Image

"കൈകോർത്ത് ചിക്കാഗോ മലയാളികൾ "ചിക്കാഗോയിലെ കോവിഡ് പ്രതിരോധത്തിന്റെ 90 ദിവസങ്ങൾ പിന്നിടുമ്പോൾ

അനിൽ മറ്റത്തികുന്നേൽ Published on 02 May, 2020
"കൈകോർത്ത് ചിക്കാഗോ മലയാളികൾ "ചിക്കാഗോയിലെ  കോവിഡ് പ്രതിരോധത്തിന്റെ 90 ദിവസങ്ങൾ പിന്നിടുമ്പോൾ
ചിക്കാഗോ: മൂന്നു മാസങ്ങൾക്ക് മുൻപ് ചിക്കാഗോയിലെ മലയാളി സന്നദ്ധ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാം വിധം മുന്നോട്ട്. സംഘടനാ - രാഷ്ട്രീയ - മത വിത്യാസങ്ങൾക്ക് അതീതമായി രൂപീകരിക്കപ്പെട്ട കൂട്ടായ്‍മ വളരെ സ്തുത്യർഹമായ രീതിയിൽ തന്നെ നൂറുകണക്കിന് മലയാളികൾക്ക് സഹായകമായി എന്നത് കോവിഡ് 19 എന്ന മഹാമാരിയിൽ വിഷമസന്ധിയിലായ മലയാളി സമൂഹത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്. ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈ കൂട്ടായ്‌മയുടെ ഭാഗമായി നാല് റീജിയനുകളിലായി നൂറിലധികം സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തിച്ചുവരുന്നത്.  മലയാളി സമൂഹത്തിന് ഏറ്റവും സഹായകമായ മെഡിക്കൽ കമ്മറ്റി, നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും മുൻ ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇതിനകം തന്നെ ഇരുനൂറിലധികം കോവിഡ് 19 ബാധിച്ച രോഗികൾക്ക് സഹായം എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്ന് മറിയാമ്മ പിള്ള അറിയിച്ചു. മലയാളി സമൂഹത്തിൽ തന്നെയുള്ള ആരോഗ്യ പ്രവർത്തകരെ ഒരുമിച്ചുകൂട്ടി, രോഗം മൂലം വലയുന്നവർക്ക്, രോഗത്തെ നേരിടുന്നതിന് വേണ്ടിയുള്ള ഉപദേശങ്ങളും, സ്പൈറോമീറ്റർ പോലെയുള്ള  ചികത്സക്കാവശ്യമായ ഉപകരണങ്ങൾ  എത്തിച്ചുകൊടുക്കുവാനും സാധിച്ചിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യം പകരുന്നു എന്ന് കമ്മറ്റിയെ പ്രതിനിധീകരിച്ച് ശ്രീമതി മറിയാമ്മ പിള്ള അറിയിച്ചു. 

സീനിയർ സിറ്റിസൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ പ്രായമുള്ളവരെ ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുവാനും അവർക്ക് വേണ്ട സാഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും സാധിച്ചു. കൂടാതെ കൗൺസലിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 500 ലധികം പേര് പങ്കെടുത്ത ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‍മകളും വ്യക്തിപരമായ കൗൺസലിംഗ് സെഷനുകളും, പ്രമുഖരായ വ്യക്തികൾ നയിച്ച മോട്ടിവേഷൻ സ്‌പേച്ചുകളും  സംഘടിപ്പിച്ചു. ചിക്കാഗോ സീറോ മലബാർ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി സ്ഥാപകൻ ബ്രദർ റെജി കൊട്ടാരം, ചിക്കാഗോ എക്യൂമെനിക്കൽ വൈസ് പ്രസിഡണ്ട് ഫാ. ബാൻ സാമുവേൽ, പ്രമുഖ വചന പ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയിൽ, പ്രമുഖ പ്രാസംഗികരായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ  മുതുകാട് എന്നിവർ കൈകോർത്ത് മലയാളിയുടെ കോൺഫ്രൻസ് കോളുകൾക്ക് ജീവനേകി.

ട്രാവൽ കമ്മറ്റിയുമായി ബന്ധപ്പെട്ട് നിരവധിപേർക്ക് വ്യക്തമായ നിർദേശങ്ങൾ കൊടുക്കുവാനും രേഖകൾ സംഘടിപ്പിക്കുവാനും സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യത്താൽ വലഞ്ഞ കുടുംബങ്ങൾക്കും പ്രായാധിക്യത്താൽ സുരക്ഷയെ മുൻ നിർത്തി ഭവനങ്ങളിൽ നിന്ന് പുറത്തുവരുവാൻ സാധിക്കാത്തവർക്കും വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുവാൻ ഗ്രോസറി കമ്മറ്റിവഴിയായി സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ്  കെയർ ആൻഡ് ഷെയറുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ മാസ്ക് വിതരണം, വരുമാനം കുറഞ്ഞവർക്ക് സൗജന്യ ഗ്രോസറി വിതരണം, ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്. ചിക്കാഗോ പ്രദേശത്ത് ചെറിയ വരുമാനത്തിൽ കഴിഞ്ഞുവന്നതും കോവിഡ് 19 മൂലം ജോലി നഷ്ടപെട്ടതുമായ നൂറുകണക്കിന് മലയാളി കുടുംബങ്ങളെയും വ്യക്തികളെയും കണ്ടെത്തുവാനും അവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുവാനും കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ സംഘടനയിലൂടെ സാധിച്ചിട്ടുണ്ട്. 

വെറും മൂന്നു മാസങ്ങൾ കൊണ്ട് മലയാളി സമൂഹത്തിനെ ഒരുമിപ്പിച്ചുകൊണ്ട്, ചരിത്രത്തിന്റെ ഭാഗമായ ഈ മഹാമാരിയെ അതിജീവിക്കുവാൻ വേണ്ടി കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന കൂട്ടായ്‍മയ്ക്ക് സാധിച്ചു എന്നത് ചിക്കാഗോയിലെ ഓരോ മലയാളിയുടെയും സാമൂഹ്യ സേവന സന്നദ്ധതയുടെ നേർക്കാഴ്ചയായാണ് കാണുന്നത് എന്ന് കോർഡിനേറ്റർ ബെന്നി വാച്ചാച്ചിറ അറിയിച്ചു. തുടക്കത്തിൽ തങ്ങളെ കൊണ്ടാവുന്ന വിധത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചു കൊടുക്കുക എന്ന എളിയ ലക്ഷ്യമായിരുന്നു എങ്കിൽ, കൂട്ടായ പരിശ്രമവും, സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനവും വഴിയായി വലിയ ഒരു മുന്നേറ്റമാണ് ഉണ്ടായത് എന്നും ഈ നേട്ടം കൈവരിക്കുവാനായി ഒരുമിച്ചു നിന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും കമ്മറ്റികൾക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടോൾഫ്രീ നമ്പരിലേക്ക് വന്ന കോളുകൾ മടിക്കാതെ സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവർക്കും നന്മയുടെ സന്ദേശവുമായി സഹായ വിതരണത്തിനായി കൈകോർത്ത് ചിക്കാഗോ മലയാളികളോട് സഹകരിക്കുവാൻ രംഗത്ത് എത്തിയ കെയർ ആൻഡ് ഷെയറിന്റെ ഭാരവാഹികളോടും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു. കോവിഡ് 19 അവസാനിച്ചിട്ടില്ലാത്തതിനാൽ, തുടർന്നും ഈ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതായിരിക്കും എന്നും സഹായങ്ങൾ ആവശ്യമുള്ളവർ കൈകോർത്ത് ചിക്കാഗോ മലയാളിയുടെ ടോൾ ഫ്രീ നമ്പരിൽ (1-833-353-7252) ബന്ധപ്പെടണം എന്ന് കമ്മറ്റിക്ക് വേണ്ടി ശ്രീ ബെന്നി വാച്ചാച്ചിറ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക