Image

വാക്കനൽ പൊള്ളൽ ( ദിനസരി-5: ഡോ.സ്വപ്ന. സി. കോമ്പാത്ത്)

Published on 02 May, 2020
വാക്കനൽ പൊള്ളൽ ( ദിനസരി-5:  ഡോ.സ്വപ്ന. സി. കോമ്പാത്ത്)
വാക്കുകളുടെ മാന്ത്രികസിദ്ധി നമുക്കെല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള സംഗതിയാണ്. ഏതു രീതിയിൽ വേണമെങ്കിലും വാക്കുകളെ പരിചരിക്കാനും പരിവർത്തനം ചെയ്യാനും സാധിക്കുന്ന  എഴുത്തുകാരുടെ പ്രതിഭയും അസാമാന്യം തന്നെ. ഏതു വികാരത്തേയും അതിശക്തമായി വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന കൃത്യത്തിൽ  സൂക്ഷ്മത പുലർത്തുന്നവരാണ് എഴുത്തുകാർ .  വാക്കുകളെക്കുറിച്ചുള്ള ഉദ്ധരണികളിൽ ഏറ്റവും ഗംഭീരമായി തോന്നിയിട്ടുള്ളത് എമിലി ഡിക്കൻസിന്റേതാണ്.

A word is dead
When it is said,
Some say.   

I say it just
Begins to live
That day.

എഴുതുന്നതോടെ അല്ലെങ്കിൽ വായിക്കപ്പെടുന്നതിലൂടെ വാക്കുകൾ മരിക്കുന്നില്ല. എഴുതപ്പെട്ട വാക്കുകൾ പതിനായിരക്കണക്കിന് വായനക്കാരുടെ ഉള്ളിൽ പുതുനാമ്പുകളായി മുളക്കുന്നതും പല ദിശകളിലേക്കും പടരുന്നതും എത്ര രസകരമായ അനുഭവമാണ്. എഴുത്തും വായനയും പിന്തുടരുന്ന ജൈവികമായ പരിസരത്തിന്റെ ഹരിതാഭയാണ് സഹാനുഭൂതിയും സഹജീവികാരുണ്യവുമായി നമ്മിൽ തണൽ വിരിക്കുന്നത്.    വായനയ്ക്കു ശേഷം  മനസ്സിനുള്ളിൽ കനലായി കിടന്ന്  നമ്മെപൊള്ളിക്കുന്നത്  പോലെയുള്ള  എത്രയോ  അനുഭവങ്ങളുണ്ട്.  തുടർന്നുള്ള യാത്രയിൽ ഒരിറ്റു കാരുണ്യത്തോടെ മറ്റുള്ളവരെ ഒന്നു നോക്കാനെങ്കിലും അവ നമ്മെ പ്രേരിപ്പിക്കും.

2020 ജനുവരിയിൽ ഡി സി  ബുക്സ് പ്രസിദ്ധീകരിച്ച, ചന്ദ്രമതിയുടെ വാണ്ടർലസ്റ്റ് എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം അത്തരത്തിലുള്ളതാണ്. പതിനഞ്ച് കഥകളുടെ ഈ സമാഹാരത്തിലെ  വാക്കുകൾ എന്നൊരു കഥയിൽ നിന്ന് തുടങ്ങാം . "തീരെ ചെറുപ്പത്തിൽ കിലുക്കാംപെട്ടി എന്നു പേരുവീണ ഒരു പെൺകുട്ടിയുണ്ടായിരുന്നു. സൃഷ്ടിസമയത്ത് ദൈവം ഒരു പാട് വാക്കുകളെ അവൾക്കുള്ളിൽ നിറച്ചതുകൊണ്ട് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവ അവളിൽ നിന്ന് പുറത്തുചാടാൻ മത്സരം തുടങ്ങി. " നിന്നെക്കാൾ സംസാരിക്കുന്ന ഒരാളെയാവും നിനക്ക് കിട്ടുക .അതായിരിക്കും നിനക്കുകിട്ടാൻ പോകുന്ന ശിക്ഷ എന്ന്  അച്ഛമ്മ ' സ്നേഹം കലർന്ന ശാസനയോടെ അവളെ ഭയപ്പെടുത്താൻ നോക്കി.

 പക്ഷേ സംസാരമിഷ്ടപ്പെടാത്ത, സംസാരത്തിലും ചിരിയിലും വിമുഖനായ ഒരാളെ ഭർത്താവായി ലഭിച്ചതാണ് അവളുടെ ജീവിതത്തിലെ വഴിത്തിരിവായത്.പിന്നീട് കേൾക്കാനാളില്ലാത്ത,  പുറത്തേക്കിറങ്ങാൻ ഒരു വഴിയുമില്ലാതെ കൊട്ടിയടക്കപ്പെട്ട അവളുടെ  വാക്കുകളെ പോലെ ജീവനും ശരീരത്തിൽ നിന്ന് പൊഴിഞ്ഞു പോകുമ്പോൾ ,വ്യർത്ഥമായ വാക്കുകളിലൂടെ ഉറ്റവർ കരയുമ്പോൾ "അവർ പിടിച്ചെടുത്തതും അവൾ സ്വയം കളഞ്ഞതുമായ വാക്കുകൾ പൊടിപിടിച്ച മൂലയിൽ കിടന്ന് ഇളകി ചിരിച്ചു. "  വാക്കുകൾ കനലുകളായി പൊളളിക്കുന്നത് ഇങ്ങനെയല്ലേ?

മലയാളത്തിലെ ചെറുകഥാരചയിതാക്കളിൽ വ്യതിരിക്തമായ ആഖ്യാനശൈലി പിന്തുടരുന്ന പ്രതിഭയാണ്  ചന്ദ്രമതി. ദുർഗ്രാഹ്യതകളില്ലാതെ, സാങ്കേതികപദാവലികളില്ലാതെ, ജീവിതത്തിലെ വേലിയേറ്റ-വേലിയിറക്കങ്ങളെ നേരിട്ടനുഭവിപ്പിക്കുന്ന കഥനരീതി. പ്രത്യക്ഷത്തിൽ തിരമാലകളില്ലാതെ തെളിഞ്ഞ ജലാശയങ്ങളെ പോലുള്ള കഥകളുടെ ഉൾവഴികളിലെ ചുഴികളിൽ പെട്ട് ശ്വാസംമുട്ടാതെ വായനക്കാർക്ക് മുന്നോട്ടു പോകാനാവില്ല .അപകർഷതാബോധമുള്ള എന്നാൽ ഉയരാനാഗ്രഹിക്കുന്ന  സാഹിത്യതത്പരനായ നായകനും അയാളിൽ നിന്നും അടിമുടിവ്യത്യസ്തയും തന്റേടത്തോടെ ,തിരിച്ചറിവോടെ ജീവിക്കുവാനാഗ്രഹിക്കുന്ന നായികയുടെ ജീവിതവീക്ഷണത്തിലെ വൈരുധ്യവുമാണ് വാണ്ടർ ലസ്റ്റ് എന്ന കഥയുടെ  കാതൽ.

ഫെമിനിസം തന്റെ കഥകൾക്ക് കരുത്തു പകരുന്ന ശക്തമായ ആയുധമായി ചന്ദ്രമതി  ടീച്ചർ ഉപയോഗിക്കുന്നു. അത് കൊടിപിടിച്ചു ജയ് വിളിച്ചു നടക്കുന്ന പ്രത്യക്ഷവിപ്ലവാഹ്വാനമായല്ല നമുക്കനുഭവപ്പെടുക .യഥാർത്ഥ നീതിനിഷേധങ്ങളെ അതിന്റെ ആഴത്തിലേക്ക് വലിച്ചുതാഴ്ത്തി ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഞാൻ അഹല്യ എന്ന കഥ അതിനുദാഹരണമാണ് ആധുനിക ഡോക്ടർ ദമ്പതിമാരായ ഗൗതമനും അഹല്യയും ,ആരാണ് കുറ്റം ചെയ്തത് എന്നുറപ്പിക്കാൻ വേണ്ടി നമ്മെ ഒന്നു കൂടെ വായിക്കാൻ പ്രേരിപ്പിക്കും.

ചന്ദ്രമതി ടീച്ചർ തെരഞ്ഞെടുക്കുന്ന ബിംബങ്ങളും പ്രത്യേകതകളുള്ളതാണ്. ചണ്ടക്കോഴി എന്ന കഥ അത് സ്പഷ്ടമാക്കിത്തരും.  തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കാൻ രാഷ്ട്രീയക്കാർ അസീൽ കോഴികളാക്കി പരുവപ്പെടുത്തിയെടുക്കുന്ന നമ്മുടെ  കുഞ്ഞുങ്ങളെ ഇത്രയും ഉചിതമായ മറ്റൊരു ബിംബത്തിലൂടെ ആർക്കും സൂചിപ്പിക്കാനാവില്ല. വാർധക്യത്തിന്റെ അനാഥത്വവും ( ഉപ്പുമാവ്) ,മൂന്നാം ലിംഗക്കാരോടുള്ള സാമൂഹികനിലപാടും (മൊട്ടക്കുന്ന് ) ദാമ്പത്യ ബന്ധത്തിലെ വിള്ളലുകളും (പേനയെത്താത്ത ദൂരങ്ങൾ ), നിഷേധിക്കപ്പെടുന്ന സ്ത്രീയവസരങ്ങളും ( ചവുണ്ടമുണ്ട്) ഒരവസാനവുമില്ലാത്ത ബാലപീഡനങ്ങളും ( രമണനും ചന്ദ്രികയും ) എല്ലാം ചേർത്ത്  ജീവിതത്തെ അതിവിദഗ്ധമായി പറിച്ചെടുത്ത്  പുസ്തകത്താളുകളിലേക്ക് പതിച്ചു വെച്ചിരിക്കുന്നു.

ടീച്ചറുടെ കഥകളിൽ നമ്മൾ കാണുന്നത് നമ്മുടെ ചുറ്റുപാടുകളെയാണ്. മാധ്യമങ്ങളിലൂടെ, സുഹൃത്തുക്കളുടെ വർത്തമാനങ്ങളിലൂടെ, നമ്മുടെ നിലക്കണ്ണാടിയിലൂടെ നമ്മൾ കാണുന്നതെല്ലാം ചന്ദ്രമതി ടീച്ചർ അക്ഷരങ്ങളിലേക്കാവാഹിക്കുന്നു. കഥ പറയാനുള്ള മിടുക്കും കഥയ്ക്ക് പേരിടാനുള്ള മിടുക്കും എടുത്തു പറയാതിരിക്കാനാവില്ല. അനുഭാവപൂർവ്വം പരിഗണിക്കാൻ എന്ന കഥയുടെ പ്രമേയം നമ്മൾ പല തവണ കേട്ടിട്ടുള്ള വൃദ്ധസദനങ്ങളുടെ കഥയിൽ നിന്നും എത്രയെത്ര  വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്.കഥ പിന്തുടരുന്ന കാലത്തിന്റെ
നൈരന്തര്യം പോലെ മാധവിക്കുട്ടിയും ചന്ദ്രികയും രമണനുമെല്ലാം ഈ കഥകളിൽ കഥാപാത്രങ്ങളായി വരുന്നുവെന്ന പ്രത്യേകതയുണ്ട്.

 നവരസങ്ങളിൽ ബീഭത്സവും ഭയാനകവും രൗദ്രവുമൊന്നും നിറച്ച് വായനയെ സങ്കീർണ്ണമാക്കാതെ ശാന്തമായി,ഹാസ്യത്തിന്റെ മേമ്പൊടിയോടെ ജീവിത യാഥാർത്ഥ്യങ്ങളുടെ ഭയാനകതയിലേക്ക് അനുവാചകരിലേക്ക് നയിക്കുന്ന കഥകളാണിവ. കുരുമുളകിന്റെ എരിവ്  പോലെ  അത്ര പെട്ടെന്നൊന്നും തീരാത്ത തരത്തിൽ നമ്മുടെ കണ്ണിൽ നീർപൊടിയിക്കുന്ന രചനാതന്ത്രം ഒരു മനുഷ്യസ്നേഹിയുടെ, സമാധാനകാംക്ഷിയുടെ വൈദഗ്ധ്യമാണ്.
വാക്കനൽ പൊള്ളൽ ( ദിനസരി-5:  ഡോ.സ്വപ്ന. സി. കോമ്പാത്ത്)
വാക്കനൽ പൊള്ളൽ ( ദിനസരി-5:  ഡോ.സ്വപ്ന. സി. കോമ്പാത്ത്)
Join WhatsApp News
Sudhir Panikkaveetil 2020-05-03 10:42:54
നാട്ടിലെ എഴുത്തുകാരുടെ രചനകളെക്കുറിച്ചു ശ്രീമതി സ്വപ്ന സി കോമ്പാത്ത് എഴുതുന്ന നിരൂപണ പരമ്പര അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ഇവിടത്തെ എഴുത്തുകാർക്ക് വളരെ പ്രയോജനകരമാണ്. ചന്ദ്രമതി ടീച്ചർ അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതയാണ്. ഇവിടത്തെ ഒരു പത്രത്തിൽ അവർ ഒരു കോളം എഴുതിയിരുന്നു. ഒരു പത്രം അവർക്ക് അവാർഡ് നൽകിയിരുന്നു. ചന്ദ്രമതി ടീച്ചർക്കും ഭാവുകങ്ങൾ നേരുന്നു. ശ്രീമതി സ്വപ്‍ന താങ്കളുടെ നല്ല അവതരണം നല്ല അപഗ്രഥനം, നല്ല ഭാഷ. അഭിനന്ദനങ്ങൾ .
Girish Nair 2020-05-03 12:49:53
Excellent narration....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക