Image

സാക്ഷാല്‍ സ്‌നേഹം (ജീവിത സാരം: തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ Published on 06 May, 2020
സാക്ഷാല്‍ സ്‌നേഹം (ജീവിത സാരം:  തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
ലോകത്തില്‍ മനുഷ്യന് വലുത് ജീവനാകുന്നു. ജീവന് നാശം സംഭവിക്കരുതെന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ആത്മഹത്യ ചെയ്യുന്ന മനുഷ്യന്‍ പോലും പൂര്‍ണ്ണ മനസ്സോടെ അല്ല പൈശാചികമായ ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്നുള്ളതാണ് സ്ത്യം.

ചോദിക്കാതെ നമുക്ക് തന്നിരിക്കുന്ന മനോഹരമായ ഈ ജീവിതത്തിന്, പോരാ, അനശ്വരമായ ഈ മനുഷ്യജീവിതത്തിന് അത് നല്‍കി  തന്നെ ഉടയവനായ ദൈവത്തിന് നാം എന്നെന്നും നന്ദി പറയേണ്ടതല്ലേ? എത്രയധികം നന്ദി പറയേണ്ടതാണ്?

ദൈവത്തിന് നന്ദിയും മഹത്വവും കരേറ്റി. അവന്റെ തിരുഹിതം നിവൃത്തിച്ച് പ്രത്യാശയോട് മരിച്ച്, ക്രിസ്തുവിനെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് അവന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായി തീരുവാന്‍ വേണ്ടിയാകുന്നു ഇങ്ങനെ ഒരു ജീവിതം ദൈവം നമുക്കോരോരുത്തര്‍ക്കും നല്‍കി തന്നിരിക്കുന്നതെന്നുള്ള സത്യം ഒരിക്കലും നാം വിസ്മരിക്കരുത്. അതിനായിട്ടു മാത്രമാകുന്നു ദൈവം തന്റെ ഓമന പുത്രനെ മനുഷ്യവര്‍ഗ്ഗത്തിന് പാപബലിയായി ഗോല്‍ഗൊത്തായില്‍ തകര്‍ത്തു കളഞ്ഞതെന്ന് തിരുവചനം ഘോഷിക്കുന്നു. ശത്രുക്കളാല്‍ അതിദാരുണമായി ദണ്ഡിക്കപ്പെട്ടും അവന്റെ തിരുമുഖത്തു പോലും തുപ്പി നിന്ദിച്ചുമായിരുന്നു അതിനീചമാം വിധം അവര്‍ അവനെ ക്രൂശില്‍ തറച്ചു കൊന്നത്!

മനുഷ്യരാശിയുടെ രക്ഷയ്ക്കു വേണ്ടി പിതാവായ ദൈവത്താല്‍ മുന്‍നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു ക്രിസ്തുവിന്റെ ക്രൂശ് മരണമെന്ന് സി. രാജഗോപാചാരി പ്രസ്താവിക്കയുണ്ടായി. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് മരിച്ച പ്രകാശം പോലെ പരിശുദ്ധനായ മറ്റൊരു മഹാനും ലോകത്തില്‍ ഉണ്ടായിട്ടുമില്ല. ക്രിസ്തുവിന്റെ കാലത്ത് ജിവിച്ചിരുന്നെങ്കില്‍ തന്റെ രക്തം കൊണ്ട് അദ്ദേഹത്തിന്റെ കാല്‍പ്പാദങ്ങളെ താന്‍ കഴുകുമായിരുന്നു എന്ന് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു.

ക്രിസ്തുവിന്റെ അതുല്യ മനോഹരമായ ജീവിതവും മരണവും ഉത്ഥാനവും പ്രപഞ്ചത്തെ മുഴുവന്‍ കോള്‍മയിര്‍  കൊള്ളിക്കുന്നു. മാനവരാശിയ്ക്ക് അവനെന്നും പ്രകാശവും പ്രത്യാശയുമേകുന്നു. അവന്റെ ജീവിതവും മരണവും ഉത്ഥാനവും ലോകത്തെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മാനവരാശിയെ മുഴുവന്‍ ആകര്‍ഷിച്ച് അതിന്നും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ അവനെ സന്ധിക്കാതെ ജിവിതത്തില്‍ നിന്നു ഒഴിഞ്ഞു മാറി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട. നമുക്കു വേണ്ടി കാല്‍വറി ക്രൂശില്‍ 3 ആണികളിന്മേല്‍ തൂങ്ങിക്കിടക്കുന്ന ആ ലോകരക്ഷകനെ ഹൃദയത്തില്‍ ദര്‍ശിച്ച് ക്രിസ്തുഭക്തനായ പാട്ടുകാരനോടു ചേര്‍ന്ന് നമുക്കും പാടാം:
രക്ഷിദാവിനെ കാണ്‍ക പാപി
നിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
കാല്‍വറി മലമേല്‍ നോക്കു നീ
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു
പാപത്തില്‍ ജീവിക്കുന്നവനേ-
നിന്റെ പേര്‍ക്കല്ലയോ തൂങ്ങുനീ രക്ഷകന്‍
തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനയ്‌ക്കേണ്ട നിന്നുള്ളില്‍
ഉള്ളം നീ മുഴുവന്‍ തുറന്നു
തള്ളയാമേശുവിന്‍ കയ്യിലേല്‍പ്പിക്ക നീ.
(റ്റി.ജെ.വര്‍ക്കി)

തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ അത്രയ്ക്ക് സ്‌നേഹിച്ചു: (യോഹ.3:16) ഇതാണ് സ്‌നേഹം. സ്വാര്‍ത്ഥം അന്വേഷിക്കാത്ത യഥാര്‍ത്ഥ സ്‌നേഹം!

സാക്ഷാല്‍ സ്‌നേഹം (ജീവിത സാരം:  തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക