Image

ന്യൂസീലന്‍ഡില്‍ ജോലി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സുമാര്‍ നിരാഹാര സമരത്തിന്

Published on 25 May, 2012
ന്യൂസീലന്‍ഡില്‍ ജോലി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സുമാര്‍ നിരാഹാര സമരത്തിന്
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ആരോപിക്കപ്പെട്ട് ജോലി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സുമാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ നഴ്‌സിങ് ഡിപ്ലോമ ന്യൂസീലന്‍ഡിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുളള നിലവാരം പുലര്‍ത്തുന്നില്ല എന്നാരോപിച്ചാണ് തൊഴില്‍ നിഷേധം. ഇതില്‍ പ്രതിഷേധിച്ച്, നൂറിലധികം ഇന്ത്യന്‍ നഴ്‌സുമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രകടനം സംഘടിപ്പിച്ചു. 

ന്യൂസീലന്‍ഡില്‍ ജോലി തേടി എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നു പറഞ്ഞ് നഴ്‌സിങ് കൗണ്‍സില്‍ അവസരം നിഷേധിക്കുന്നതായി ടിവി വണ്‍ കഴിഞ്ഞയാഴ്ച ക്ലോസ് അപ് എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ന്യൂസീലന്‍ഡിലെ ക്വാളിഫിക്കേഷന്‍സ് അതോറിറ്റി ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ചാനല്‍ അധികൃതരെ അറിയിച്ചു.

അതേസമയം 17,000 ഡോളര്‍ വരെ മുടക്കി ന്യസീലന്‍ഡില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ തങ്ങളെ റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആശുപത്രികളില്‍ കുറഞ്ഞത് രണ്ടുമൂന്ന് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനപരിചയമുളള നഴ്‌സുമാര്‍ക്കും അവസരം നിഷേധിക്കുകയാണ്. 

എന്നാല്‍ ന്യൂസിലന്‍ഡിലെ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ഈ വാദം നിരാകരിച്ചു. ഇന്ത്യന്‍ ഡിപ്ലോമ രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുളളതാണെന്നും നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം വൈരുദ്ധ്യം നിറഞ്ഞതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

വിദേശ വിദ്യാര്‍ഥികള്‍ക്ക് റജിസ്‌ട്രേഷന്‍ ലഭിക്കാനിടയില്ലാത്ത വിധം നഴ്‌സിങ് കൗണ്‍സില്‍ ഈയിടെ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. 

വാര്‍ത്ത അയച്ചത്: സെന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക