Image

കല്പന(കഥ -ഭാഗം:3- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 04 May, 2020
കല്പന(കഥ -ഭാഗം:3- ജോണ്‍ വേറ്റം)
സോഫയില്‍ ഇരുന്നുകൊണ്ട് നയശീലമുള്ള അദ്ദേഹം പറഞ്ഞു: 'വിളിച്ചിട്ടു വരാമെന്നു കരുതി. ടെലിഫോണ്‍ എടുക്കാത്തതിനാല്‍ വന്നിട്ട് പോകാമെന്നു നിശ്ചയിച്ചു.' ഭിത്തിയില്‍ തൂങ്ങുന്ന ചിത്രങ്ങളില്‍ നോക്കി സന്തോഷത്തോടെ തുടര്‍ന്നു: 'നിങ്ങളുടെ വിവാഹഫോട്ടോ ഇപ്പോഴും മനോഹരമാണ്. ഒരു നന്മയുടെ നിരന്തരസ്മരണയാണത്. പഴകിയിട്ടും അതിന്റെ ആനന്ദഭാവം മങ്ങിയിട്ടില്ല-ആനി ആഫീസിലാണ്, അല്ലേ? അതിന് ഉത്തരം പറയാതെ ബന്നി ചോദിച്ചു: അച്ച് കുടിക്കാനെടുക്കട്ടെ? ഇന്ന്, പരസ്പരവിശ്വാസത്തോടെ മരണംവരെ ജീവിക്കാന്‍ ദമ്പതികള്‍ക്ക് സാധിക്കുന്നുണ്ടോ? ഞാന്‍ തന്നെ ഉത്തരം പറയാം. ഇല്ല! പരസ്പര വിശ്വാസത്തിന്റെ ചേതന നഷ്ടപ്പെടുത്തുന്നവരാണധികം. പക്വതയുള്ള ജീവിതം കുറയുന്നു! കുടുംബത്തില്‍ വേണ്ടത് സ്‌നേഹത്താല്‍ പ്രേരിതമായ സഹകരണമാണ്. സ്വാര്‍ത്ഥതാല്‍പര്യങ്ങളാല്‍ അതും നഷ്ടപ്പെടുന്നു. താല്‍പര്യമില്ലാത്ത സമ്പര്‍ക്കത്തില്‍ ആകര്‍ഷണമില്ല. അതിനാല്‍, സ്വന്തം അവിവേകത്തെ തിരിച്ചറിയാന്‍ കഴിയാത്തവര്‍ വര്‍ദ്ധിക്കുന്നു.' അപ്പോള്‍ ബന്നി പറഞ്ഞു: അച്ചന്‍ ഉദ്ദേശിക്കുന്ന ത് എന്തെന്നെനിക്ക് മനസ്സിലാകുന്നില്ല.' ആന്റണി അച്ചന്‍ മന്ദഹസിച്ചുകൊണ്ട് മറ്റൊരു ചോദ്യമുന്നയിച്ചു. സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നത്് ശരിയല്ലെന്നറിയാം. എന്നാല്‍, നിന്റെ വികാരിയച്ചന്‍ എന്ന നിലയില്‍ എനിക്ക് ചോദിക്കാം. നിന്റെ ഭാര്യ ഇപ്പോള്‍ എവിടെയാണ്?  അവള്‍ മടങ്ങിവരണമെന്ന് ബന്നി ആഗ്രഹിക്കുന്നുണ്ടോ? അഥവാ അവളെ ഉപേക്ഷിക്കാന്‍ ഉദ്ദേശമുണ്ടോ?' അതു കേട്ടു ബന്നി സ്തംഭിച്ചുനിന്നു. ലജ്ജിതനായി! കുടുംബരഹസ്യം ചോര്‍ന്നുവെന്ന ബോദ്ധ്യത്തോടെ അയാള്‍ ചോദിച്ചു: 'ഇതൊരു കുടുംബരഹസ്യമാണ്. അത് അച്ചനെങ്ങനെയറിഞ്ഞു?'  എന്റെ ഭാര്യയെവിടെ?

നിന്റെ ആകാംക്ഷ നല്ലത് തന്നെ. നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന പുരോഹിതനാണ് ഞാന്‍. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഇതു പരിഹരിച്ചില്ലായെങ്കില്‍, അതില്‍ നിന്നും പുതിയ പ്രതിസന്ധികള്‍ ഉണ്ടാകും. അവ തകര്‍ച്ചയുടെ വഴിതന്നെ തുറക്കും. ആനി സ്വയം ഓടിപ്പോയതല്ല. നീ അവളെ ഓടിച്ചതാണ്! അതല്ലെ സത്യം?' ബന്ന്ി അസ്വസ്ഥനും അക്ഷമനുമായി പറഞ്ഞു: 'അവള്‍ വീട് വിട്ടുപോയിട്ട് രണ്ട് ദിവസമാകുന്നു. ധിക്കാരമല്ലെ കാണിച്ചത്? വിട്ടുവീഴ്ച ചെയ്യിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. പുകഞ്ഞ കൊള്ളി പുറത്ത് ' അച്ചന്‍ മന്ദഹസിച്ചു. ശാന്തതയോടെ പറഞ്ഞു: വിശ്വാസ പ്രതിസന്ധിയുണ്ടാകുമ്പോള്‍, ദുര്‍ഘടാവസ്ഥയിലെത്താന്‍ നിര്‍ബന്ധിതരാകും. സൗമ്യതയുടെ ആത്മാവുള്ളവര്‍ക്കു ജീവിതത്തെ പുനക്രമീകരിക്കാന്‍ സാധിക്കും. ദൈവം മനുഷ്യനു നല്‍കിയ ഔദാര്യമാണ് സ്‌നേഹം. അതിനെ നീതികെട്ടവിധത്തില്‍ ഉപയോഗിക്കുന്നവരും നഷ്ടപ്പെടുത്തുന്നവരും ഉണ്ട്. ഒരു തരത്തില്‍ അത് പാപമാണ്! ശിക്ഷിക്കപ്പെടാവുന്ന കുററമാണ്. അതുകൊണ്ട്, ഭാര്യാഭര്‍ത്താക്കന്മാര്‍ സഖിത്വമുള്ളവരാകണം. പലപ്പോഴും, നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതുവരെ, അവ തെറ്റാണെന്ന് തോന്നുകയില്ല. നിങ്ങള്‍, കാല്‍ നൂറ്റാണ്ടോളം ഒന്നിച്ചു ജീവിച്ചവരാണ്.' അപ്പോള്‍, കോപത്തോടെ ബന്നി പറഞ്ഞു: അച്ചന്‍ വാസ്തവമറിയാതെ എന്നെ കുറ്റപ്പെടുത്തുന്നു. അവള്‍ ഒളിച്ചോടിയതിന് കാരണമുണ്ട്. അവളെ നയിക്കാനും നിയന്ത്രിക്കാനും ആളുണ്ട്. അവള്‍ എന്റെ ജീവിതം പാഴാക്കി. ഞാനിന്ന് ഒറ്റപ്പെട്ടവനായി. എല്ലാം നഷ്ടപ്പെട്ടവനായി. ഇനി, അവള്‍ ഇങ്ങോട്ട് വരണ്ടാ. എനിക്കവളെ കാണുകേം വേണ്ടാ.'

ആന്റണി അച്ചന്‍ നിശ്ശബ്ദനായി. ആലോചിച്ചശേഷം സൗമ്യനായി പറഞ്ഞു: തെറ്റിദ്ധാരണ ഒരു നാശമാണ്! നിങ്ങളുടെ നടുവിലുണ്ടായ പ്രശ്‌നവും അതുതന്നെ. കൊല്ലപ്പെടുമെന്ന് ഭയക്കുമ്പോള്‍ എന്ത് ചെയ്യണം? രക്ഷാമാര്‍ഗ്ഗം തേടുന്നതല്ലെ യുക്തി? സ്വന്തം ഭാര്യയില്‍ തൃപ്തിയില്ലാത്തവന്‍, അവളെ വെറുക്കും. ഉരിഞ്ഞുകളയാനോ ഒഴിഞ്ഞുപോകുവാനോ ശ്രമിക്കും. ചിലര്‍ കൊല്ലും! ബന്നിയൊരു കാര്യം മനസ്സിലാക്കണം. ഈ രാജ്യത്ത് നീതിനിയമങ്ങളുണ്ട്. ആരെയും, കുറ്റവാളിയെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കും. നിയമത്തിന്റെ മുമ്പില്‍ നീയും കുററങ്ങള്‍ ചെയ്തില്ലെ? നീ എത്രയോ പ്രാവശ്യം ആനിയെ ഉപദ്രവിച്ചു. രണ്ട് പ്രാവശ്യം അവളെ ശ്വാസം മുട്ടിച്ചു. കോപത്താല്‍ കൊന്നവര്‍ ജയിലറകളിലുണ്ട്. കോപത്താല്‍ ആത്മഹത്യചെയ്തവരും കുറവല്ലല്ലോ. നിന്റെ കുറ്റം, നിന്റെ രക്ഷക്കുവേണ്ടി, അവള്‍ മറച്ചുവച്ചു! അതല്ലെ വാസ്തവം?' അച്ചന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്തെന്ന് മനസ്സിലാക്കിയെങ്കിലും ബന്നി മിണ്ടിയില്ല. വികാരിയുടെ ഇണക്കിച്ചേര്‍ക്കാനുള്ള ശ്രമം തുടരുന്നതിനുമുമ്പ്, വാതിലില്‍ മുട്ടുന്ന ശബ്ദം. ബന്നി കതക് തുറന്നു. ഭാര്യ വാതില്ക്കല്‍ നില്‍ക്കുന്നത് കണ്ടു പെട്ടെന്ന് പിന്മാറി. ആനി അച്ചന്റെ അരികില്‍ ചെന്നുനിന്നു. അദ്ദേഹം തുടര്‍ന്നു:
'ഇക്കാലത്ത്, സ്‌നേഹം മയക്കുമരുന്നും വിശ്വാസം പൊട്ടുന്ന പട്ടുനൂലുമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ അവരുടെ ബന്ധത്തില്‍ അന്യോന്യം കരുതലുള്ളവരായിരിക്കണം. ആശ്വസിപ്പിക്കേണ്ടവര്‍ പരസ്പരം കുററപ്പെടുത്തിയാല്‍ ജീവിതത്തെ ആനന്ദകരമാക്കാനാവില്ല. ഇരുവരും ശരീരമനസ്സുകളുടെ ആവശ്യങ്ങളറിഞ്ഞു സഹകരിക്കണം. പലപ്പോഴും, തിക്താനുഭവങ്ങള്‍ മനുഷ്യസ്വഭാവങ്ങളെ മാറ്റാറുണ്ട്. എന്നാലും, സത്യസന്ധസ്‌നേഹം ഒരു സംരക്ഷണമാണ്! അതുകൊണ്ട്, പരാതികളുണ്ടായാല്‍ അത് പറഞ്ഞുതീര്‍ക്കണം. വിവാഹവേളയില്‍ കേള്‍ക്കുന്ന സാരോപദേശം മറക്കാനുള്ളതല്ല. മാതൃകയാക്കാനുള്ളതാണ്. എല്ലാറ്റിനും മുമ്പായി ക്ഷണിക്കുന്ന സ്‌നേഹം ഹൃദയത്തില്‍ നിറയ്ക്കണം. സംശയം കൊലയാളിയും, ക്ഷമ രക്ഷകനുമാണ്.'

പെട്ടെന്നുണ്ടായ ദേഷ്യത്തോടെ, ബന്നി പറഞ്ഞു: 'അച്ചന്‍ പറയുന്നത് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കും. ഇവള്‍ക്കു തോന്നുമ്പോള്‍ പോകാനും വരാനുമുള്ളൊരു സത്രമാണോ ഈ ഭവനം? സ്വന്തതീരുമാനമെന്തായാലും അത് നടപ്പാക്കണമെന്ന അവളുടെ ശാഠ്യമാണ് ഈ ദുരവസ്ഥക്ക് കാരണം. ക്ഷമയ്ക്കും ഒരതിരില്ലെ? സ്‌നേഹമില്ലാത്തവരോട് എങ്ങനെ പെരുമാറണമെന്നുകൂടി എന്നോട് പറയണം.' അച്ചന്‍ ആലോചനയില്‍ മുഴുകി. ആനിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു: നിനക്ക് വല്ലതും പറയാനുണ്ടോ? തേങ്ങല്‍ നിറുത്തി, മിഴിനീര്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു: എന്റെ മോന്‍ ജീവിച്ചിരുന്നപ്പോള്‍ എന്റെ ജീവിതം ഒരു പകലായിരുന്നു! ഇന്നത് ഇരുളായി! ഞാനൊരധികപ്പറ്റായി. സ്വസ്ഥതയില്ലാതെ, ശകാരം കേട്ട് എങ്ങനെ മുമ്പോട്ട് പോകും?' അപ്പോള്‍, പൂര്‍വ്വാധികം രോഷത്തോടെ, ബന്നി അച്ചനോട് ചോദിച്ചു. 'ഒരു ഭാര്യയുള്ളപ്പോള്‍, വിഭാര്യനെപ്പോലെ ജീവിക്കേണ്ടി വരുന്നത് ഗതികേടല്ലെ?' അച്ചന്‍ ആലോചിച്ചിട്ട് പറഞ്ഞു: സ്‌നേഹമില്ലാത്ത വീട്ടില്‍ സമാധാനം കിട്ടുക അത്ര എളുപ്പമല്ല. പരസ്പരം തിരുത്താനും ക്ഷമിക്കാനും സാദ്ധ്യമല്ലെങ്കില്‍, ഉഭയസമ്മതപ്രകാരമുളള വിവാഹമോചനമാവാം. ബന്നിക്ക് ഒരു പെണ്ണിനെ കിട്ടും. ആനിക്കും ഒരു പുരുഷനെ കിട്ടും. പക്ഷെ, സഭ അനുവദിക്കത്തില്ല. ഉപേക്ഷണം പാടില്ലെന്നാണ് നമ്മുടെ കര്‍ത്താവിന്റെ അരുളപ്പാട്. ഒരു 'കൗണ്‍സ് ലര്‍' കൂടിയായ എനിക്ക് വിവാഹമോചനക്കേസുകളെക്കുറിച്ചും അറിയാം. ഉടുതുണി ഉരിഞ്ഞു കളയുമ്പോലെയാണ് ചിലരുടെ വിവാഹമോചനം. അവിഹിതബന്ധവും ലൈംഗികതിന്മയുമാണ് പല കാരണങ്ങളുടെയും മുന്നില്‍. നിങ്ങള്‍ സ്‌നേഹത്തോടെ ഒന്നിച്ചു ജീവിക്കണം. ചിന്തിക്കാനും തീരുമാനിക്കാനും നിങ്ങള്‍ക്ക് കഴിയും.'

ആന്റണി അച്ചന്‍ എഴുന്നേറ്റു. അനുരഞ്ജനത്തിന്റെ പ്രാര്‍ത്ഥനചൊല്ലി. മടക്കയാത്രയ്ക്ക് മുമ്പ് ആനിയോടും ബന്നിയോടും പറഞ്ഞു: 'നിങ്ങളുടെ വിവാഹം നടത്തി ആശീര്‍വ്വദിച്ച കാര്‍മ്മികനെന്ന നിലയിലും, കുടുംബബന്ധുവായിട്ടും ഞാന്‍ ഉപദേശിക്കയാണ്. ദൈവം കൂട്ടിച്ചേര്‍ത്തനിങ്ങളെ, നിങ്ങളുടെ ബലഹീനത അകറ്റരുത് ' പടിയിറങ്ങിയ വികാരിയച്ചനെ ആനിയും ബന്നിയും നിശബ്ദരായി നോക്കിനിന്നു. മാനസാന്തരത്തിന്റെ മാസ്മരീക ശഖ്തി പ്രാപിച്ച മനസ്സോടെ, ബന്നി ആനിയോട് ചോദിച്ചു: 'നീ പോകുന്നില്ലെ?' ആത്മാവില്‍ ദിവ്യസമാധാനം നിറച്ചുകൊണ്ട് ആനി മൊഴിഞ്ഞു. 'ഇല്ല. പോകാനല്ല വന്നത്. ' പുനര്‍ജനിച്ച പുളകത്തിന്റെ ആന്ദോളത്താല്‍ അവള്‍ മന്ദഹസിച്ചു. ആലിംഗനം ആവശ്യപ്പെടുന്നതുപോലെ!
(അവസാനിച്ചു.)

Join WhatsApp News
Sudhir Panikkaveetil 2020-05-04 12:51:39
കഥ ധാർമികമായ ഒരു കാഴ്ച്ചപ്പാടിനെ പിന്താങ്ങുന്നു. പക്ഷെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമുണ്ട്. ഇയ്യിടെ പത്രത്തിൽ വായിച്ചു ഇന്നത്തെ തലമുറ മദ്യാസക്തരായി ലൈംഗിക ബലഹീനരാകുന്നു എന്ന്. യുവതി യുവാക്കൾ മെഡിക്കൽ ഫിറ്റ്നസ് വാങ്ങിയതിന് ശേഷം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കട്ടെ. കുറെ പ്രശ്നങ്ങൾ കുറയും. അതേസമയം അത് അവിവാഹിതരായ കുറെ യുവാക്കളെ സമൂഹത്തിനു നൽകും. കഴിവില്ലാത്ത ഇവരെകണ്ട്‌ വളരുന്ന അടുത്ത തലമുറ ആരോഗ്യം ശ്രദ്ധിച്ച് മിടുക്കരാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക