Image

ഇറച്ചിക്കു ക്ഷാമം വരുമെന്നു ഭീതി; കൊറോണ ടാസ്‌ക് ഫോഴ്‌സ് റദ്ദാക്കുമെന്ന് ട്രമ്പ്

Published on 05 May, 2020
ഇറച്ചിക്കു ക്ഷാമം വരുമെന്നു ഭീതി; കൊറോണ ടാസ്‌ക് ഫോഴ്‌സ് റദ്ദാക്കുമെന്ന് ട്രമ്പ്
കൊറോണ ബാധ തുടങ്ങിയപ്പോള്‍ ടോയിലെറ്റ് ടിഷ്യുവും മറ്റും വാങ്ങി കൂട്ടാനായിരുന്നു തിടുക്കമെങ്കില്‍ ഇപ്പോഴത് ഇറച്ചി ആയി. ഇറച്ചിക്കു ദൗര്‍ലഭ്യം വന്നേക്കാമെന്ന ഭീതി പരന്നതിനേത്തുടര്‍ന്ന് ജനം കോസ്‌കോ, ക്രൊഗ്ഗര്‍ തുടങ്ങിയ സ്റ്റോറുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതോടെ മിക്ക സ്റ്റോറുകളും ഇറച്ചി വാങ്ങൂന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് അല്ലെങ്കില്‍ മൂന്ന് ഇനം മീറ്റ് ഉൽപ്പന്നം മാത്രമേ നല്കൂ എന്നു സ്റ്റോറുകള്‍ നിബന്ധന ഏര്‍പ്പെടുത്തി.

കൊറോണ ബാധ മൂലം ടൈസന്‍ ഫുഡ്‌സിന്റെയും മറ്റും ചില ഉൽപ്പാദന  ശാലകള്‍ പൂട്ടി. എന്നാല്‍ മീറ്റ് ഉൽപ്പാദനം അത്യാവശ്യ സര്‍വീസായി പ്രസിഡന്റ് ട്രമ്പ് മിലിട്ടറി നിയമ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മീറ്റ്ഫാക്ടറികള്‍ അടക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നു കരുതാം. പക്ഷെ ജീവനക്കാര്‍ക്കെല്ലാം രോഗം ബാധിച്ചാല്‍ എന്തു ചെയ്യുമെന്ന പ്രശ്‌നവുമുണ്ട്.

ഫാസ്റ്റ് ഫുഡ് ചെയിന്‍ വെന്‍ ഡീസ് ചില സ്ഥലങ്ങളില്‍ ബര്‍ഗര്‍ വില്പ്പന നിര്‍ത്തി. ബീഫ് ക്ഷാമം തന്നെ കാരണം. വെന്‍ ഡീസിന്റെ പ്രസിദ്ധമായ മുദ്രാവാക്യം ഇതാണ് 'വെയര്‍ ഈസ് ദി ബീഫ്?' ഇപ്പോള്‍ അവര്‍ തന്നെ അതു ചോദിക്കുന്ന സ്ഥിതി ആയി

ഇതേ സമയം രാജ്യത്ത് 70,000 പേരെ കൊന്നൊടുക്കിയ കൊറോണയുടെ ശൗര്യം ന്യു യോര്‍ക്കിലും മറ്റും കുറയുന്നുവെങ്കിലും മറ്റു സ്ഥലങ്ങളില്‍ ശക്തിപ്പെടുകയാണ്. പക്ഷെ അത് കണക്കിലെടുക്കാതെ വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് നിര്‍ത്തലാക്കുകയാണെന്ന പ്രസിഡന്റ് ട്രമ്പിന്റെ പ്രസ്താന ആശങ്ക പടര്‍ത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേത്രുത്വത്തിലാണു ടാസ്‌ക്ക് ഫോഴ്‌സ്.ഇത് നിര്‍ത്തിയാലും മറ്റേതെങ്കിലും രൂപത്തില്‍ വിദഗ്ദ സമിതി വൈറസിനെതിരായ പോരാട്ടം തുടരുമെന്നു പ്രസിഡന്റ് വ്യക്തമാക്കി.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 230 പേര്‍ കൂടി മരിച്ചതൊടേ മരണസംഖ്യ 19,645 ആയതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു. തലേന്ന് 226 പേരാണു മരിച്ചത്. മെയ് മാസത്തില്‍ എല്ലാ ദിവസവും മരണ സംഖ്യ 300-ല്‍ താഴെ ആയിരുന്നു.

ഡമോക്രാറ്റിക്ക് സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്നത് റിപ്പബ്ലിക്കന്‍ സ്‌ടേറ്റുകളോടുള്ള അനീതിയാണെന്ന പ്രസിഡന്റ് ട്രമ്പിന്റെ പ്രസ്തവന കോമോ അപലപിച്ചു. മരിക്കുന്നത് റിപ്പ്ബ്ലിക്കനോ ഡമോക്രാറ്റോ അല്ല അമേരിക്കക്കരാണ്. ചരിത്രത്തില്‍ ഒരു നായകനായി വിലയിരുത്തപ്പെടണമെങ്കില്‍ ശരിയായ കാര്യം ചെയ്യാന്‍ കോമോ ട്രമ്പിനെ ഉപദേശിച്ചു.

സ്റ്റേറ്റിലെ നഴ്‌സിംഗ് ഹോമുകളില്‍ കണക്കുകളില്‍ കാണുന്നതിനേക്കാള്‍ 1700 പേരെങ്കിലും കൂടുതല്‍മരിച്ചതായിപുതുക്കിയ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു. ഇതു കൂടീ ചേരുമ്പോള്‍ സ്റ്റേറ്റിലെ 600-ഓളം നഴ്‌സിംഗ് ഹോമുകളില്‍ 48,00-ല്‍ പരം പേര്‍ മരിച്ചു.

ആശുപത്രിയില്‍ കൊറോണ ചികില്‍സ കഴിഞ്ഞു വന്നവരെ വീണ്ടും നഴ്‌സിംഗ് ഹോമുകളില്‍ പാര്‍പ്പിക്കാനുള്ള സ്റ്റേറ്റിന്റെ ഉത്തരവും രോഗവ്യാപനത്തിനു കാരണമായി. പല നഴ്‌സിംഗ് ഹോമുകളിലും 40 മുതല്‍ 70 പേര്‍ വരെ മരിച്ചു. ഇതു സംബന്ധിച്ച് ഫെഡറല്‍ അന്വേഷണം വേണമെന്ന് മുന്‍ ഗവര്‍ണര്‍ ജോര്‍ജ് പട്ടാക്കി ആവശ്യപ്പെട്ടു. ഇത് കോമോക്കെതിരായ പരോക്ഷ വിമര്‍ശനമായി കരുതുന്നു. റിപ്പബ്ലിക്കനാണു പട്ടാക്കി.

അടുത്ത മാസം ന്യു യോര്‍ക്ക് സിറ്റിയില്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം ജോലി നഷ്ടപ്പെടുമെന്ന് സിറ്റി കംട്രോളര്‍ സ്‌കോട്ട് സ്പ്രിംഗര്‍. ഇവരുടെ എണ്ണം 9 ലക്ഷം വരും. മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞത് അഞ്ചു ലക്ഷ പേര്‍ക്ക് ജോലി നഷ്ടപ്പെടാമെന്നാണ്. 'നമ്മുടെ ജീവിത കാലത്ത് കണ്ടിട്ടുള്ളതല്ല ഇതൊന്നും. ഏറെ ദുഖവും ദുരിതവും കാണാന്‍ പോകുകയാണ്' അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റ്, ഹോട്ടല്‍, റീട്ടെയില്‍ രംഗങ്ങളില്‍ ഇതിനകം തന്നെ വലിയ ജോലി നഷ്ടം സംഭവിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഘടനയില്‍ മാറ്റം സംഭവിക്കുന്നതായും വൈറസിന്റെ ശക്തി കുറയുന്നതായും അരിസോണയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബയൊഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തില്‍ കണ്ടെത്തി. ഇത് 2003-ല്‍ സാര്‍സ് വൈറസിനു സംഭവിച്ച പോലുള്ള ഘടനാമാറ്റം ആകാം എന്നാണു ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്.

പഠനം നടത്തിയ 388 സ്വാബ് ടെസ്റ്റുകളില്‍ ഒരെണ്ണത്തിലാനു ഈ പ്രതിഭാസം കണ്ടത്. ഇത് ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു തുള്ളി മാത്രമാണെന്നു ശാസ്ത്രഞ്ജര്‍ സമ്മതിക്കുന്നു. മാത്രവുമല്ല, വീര്യം കുറഞ്ഞ ഈ വൈറസിനു പോലും ശക്തമായ അണുബാധ ഉണ്ടാക്കാന്‍ കഴിവുണ്ട്. എന്തായാലും ഇക്കാര്യം കൂടുതല്‍ പഠനം അര്‍ഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക