Image

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ചൈനീസ് ഗവേഷകര്‍

Published on 04 May, 2020
കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ചൈനീസ് ഗവേഷകര്‍
കൊറോണ വൈറസ് ഉടനെങ്ങും പൂര്‍ണമായും നശിക്കില്ലെന്നും വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും ചൈനീസ് ഗവേഷകര്‍. കൊറോണ വൈറസിന്റെ ചില വാഹകര്‍ക്ക് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നത് വസ്തുതയാണ്. ഇത് രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ പ്രയാസമുണ്ടാക്കുന്നു. സാര്‍സ് ബാധിച്ചവര്‍ക്ക് ഗുരുതരലക്ഷണങ്ങള്‍ പ്രകടമാകും എന്നതിനാല്‍ അവരെ ഐസലേറ്റ് ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കോവിഡ് അങ്ങനെയൊരു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നില്ല.

'ദീര്‍ഘകാലത്തേക്ക് മനുഷ്യനില്‍ നിലനില്‍ക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. ഇത് ഓരോ കാലത്തും ഉണ്ടാകും. മനുഷ്യശരീരത്തില്‍ ഇത് സ്ഥിരമാകാനും മതി.' ചൈനയിലെ ഏറ്റവും മികച്ച വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാതൊജന്‍ ബയോളജി ഡയറക്ടര്‍ ജിന്‍ ക്വി പറഞ്ഞു.

ചെറുപ്പക്കാര്‍ ഏറെയുള്ള രാജ്യങ്ങളില്‍ വൈറസിന്റേത് നിയന്ത്രിത വ്യാപനമാണെന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് വൈറസിനെതിരെ ഹേര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കാനുള്ള ശ്രമമായും കരുതാം. തുടര്‍ച്ചയായ ലോക്ഡൗണുകള്‍ വൈറസിനെ ഇല്ലാതാക്കാന്‍ ഫലപ്രദമാകണമെന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

ഉത്തരാര്‍ധഗോളത്തിലെ ചൂടുകാലാവസ്ഥ വൈറസിനെ നേരിടാന്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. എന്നാലിത് വിദൂര സാധ്യത മാത്രമാണ്.

'വൈറസ് ചൂടില്‍ നശിക്കും. എന്നാല്‍  56 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂറെങ്കിലും സമ്പര്‍ക്കം വന്നാലാണ് അത്. അത്രചൂട് എന്തായാലും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ, വേനല്‍ക്കാലത്ത് ആഗോളവ്യാപകമായി രോഗബാധിതരുടെ എണ്ണം കുറയാന്‍ സാധ്യത കുറവാണ്'– വാങ് ഗ്വിക്വിയാങ്ങിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെക്കിങ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയാണ് വാങ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക