Image

കോവിഡ് കാലം ഭരണാധികാരികളെ വിലയിരുത്തുമ്പോൾ (ഷിബു ഗോപാലകൃഷ്ണൻ)

Published on 04 May, 2020
കോവിഡ് കാലം ഭരണാധികാരികളെ വിലയിരുത്തുമ്പോൾ (ഷിബു ഗോപാലകൃഷ്ണൻ)
കോവിഡ് കാലത്ത് ഏറ്റവുമധികം വിലയിരുത്തപ്പെട്ടത് എങ്ങനെയാണ് ഭരണാധികാരികൾ ജനങ്ങളുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്നത് എന്നതായിരുന്നു. അതത്രയും പ്രധാനപ്പെട്ടതായിരുന്നു. മുഴുവൻ ജനങ്ങളെയും ബാധിക്കുകയും, സന്നദ്ധത മറ്റൊരിക്കലുമില്ലാത്തവിധം ആവശ്യമായി വരികയും, ബുദ്ധിമുട്ടുകൾ നിറഞ്ഞ, നിബന്ധനകളും നിയന്ത്രണങ്ങളും നിറഞ്ഞ ഒരു ജീവിതംമാത്രം വാഗ്ദാനം ചെയ്യാനും കഴിയുമ്പോൾ, പരമാവധി സഹകരണം സാധ്യമാക്കാനുള്ള ഉപായം കൂടി ആയിരുന്നു ആശയവിനിമയങ്ങൾ.

ഐടിയിലെ കാര്യം പറഞ്ഞാൽ, മാനേജർമാർ പലവിധമാണ്. ചിലർക്ക് ഇമെയിലാണ് പഥ്യം, എല്ലാ ഇടപാടുകളും അതുവഴിയാണ്. ചിലർ അത്ര അത്യാവശ്യമെങ്കിൽ മാത്രമേ ഇമെയിലിന്റെ സഹായം തേടൂ, എല്ലാം നേരിട്ടാണ്. അപ്പോൾ, പറയാനുള്ളത് മാത്രമല്ല അവിടേക്ക് എത്തുക, അതിന്റെ കൂടെ ഒരു ചിരി, ഒരു കുശലം, കൂടെയുണ്ട് എന്നൊരു സാമീപ്യം, നമ്മളുടെ പ്രോജക്ട് എന്നൊരു ചേർത്തുനിർത്തൽ ഒക്കെയും കൈമാറ്റം ചെയ്യപ്പെടും. അവരാണ് ഏറ്റവും സക്‌സസ്ഫുൾ ആയ ക്രൈസിസ് മാനേജേഴ്സ്. ഇത് എല്ലായിടത്തും ബാധകമാണ്.

പലരും പലവഴികളാണ് തിരഞ്ഞെടുത്തത്, ഒരു വഴിയും തിരഞ്ഞെടുക്കാത്തവരും ഉണ്ട് .എന്താണ് നടക്കുന്നതെന്നുള്ള കൃത്യമായ വിവരം ജനങ്ങളിൽ എത്തിക്കുക, അത് അത്രയും ഉത്തരവാദപ്പെട്ട ഒരാളിൽ നിന്നും നേരിട്ടു കേൾക്കുക, ഓരോ ദിവസവും ജനങ്ങളെ അതിനനുസരിച്ചു സജ്ജമാക്കുക. പറയുന്ന കാര്യങ്ങൾ ശാസ്ത്രീയവും പ്രായോഗികവും സത്യസന്ധവും ആയിരിക്കുക. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതനുസരിക്കാൻ ജനങ്ങൾക്ക് തോന്നുന്ന ആത്മബന്ധത്തിലേക്കു അവരെ നയിക്കുക. കൂടുതൽ നിബന്ധനകളിലേക്ക് പോകുമ്പോഴും അവർക്കു അതു ഭംഗിയായി നടപ്പാക്കാൻ കഴിഞ്ഞത് അധികാരം അതേപടി പ്രയോഗിച്ചത് കൊണ്ടല്ല, അധികാരിയാണ് എന്നുപോലും തോന്നിപ്പിക്കാത്തവിധം അതനുസരിക്കാൻ കഴിയുന്ന ആഭിമുഖ്യത്തിലേക്കു ജനങ്ങളെ ആനയിക്കാൻ കഴിഞ്ഞതു കൊണ്ടാണ്.

ഇക്കാര്യത്തിൽ ഏറ്റവുമധികം വിജയിച്ചത് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിൻഡ ആൻഡേൻ ആയിരിക്കണം. കോവിഡ് കാലത്തെ അടച്ചുപൂട്ടലുകളോടും വീർപ്പുമുട്ടലുകളോടും ജനങ്ങളിൽ നിന്നും ഇത്രയധികം പിന്തുണ ലഭിച്ച മറ്റൊരു ലോകനേതാവില്ല.

ലോക്ഡൗൺ പ്രഖ്യാപിച്ചു അതിനുള്ള മെസ്സേജുകൾ ജനങ്ങളുടെ മൊബൈലിലേക്ക് അയച്ചതിന്റെ അന്നുരാത്രി അവർ ഫേസ്‌ബുക്ക് ലൈവിൽ വന്നു. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ഏറ്റവുമധികം ഫേസ്‌ബുക്ക് ലൈവ് ഉപയോഗിക്കുന്ന നേതാവാണ് ജസിൻഡ. ഒരായിരം സംശയങ്ങളുമായി ഇരിക്കുന്ന ജനങ്ങളുടെ ആശങ്കകൾക്കും ആകുലതകൾക്കും മുന്നിലേക്കാണ് അവർ ആശയവിനിമയത്തിന്റെ വാതിൽ തുറന്നു വച്ചത്. സാധാരണ വീട്ടുവേഷത്തിൽ പ്രത്യക്ഷപ്പെട്ട അവർ അതിനുള്ള കാരണവും വിശദീകരിച്ചു. രണ്ടുവയസ്സ് തികഞ്ഞിട്ടില്ലാത്ത മകളെ ഉറക്കാൻ പാടുപെടുകയായിരുന്നുവെന്നും, ഇപ്പോഴാണ് കഴിഞ്ഞതെന്നും, ഒട്ടും ഫോർമൽ അല്ലാത്ത ഈ വേഷത്തോട് ക്ഷമിക്കണമെന്നും പറയുമ്പോൾ സംഭവിക്കുന്ന ഒരു താദാത്മ്യം ഉണ്ട്. നാളെ എത്രയോ മാതാപിതാക്കൾ സ്‌കൂളുകൾ ഇല്ലാത്തതിനാൽ കടന്നുപോകാനിരിക്കുന്ന അത്രയും ദുഷ്കരമായ ദിവസങ്ങളെ അവർക്കൊപ്പം പങ്കിടുകയായിരുന്നു ജസിൻഡ. ലോക്ഡൗൺ നടപടികൾ 87% വരുന്ന ജനങ്ങളുടെ പിന്തുണ നേടിയതും ദൈനംദിന ബ്രീഫിംഗിനു പുറമെയുള്ള ഇത്തരം നേരിടപെടലുകളും നേരിട്ടിടപെടലുകളും നിർവഹിച്ച മാജിക്കുകൾ കൊണ്ടുകൂടിയാണ്.

മാറ്റങ്ങൾ തീരുമാനിക്കുന്നത് അധികാരമായിരിക്കാം, എന്നാൽ അതിനെ വിജയകരമായി നടപ്പിലാക്കുന്നത് അധികാരമല്ല; ആഭിമുഖ്യമാണ്, അനുഭാവമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക