Image

മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.എം

Published on 25 May, 2012
മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.എം
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ സി.പി.എമ്മിനെ താറടിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം എം.എല്‍.എ.
'പ്രതികളുടെ മൊഴി എന്നു പറഞ്ഞ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ആരാണെന്ന് അന്വേഷണം നടത്തണം. കേരളത്തിലെ ഒരു പ്രധാന മാധ്യമം തയാറാക്കിയ കളിയാണ് ഇതിനു പിന്നില്‍. ഈ പത്രത്തിന്റെ ഒരു പ്രതിനിധി പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ഡിവൈ.എസ്.പിക്ക് മൊബൈല്‍ ഫോണും സിംകാര്‍ഡും നല്‍കിയിട്ടുണ്ട്.
 ആ ഡിവൈ.എസ്.പിയാണ് ഈ പത്രത്തിന് വിവരം ചോര്‍ത്തിക്കൊടുക്കുന്നത്. അല്ലെങ്കില്‍ ഏത് ഉദ്യോഗസ്ഥനില്‍നിന്നാണ് വാര്‍ത്ത ലഭിക്കുന്നതെന്നു പറയാന്‍ മാധ്യമങ്ങള്‍ തയാറാവണം. ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കില്ല' -സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.
സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്റെയും ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്റെയും അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നത് അടിയന്തരാവസ്ഥ കാലത്തെ കക്കയം ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന ക്രൂരതകളാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് മനുഷ്യത്വരഹിത പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സി.എച്ച്. അശോകന്റെയും രാമചന്ദ്രന്റെയും മൊഴികളെന്ന വ്യാജേന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. അശോകന്‍ തലപോയാല്‍പോലും അങ്ങനെ പറയില്ല.
രാമചന്ദ്രന്‍ ഇത്തരമൊരു മൊഴി നല്‍കിയിട്ടേയില്ല. നടന്നിട്ടില്ലാത്ത ഗൂഢാലോചന എങ്ങനെയാണ് ഒരാള്‍ക്ക് പറയാന്‍ കഴിയുക. പലതരം രോഗങ്ങള്‍മൂലം ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക