Image

കോവിഡ് 19 ദുരിതബാധിതര്‍ക്ക് മാര്‍ക്കിന്റെ സഹായഹസ്തം

സക്കറിയ ഏബ്രഹാം (സെക്രട്ടറി) Published on 02 May, 2020
കോവിഡ് 19 ദുരിതബാധിതര്‍ക്ക് മാര്‍ക്കിന്റെ സഹായഹസ്തം
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഒപ്പം നിന്നു കോവിഡ് രോഗബാധിതരെ പരിചരിക്കുന്നതില്‍ മുന്‍നിരയിലുള്ള റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ നിര്‍ഭാഗ്യരായ രോഗികള്‍ അനുഭവിക്കുന്ന ശാരീരികവും, മാനസികവുമായ സംഘര്‍ഷങ്ങളുടേയും, അവരുടെ നിസ്സഹായാവസ്ഥയുടേയും, ജീവന്‍ നിലനിര്‍ത്തുവാന്‍ നേരിടുന്ന ക്ലേശങ്ങളുടേയും ദൃക്‌സാക്ഷികള്‍ കൂടിയാണ്. ഇല്ലിനോയിയില്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുടെ സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്റരി കെയര്‍ (മാര്‍ക്ക്). തുടര്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കൊപ്പം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാര്‍ക്ക്- സുനാമി- പ്രളയ ബാധിതരെ സഹായിച്ചും, കോട്ടയം മെഡിക്കല്‍ കോളജിനു വെന്റിലേറ്റര്‍ സംഭാവന നല്‍കിയും, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയും ജന്മനാട്ടില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

കോവിഡ് 19 ദുരന്തം സംഹാരതാണ്ഡവമാടുന്ന അമേരിക്കയില്‍ ദിനംപ്രതി ആയിരങ്ങള്‍ ജീവന്‍വെടിയുകയും, പതിനായിരങ്ങള്‍ രോഗബാധിതരാകുകയും ചെയ്യുന്നുണ്ട്. അത്യപൂര്‍വ്വമായ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രോഗത്തിന് അടിമപ്പെട്ടും, ദുരന്തത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടും എല്ലാ വിഭാഗം അമേരിക്കന്‍ ജനതയും വലിയൊരു വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്. മാര്‍ക്കിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിസ്സഹായരായ അമേരിക്കയിലെ ഇതര തസമൂഹങ്ങളിലേക്കുകൂടി ഈ സാഹചര്യത്തില്‍ വ്യാപിപ്പിക്കുന്നത് തികച്ചും അനുയോജ്യവും അനിവാര്യവുമാണെന്ന ചിന്തയാണ് സംഘടനയ്ക്കുള്ളത്. പ്രസ്തുത ഉദ്യമത്തിനായി സംഘടിപ്പിച്ച ധനസമാഹരണ സംരംഭത്തില്‍ അംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്താല്‍ കേവലം രണ്ടു ദിവസത്തിനുള്ളില്‍ 7000 ഡോളറോളം സമാഹരിക്കാന്‍ കഴിഞ്ഞതില്‍ തികച്ചും കൃതാര്‍ത്ഥരാണ്.

വിശക്കുന്നവന് അന്നം നല്‍കുകയെന്നത് മഹത്തായ ഒരു പുണ്യപ്രവര്‍ത്തിയാണ്. വര്‍ഷങ്ങളായി തുടരുന്ന അക്രമങ്ങളുടേയും, തൊഴിലില്ലായ്മയുടേയും, നിരക്ഷരതയുടേയും ഇരകളായി പ്രതീക്ഷ കൈവെടിഞ്ഞ് ദിനരാത്രങ്ങള്‍ തള്ളുന്ന ചിക്കാഗോയിലെ സൗത്ത് സൈഡ് കൗണ്ടിയില്‍ കോവിഡ് 19 രോഗം മൂലവും അതുമൂലമുണ്ടായ ഉയര്‍ന്ന മരണനിരക്കുംതൊഴില്‍ നഷ്ടവും ഇരട്ടി പ്രഹരമാണ് ഏല്‍പിച്ചിട്ടുള്ളത്. ഈ ജനതയ്ക്കിടയില്‍ ഏതാണ്ട് 4 പതിറ്റാണ്ടായി, സെന്റ് സബീന പാരീഷ് വികാരിയായ ഫാ. മൈക്കിള്‍ ഫ്‌ളിഗര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ഗണ്‍ വയലന്‍സിനെതിരേയും, വിദ്യാഭ്യാസ സൗകര്യങ്ങളും, തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുവാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, അസാന്മാര്‍ഗിക ജീവിതശൈലിക്കും അടിമപ്പെട്ടവരെ സന്മാര്‍ഗ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും അദ്ദേഹം നടത്തുന്ന വിശ്രമരഹിത പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നിരവധി അംഗീകാരവും ബഹുമതിയും അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്. കോവിഡ് ദുരന്തം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണി അനുഭവപ്പെടുന്നവര്‍ക്കിടയില്‍ പ്രതിവാരം 800 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന പദ്ധതി നടത്തിവരുകയാണ് ഫാ. മൈക്കിള്‍ ഫ്‌ളിഗര്‍. സാമൂഹ്യ സംഘടനകളുടേയും സുമനസ്സുകളുടേയും സംഭാവനകള്‍ വഴി നടത്തിവരുന്ന ഈ പദ്ധതിയിലേക്ക് 5000 ഡോളര്‍ സംഭാവന നല്‍കുന്നത് തികച്ചും ഉചിതമാണെന്ന പൊതുവികാരമാണ് മാര്‍ക്ക് അംഗങ്ങള്‍ക്കിടയിലുള്ളത്. പ്രസ്തുത തുക മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 1210 W 78th ST-ല്‍ സ്ഥിതിചെയ്യുന്ന  സെന്റ് സബീന ചര്‍ച്ചില്‍ വച്ചു മാര്‍ക്ക് പ്രസിഡന്റ് റന്‍ജി വര്‍ഗീസും ഇതര ഭാരവാഹികളും ചേര്‍ന്നു അദ്ദേഹത്തിനു കൈമാറുന്നതാണ്.ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് എട്ട് അംഗങ്ങള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കുചേരുവാന്‍ കഴിയൂ.

സംഘടനയുടെ മുന്‍ പ്രസിഡന്റ് വിജയന്‍ വിന്‍സെന്റ് വിഭാവന ചെയ്ത് 'Heal the Sick and Feed the Sick' എന്ന സന്ദേശവുമായി മാര്‍ക്ക് ഏര്‍പ്പെട്ടിരിക്കുന്ന ഈ ധനസമാഹരണത്തിലൂടെ ലഭിക്കുന്ന ബാക്കി തുക പൂര്‍ണ്ണമായും കോവിഡ് ദുരിതയാതന അനുഭവിക്കുന്ന ചിക്കാഗോയിലെ മലയാളി സഹോദരങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനാണ് സംഘടനയുടെ തീരുമാനം. സഹായം ആവശ്യമുള്ളവര്‍ക്ക് മാര്‍ക്ക് പ്രസിഡന്റ് റന്‍ജി വര്‍ഗീസുമായോ, ഇതര എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുമായോ ബന്ധപ്പെടുക. അപേക്ഷകരുടെ പേരുവിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നു സംഘടനാ നേതൃത്വം ഉറപ്പു നല്‍കുന്നു. ഈ ധനസമാഹരണ സംരംഭത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി സഹകരിച്ച എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഏവരേയും, വിശിഷ്യാ മുന്‍ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ സ്കറിയാക്കുട്ടി തോമസിനേയും പ്രസിഡന്റ് പ്രശംസിച്ചു. സംരംഭത്തോട് അകമഴിഞ്ഞ് സഹകരിച്ച് ഉദാരമായി സംഭാവന നല്‍കിയ മാര്‍ക്ക് അംഗങ്ങള്‍ ഏവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക