Image

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രം; എതിര്‍പ്പുമായി ഘടക കക്ഷികള്‍

Published on 25 May, 2012
ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രം; എതിര്‍പ്പുമായി ഘടക കക്ഷികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഢി. വില വര്‍ധന രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധന പുനഃപരിശോധിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിടെയാണ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഓയില്‍ കമ്പനികളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. 

വര്‍ധന അല്‍പ്പം കടുത്തതായി പോയെന്ന അഭിപ്രായം ഉണ്ടാകുന്നത് മനസ്സിലാക്കുന്നുവെന്നും കുറച്ചുദിവസം കൂടി ഇന്ധനവില സംബന്ധിച്ച നടപടികളും പ്രതികരണങ്ങളും നിരീക്ഷിക്കുമെന്നും അഭിപ്രായസമവായം ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ചയാണ് പെട്രോള്‍ ലിറ്ററിന് 7.50 രൂപ വര്‍ധിപ്പിച്ചത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നായിരുന്നു വില വര്‍ധനയെക്കുറിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ പ്രതികരണം. 

അതേസമയം വില വര്‍ധനവിനെതിരായ പ്രതിഷേധത്തിന് യു.പി.എ. ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയവര്‍ കൂടി പങ്കെടുക്കും. സമാജ്‌വാദി പാര്‍ട്ടിയും സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡി.എം.കെയുടെ സംസ്ഥാന വ്യാപക പ്രതിഷേധസമരം മെയ് 30 ന് തമിഴ്‌നാട്ടില്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പരസ്യമായി വില വര്‍ധനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക