Image

പ്ലാസ്മ തെറാപ്പി എന്താണ്; ഫലപ്രദമായി എങ്ങനെ ശേഖരിക്കാം; വിനിയോഗിക്കാം; ഫോമാ വെബിനാർ

(ഫോമാ ന്യൂസ് ടീം) Published on 02 May, 2020
പ്ലാസ്മ തെറാപ്പി എന്താണ്; ഫലപ്രദമായി എങ്ങനെ ശേഖരിക്കാം; വിനിയോഗിക്കാം; ഫോമാ വെബിനാർ
ലോകവ്യാപകമായി ദിനംപ്രതി ആയിരങ്ങൾ  കൊറോണ രോഗത്തിന് അടിമപ്പെടുന്നു നിരവധി ആൾക്കാർ മരിക്കുന്നു. നിലവിൽ ഈ ലോകത്ത് ഇരുന്നൂറിലധികം രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധിച്ചിരിക്കുന്നു. പണ്ഡിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ എന്നു നോക്കാതെ ഈ ലോകത്തിലെ എല്ലാ ശ്രേണിയിലും പെട്ട നിരവധി ആൾക്കാർ ഈ മഹാമാരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ നെട്ടോട്ടമോടുന്ന അവസ്ഥയാണ് നാം ഇപ്പോൾ കാണുന്നത്. ലോകത്ത് നിരവധി  ചികിത്സസാ സമ്പ്രദായങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പല ചികിത്സാ രീതികളും ഈ വൈറസിനെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ഒരു ചികിത്സാരീതി ഇതുവരെ നടപ്പിലായിട്ടില്ല. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും മറ്റ് രാജ്യങ്ങളിലെ പ്രാചീന ചികിത്സാ സമ്പ്രദായങ്ങൾ വരെ ഈ  രോഗത്തിന് എതിരെ പടപൊരുതുന്നു. കൊറോണ വ്യാപനത്തിന്റെ  കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ  അമേരിക്കയിലെ  അവസ്ഥയും വിഭിന്നമല്ല. ഹൈഡ്രോക്സിക്ലോറിഘിൻ പോലുള്ള     മരുന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ആശാവഹമായ ഒരു പുരോഗതി ഈ മേഖലയിൽ നടത്താൻ  സാധിച്ചിട്ടില്ല.

 രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ നിലവിൽ കാര്യക്ഷമമായി നടത്തുന്ന ഒരു ചികിത്സാരീതിയാണ് കാൻവലസന്റ് പ്ലാസ്മാ തെറാപ്പി.  രോഗവിമുക്തനായ ഒരു വ്യക്തിയുടെ പ്ലാസ്മ ശേഖരിച്ച് ഒരു രോഗിക്ക് നൽകുന്നതിലൂടെ ആ രോഗിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗബാധക്കെതിരെ രോഗിക്ക് സ്വയം പോരാടുവാൻ കഴിയുന്ന അവസ്ഥയിൽ എത്തിക്കുക എന്നുള്ളതാണ് ഈ ചികിത്സാരീതി കൊണ്ട് ഉദ്ദേശിക്കുന്നത്. എഫ് ഡി എ യുടെ അംഗീകാരത്തോടുകൂടി  പരീക്ഷണാർത്ഥം ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണിത്. അമേരിക്കയിൽ റെഡ്ക്രോസ് മറ്റ് രക്തബാങ്കുകൾ എന്നിവയുടെ സഹകരണത്താൽ ആണ്  ചികിത്സാരീതി ഏകോപിപ്പിക്കുന്നത്. എന്നാൽ പ്ലാസ്മ ശേഖരണവും പ്ലാസ്മാ കൈമാറ്റവും അത്ര എളുപ്പമല്ലാത്ത ഒരു സാഹചര്യത്തിലേക്ക് ആണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ അമേരിക്കൻ സന്നദ്ധ സംഘടനയായ സേവാ ഇൻറർനാഷണൽ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ പ്ലാസ്മാ ശേഖരണത്തിനു വേണ്ടി ഒരു രജിസ്ട്രി തയ്യാറാക്കുകയും അതിൽ ദാതാവിൻറെയും രോഗിയുടെയും  പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. അമേരിക്കയിൽ  ഇങ്ങനെ ഒരു സൗകര്യം സേവാ ഇൻറർനാഷണലിനു മാത്രമേയുള്ളൂ. കൂടാതെ ഒരു രോഗിക്ക് ചേർച്ചയുള്ള പ്ലാസ്മാ കണ്ടുപിടിച്ചാൽ രോഗിയുടെയും ദാതാവിനെയും മാത്രമല്ല അവരുടെ ഡോക്ടേഴ്സിന്റേയും ആശുപത്രിയുടെയും കൂടെ പ്രവർത്തിച്ച് രോഗിക്ക് പ്ലാസ്മാ എത്തിക്കാനുള്ള സൗകര്യങ്ങളും സേവാ ഇൻറർനാഷണൽ ചെയ്തുകൊടുക്കുന്നു.

ഈ അവസരത്തിൽ പ്ലാസ്മാ തെറാപ്പിയെ കുറിച്ചും പ്ലാസ്മ ശേഖരത്തെ കുറിച്ചും ആളുകൾക്ക് കൃത്യമായ അറിവു ലഭിക്കുന്നതിനും കൂടുതൽ ആളുകളിൽ പ്ലാസ്മ കൊടുക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഫോമായും സേവാ ഇൻറർനാഷണലും ചേർന്ന് ഒരു  വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 3  ഞായറാഴ്ച ന്യൂയോർക്ക് സമയം 7 മണിക്കാണ്  ഇത് നടക്കുന്നത്. വിസ്കോൺസിൻ മെഡിക്കൽ കോളജിലെ പ്രൊഫസറും, ഹെമറ്റോളജി ഓൺങ്കോളജി വിഭാഗം തലവനും, എ കെ എം ജി യുടെ മുൻ പ്രസിഡണ്ടും, ഈ രംഗത്തെ വിദഗ്ധനുമായ ഡോക്ടർ പരമേശ്വരൻ ഹരി പ്ലാസ്മ തെറാപ്പിയെക്കുറിച്ച് സംസാരിക്കുന്നു. സേവാ ഇൻറർനാഷണലിന്റെ പ്ലാസ്മാ ശേഖരണ വിഭാഗം കോർഡിനേറ്റർ ആയ ഡോക്ടർ മദൻ ലൂത്ര പ്ലാസ്മ ശേഖരണം, വിനിയോഗ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു. ന്യൂയോർക്ക് ആരോഗ്യ വിഭാഗം നേഴ്സിംഗ് അസിസ്റ്റൻറ് ഡയറക്ടർ ആയ ഡോക്ടർ ഷൈല റോഷിൻ ഈ വെബിനാർ നിയന്ത്രിക്കുന്നു.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ടാസ്ക് ഫോഴ്സിന്റെ  പ്രത്യേക താൽപര്യപ്രകാരമാണ് ദേശീയതലത്തിൽ ഇങ്ങനെയൊരു വെബിനാർ ഫോമാ സംഘടിപ്പിക്കുന്നത്.  ഫോമയുടെ മറ്റ് റീജിയണിലെ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ എല്ലാവരുടെയും സഹകരണം  അഭ്യർത്ഥിക്കുന്നതായി ദേശീയ കോർഡിനേറ്റർ ജിബി തോമസ് അറിയിച്ചു. അനിയൻ ജോർജ്, ബെന്നി വാച്ചാച്ചിറ, ഉണ്ണികൃഷ്ണൻ, ബൈജു വർഗീസ് ജോസ് മണക്കാട്, ആഞ്ചല സുരേഷ് എന്നിവർ ഈ വെബിനാർ സംഘടിപ്പിക്കാനും അതിൻറെ വിജയത്തിനും വേണ്ടി പ്രവർത്തിക്കുന്നു. അമേരിക്കയിൽ നിരവധി കൊറോണാ രോഗികൾക്ക് വലിയ  ആശ്വാസവും ആശ്രയവും ആകുന്ന ഈ വെബിനാറിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു

Date &Time: May 3, 2020 07:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/85095992342
Meeting ID: 850 9599 2342

One tap mobile
+13126266799,,85095992342# US
+19292056099,,85095992342# US
Meeting ID: 850 9599 2342
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക