Image

സഞ്ചയനം (കവിത: സുരേഷ് കുമാർ.ജി)

Published on 04 May, 2020
സഞ്ചയനം (കവിത: സുരേഷ് കുമാർ.ജി)
പണ്ടു പുലഭ്യം പറഞ്ഞു നടന്നവർ
മിണ്ടാതെ കാപ്പി കുടിച്ചിട്ടു പോകുന്ന
സഞ്ചയനത്തിന്റെമൗഢ്യത്തിലങ്ങനെ
ചുമ്മാതെ നീണ്ടുനിവർന്നു കിടക്കവെ

ബന്ധുക്കൾ പണ്ടു തിരഞ്ഞു നടന്ന ര -
ണ്ടസ്ഥിഖണ്ഡങ്ങൾ പരതുവാനാകുമോ
സങ്കടങ്ങൾ പെയ്തു തോർന്ന മൺകൂനയിൽ
വന്നു നോക്കിക്കൊണ്ടിരിക്കുകയാണവർ

കണ്ടെടുത്തീടുന്നതെന്തൊക്കെയായിടാം
എന്നോ മറന്ന പ്രണയലേഖങ്ങളെ
ചമ്പകപ്പൂക്കളുതിർന്ന കാലങ്ങളെ
കുങ്കുമത്തിൻ ഛവിയാർന്ന മൂവന്തിയെ

കാതോർത്തിരിക്കെ മറന്നയീണങ്ങളെ
കാത്തു നിൽക്കാതെയുറഞ്ഞ കാമങ്ങളെ
കാലൊച്ചയില്ലാതകന്നു പോയ ,
കാട്ടു  മുല്ലകൾ പൂത്തു തളിർത്ത ഋതുക്കളെ ...

കണ്ടെടുത്തീടുവാനാകാത്തതുന്മാദം
കൊണ്ടു നടന്ന നിഗൂഢവനങ്ങളെ....!
ചുംബനത്തിൻ മുറിപ്പാടിനെ ,കയ്പുനീർ
പണ്ടു പകർന്ന ജ്വരാഘാത രാത്രിയെ

ആരെയോ മൂടിക്കഴിഞ്ഞ ശ്മശാനത്തി-
ലേയ്ക്കു തനിയെ നടന്നു പോം പാതയെ,
അന്ധകാരത്തിൻകൊടും പാതിരാത്രിയെ,
ജന്മാന്തരങ്ങളി,ലെ ശാപരേഖയെ

മണ്ണോടുമണ്ണു ചേർന്നുണ്മയീ ധൂളിയിൽ
എങ്ങോ വിലയിച്ചു പോകയാണെങ്കിലും
പിന്നെയുംനിന്റെയിക്കണ്ണുനീരാവണം
എന്നെപ്പുനർജനിപ്പിക്കുവാൻ കാരണം..!
സഞ്ചയനം (കവിത: സുരേഷ് കുമാർ.ജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക