Image

ആകാശച്ചെരുവിലെ മാലാഖക്കുട്ടികള്‍ (കഥ: രാജു ചിറമണ്ണില്‍)

രാജു ചിറമണ്ണില്‍ Published on 05 May, 2020
ആകാശച്ചെരുവിലെ മാലാഖക്കുട്ടികള്‍ (കഥ: രാജു ചിറമണ്ണില്‍)
അല്പം തുറന്നുകിടന്ന ജനാലപ്പാളികള്‍ക്കിടയില്‍ക്കൂടി കടന്നു വരുന്ന കാറ്റിന് തണുത്ത പ്രഭാതത്തിന്റെ ഗന്ധം.
കൈത്തണ്ടയിലെ റിസ്റ്റ്ബാന്‍ഡില്‍ തന്റെ പേരും അഡ്മിറ്റ് ചെയ്ത ദിവസവും രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്നേക്ക് പത്തുദിവസമായി താനീഏകാന്തതയില്‍ കഴിയുന്നു. വല്ലപ്പോഴും കടന്നുവരുന്ന ഡ്യൂട്ടി നഴ്‌സ്. തലയും, മുഖവും മൂടിയ മുഖാവരണത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന ഔപചാരികമായ അന്വേഷണങ്ങള്‍- പത്തു ദിവസത്തിനു മുമ്പ് താനും ഇതൊക്കെത്തന്നെ ചെയ്തിരുന്നു.
ഗുഡ് മോണിങ്ങ്, ആന്‍മേരി, ഹൗ ആര്‍ യൂ....? ഡ്യൂട്ടി നഴ്‌സ് മെലിന്‍ഡ ഫെര്‍ണാണ്ടസ്, കൈയില്‍ ടെമ്പറേച്ചര്‍ അളക്കാനുള്ള ഉപകരണം.
എന്തുത്തരം പറയും.....
സാധാരണഗതിയില്‍ 'ഐആം ഫൈന്‍, താങ്ക്യൂ....' എന്നാണ് പറയേണ്ടത്.
എന്നാലിപ്പോള്‍-,
ജോലിക്കിടയില്‍ തളര്‍ന്നു വീണ തന്നെ വളരെ വേഗം എമര്‍ജന്‍സിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്-19, പോസിറ്റീവ് സ്ഥിരീകരിച്ചു. അവിടെ നിന്നും ഈ റൂമിലെ ഏകാന്തതയിലേക്ക് പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ചയായി. കൃത്യമായി പറഞ്ഞാല്‍ പത്തുദിവസം. ഈ ആശുപത്രിയിലെ ഒരു സ്റ്റാഫ് എന്ന നിലയില്‍ അല്പം പരിഗണന ക്കൂട്ടിക്കിട്ടി.
ക്വാറന്റൈന്‍ എന്ന പതിനാലു ദിവസത്തെ ഐസലേഷനിലേക്ക് താനും കടന്നിരിക്കുന്നു. ഒന്നും ഓര്‍മ്മയില്ല- പൊട്ടിപ്പിളരുന്ന തലവേദനയും, ആയിരം മുള്ളുകള്‍ ഒന്നിച്ചു കുത്തുമ്പോളുണ്ടാകുന്ന ശരീരവേദനയും എത്ര ദിവസം സഹിച്ചു. വേദനസംഹാരികള്‍ മണിക്കൂറുകള്‍ ഇടവിട്ടുതന്ന് സഹപ്രവര്‍ത്തകര്‍ സഹായിച്ചു.
മൂടിക്കെട്ടിയ ശരീരവും, മാസ്‌ക്കും, ഷീല്‍ഡും അണിഞ്ഞ് വല്ലപ്പോഴും തന്നെ കാണാന്‍ എത്തുന്ന അവരുടെ പേരുകള്‍ പോലും പലപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല-അവര്‍ക്കെല്ലാം ഒരേ രൂപമായിരുന്നു.
ആരോട് എന്തു പറയാന്‍-
താനും എത്രയോ രോഗികളെ ഇതുപോലെ പരിചരിച്ചിരുന്നു.
ആരോട് എന്തു പറയാന്‍-,
താനും എത്രയോ രോഗികളെ ഇതുപോലെ പരിചരിച്ചിരുന്നു.
ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന എത്രയോ ജീവിതങ്ങള്‍ ഉറക്കം നഷ്ടപ്പെട്ട രാവുകള്‍!
മക്കളെ ഒന്ന്് അടുത്തു കാണുവാന്‍ വിങ്ങുന്ന ഹൃദയത്തോടെ കാത്തിരിക്കുന്ന അമ്മമാര്‍,-അച്ഛന്മാര്‍-, മുത്തച്ഛന്മാര്‍-
പലപ്പോഴും അവരുടെ മകളായി, കൊച്ചുമകളായി ആശ്വാസത്തിന്റെ വാക്കുകള്‍ പകര്‍ന്നു കൊടുക്കുമ്പോള്‍ വിതുമ്പലില്‍ മുറിഞ്ഞുപോകുന്ന വരികള്‍-
തന്റെ എല്ലാമെല്ലാമയവരെ- വേണ്ടപ്പെട്ടവരെ  ഒരു നോക്കുകാണാനായി, അന്ത്യയാത്ര പറയുവാനായി ഈറനണിഞ്ഞ കണ്ണുകളോടെ ചുറ്റും പരതുമ്പോള്‍, ഞരമ്പുകള്‍ വീര്‍ത്തു കെട്ടിയ ആ എലുമ്പിച്ച കരങ്ങള്‍, ഗ്ലൗസിട്ട തന്റെ കരങ്ങളില്‍ ചേര്‍ത്ത് എടുത്ത് തലോടി ആശ്വസിപ്പിക്കുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന അവസാനത്തെ പുഞ്ചിരിക്ക് എത്രയോ പ്രാവശ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അവസാനത്തെ ശ്വാസവും എടുത്ത് കൂമ്പിയടയുന്ന ആ കണ്ണുകള്‍  ചേര്‍ത്തടച്ച് മുറി വിട്ടിറങ്ങുമ്പോള്‍ കണ്ണുനീര്‍ ഒലിച്ച് മാസ്‌ക്കിനെ നനച്ചിരുന്നു.
ഏതാനും ദിവസം മുമ്പു അമ്മ നാട്ടില്‍ നിന്നും വിളിച്ചിരുന്നു. വേദനകൊണ്ട് ശരീരം വിണ്ടു കീറുന്ന സമയമായിരുന്നു. ശ്വാസം എടുക്കുവാന്‍ നന്നെ പാടുപെടുന്ന സമയം.
'മോളെ എങ്ങനെയുണ്ട്....? ആ ശബ്ദം ചിലമ്പിച്ചിരുന്നു.
'അമ്മേ രക്ഷപ്പെടില്ല....' എന്ന് പറയുവാനാണ് അപ്പോള്‍ തോന്നിയത്.
ആയിരം കാതം അകലെയിരുന്ന് മകളെക്കുറിച്ച് ഓര്‍ത്ത് മനസ്സു നോവുന്ന, നിസ്സഹായ ആയ ആ അമ്മയോട് എങ്ങനെ പറയും...
മനസ്സ് ശാസിച്ചു.
'സാരമില്ലമ്മേ, വേഗം സുഖമാകും....' ശബ്ദം തൊണ്ടയില്‍ കെട്ടിക്കിടന്നതിനാല്‍ അത്ര വ്യക്തമായിരുന്നില്ല എന്ന് തനിക്ക് പോലും തോന്നി. അമ്മ ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ അടുത്ത ശ്വാസത്തിന് ശ്രമിക്കാമായിരുന്നു എന്ന് തോന്നിയ നിമിഷമായിരുന്നു അത്.
അമ്മ എങ്ങനെ അറിഞ്ഞു....??....
പത്തു ദിവസമായി റോയിച്ചായനേയും, മായക്കുട്ടിയേയും കണ്ടിട്ട്- അവള്‍ തന്നെക്കാണാതെ ശാഠ്യം പിടിക്കുന്നുണ്ടാവും. റോയിച്ചായന്‍ ഫോണ്‍ ചെയ്താലും സംസാരിക്കുവാന്‍ സാധിക്കുമായിരുന്നില്ല- ഒരു കാലത്ത് മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്ന തനിക്ക് ഫോണ്‍ വരുന്നതു തന്നെ വെറുപ്പായിരുന്നു. ഫെയ്‌സ് ടൈമിലൂടെ മകളോട് സംസാരിക്കാമെന്ന് ഇച്ചായന്‍ പറഞ്ഞപ്പോള്‍, വേണ്ട വെന്റിലേറ്ററില്‍ ശ്വാസത്തിനുവേണ്ടി മല്ലടിക്കുന്ന അമ്മയുടെ ഈ രൂപം കാണണ്ടായെന്ന് താനാണ് ശാഠ്യം പിടിച്ചത്. അതു നന്നായി-, അവളുടെ കുഞ്ഞു മനസ്സിന് ഈ കാഴ്ച താങ്ങാവുന്നതിലും അധികമായിരിക്കുമല്ലോ....??
ഇച്ചായനായിരിക്കും അമ്മയോട് പറഞ്ഞത്.... പറയേണ്ടിയിരുന്നില്ല...., കാണാമറയത്തിരുന്ന് എന്തിന് ഉരുകി വേദനിക്കണം.
മെയ് മാസത്തിലെ ചെറുചൂടുള്ള കാറ്റടിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി.
ഓക്‌സിജന്‍ സഹായം ഇല്ലാതെ തനിയെ ശ്വസിക്കാമെന്നായി- ജീവന്റെ തുടിപ്പുകള്‍ ശരീരത്തിലെ ഓരോ നാഡീഞരമ്പുകളിലും പടരുന്നതായി തോന്നി. ജീവന്റെ തിരിച്ചുവരവ്.
പതിയെ എഴുന്നേറ്റ് ജനാലക്കരുകിലേക്കു നീങ്ങി. മെയ്മാസപ്പകലിന്റെ ഗന്ധം. താഴെ നിശ്ചലമായിക്കിടക്കുന്ന ഹഡ്‌സണ്‍ നദി. നീലജലത്തില്‍ അനാഥമായിക്കിടക്കുന്ന ചെറുതും വലുതുമായ ആഢംബരക്കപ്പലുകള്‍..., നദിക്കു കുറുകെപ്പറക്കുന്ന ദേശാടനപ്പക്ഷികള്‍..., താഴെ നിരത്ത്-
'ഉറങ്ങാത്ത പട്ടണത്തിലെ ഉറങ്ങിക്കിടക്കുന്ന നിരത്തുകള്‍- തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളില്ല- ഗതാഗത കുരുക്കില്‍ അകപ്പെട്ട വാഹനങ്ങളുടെ നീണ്ട നിരയില്ല. അങ്ങിങ്ങായി കൂകിപ്പായുന്ന ആംബുലന്‍സ്. ജീവിതവും, മരണത്തിനും ഇടയിലുള്ള ഒരുപാലമായി അവര്‍ തളരാതെ, നിരന്തരം പ്രവര്‍ത്തിക്കുന്നു. മണിക്കൂറുകളുടെ ദൈര്‍ഘ്യമോ, ലാഭ-നഷ്ടക്കണക്കുകളോ ഇല്ല- ജീവന്റെ കണക്കുകള്‍ മാത്രമേ അവരുടെ മുമ്പിലുള്ളൂ-
അടുത്ത മുറിയില്‍ ഒരു വി.ഐ.പി. വന്നെന്ന് മിസ്. ഡൊറോത്തി പറഞ്ഞു. ഫ്രെഡറിക് ആന്‍ഡേഷ്‌സണ്‍-ചീഫ് മെഡിക്കല്‍ ഓഫീസര്‍- ഞങ്ങളെ സന്ദര്‍ശിക്കുവാനോ, ആശ്വസിപ്പിക്കുവാനോ അല്ല- തന്നെപ്പോലെ-ആയിരങ്ങളെപ്പോലെ-ഒരു രോഗിയായി എത്തിയിരിക്കുന്നു. ഈ രോഗത്തിന്റെ മുമ്പില്‍ വര്‍ഗ്ഗവും, വര്‍ണ്ണവും, ദേശവും, വംശവും, ജാതിയും മതവുമില്ല-ഉയര്‍ന്നവനെന്നോ, താണവനെന്നോ പണ്ഡിതനെന്നോ-പാമരന്‍ എന്നോ ഇല്ല- എല്ലാവരും സമന്‍മാര്‍-മനുഷ്യന്‍ മനുഷ്യനാകുന്ന നിമിഷം. മനുഷ്യന്റെ നിസ്സാരത തൊട്ടറിയുന്ന നിമിഷം-എ്ത്ര ഭയാനകമായ അവസ്ഥ.
ചിന്ത ക്ലബില്‍ നിന്നും ഞെട്ടിയുണര്‍ന്നത് നിരത്തിന്റെ നാലും കൂടിയ മൂലയില്‍ നിന്നും കേള്‍ക്കുന്ന ആരവം കൊണ്ടാണ്-വലിച്ചു കെട്ടിയ ബാനറുകള്‍, ഉയര്‍ത്തിപ്പിടിച്ച പ്ലാക്കാര്‍ഡുകള്‍- അവ്യക്തമായ വരികളില്‍ തെളിയുന്ന വാക്കുകള്‍- ചുറ്റുമുള്ള അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണികളില്‍ നിരനിരയായി നിന്ന് കൈകൊട്ടി നന്ദി വാക്കുകള്‍ ചൊരിയുന്ന ജനങ്ങള്‍- ഹോറണടിച്ച് കടന്നു പോകുന്ന വാഹനങ്ങള്‍-ഒന്നും വ്യക്തമാകുന്നില്ല.
ആകാശത്ത് വെള്ളപ്പൂക്കള്‍ വിരിച്ച് പറന്നുയരുന്ന വിമാനങ്ങളുടെ നീണ്ടനിര. ആശുപത്രിക്കവാടത്തില്‍ നീലഗൗണും, മാസ്‌ക്കും അണിഞ്ഞ് നിരനിരയായി നിലക്കുന്ന ആശുപത്രി ജീവനക്കാര്‍- വിറക്കുന്ന പാദങ്ങളോടെ, നീണ്ട ഇടനാഴിയും കടന്ന് അവരോടൊപ്പം കൂടുമ്പോള്‍ ആകാശച്ചെരുവില്‍, മേഘക്കെട്ടുകള്‍ക്കു താഴെ, വെള്ളരിപ്രാവുകളുടെ നിറച്ചാര്‍ത്തോടു ഒരു വലിയ ബാനര്‍ ഉയര്‍ന്നു പറന്നു-
'നന്ദി-,നിങ്ങളുടെ സേവനങ്ങള്‍ക്കു നന്ദി-' ഈ രാജ്യത്തിന്റെ- ലോകത്തിന്റെ-അഭിവാദ്യങ്ങള്‍!!
ആനി മേരി റോയി തന്റെ കൈകള്‍ ഉയര്‍ത്തി അവരെ അഭിവാദ്യം ചെയ്തു. ഇനിയുമുള്ള എന്റെ ജന്മം നിങ്ങള്‍ക്കുവേണ്ടിയാകും, നിറഞ്ഞ മനസ്സോടെ അവള്‍ ഹൃദയത്തില്‍ തൊട്ടു ആ വരികള്‍ വീണ്ടും വീണ്ടും ഉരുവിട്ടു. വിറക്കുന്ന പാദങ്ങളോടു-, അവളുടെ നാലുചുമരുകള്‍ക്കുള്ളില്‍ അഭയം പ്രാപിക്കുമ്പോള്‍ മനസ്സ് ഓര്‍മ്മിപ്പിച്ചു....ഇനിയും നാലു ദിവസം കൂടി,- തിരികെ വരണം-, 
വേദനിക്കുന്നവര്‍ക്കു സാന്ത്വനമാകുവാന്‍-,


ആകാശച്ചെരുവിലെ മാലാഖക്കുട്ടികള്‍ (കഥ: രാജു ചിറമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക