Image

നാളെയുടെ മുഖം-(കവിത: ജോണ്‍ ആറ്റുമാലി)

ആറ്റുമാലി Published on 04 May, 2020
നാളെയുടെ മുഖം-(കവിത: ജോണ്‍ ആറ്റുമാലി)
ചിന്തകള്‍ കൂടിയിരിക്കുന്ന
ഗ്രന്ഥപ്പുരകള്‍ ചിതലെടുക്കുന്നു.
ചോര്‍ന്ന് ഒലിക്കുന്ന പള്ളിക്കൂടത്തിന് ചുറ്റും
കാട് പടരുന്നു.
പൊട്ടിയര്‍ന്ന ചുറ്റു മതിലുകള്‍
നിവര്‍ന്നു നില്‍ക്കാന്‍ പാടുപെടുന്നു.

ലഹരിയുടെ ചില്ലറ വ്യാപാരികളായി
ഇരുളില്‍ വേഷം കെട്ടുന്ന കുട്ടികള്‍
പകലത്രയും ഉറങ്ങിത്തീര്‍ക്കുന്നു.
അച്ഛന്‍ ജയിലിലാകാം, ആശുപത്രിയിലാകാം,
ഒളിവിലാകാം, കൊല്ലപ്പെട്ടതാകാം
അമ്മയ്ക്ക് രാവും പകലും ഒന്നുപോലെ.
പതിവുകാരുടെ സമയത്തിനും
സൗകര്യത്തിനും പൊരുത്തപ്പെട്ടു പോകുന്നു.

വെടിയൊച്ചകള്‍ രാത്രി യാമങ്ങള്‍ക്ക് 
മേളക്കൊഴുപ്പേകുന്നു.
തെരുവില്‍ വീണു കിടക്കുന്നവരെ
വാരിക്കൂട്ടുന്ന തിരക്കില്‍ നിയമപാലകര്‍.
നിറഞ്ഞ ആംബുലന്‍സുകള്‍
നിരങ്ങി നീങ്ങുന്നു;
മരുന്നും വെള്ളവും കിട്ടാതെ
ഊര്‍ധ്വന്‍ വലിക്കുന്ന ആശുപത്രികളിലേക്ക്!

പകല്‍ സൂര്യനും രാത്രി ചന്ദ്രനും
ആകാശത്തിലെ നക്ഷത്രങ്ങളും മാത്രം
എന്റെ നാടിനെ പ്രകാശിപ്പിക്കുന്നു.
വൈദ്യുതിയും പൈപ്പിലെ വെള്ളവും
പഴങ്കഥകളാകുന്നു.
തിങ്ങി നിറയുന്ന ജയിലറകള്‍
'സമൃദ്ധി'യുടെ സാക്ഷ്യപത്രമെഴുതുന്നു.

കല്ലും കട്ടയും മാലിന്യക്കൂമ്പാരങ്ങളും ഇടം പിടിച്ച
പൊതുവഴികള്‍ പുരാവസ്തുക്കളാകുന്നു.
പാലും തേനുംഒഴുകിയ ഭൂതകാലത്തിന്റെ
ഉടഞ്ഞുപോയ ഓര്‍മ്മകള്‍
ഒഴുക്കു നിലച്ച അഴുക്കുചാലുകളില്‍ 
എവിടെയോ കൂടുങ്ങിക്കിടക്കുന്നു!

നാളെയുടെ മുഖം-(കവിത: ജോണ്‍ ആറ്റുമാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക