഡസനിലധികം പട്ടണങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ വേണ്ടി വിന്‍ഡില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രൊജക്ടറും സ്‌ക്രീനും അവരുടെ അടുത്തെത്തിക്കുന്നതിന് ടൗണ്‍ഷിപ്പില്‍ നിന്നോ പ്രോപ്പര്‍ട്ടി ഉടമയില്‍ നിന്നോ ഒരു ഫഌറ്റ് ഫീസ് ഈടാക്കും. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങാന്‍ കഴിയും. പാര്‍ക്ക് ചെയ്യപ്പെടുന്ന ഓരോ കാറിനും 20 മുതല്‍ 25 വരെ ഡോളര്‍ ഫീസ് വാങ്ങുന്നു.
സാമൂഹ്യ അകലം പാലിക്കുന്ന ഈ സമയങ്ങളില്‍ വിനോദത്തിന്റെ മറ്റൊരു രീതിയാണ് താന്‍ അവലംബിക്കുന്നതെന്നും പലരുമിത് ആസ്വദിക്കുന്നുണ്ടെന്നും ഒരു വിവാഹ വിനോദ ബിസിനസ്സ് ഉടമയായ വിന്‍ഡില്‍ പറയുന്നു.
പോപ്പ്അപ്പ് പ്രദര്‍ശനങ്ങള്‍ സാമൂഹിക അകലം പാലിക്കും, കാരണം ആളുകള്‍ അവരുടെ സ്വന്തം കാറുകള്‍ക്കുള്ളിലായിരിക്കും, കൂടാതെ ഫുഡ് ട്രക്കുകളില്‍ നിന്ന് ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും, അത് കാറില്‍ എത്തിക്കും, അദ്ദേഹം പറഞ്ഞു.
ഇത്തരം ഡ്രൈവ് സിനിമയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കാറിലെ ഒരു എഫ്എം റേഡിയോ സ്‌റ്റേഷന്‍ വഴിയോ വലിയ ഡിജെ സ്പീക്കറുകളില്‍ കേള്‍ക്കുന്നതിനായി വിന്‍ഡോകള്‍ താഴ്ത്തിയോ അതുമല്ലെങ്കില്‍ ബ്ലൂടൂത്ത് സ്പീക്കര്‍ അല്ലെങ്കില്‍ ഇയര്‍ബഡുകള്‍ വഴിയോ സിനിമ കേള്‍ക്കാനാകും. ജാസ്, ജുറാസിക് പാര്‍ക്ക്, ഇന്‍ഡിപെന്‍ഡെന്‍സ് ഡേ എന്നിവ പോലുള്ള ക്ലാസിക് സിനിമകള്‍ കാണിക്കും, കൂടാതെ ചില പുതിയ റിലീസുകള്‍ക്കായി ശ്രമിക്കുന്നു.
ഓരോ ലൊക്കേഷനും കുട്ടികള്‍ക്കുള്ള മാറ്റിനി മൂവി, തുടര്‍ന്ന് രാത്രി 8 മണിക്ക് കുടുംബപ്രേക്ഷകര്‍ക്കു വേണ്ടിയൊരു ഷോ, പാതിരാത്രിയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയും സിനിമ കാണിക്കുന്നു.

ഡിസ്‌നി മാസ്‌ക്കുകള്‍ വില്‍പ്പനയ്ക്ക്

കൊറോണ സമയത്ത് വെറൈറ്റിയുള്ള മാസ്‌ക്കുകള്‍ക്ക് വേണ്ടി ശ്രമിച്ചാല്‍ അത് അധികപറ്റാവുമെന്നൊന്നും കരുതണ്ട. നല്ല വ്യത്യസ്തതയുള്ള മാസ്‌ക്കുകളുമായി ഡിസ്‌നി സ്റ്റോര്‍ എത്തിയിരിക്കുന്നു. മിക്കി മൗസ്, ബേബി യോഡ, എല്‍സ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രിന്റുകളുള്ള തുണി ഫെയ്‌സ് മാസ്‌കുകള്‍ 19.99 ഡോളറിന് ഇവിടെ ലഭ്യം. ഇതിനോടൊപ്പം ഒരു മാര്‍വല്‍ (കോമിക്ക് ബുക്ക്) പായ്ക്കും ഉണ്ട്. ഈ ഫെയ്‌സ് മാസ്‌കുകള്‍ നാല് പാക്കുകളിലായാണ് വില്‍ക്കുന്നത്. മൂന്ന് വലുപ്പത്തില്‍ ഇവ ലഭ്യമാണ്. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ. ഫെയ്‌സ് മാസ്‌കുകള്‍ ജൂണ്‍ മുതലാണ് ഉപയോക്താക്കള്‍ക്ക് അയച്ചു തുടങ്ങുക.
ഫെയ്‌സ് മാസ്‌ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന ഒരു ദശലക്ഷം ഡോളര്‍ ആശുപത്രികള്‍, വിതരണക്കാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ മെഡ്‌ഷെയറിന് ഡിസ്‌നി സംഭാവന ചെയ്യും. ഇതിനു പുറമേ, യുഎസിലുടനീളമുള്ള സാമ്പത്തിക ഭദ്രതയില്ലാത്ത കമ്മ്യൂണിറ്റികളിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ദശലക്ഷം ഫെയ്‌സ് മാസ്‌കുകള്‍ സംഭാവന ചെയ്യുമെന്നും ഡിസ്‌നി പ്രഖ്യാപിച്ചു. മാസ്‌ക്കുകള്‍ മെഡ്‌ഷെയര്‍ വിതരണം ചെയ്യും.
ന്യൂജേഴ്‌സിയില്‍ നിലവില്‍ ഒന്‍പത് ഡിസ്‌നി സ്‌റ്റോറുകളാണുള്ളത്. കൊറോണ കാരണം എല്ലാ യുഎസ് സ്‌റ്റോറുകളും മാര്‍ച്ച് 17 മുതല്‍ അടച്ചിരിക്കുകയാണ്.
കാറിലിരുന്നു സിനിമ കാണാം; ഡിസ്‌നി മാസ്‌ക്കുകള്‍ വില്‍പ്പനയ്ക്ക് (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക