Image

യുട്യുബ് ഹെയര്‍കട്ടിങ് വേണ്ടേ വേണ്ട; നീണ്ടമുടിയല്ലോ സുഖപ്രദം (ജോര്‍ജ് തുമ്പയില്‍)

Published on 05 May, 2020
യുട്യുബ് ഹെയര്‍കട്ടിങ് വേണ്ടേ വേണ്ട; നീണ്ടമുടിയല്ലോ സുഖപ്രദം (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: 51 ദിവസങ്ങള്‍ക്ക് മുന്‍പ് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ തുറന്ന കമാന്‍ഡ് സെന്റര്‍ ഇന്നലെ അടച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളെയും പ്രതിനിധീകരിച്ച കമാന്‍ഡ് സെന്റര്‍ വഴിയായിരുന്നു 50 ദിവസം 24 മണിക്കൂറും കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിച്ചത്. ഇന്നു മുതല്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും അവരവരുടെ ലാവണങ്ങളിലേക്ക് തിരികെ പോകും. ആശുപത്രി കിടക്കയിലുള്ള കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് കുറഞ്ഞതും ഗവര്‍ണര്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതും കമാന്‍ഡ് സെന്റര്‍ അടക്കാന്‍ കാരണമായി.
കൊറോണയുടെ പിടിയിലമര്‍ന്ന എല്ലാവരും സുഖം പ്രാപിക്കട്ടെ എന്ന ആശംസയോടെ, എല്ലാവര്‍ക്കും മംഗളം ആശംസിച്ചു കൊണ്ടു ലേഖകന്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം പറയട്ടെ- തലമുടി വെട്ടണം. 

വീട്ടില്‍ നിന്നു ദുരേ പറമ്പിന്റെ ഒരു മൂലയ്ക്ക് കൊരണ്ടിയിലിരുത്തി ഗോപാലന്‍ മൂപ്പര് വെട്ടിത്തുടങ്ങിയതാണ്. നാഗമ്പടത്തെ മോഡേണ്‍ ഡ്രസിങ് സല്യൂണില്‍ കുരുവിക്കൂടും കൃതാവും ഒക്കെ സ്‌റ്റൈലില്‍ ആക്കിയ ദിനങ്ങള്‍ ഓര്‍മ്മയില്‍.

60 ദിവസങ്ങളായി തലയില്‍ കത്രിക വച്ചിട്ട്. മൂന്നു തവണ അന്റോണിയോ മരിയാല്‍വാസിന്റെ ബാര്‍ബര്‍ ഷോപ്പില്‍ കയറിയിറങ്ങേണ്ടതായിരുന്നു. കാരണം, എല്ലാ 20-25 ദിവസങ്ങളിലും വെട്ടുന്ന ശീലം ഉള്ളതു കൊണ്ടു മുടി നീണ്ടതിലുള്ള ഈര്‍ഷ്യയും പരാക്രമവും ഒക്കെ കണ്ട ഭാര്യ യുട്യൂബില്‍ തപ്പി വിദ്യ മനസ്സിലാക്കി (പഠിച്ചു എന്ന് പറയുന്നില്ല.) 'ഒന്നിരുന്നു താ വെട്ടിത്തരാം', എന്നു പറഞ്ഞതാണ്. മുടി കത്രിക്കുന്നവളുടെ മുന്നില്‍ ആട്ടിന്‍ക്കുട്ടിയെ പോലെ ഇരുന്നു കൊടുക്കാമെന്നു കരുതിയതാണ്. പക്ഷേ, ഇരുന്നു കൊടുത്തില്ല, തലയില്‍ കത്തി വെക്കുന്നതിന്റെ ഭയപ്പാടു കൊണ്ടല്ല, ഭാര്യയല്ലേ. അപായത്തിന്റെ മണമൊന്നും വരാന്‍ വഴിയില്ല. ഇനി അഥവാ ആ കത്തിയാല്‍ അങ്ങ് തീരുമെങ്കില്‍ തീരട്ടെ. 

പ്രശ്‌നം അതൊന്നുമല്ല, ഭാര്യയുടെ മുന്നില്‍ ഇരുന്നു കൊടുത്താല്‍, യുട്യൂബില്‍ നിന്നും പഠിച്ച വിദ്യ പ്രയോഗിച്ചു കഴിഞ്ഞാല്‍, മുറി വൈദ്യന്‍ ചികിത്സിച്ചതു പോലെ ആയിപ്പോകുമോ എന്ന സംശയം. മുറി വൈദ്യന്മാര്‍ ചികിത്സിച്ചതിന്റെ മുറിപ്പാടുകള്‍ ഏറെ അനുഭവിച്ച വ്യക്തി എന്ന നിലയിലും, ഒരു മുറി വൈദ്യനും ഇനി കഴുത്ത് നീട്ടി കൊടുക്കുകയില്ലെന്ന് പല തവണ പ്രതിജ്ഞയെടുത്ത പുംഗവനെന്ന നിലയിലും ഒരു പരാജയമായിപ്പോയ ലേഖകനെ, ഭാര്യ കത്രിക വെച്ചതിന്റെ ശേഷമുള്ള തലയെപ്പറ്റി ഓര്‍ത്തപ്പോള്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. ഉദ്ദേശം നല്ലതു തന്നെ, 'പക്ഷേ എനിക്ക് വേണ്ട, നന്ദി', എന്നു പറഞ്ഞു തടിതപ്പി.

ഇടയ്ക്കിടെ യുട്യൂബില്‍ തപ്പി പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിക്കുന്നതു പോലെയുള്ള മറ്റൊരു പരീക്ഷണമായി ഭാര്യയുടെ ഉദ്യമത്തെ കരുതാനെ കഴിഞ്ഞുള്ളു. വെട്ടിയില്ലെങ്കില്‍ വേണ്ട. കൊറോണയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാം. പക്ഷേ, കില്ലപ്പൂച്ചയുടെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നതു പോലെയുള്ള തലയെപ്പറ്റി ഓര്‍ത്തപ്പോള്‍ ഓടിപ്പോയി ഗരാജില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഹെന്നസി ഒന്നു മണപ്പിച്ചാലോ എന്നോര്‍ത്തതാണ്. പക്ഷേ, വൈകുന്നേരമായതു കൊണ്ട് ഷിബു അച്ചന്‍ 7.30 ആകുമ്പോള്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് കണ്ടില്ലെങ്കില്‍ വിളിക്കുമല്ലോ എന്നോര്‍ത്ത് എല്ലാം മനസിലൊളിപ്പിച്ച് കൂടണഞ്ഞു.

പക്ഷേ, ക്ലൈമാക്‌സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ കമാന്‍ഡ് സെന്റര്‍ 24/7 ചാലു ആയതു കൊണ്ട് വൈകുന്നേരം ഭക്ഷണം കിട്ടിയില്ലെന്നതു മാത്രമല്ല, രണ്ടു ദിവസം കൊണ്ടു വാഷ്‌ബേസിനില്‍ കിടന്ന പാത്രങ്ങളൊക്കെ മിനുക്കാനും രണ്ട് ബാത്ത് റൂമുകള്‍ കഴുകുവാനുമുള്ള കമാന്‍ഡ് സെന്റര്‍ ഉത്തരവിന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുവാനേ കഴിഞ്ഞുള്ളു. 

കട്ടിലിന്റെ ഒരറ്റത്ത് സേഫ് ഡിസ്റ്റന്‍സിങ് പാലിച്ചു കൊണ്ട് അരുമയായ പൂച്ചയെ പോലെ ഉറക്കം നടിച്ച് കിടക്കുവാനേ കഴിഞ്ഞുള്ളു. കഴുത്തിനു മുകളില്‍ തലയുണ്ട്. തലയില്‍ മുടിയുണ്ട്. മുടി നീണ്ടതാണ്. പക്ഷേ, ഹൂ കെയേഴ്‌സ്! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക