Image

കോവിഡിന്റെ സംഭാവന: ആശുപത്രികളില്‍ വേറിട്ടൊരു തൊഴില്‍ സംസ്‌ക്കാരം (ജോര്‍ജ് തുമ്പയില്‍)

Published on 03 May, 2020
കോവിഡിന്റെ സംഭാവന: ആശുപത്രികളില്‍ വേറിട്ടൊരു തൊഴില്‍ സംസ്‌ക്കാരം (ജോര്‍ജ് തുമ്പയില്‍)
ആശുപത്രികളില്‍ വേറിട്ടൊരു തൊഴില്‍ സംസ്‌ക്കാരം ഉടലെടുത്തിരിക്കുന്നു എന്നതാണ് കൊറോണക്കാലത്തിന്റെ മറ്റൊരു സംഭാവന. സി.ഇ.ഒ മുതലുള്ളവര്‍ ഏതു ജോലിയും ചെയ്യുന്നുവെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാഴ്ച. ബെത്ത് ഇസ്രയേലിലെ സി.ഇ.ഒയും പ്രസിഡന്റുമായ വ്യക്തി ഡബിള്‍ ബ്രെസ്റ്റഡ് സ്യൂട്ടും തിളങ്ങുന്ന ഷൂസുമൊക്കെ വിട്ട് വെറും സാധാരണ സ്‌ക്രബും സ്‌നീക്കറും ഇട്ട് വണ്ടി തള്ളി നടക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കാത്തതാണ്. ആശുപത്രി ജീവനക്കാര്‍ക്ക് സമയാസയമങ്ങളില്‍ കാര്‍ട്ടുകള്‍ തള്ളി ഭക്ഷണം എത്തിക്കാനും ജോലി കഴിഞ്ഞ് പോകുന്നവരെ വാതില്‍ക്കല്‍ നിന്ന് നന്ദി പറഞ്ഞ് യാത്രയാക്കാനുമൊക്കെ സി.ഇ.ഒ റെഡി. മായാവിയെ പോലെയാണ് യാത്ര. എപ്പോഴും എവിടെയും കാണാം. അതും എല്ലാവരോടും കുശലം പറഞ്ഞ്. അതിശയിപ്പിക്കുന്ന കാര്യം എന്നു പറയുന്നത് മൂവായിരത്തിയഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒട്ടുമിക്ക പേരെയും പേരെടുത്തു പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നുവെന്നതാണ്. ഒന്നോര്‍ക്കുക, എല്ലാവരും മാസ്‌ക്ക് ധരിച്ചിട്ടുണ്ടെന്നതു കൂടി കണക്കിലെടുക്കണം.

ഇന്നലെ റെസിപിറ്റോറി സ്റ്റാഫ് റൂമിലെ ഗാര്‍ബേജ് എടുക്കാന്‍ വന്നത് കമ്യൂണിറ്റി റിലേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ആണ്. ഒരു യൂണിറ്റില്‍ നിന്നും മറ്റൊരു യൂണിറ്റിലേക്ക് പേഷ്യന്റിന്റെ ബെഡ് തള്ളിക്കൊണ്ടു പോകുന്നത് റേഡിയോളജി ഡയറക്ടര്‍ ആണ്. കൊറോണ മൂലം അടച്ചിടപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഏറെയാണ്. ഫിസിക്കല്‍ തെറാപ്പി, സ്‌ളീപ് ലാബ്, ഈഈജി, വാസ്‌കുലര്‍ ലാബ്, സി.റ്റി. സ്‌കാന്‍, റേഡിയോളജിയുടെ 95 ശതമാനവും, ന്യൂക്ലിയര്‍ മെഡിസിന്‍, കാത്ത് ലാബ് തുടങ്ങി ഒട്ടനവധി ഡിപ്പാര്‍ട്ട്‌മെന്റുകള്‍.

കൊറോണയെത്തുടര്‍ന്ന് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍ നേഴ്‌സിങ്, റെസ്പിറ്റോറി രംഗത്തുള്ളവരാണ്. (വിവിധ ഡോക്ടര്‍മാരുടെ സേവനം, അത് എപ്പോഴുമുണ്ടല്ലോ, അതു കൊണ്ടാണ് ഇവിടെ പരാമര്‍ശിക്കാത്തത്.) സ്റ്റാഫിങ് പ്രശ്‌നം തന്നെയാണ്. നിയമനൂലാമാലകളൊക്കെ ഞൊടിയിട കൊണ്ട് മാറ്റി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള നേഴ്‌സുമാരെയും റെസ്പിറ്റോറി തെറാപിസ്റ്റുകളെയും ഇവിടുത്തെ വിവിധ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് സംസ്ഥാന ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടാണ്. ഭീമമായ ശമ്പളമാണ് അവര്‍ക്ക് നല്‍കുന്നത് എന്നത് മറ്റൊരു കാര്യം. കാലിഫോര്‍ണിയ, അരിസോണ, അലബാമ, ഐഡഹോ, മാസച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള റെസ്പിറ്റോറി തെറാപിസ്റ്റുകള്‍ ലേഖകന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ദിവസത്തെ ഓറിയന്റേഷനു ശേഷം ജോലി തുടങ്ങി. ഓര്‍ക്കുക, ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ലൈസന്‍സ് മാറ്റാന്‍ മാസങ്ങളെടുക്കുന്ന പ്രക്രിയയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായത്. അതു പോലെ പുതിയ ആള്‍ ജോയിന്‍ ചെയ്യുമ്പോള്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും പരിശീലനം നല്‍കിയിട്ടേ ജോലിയില്‍ കയറാറുള്ളു. അതാണ് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ചുരുക്കത്തില്‍ യുദ്ധകാലാടിസ്ഥാനം എന്നു പറയുന്ന വാക്ക് പ്രാവര്‍ത്തികമാക്കുന്ന രംഗം കണ്‍മുന്നില്‍ കാണുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആറു വര്‍ഷം ഫിസിക്കല്‍ തെറാപ്പി പഠിച്ചിറങ്ങിയ രണ്ടുപേരാണ് റെസ്പിറ്റോറി തെറാപ്പിയെ സഹായിക്കുവാന്‍ എത്തിയിരിക്കുന്നത്. ബേസ്‌മെന്റിലെ സിലണ്ടര്‍ ഏരിയയില്‍ നിന്നും ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലേക്ക് 32 സിലിണ്ടര്‍ വീതമുള്ള റായ്ക്കുകള്‍ ഉന്തിത്തള്ളി കൊണ്ടു പോകുന്നത് അവരാണ്. മനസ്സാലെ, സ്വന്തം ഇഷ്ടത്താലാണ് അവരതു ചെയ്യുന്നത്. കോവിഡിന് കീഴ്‌പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്തു നിന്നു കൊണ്ടു വരുന്ന വെന്റിലേറ്ററുകള്‍ ഡീപ്പ് ക്ലീനിങ്ങും അണുനശീകരണവും നടത്തുന്നത് സി.റ്റി. സ്‌കാന്‍ യൂണിറ്റില്‍ നിന്നും റേഡിയോളജിയില്‍ നിന്നും വാസ്‌ക്കുലര്‍ ലാബില്‍ നിന്നും വരുന്ന ടെക്‌നീഷ്യന്മാരാണ്. 

സാധാരണഗതിയില്‍ ഇത്തരം ജോലികള്‍ ചെയ്യാനായി നിയുക്തരായിട്ടുള്ള ജോലിക്കാര്‍ ഉള്ളതാണ്. സാധാരണമായതൊന്നും അല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്.
കഫ്ടീരിയയില്‍ മൂന്നു നേരവും ഇഷ്ടം പോലെ സൗജന്യ ഭക്ഷണം. കൂടാതെ, സംഭാവനയായും സമ്മാനമായും വിവിധ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന മറ്റ് ഭക്ഷണങ്ങള്‍. തേങ്ങാവെള്ളത്തിന്റെ പായ്ക്കറ്റുകള്‍വരെ. ആതുരശുശ്രൂഷകരെ കരുതുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ പുറത്തെവിടെയോ ഉണ്ടെന്നുള്ളത് മനസ്സിനേറെ ആഹ്ലാദം പകരുന്നു.

വീടുകളിലിരുന്നു ജോലി ചെയ്ത് വന്ന ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരെയും ആശുപത്രി സ്‌ക്രബില്‍ ഹാള്‍വേയില്‍ കണ്ടു തുടങ്ങി. വീടുകളിലിരുന്നു ബോറടിച്ചിട്ടാണോ അതോ ആശുപത്രിയിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അവരുടെ സേവനം ആവശ്യമായി വന്നതു കൊണ്ടാണോ എന്നു വ്യക്തമല്ല.
ഏതായാലും കൊറോണ മൂലം പുതിയൊരു തൊഴില്‍ സംസ്‌ക്കാരം ഉരുത്തിരിഞ്ഞു വന്നുവെന്നു കാണുന്നത് തികച്ചും ശുഭോദാര്‍ക്കമാണ്. ഇത് എത്രനാള്‍ ഇങ്ങനെ പോകുമെന്നറിയില്ല. ഏതായാലും എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

കോവിഡിന്റെ സംഭാവന: ആശുപത്രികളില്‍ വേറിട്ടൊരു തൊഴില്‍ സംസ്‌ക്കാരം (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക