Image

മുസഫ വ്യവസായ മേഖലയിലെ മൂന്നര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന

Published on 05 May, 2020
മുസഫ വ്യവസായ മേഖലയിലെ മൂന്നര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന


അബുദാബി : കോവിഡ് രോഗനിര്‍ണയത്തിനുള്ള ഏറ്റവും ബൃഹൃത്തായ പദ്ധതിക്ക് അബുദാബിയില്‍ അന്തിമരൂപമായി . അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മുസഫ വ്യവസായ മേഖലയിലെ മൂന്നര ലക്ഷം പേരെ രോഗനിര്‍ണയ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം . മേഖലയിലെ തൊഴിലാളികളെയും താമസക്കാരെയും പരിശോധനയില്‍ ഉള്‍പ്പെടുത്തും.

അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സേഹ) യുടെ നേതൃത്വത്തില്‍ , ആരോഗ്യ വകുപ്പ്,അബുദാബി പബ്‌ളിക് ഹെല്‍ത്ത് സെന്റര്‍ ,അബുദാബി പോലീസ് ,ഇക്കോണമിക് ഡിപ്പാര്‍ട്‌മെന്റ് , മുന്‍സിപ്പാലിറ്റി ,പൊതുഗതാഗത വകുപ്പ് , ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സഹകരണത്തോടെയാണ് അതിവിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

കോവിഡ് പരിശോധന രാജ്യത്തുടനീളം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്തുണയായി സേഹ യുടെ ആഭിമുഖ്യത്തില്‍ 3500 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ പുതിയ പരിശോധന കേന്ദ്രം തയാറാക്കുകയാണ് .അബുദാബിയിലെ പരിശോധനകളുടെ എണ്ണം ഇതോടെ 80 ശതമാനം കൂടി വര്‍ധിക്കും . മുസഫയിലെ എം-1 , എം -42 എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ക്കു പുറമെയാണ് പുതിയ കേന്ദ്രം തുറക്കുന്നത് .ഇതോടൊപ്പം എം -12 ല്‍ (അല്‍ മസൂദ് ) ബുര്‍ജീല്‍ ഹോസ്പിറ്റലിന്റെയും ക്യാപിറ്റല്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് സെന്ററിന്റേയും (അല്‍ മസ്‌റൂയി ബില്‍ഡിംഗ് ) കേന്ദ്രങ്ങളിലും പരിശോധനകള്‍ നടക്കും.

പരിശോധനക്കൊപ്പം മുന്‍കരുതല്‍ നടപടികളെ കുറിച്ചും രോഗം വന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. യുഎഇ യിലെ പരമാവധി ആളുകളെ എത്രയും വേഗം പരിശോധനക്ക് വിധേയമാക്കി കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് പുതിയ പദ്ധതികള്‍ ധൃതഗതിയില്‍ വ്യാപിപ്പിക്കുന്നതെന്നു ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹാമദ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക