Image

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

Published on 03 May, 2020
 ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

ദുബായ്: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ യുഎഇ യിലെ പ്രവാസി അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് സജീവ പ്രവര്‍ത്തകരുമായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. മേയ് ദിനത്തില്‍ നടന്ന യോഗത്തില്‍ യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതില്‍പരം ആളുകള്‍ പങ്കെടുത്തു.

അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടിക്കളം സ്വാഗതം ആശംസിച്ചു. തുടര്‍ന്നു യുഎഇയില്‍ കോവിഡ് മൂലം മരണമടഞ്ഞ തൃക്കൊടിത്താനം ഇടവകാംഗം ഷാജി സക്കറിയയുടെയും വേഴപ്ര ഇടവകാംഗം ജേക്കബ് തോമസിന്റെയും വിയോഗത്തില്‍ അംഗങ്ങള്‍ അനുശോചിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശങ്ങങ്ങളിലെ പ്രത്യേക സാഹചര്യങ്ങളും അവസ്ഥകളും ആ സ്ഥലത്തുനിന്നുള്ള അംഗങ്ങള്‍ പിതാവിനെ വ്യക്തമായി ധരിപ്പിച്ചു.

യുഎയിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന താഴെപ്പറയുന്ന പ്രധാന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

* സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനേകം സഹോദരങ്ങളുടെ ജോലി നഷ്ടപ്പെടുന്നു, നാട്ടിലേക്ക് മടക്കയാത്രയ്ക്കായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണം.

* ജോലി ഉള്ളവര്‍ക്ക് ശമ്പളം കിട്ടാതെയും ശമ്പളം വെട്ടിക്കുറച്ചും ധാരാളം ആളുകള്‍ ഇവിടെ ബുദ്ധിമുട്ടുന്നു. ബിസിനസ് സ്ഥാപങ്ങള്‍ നടത്തുന്നവര്‍ പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.

* കുട്ടികളുടെ ഫീസ് കൊടുക്കാന്‍ സാധിക്കാതെ അനേകം കുടുംബങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.

* രോഗികളായവരില്‍ ശരിയായ ചികിത്സയും ഭക്ഷണവും കിട്ടാതെ വിഷമിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അങ്ങനെയുള്ളവര്‍ക്ക് പരമാവധി സഹായം എത്തിച്ച് കൊടുക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നു.

* ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഹെല്‍പ് ഡെസ്‌കിന്റേയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു.

* എല്ലാ പ്രവാസി സഹോദരങ്ങളും തന്റെ ഓര്‍മയിലുണ്ടെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ താന്‍ പ്രത്യേകമായി എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും മാര്‍ പെരുന്തോട്ടം അറിയിച്ചു. ജോലി നഷ്ടപ്പെട്ടവര്‍ മടങ്ങിയെത്തിയാല്‍ അവരെ പുനരധിവസിപ്പിക്കാന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിതാവ് അറിയിച്ചു.

* ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം അതിരൂപത ഇപ്പോള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനായി നമ്മുടെ സ്ഥാപനങ്ങളും ധ്യാന കേന്ദ്രങ്ങളും മറ്റും മാറ്റി വച്ചിട്ടുണ്ട്.

* തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് തയാറാക്കാന്‍ പ്രവാസി അപ്പോസ്തലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികരംഗം, ടൂറിസം, നിര്‍മാണ മേഖല എന്നീ മേഖലകളില്‍ ഇവരെ പുനരധിവസിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും പിതാവ് അറിയിച്ചു.

* നാട്ടിലുള്ള രോഗികളെയും പാവങ്ങളെയും സഹായിക്കാന്‍ ഇടവക വികാരിമാരുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഒരു കോടി രൂപയോളം ചങ്ങനാശേരി അതിരൂപത ചെലവഴിച്ചതായും പിതാവ് അറിയിച്ചു.

തുടര്‍ന്നു അതിരൂപത പ്രവാസി ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടിക്കളം, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുഎഇയിലെ പ്രവാസികളോടൊപ്പം ഇത്രയും സമയം ചെലവഴിച്ച പിതാവിനും റ്റെജി അച്ചനും ഏല്ലാവരും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക