Image

ഭാഗ്യം (കവിത: ആദര്‍ശ് മാധവന്‍കുട്ടി)

Published on 03 May, 2020
ഭാഗ്യം (കവിത: ആദര്‍ശ് മാധവന്‍കുട്ടി)
നിഗൂഢമായൊരു വിഷാദം
ഇരുട്ടിലൂടൊലിച്ചിറങ്ങുമ്പോള്‍
ശവക്കുഴിമുറിയില്‍നിന്നും
ഞാന്‍ പുറത്തേയ്ക്കോടും
 
പുറത്ത് നിലാവുണ്ടാവും
പുല്‍നാമ്പുകള്‍ മഞ്ഞിന്‍തുള്ളി നുണഞ്ഞുറങ്ങുന്നുണ്ടാവും
പൂക്കള്‍ ഉന്മാദഗന്ധം ചുരത്തുകയാവും
 
കടത്തിന്റെ കയ്പ്പും
അവളുടെ അവസാനകയ്യൊപ്പും
കുറച്ചുനേരത്തേയ്ക്ക് മറന്നുപോവും
 
നാളെകളില്ലാത്ത ഭൂമിയില്‍
നീണ്ടുനിവര്‍ന്നു കിടന്ന്
ജ്വലിച്ചുതീര്‍ന്ന നക്ഷത്രങ്ങളിലേക്ക്
സഞ്ചരിക്കാന്‍ തുടങ്ങും

 പൊടുന്നനെ
എന്‍റെ മുറിയുടെ ചുവരുകണിഞ്ഞ ശവപേടകം
തുറമുഖത്ത് നങ്കൂരമിട്ട്
പുറപ്പെടാനുള്ള സൈറണ്‍ മുഴക്കും

 ഒരിക്കല്‍ മാത്രം മരണപ്പെടുന്നവര്‍
എത്ര ഭാഗ്യവാന്മാര്‍  !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക