Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (ഭാഗം-7: തോമസ് കളത്തൂര്‍)

Published on 02 May, 2020
എവിടെയോ  നഷ്ടപ്പെട്ടവര്‍  (ഭാഗം-7: തോമസ് കളത്തൂര്‍)
(ഇതിലെ കഥാപാത്രങ്ങളും  സംഭവങ്ങളും വെറും ഭാവന മാത്രം.  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.)   
                            
ജിജോയുടെയും  നളിനിയുടെയും  മന:സമ്മതം  കഴിഞ്ഞു.     ഏതാനം ദിവസങ്ങള്‍ക്കകം വിവാഹവും  നടത്തി.   ബിസിനസ്കളുമായി  ബന്ധപ്പെട്ട വളരെ കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു.   വിവാഹ ശേഷം നളിനി,    ജിജോയോടൊപ്പം  ഹൂസ്റ്റണിലെ  വീട്ടില്‍ എത്തി,   കുടുംബ  ജീവിതം  ആരംഭിച്ചു.   അവള്‍  ബാലചന്ദ്രന്റെയും  തന്റെയും  മാതാ പിതാക്കളുമായി  എഴുത്തുകുത്തുകളാല്‍  ബന്ധപെട്ട് കൊണ്ടിരുന്നു.    വിവാഹത്തിന്  മുന്‍പ് തന്നെ  അവരില്‍ നിന്നൊക്കെ അനുഗ്രഹാശംസകള്‍  നേടിയിരുന്നു.    എല്ലാ  വിവരങ്ങളും,  പൂര്‍ണമായും,  രാജന്‍ തോമസും  നളിനിയും  അവരെ അറിയിച്ചിരുന്നു.     "ഹണി മൂണ്‍" നാട്ടിലാകാം എന്ന് ജിജോയും  നളിനിയും തീരുമാനിച്ചു.        തങ്ങളോടൊപ്പം  കൂടാന്‍ രാജന്‍ തോമസിനെയും  വത്സലേയും  നിര്‍ബന്ധിച്ചു  സമ്മതിപ്പിച്ചു. നാലു വിമാന ടിക്കറ്റുകള്‍ കൊച്ചിയിലേക്കും തിരിച്ചും   ബുക്ക് ചെയ്തു.    ഭാര്യയുടെ പ്രസവം അടുത്ത് വരുന്നതിനാല്‍  ബിപിന് അവരോടൊപ്പം   പോകാന്‍ കഴിഞ്ഞില്ല.          അങ്ങനെ  സന്തോഷകരമായ  ആ യാത്രയ്ക്ക്,   ഹ്യൂസ്റ്റണ്‍  ഇന്റര്‍ കോണ്ടിനെന്റല്‍  എയര്‍ പോര്‍ട്ടില്‍ നിന്നും  വിമാനത്തില്‍ കയറി.   എല്ലാവരും ഓരോ പുതിയ മനുക്ഷ്യരായി അവര്‍ക്കു തന്നെ തോന്നി.
                         
ആ നീണ്ട യാത്ര ആരംഭിച്ചു.   വിമാനം ഭൂമിയില്‍ നിന്ന്  ഉയരത്തിലേക്ക്  പറന്നു പൊങ്ങി.   ആവശ്യമായ  ഉയരത്തില്‍  എത്തിയ ശേഷം,  ഒരു കഴുകനെ പോലെ ആകാശ നീലിമയിലൂടെ  ഒഴുകി നീങ്ങാന്‍ ആരംഭിച്ചു........ഒരു ഇളക്കവും  അനക്കവും അനുഭവ  പ്പെടാതെ...... . യാത്രക്കാര്‍,  വിജനമായ  ഇരിപ്പിട നിരകളെ  കണ്ടുപിടിച്ചു,    കിടന്നു വിശ്രമിക്കാനും ഉറങ്ങാനുമുള്ള  ശ്രമത്തിലാണ്.     രാജന്‍ തോമസും സൗകര്യ പ്രദമായ  ഇരിപ്പിടങ്ങള്‍ കണ്ടുപിടിച്ചു, ഒന്ന് കിടന്നു ഉറങ്ങാനായി  ശ്രമിച്ചു.    ചിന്തകള്‍  മനസിലൂടെ  ഘോഷ യാത്ര  ആരംഭിച്ചു.     ഇത്രനാളും, സ്ഥല കാലങ്ങളിലൂടെ ഉള്ള യാത്ര മാത്രമായിരുന്നു.        എന്നാല്‍ ഇന്ന്  അവയ്ക്കു ഒപ്പം  തന്റെ ഉള്ളിലൂടെയും  മൈലുകള്‍ താണ്ടുകയാണ്.      ആദ്യമായി,… അമേരിക്കയിലേക്കു  വരാനായി,  ബോംബയിലേക്കുള്ള  ട്രെയിന്‍ യാത്ര……….. ഒരു വലിയ കാര്യം സാധിച്ചതിലുള്ള  സ്വയം സംതൃപ്തി യോടെ,     താനെ ഉണ്ടായ അഹംഭാവത്തോടെ,  സീറ്റില്‍ വിശ്രമിക്കുക  ആയിരുന്നു. 

 കീറതുണിയുടുത്ത ഒരു ബാലന്‍,  തന്റെ വയറിലടിച്ചു പാടി കൊണ്ട്, ഭിക്ഷ യാചിക്കുന്നു.   അന്ന്, താന്‍ ആ പാട്ടിന്റെ അര്‍ത്ഥമോ,  പാടുന്ന ബാലന്റെ ദയനീയ  പശ്ചാത്തലമോ  ആലോചിച്ചില്ല.   ആ കുട്ടിയുടെ  മുഷിഞ്ഞു നാറുന്ന വസ്ത്ര ത്തിനോടും  അവനോടു തന്നെയും  ഒരു വെറുപ്പായിരുന്നു.   ഇന്നും  ആ പാട്ട് ഓര്‍മയില്‍   തങ്ങി നില്ക്കുന്നു.   "മേരാ നാം ജോക്കര്‍" എന്ന ഹിന്ദി സിനിമയിലെ  "ജീനാ  യഹാം....    മര്‍നാ യഹാം..., ഉസ്‌കെ സിവാ..   ജാനാ നഹിം...."   എന്ന ഗാനം, എത്ര അര്‍ത്ഥവത്താണ്  എന്ന് ഇന്ന് ഓര്‍ക്കുന്നു .   ജനന മരണങ്ങള്‍ ക്കിടയിലൂടെ,   താന്‍ എന്തെല്ലാം  കടമ്പകള്‍ കടന്നു.  ഇനി എന്തൊക്കെ കടമ്പകള്‍ ആവുക നേരിടുക....   ' ശിഖണ്ഡിനി'   ആയി പിറന്ന  ധ്രുപതി പുത്രി,      യക്ഷന്റെ   ദയ യാല്‍  'ശിഖണ്ഡി' ആയി മാറിയത് പോലെ,  ബാലചന്ദ്രന്റെ  ശരീരം സ്വീകരിച്ചു  ജീവിക്കുന്നു.     ഓരോരുത്തരും  അവരറിയാതെ തന്നെ  ആരുടെയെല്ലാം  കാരുണ്ണ്യത്തിലാണ്  ജീവിക്കുന്നത്.? ആര്‍ക്കും  അപകടം പറ്റാതെ, വിമാനം  ലക്ഷ്യ സ്ഥാനത്തു എത്തിക്കണമെന്ന് നിര്‍ബന്ധമുള്ള പൈലറ്റ്.    യാത്രക്കാരുടെ  ആവശ്യങ്ങളും സൗകര്യങ്ങളും അന്വേഷിച്ചു സഹായിക്കുന്ന   'എയര്‍ ഹോസ്റ്റസ്സുമാര്‍'..     തന്റെ പകരുന്ന രോഗം  മറ്റാരിലേക്കും വ്യാപി ക്കാതെ,  ഒതുങ്ങി ,.. മാറി..., നടക്കുന്നവര്‍.    പകരുന്ന  രോഗങ്ങളാണെന്നു അറിഞ്ഞു കൊണ്ട് തന്നെ,   മറ്റുള്ളവരെ പരിചരിച്ചു  സുഖ പ്പെടുത്തുന്ന  ഡോക്ടര്‍മാരും  നേഴ്‌സുമാരും .....മറ്റുള്ളവര്‍ക്കായി പാര്‍പ്പിട സൗകര്യവും    യാത്ര സൗകര്യവും  ഉണ്ടാക്കുന്ന എഞ്ചിനീര്‍മാര്‍ മുതല്‍,     നാറുന്ന ചപ്പു ചവറുകള്‍  നിര്‍മാര്‍ജനം  ചെയ്യുന്നവര്‍ വരെ.... . അവരൊക്കെ  എന്തു പ്രതി ഫലം പറ്റുന്നു എന്നതല്ല നോക്കേണ്ടത്,       അവരിലെ നല്ല അംശം കാണുക.   സമൂഹത്തിനു ലഭിക്കുന്ന പ്രവര്‍ത്തിയുടെ മാഹാത്മ്യം  ആണ്  പ്രധാനം.   അത്  മനസിലാക്കിയാല്‍  അഹന്ത പമ്പ കടക്കും…..    ഇന്ന് പലതിലും  കുറ്റ ബോധം തോന്നുന്നു.
                      
എയര്‍ പോര്‍ട്ടില്‍,  രാജന്‍ തോമസിനും വത്സലക്കുമായി  ഏതാനും ബന്ധുക്കളും,    എന്നാല്‍ നളിനിയെ സ്വീകരിക്കാന്‍ ഒരു നാട് മുഴുവനായും,  എത്തിയിരുന്നു.    അവര്‍ക്കു, ‘അവള്‍’ നഷ്ട പെട്ടവള്‍ ആയിരുന്നു.   എന്നാല്‍, ഇന്ന് തിരികെ കിട്ടിയപ്പോള്‍,  അവരെല്ലാം  വീണ്ടും  അവകാശ വാദം മുഴക്കാന്‍ ആരംഭിച്ചു.    മകനെ നഷ്ടപെട്ട  ഗോവിന്ദന്‍ കുട്ടിയും ഭാര്യയും,    നിറകണ്ണുകളോടെ  രാജന്‍ തോമസിനെ ചുറ്റി പിടിച്ചു.          വളര്‍ത്തു മകളുടെ തിരിച്ചു വരവില്‍ കറിയാ മാപ്പിളയും അന്നാമ്മ ചേട്ടത്തിയും ആനന്ദ അശ്രുക്കള്‍ പൊഴിച്ച് കൊണ്ട്  ഇരു  കൈകളാലും  നളിനിയെ  സ്വീകരിച്ചു.      ഇരു  മാതാപിതാക്കളും   ജിജോയുടെ കൈകളിലും  തോളത്തും  മാറി മാറി തഴുകു ന്നുണ്ടായിരുന്നു,    ഒരു ‘സ്വീകരിക്കല്‍ നടപടി’  എന്ന പോലെ .   സ്വന്തം നെഞ്ചില്‍ കൈ അമര്‍ത്തി കൊണ്ട്,  അവരെ ആശ്വസിപ്പിക്കാനായി രാജന്‍ തോമസ് പറഞ്ഞു,      "മരിച്ചു പോയ നിങ്ങളുടെ  മകന്റെ  ശരീരം ഇതാ!...ജീവനോടെ ഇവിടെ  എത്തിയിരിക്കുന്നു.     നിങ്ങള്‍ സന്തോഷിക്കുക അല്ലെ  വേണ്ടത്?      ജിജോ യുടെ തോളില്‍  കൈ വെച്ച് കൊണ്ട്,  "എന്റെ മാംസവും രക്തവും  ആണ്,  എന്റെ മകന്‍.   അവന്‍ നിങ്ങളുടെ മകളായ നളിനിയെ,  നിങ്ങളുടെ എല്ലാം,..  അനുവാദത്തോടും  അനുഗ്രഹ ആശിസുകളോടും  വിവാഹം  കഴിച്ചു.   പലതും  നഷ്ടപ്പെട്ടവരുടെ  വീണ്ടെടുപ്പിന്റെ  ആഘോഷമാണ്.     ദുഃഖിക്കാതെ,... ഇനി സന്തോഷിച്ചു ജീവിക്കാം,  നമുക്ക് എല്ലാവര്ക്കുീകൂടി".    നഷ്ടപെട്ടവരുടെ  കൂടി വരവിന്റെ  ഒരു സ്വര്‍ഗീയ  അനുഭൂതി,   മന്ദ മാരുതനായി,  അവരെ  തഴുകി,...  അനുഗ്രഹിച്ചു...കടന്നു പോയി.

(അവസാനിച്ചു)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക