Image

സുറുമി(കവിത: സാന്‍)

സാന്‍ Published on 04 May, 2020
സുറുമി(കവിത: സാന്‍)
അറുക്കാന്‍
കൊണ്ടുപോകുമ്പോള്‍
സുറുമിയുടെ കണ്ണുകള്‍
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ബലിപെരുന്നാളായത് കൊണ്ടും
പടച്ചവന്റെ നിയ്യത്തായത് കൊണ്ടും
ഉമ്മ ഒന്നും മിണ്ടാതെ
അടുക്കളയില്‍ നിന്ന്
വിങ്ങിപ്പൊട്ടി

മൂത്തുമ്മാന്റെ വീട്ടില്‍ നിന്ന്
പ്ലാവില പൊട്ടിച്ച് ഓടി വന്ന
കുല്‍സു
ഒഴിഞ്ഞു കിടക്കുന്ന
തെങ്ങിന്‍ചോട്ടിലേക്ക് നോക്കി
കോളനി മുഴുവന്‍ കേള്‍ക്കെ
കരഞ്ഞു തുടങ്ങി

വെട്ടിമുറിച്ചിട്ട
സുറുമിയുടെ തലയ്ക്കല്‍
നിന്നുകൊണ്ടുള്ള ഇമാമിന്റെ
ഈദ് പ്രഭാഷണം കേള്‍ക്കുമ്പോള്‍
നസീബിന്റെ കറുത്ത കുപ്പായത്തില്‍
ഓര്‍മ്മയുടെ രോമങ്ങള്‍ തിളങ്ങി

പള്ളിപ്പറമ്പില്‍ നിന്ന്
സുറുമിയുടെ കരച്ചില്‍
നേര്‍ത്തു നേര്‍ത്തു ഇല്ലാതെയാകുന്നത്
കേട്ടുകൊണ്ടാണ് അന്ന് ബീരാന്‍
തക്ബീര്‍ കെട്ടിയത്

ചാക്കിനടിയില്‍
പറ്റിക്കിടക്കുന്ന പിണ്ണാക്കിലേക്ക്
നോക്കി ബീരാന്‍
സുറുമിയുടെ കറവവറ്റിയ
മുലകളെക്കുറിച്ചോര്‍ത്തു

പാടത്തും
തൊടിയിലും
അവളെക്കടന്നുപോകാറുള്ള
വെയിലും കാറ്റുമെല്ലാം
വിഷാദത്തില്‍ നീലിച്ചു കിടന്നു

തലേന്നത്തെ കഞ്ഞിവെള്ളവും
പഴത്തൊലിയും തൊടിയില്‍
വെറുതേ വീര്‍ത്തുകെട്ടി

സുറുമിയുടെ കിലുക്കം
കേള്‍ക്കാത്തതിനാല്‍
അയല്പക്കത്തെ രാജനും
പിള്ളേരും ഒരോര്‍മ്മയുടെ
പൂര്‍ണ്ണമായ അനാഥത്വത്തിലേക്ക്
വലിച്ചെറിയപ്പെട്ടു

സുറുമിക്ക്
വെള്ളാരംകണ്ണുകളായിരുന്നു

ആ കണ്ണിലൂടെ
ലോകമായ ലോകമൊക്കെ
കാണുന്നുണ്ടെന്ന്
കുല്‍സു പറയും.

പെരുന്നാളുകള്‍
വന്നുപോയ്‌ക്കൊണ്ടേയിരുന്നു

സുറുമിക്ക് ശേഷം ബീരാന്‍
മറ്റൊരാടിനെ വാങ്ങുകയോ
കുല്‍സുവും നസീബും
ഇറച്ചി കഴിക്കുകയോ ഉണ്ടായില്ല

ഉമ്മ
മരിക്കുന്നതുവരെ സുറുമിയെ
കാത്തിരുന്നു

ഒരു നട്ടുച്ചയ്ക്കോ
നിലാവത്തൊ
അതിന്റെ കഴുത്തിലെ
മണികിലുക്കം കേള്‍ക്കണേയെന്ന്
നിസ്‌കാരപ്പായിലിരുന്ന്
പ്രാര്‍ത്ഥിച്ചു.

സുറുമി(കവിത: സാന്‍)സുറുമി(കവിത: സാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക