ന്യൂജേഴ്സി: ചാള്‍സ് സ്വോഡി ജനിച്ചത് മദ്യനിരോധന കാലത്തായിരുന്നു. സ്ത്രീകള്‍ വോട്ടവകാശം നേടുന്നതിന്റെ വക്കിലായിരുന്നു, രാജ്യം ആധുനികതയുടെയും സാമ്പത്തിക അഭിവൃദ്ധിയുടെയും ഒരു കാലഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അത് വര്‍ഷം 1920 ആയിരുന്നു. അന്ന് എലിസബത്ത് സ്വദേശിയായിരുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ 100 വയസ്സ് തികഞ്ഞു. എല്ലാവരും സുരക്ഷിതമായ അകലം പാലിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച്ബര്ഗിലെ വീട്ടിലുണ്ട്.
കൊറോണ ആയതിനാല്‍ വലിയ ആഘോഷത്തിന് അവസരമില്ലെങ്കിലും സ്വോഡിയുടെ മകളായ പാം അന്സ്ബ്രോ, തന്റെ പിതാവിനായി ഒരു ഡ്രൈവ്ബൈ ആഘോഷം സംഘടിപ്പിച്ചു. ന്യൂജേഴ്സിയുടെ 100 വര്‍ഷങ്ങള്‍ കണ്ടയാള്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ ഓര്‍മ്മയാണ്. അത് വലിയൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.
മഹാമാന്ദ്യത്തിനിടയില്‍ വളര്‍ന്ന സ്വോഡി 1938 ല്‍ എലിസബത്തിലെ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന തോമസ് ജെഫേഴ്സണ്‍ ഹൈസ്കൂളില്‍ നിന്ന് ബിരുദം നേടി. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അത്ലറ്റായിരുന്നു. തുടര്‍ന്ന്, ബിങ്കോ ഹാളില്‍ ജോലി ചെയ്തു. അവിടെവച്ചാണ് അദ്ദേഹം ഭാര്യയായ എലിസബത്തിനെ കണ്ടത്, അവരുടെ മകളായ പാമിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.
'ഞാന്‍ ഈ കൊച്ചു പെണ്‍കുട്ടിയെ അമ്മയോടൊപ്പം കണ്ടു, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം ഞാന്‍ അവളെ വിവാഹം കഴിച്ചു.' അദ്ദേഹം പറഞ്ഞു. സ്വോഡിയും ബെറ്റി എന്ന വിളിപ്പേരുള്ള എലിസബത്തും (97) 1941 ല്‍ വിവാഹിതരായി. ഈ ജൂണില്‍ അവര്‍ 79-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.
1942 മെയ് മാസത്തില്‍ ആര്‍മിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് സ്വോഡി ബിങ്കോ ഹാളില്‍ ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്തു. സിഗ്നല്‍ കോര്‍പ്സില്‍ ടെക്നിക്കല്‍ സര്‍ജന്റായി പസഫിക് തിയേറ്റര്‍ ഓഫ് ഓപ്പറേഷനില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധസമയത്ത് ഗുവാമില്‍ നിലയുറപ്പിച്ചിരുന്നു. ഷാര്‍പ്പ്ഷൂട്ടര്‍ മെഡലും ന്യൂജേഴ്സി വിശിഷ്ട സേവന മെഡലും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അദ്ദേഹം സേവനത്തിനിടയില്‍ നേടി. 1945 ഡിസംബറില്‍ കരസേനയില്‍ നിന്ന് വിരമിച്ച സ്വോഡി എലിസബത്തില്‍ തിരിച്ചെത്തി. സുരക്ഷിതമായ ജോലി തേടി അദ്ദേഹം 1946 ജനുവരിയില്‍ അഗ്നിശമന വിഭാഗത്തില്‍ ചേര്‍ന്നു. ഒരു ഫയര്മാന് ആയി ആരംഭിച്ച അദ്ദേഹം ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാ റാങ്കുകളും ഒരു ഘട്ടത്തില്‍ വഹിച്ചു, അന്സ്ബ്രോ പറഞ്ഞു.
1959 ല്‍ ക്യാപ്റ്റനായി, അഞ്ച് വര്‍ഷത്തിന് ശേഷം ഒരു ബറ്റാലിയന് മേധാവിയായി, ആറ് വര്‍ഷത്തിന് ശേഷം ഡെപ്യൂട്ടി ആയി. 1982 ല്‍ സ്വോഡി എലിസബത്ത് ഫയര്‍ ചീഫ് ആയി. 1986 ഏപ്രിലില്‍ വിരമിക്കുന്നതുവരെ ഈ പദവി വഹിച്ചു. എന്നിരുന്നാലും, ഡിപ്പാര്‍ട്ട്മെന്റിലെ അദ്ദേഹത്തിന്റെ എല്ലാ ഓര്‍മ്മകളും മനോഹരമായിരുന്നില്ല. എട്ട് ആഴ്ചകള്‍ക്കുള്ളിലുണ്ടായ മൂന്നു വിമാനാപകടങ്ങള്‍ക്കു സാക്ഷിയായി.
ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകരോട് സ്വോഡി പറഞ്ഞു, നിരവധി തലമുറകളുള്ള ഒരു ഫാമിലി ഓറിയന്റഡ് മുത്തശനായതു തന്നെ. 'ഇതു കൂടാതെ മറ്റൊരുപാട് കാര്യങ്ങളുണ്ട്, പക്ഷേ വിവാഹം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു, കാരണം എനിക്ക് പറ്റുന്ന സ്നേഹനിധിയായ ഒരു ഭാര്യയുണ്ട്, ഞങ്ങള്‍ പരസ്പരം പരിപാലിക്കുന്നു,' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്, മൂന്ന് പേരക്കുട്ടികള്‍. അവര്‍ക്കു നാലു മക്കള്‍. ഈ നാലു പേര്‍ക്ക് മൂന്നു മക്കള്‍.