Image

പ്രവാസികളെ തിരിച്ചെത്തിക്കല്‍ പ്രഖ്യാപനം പ്രഹസനമെന്ന് കുവൈത്ത് കെഎംസിസി

Published on 05 May, 2020
 പ്രവാസികളെ തിരിച്ചെത്തിക്കല്‍ പ്രഖ്യാപനം പ്രഹസനമെന്ന് കുവൈത്ത് കെഎംസിസി

കുവൈത്ത് സിറ്റി: നിരവധി പ്രതിഷേധങ്ങള്‍ക്കുശേഷം പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഗള്‍ഫില്‍ ജോലിയില്ലാതെ, താമസ വാടക പോലും നല്‍കാനില്ലാതെ കഴിയുന്നവര്‍ സ്വന്തം ചെലവില്‍ യാത്ര ചെയ്യണമെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് വെറും പ്രഹസനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.

സന്നദ്ധ സംഘടനകളുടെ കിറ്റിനു വേണ്ടി കാത്തിരിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവില്ല. അതു കൊണ്ടു തന്നെ ഈ പ്രഖ്യാപനം വെറും പ്രഹസനമാണ് - കണ്ണേത്ത് പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇ.അഹമ്മദ് വിദേശകാര്യ മന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ ലിബിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഒക്കെ ഇന്ത്യക്കാരെ സര്‍ക്കാര്‍ ചെലവിലാണ് നാട്ടിലെത്തിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതെസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും കുവൈത്ത് സര്‍ക്കാര്‍ സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് ഇതിനോടകം തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കുവൈത്ത് കെഎംസിസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുള്‍ റസാഖും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക