Image

പോയട്രി ലാബ് (കവിത: ആദര്‍ശ് മാധവന്‍കുട്ടി)

Published on 05 May, 2020
പോയട്രി ലാബ് (കവിത: ആദര്‍ശ് മാധവന്‍കുട്ടി)
പ്രീഡിഗ്രി കഴിഞ്ഞതില്‍ പിന്നിന്നലെയാണ്
കെമിസ്ട്രി മാഷ്  സ്വപ്നത്തില്‍ വന്നത്

"നീ കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തുക"
എന്ന് പുള്ളീടെ ലെക്ചര്‍ വീണ്ടും

കേട്ടതും രായ്ക്കുരാമാനം
നാട്ടില്‍ പൂട്ടിക്കിടന്ന പാരലല്‍ കോളേജിന്റെ
ലബോറട്ടറി കുത്തിത്തുറന്നു

പഴയൊരു കോണിക്കല്‍ ഫ്‌ലാസ്കില്‍
നൂറു മില്ലി ചാരായത്തിന്‍റെ മണമുള്ള
ഉത്തരാധുനിക കവിത ഒഴിച്ചുവച്ചു
ഹൈഡ്രജന്‍ സള്‍ഫൈഡിനേക്കാള്‍
നാറ്റമുള്ള തെറി പുളിച്ചുതികട്ടി 

ബ്യൂററ്റ് കുലുക്കുഴിഞ്ഞ്
അന്‍പത് വരി സവര്‍ണ്ണകവിത
ഛന്ദശ്ശാസ്ത്രമനുസരിച്ച്  നിറച്ചു

ഇനിയെന്ത്
വൃത്തനിബദ്ധമായ വാക് കസര്‍ത്തിനെ                               
കാമ്പില്ലാത്ത ബൗദ്ധികമാലിന്യത്തില്‍
കലര്‍ത്തി പരീക്ഷിക്കുക  തന്നെ !

ബ്യൂററ്റ് തുറന്നതും
മൂത്രം പോലെ ശറേന്ന്!
പാരമ്പര്യം ആധുനികത്തില്‍ കലര്‍ന്നു

പെട്ടെന്ന് ലാബില്‍
കനത്ത പുക വന്നു നിറഞ്ഞു
ഭാഷാപിതാവ്
ഒരു ജിന്നിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്
ഇനിയും പരീക്ഷിക്കരുതെ എന്ന് താണപേക്ഷിച്ച്
വീണ്ടും കുപ്പിയില്‍ അടച്ചിരിപ്പായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക