Image

ടെക്‌സസില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഗവര്‍ണ്ണര്‍ അനുവദിച്ചു.(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 May, 2020
ടെക്‌സസില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഗവര്‍ണ്ണര്‍ അനുവദിച്ചു.(ഏബ്രഹാം തോമസ്)
ടെക്‌സസ് സംസ്ഥാനത്തില്‍ ലിമിറ്റഡ് കപ്പാസിറ്റിയില്‍ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതലും 18-ാം തീയതി മുതലും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ബാര്‍ബര്‍ ഷോപ്പുകളും ടാനിംഗ്, നെയില്‍, ഹെയര്‍ സലോണുകളുമാണ് വെള്ളിയാഴ്ച മുതല്‍ തുറക്കുക. ഇവയില്‍ ഒരു സമയം ഒരു സ്‌റ്റൈലിസ്റ്റിനടുത്ത് ഒരു കസ്റ്റമറേ പാടുള്ളൂ. സ്റ്റൈലിസ്റ്റ് സ്‌റഅറേഷനുകള്‍ തമ്മില്‍ ആറടിയെങ്കിലും അകലം ഉണ്ടായിരിക്കണം. സാലോണുകള്‍ കഴിവതും അപ്പോയിന്റ്‌മെന്റ് സിസ്റ്റം പാലിക്കണം. കസ്റ്റമേഴ്‌സും സ്‌റ്റൈലിസ്റ്റുകളും ഫേഷ്യല്‍ മാസ്‌ക് ധരിക്കണം.

മെയ് 18 തിങ്കളാഴ്ച മുതല്‍ ജിമ്മുകളും എക്‌സര്‍സൈസ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഇന്‍ഡോര്‍ സ്ഥാപനങ്ങള്‍ 25% കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. ഷവേഴ്‌സും ലോക്കര്‍ റൂമുകളും തുറക്കാന്‍ പാടില്ല. ഓരോ ഉപകരണവും ഓരോ ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കണം. കസ്റ്റമേഴ്‌സ് ആറടി അകലം പാലിക്കണം. ഗ്ലൗസ് ധരിക്കുകയും വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന യോഗമാറ്റും മറ്റും ഉപയോഗത്തിന് മുന്‍പും ശേഷവും ഡിസ്ഇന്‍ഫെക്ട് ചെയ്യണം.

ബാറുകള്‍ സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ച് ഭാഗികമായി തുറക്കുവാനുള്ള മാര്‍ഗരേഖ തയ്യാറാക്കി വരികയാണെന്ന് ആബട്ട്ട പറഞ്ഞു. ഡ്രൈവ് ഇന്‍ സംവിധാനം ഉള്‍പ്പെടെ ഇന്‍ലപേഴ്‌സ്ണ്‍ ഗ്രാജുവേഷന്‍ സെറിമണികള്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കും. ടെക്‌സസ് ബിസിനസുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, മൂവി തീയേറ്ററുകള്‍, മാളുകള്‍, ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവ 25% കപ്പാസിറ്റിയില്‍ തുറന്ന് പ്രവര്‍ത്തുക്കുവാന്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അനുവദിച്ചിരുന്നു. രണ്ടാംഘട്ടം മെയ്18ന് ആരംഭിക്കുമെന്ന് ആബട്ട് പറഞ്ഞു. ഇത്രയധികം സ്ഥാപനങ്ങള്‍ തുറക്കുന്നത് സുരക്ഷിതമാണെന്ന് ഇത്രയും ചെറിയ സമയത്തിനുള്ളില്‍ എങ്ങനെയാണ് തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഒരുപറ്റം ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ചു എന്ന് ആബട്ട് പറഞ്ഞു.

ടെക്‌സസ് കോവിഡ്-19 മൂലം ഏറ്റവുമധികം മരണവും ഏറ്റവുമധികം രോഗബാധയും(1,033 പുതിയ കേസുകള്‍) റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസമാണ് സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ക്കിടയിലും രോഗം ഭേദമാകുന്നവരുടെയും ഹോസ്പിറ്റലൈസേഷന്‍ റേറേറ്റുമാണ് താന്‍ ആശ്രയിക്കുന്നതെന്ന് ആബട്ട് പറഞ്ഞു. 4,27,210 പേരെ ടെസ്റ്റ് ചെയ്തു. 33,369 കേസുകള്‍ പോസിറ്റീവായി, 1,888 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി, 906 പേര്‍ മരിച്ചു, 16, 791 പേര്‍ രോഗമുക്തരായി എന്ന കണക്കാണ് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് നല്‍കുന്നത്.

കാലിഫോര്‍ണിയ സംസ്ഥാനം കൊറോണ വൈറസ് മരണങ്ങളില്‍ കുറവ് രേഖപ്പെടുത്തിയ ഒരാഴ്ചയാണ് കടന്നു പോയത്. ഗവര്‍ണ്ണര്‍ ഗേവിന്‍ ന്യൂസും അടുത്ത ആഴ്ച ചില വ്യാപാരസ്ഥാപനങ്ങള്‍ വീണ്ടും തുറക്കുവാന്‍ ആലോചിക്കുകയാണ്. രണ്ടാഴ്ച മുമ്പ് സംസ്ഥാനം ഒരാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ്-19 മരണം 542 രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച 7 ദിവസങ്ങളില്‍ 9% കുറവ്-495 മരണം രേഖപ്പെടുത്തി, ഇത് മെച്ചപ്പെട്ട കണക്കാണെങ്കിലും ഈ മഹാമാരിയിലെ മരണത്തിന്റെ ഏററവും ഉയര്‍ന്ന മൂന്നാമത്തേതാണ്. സംസ്ഥാനത്തിന്റെ ഏറ്റവും മോശമായ പ്രദേശത്ത് പോലും ആശ്വാസകരമായ കുറവ് ദൃശ്യമായി. സംസ്ഥാനത്തിന്റെ നാലിലൊന്ന് ജനസംഖ്യയുളള ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മുമ്പ് 55% മരണം ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രാഫ് ഉയരാതെ ഇരിക്കുകയാണ്-കഴിഞ്ഞ രണ്ടാഴ്ചയില്‍ ഓരോ ആഴ്ചയിലും 315 വീതം മരണം. സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ 49 മരണം, മുന്‍ ആഴ്ച ഇത് 61 ആയിരുന്നു. രണ്ടാഴ്ച മുമ്പ് 40 മരണം സംഭവിച്ച സാന്‍ഡിയാഗോ കൗണ്ടിയില്‍ കഴിഞ്ഞ ആഴ്ച 28 മരണമേ സംഭവിച്ചുളളൂ. ദേശവ്യാപകമായി 13,000 മരണം റിപ്പോര്‍ട്ടു ചെയ്തു. ഇതിന് ഒരാഴ്ച മുമ്പ് 14,000 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കാലിഫോര്‍ണിയ ഇതുവരെ തുടര്‍ച്ചയായ രണ്ടാഴ്ച മരണം കുറയുന്നതായി രേഖപ്പെടുത്തിയിട്ടില്ല. സ്റ്റേ അറ്റ് ഹോം ഓര്‍ഡറില്‍ ഇളവ് വരുത്തുവാന്‍ ഈ മാനദണ്ഡമാണ് ഉപയോഗിക്കുവാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക