Image

അമേരിക്കന്‍ മലയാളസാഹിത്യ പരിചയം (ശ്രീ വാസുദേവ് പുളിക്കലിന്റെ 'വിചാരധാരകള്‍' (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍ Published on 02 May, 2020
 അമേരിക്കന്‍ മലയാളസാഹിത്യ പരിചയം   (ശ്രീ വാസുദേവ് പുളിക്കലിന്റെ 'വിചാരധാരകള്‍'  (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍  ശ്രീ വാസുദേവ് പുളിക്കല്‍ എഴുതിയ ബൃഹത്തായ പുസ്തകമാണ് ''വിചാരധാരകള്‍'. ഈ പുസ്തകത്തില്‍ അദ്ദേഹം ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയ പഠനങ്ങളും അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴാംകടലിനക്കരെ ഒരു മലയാളസാഹിത്യം  വളരുന്നുവെന്ന വളരെ സന്തോഷകരമായ ഒരു അറിവാണ് ഈ പുസ്തക വായനയിലൂടെ ലഭിച്ചത് . അവിടത്തെ  പ്രമുഖരായ ചില  എഴുത്തുകാരുടെ കൃതികളെ ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടാന്‍ ഒരവസരം ലഭിക്കുന്നു. അമേരിക്കയിലെ എല്ലാ എഴുത്തുകാരെയും പരാമര്‍ശിക്കുന്ന ഒരു പുസ്തകമല്ലിതെന്നും നമുക്ക് ഊഹിക്കാം. എഴുത്തുകാരുടെ കൃതികള്‍ പൂര്‍ണ്ണമായി വായിച്ച് അതിലെ ആശയങ്ങളും, സന്ദേശങ്ങളും ശ്രീ വാസുദേവ് സംക്ഷിപ്തമായി ഇതില്‍ എഴുതിയിരിക്കുന്നു.  ഓരോ എഴുത്തുകാരുടെയും കഴിവിനെയും അഭിരുചിയേയും കുറിച്ചുള്ള ഏകദേശ രൂപരേഖ ഇദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

നാട്ടിലെ മുഖ്യധാരയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ അധികം പേരൊന്നും പ്രത്യക്ഷപ്പെടാതിരിക്കയും അവര്‍ക്ക് അര്‍ഹിക്കുന്ന ഒരു വേദി അവിടെ കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തില്‍ ഇത്തരം പുസ്തകങ്ങള്‍ അവരെ വായനക്കാരിലേക്ക് എത്തിയ്ക്കുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച് വളരെ വിപുലമായ അറിവ് ഈ എഴുത്തുകാരനുണ്ടെന്ന് അദ്ദേഹം എഴുതിയ സാഹിത്യനിരൂപങ്ങളില്‍ നിന്നും മനസ്സിലാക്കാം. അദ്ദേഹം ഒരു എഴുത്തുകാരന്റെ രചനയെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റമറ്റ കൃതികളാണ് 
അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ എന്ന ഒരു ധാരണ വായനക്കാര്‍ രൂപപെടുത്തിയെടുക്കാന്‍ സാദ്ധ്യതയുണ്ട്.

അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പ്രശസ്തരായ  ഡോക്ടര്‍ എന്‍. പി. ഷീല , ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പു,  പ്രൊഫസ്സര്‍ ജോസഫ് ചെറുവേലി, ശ്രീ. രാജു തോമസ്, ശ്രീ സാംസി കൊടുമണ്‍, ശ്രീ സുധീര്‍ പണിക്കവീട്ടില്‍, ശ്രീമതി. സരോജ വര്‍ഗീസ്, ശ്രീ ബാബു പാറക്കല്‍, ശ്രീ സി. ആന്‍ഡ്രുസ്, ശ്രീ ജോസ് ചെരിപ്പുറം എന്നിവരെകുറിച്ചും അവരുടെ അഭിരുചികളെയും കുറിച്ച്  ശ്രീ പുളിക്കല്‍ ഈ 

പുസ്തകത്തിലൂടെ വായനക്കാരെ പരിചയപ്പെടുത്തുന്നുണ്ട്.  കൂടാതെ മുംബൈയില്‍ നിന്നും  തൊടുപുഴ കെ ശങ്കര്‍ എന്ന കഴിവുറ്റ കവിയുടെ കവിതകളെക്കുറിച്ചും നിരൂപണം ചെയ്തതിട്ടുണ്ട്.  

രചനയുടെ കാലക്രമം രേഖപ്പെടുത്തിയിട്ടില്ലെങ്കിലൂം ആദ്യ രചന ഏതെന്നു മനസ്സിലാക്കാന്‍ കഴിയും.  ഓരോ നിരൂപണങ്ങള്‍ എഴുതുമ്പോഴും ഇദ്ദേഹത്തിന്റെ നിരൂപണത്തിലുള്ള പാണ്ഡിത്യം കൂടുതല്‍ ശ്രദ്ധേയമാകുന്നു.    അതേ സമയത്തുതന്നെ ലേഖനങ്ങളിലും,  മലയാളത്തിലെ ക്ലാസ്സിക്ക് കൃതികളെക്കുറിച്ചുള്ള പഠനങ്ങളിലും മൗലികതയുണ്ട്.  ജ്ഞാനപ്പാനയിലെ തത്വസംഹിതകളെ ആധാരമാക്കിയെഴുതിയ ലേഖനത്തില്‍ ലേഖകന്റേതായ ഒരു വീക്ഷണം പറയാതെ പൊതുവായി അതിലെ കവിതകള്‍ വിവരിച്ചിരിക്കയാണ്. ഈ കവിതകള്‍ കൂടുതല്‍ ശ്രദ്ധേയമാണെന്നു വായനക്കാരെ ഓര്‍മ്മപ്പെടുത്തലായി തോന്നി.   ജ്ഞാനപ്പാന തന്നെ ഒരു വിമര്‍ശനമാണ് .കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ...പൂന്താനം എഴുതിയത് വര്‍ഷങ്ങള്‍ക്ക് 
മുമ്പാണെലും ഇപ്പോഴും അതിനു  പ്രസക്തിയുണ്ടെന്ന് വായനക്കാരും തിരിച്ചറിയുന്നു. 

കൂടാതെ വൈലോപ്പിള്ളിയുടെ കവിതകളെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും ഈടുറ്റ  ലേഖനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.  ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന പേരില്‍ എം.കെ. സാനുമാഷുടെ ഒരു പുസ്തകമുണ്ട്.  ശ്രീ വാസുദേവും ചങ്ങമ്പുഴ കവിതകളെ പഠനവിധേയമാക്കി തയ്യാറാക്കിയ ലേഖനത്തില്‍ ചങ്ങമ്പുഴയുടെ കാഴ്ച്ചപ്പാടുകളും, ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ സൗകുമാര്യതയും വര്‍ണ്ണിച്ചിട്ടുണ്ട്.

എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണമെന്ന  വിശ്വാസകാരനാണ് ശ്രീ പുളിക്കല്‍. ഋഷി മാര്‍ പാടിയ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വാക്യം അദ്ദേഹം ഉദ്ധരിക്കുന്നു. വേദസാഹിത്യത്തിന്റെ ലക്ഷ്യം ലോകനന്മയും ആധ്യാത്മിക ഉയര്‍ച്ചയുമാണെന്നു അദ്ദേഹം സ്ഥാപിക്കുന്നു.  അമേരിക്കന്‍ മലയാള സാഹിത്യത്തിലെ  നിരൂപണ ശാഖയെക്കുറിച്ച് ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ പയേറിയയിലെ പനിനീര്‍പ്പൂക്കള്‍ എന്ന ഗ്രന്‍ഥം അവലോകനം ചെയ്തുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ എഴുത്തുകാരും മാധ്യമങ്ങളും എന്ന ലേഖനത്തില്‍ ഒരു കവി എഴുതിയ വിവരം ഉദ്ധരിക്കുന്നുണ്ട്. കവിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വളരെ ലജ്ജാകരമായ ഒരു അറിവാണ് അത് തരുന്നത്. അമേരിക്കയിലെ ചില പത്രങ്ങള്‍ എഴുത്തുകാരെ അവഗണിക്കുന്നു. അതിനു അവര്‍ ആധാരമായി കാണുന്നത് ഒരു ഫോര്‍മുല യാണ്.  അതിങ്ങനെ സ്വന്തം സഭ + വരിസംഖ്യ = കൃതികള്‍ക്ക് മേന്മ. എഴുത്തുകാരെ 
പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ടെന്നു അദ്ദേഹം ഉറപ്പിച്ച്  എഴുതുന്നു.  

പ്രവാസതീരത്ത് ഒരു ഭാഷാസ്‌നേഹി എന്നാണു ശ്രീ പണിക്കവീട്ടില്‍ ശ്രീ പുളിക്കലിനെ വിശേഷിപ്പിച്ചിരിക്കുന്നത് . ഇദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഭാഷാസ്‌നേഹിയായ ശ്രീ പുളിക്കലിനെ കാണാം. മലയാള ഭാഷയുടെ വികാസ് സാധ്യതകളും പരിണാമവും എന്ന ലേഖനത്തില്‍ അദ്ദേഹം മലയാള ഭാഷയുടെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. അദ്ദേഹം പറയുന്നു പാശ്ചാത്യ സംസ്‌കാരം കേരളത്തെ സ്വാധീനിക്കുന്നു. വിദ്യാര്‍ത്ഥികള്‍ മലയാളത്തിന് പകരം ഇംഗളീഷ് പഠിക്കുന്നു.  മലയാളഭാഷയുടെ ജന്മഗ്രഹമായ കേരളത്തില്‍ മലയാളം വളര്‍ന്നില്ലെങ്കില്‍ പിന്നെ അതിന്റെ ഭാവിയെന്താകും. വായനക്കാരെയും ബന്ധപ്പെട്ട അധികാരികളെയും ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. മലയാള ഭാഷക്ക് ശ്രേഷ്ഠ പദവി ലഭിച്ചപ്പോള്‍ അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്.  മലയാളം സര്‍വ്വകലാ സ്ഥാപനവും ശ്രേഷ്ഠ പദവിയും മലയാളത്തെ രക്ഷിക്കുമെന്ന വിശ്വാസം അദ്ദേഹം വച്ച് പുലര്‍ത്തുന്നു.


ശ്രീ. പുളിക്കലിന്റെ  ലേഖനങ്ങളില്‍ മിക്കവയും ഭാഷയും, സാഹിത്യവും മുഖ്യവിഷയങ്ങളാക്കുന്നവയാണ്. എഴുത്തുകാരനു വായന ആവശ്യമാണോ? വേദ സാഹിത്യവും വേദസാഹിത്യത്തെ പ്രതിരോധിക്കുന്ന ആധുനിക സാഹിത്യ പ്രവണതയും, സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാരന്‍, ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം, മലയാള സാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം, എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുക ഇങ്ങനെ പോകുന്ന ഇദ്ദേഹത്തിന്റെ ലേഖനങ്ങളുടെ തലക്കെട്ടുകള്‍ എല്ലാം തന്നെ മലയാള സാഹിത്യത്തില്‍ അധിഷ്ഠിതങ്ങള്‍ ആണ്.

ഗുരുദേവന്റെ ചിന്തകളും ദര്‍ശനങ്ങളും വളരെ ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്.  താഴ്ന്ന ജാതിക്കാര്‍ അവരുടെ അപകര്‍ഷതാബോധം മാറ്റാന്‍ കൃസ്ത്യന്‍ മിഷനറിമാരുടെ സ്വാധീനത്തില്‍ ക്രമാതീതമായി മതം മാറിക്കൊണ്ടരിക്കുമ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ ഉപദേശം മതപരിവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും, ജാതിഭേദ ചിന്തകള്‍ വിടാന്‍ 
മനുഷ്യരെ ബോധവാന്മാരാക്കിയതും ശ്രീ പുളിക്കല്‍ എഴുതിയത് വായനക്കാരെ ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു, ചിന്തിപ്പിയ്ക്കുന്നു.  . ഗുരുവിന്റെ 'ഒരു പീഢയുറുമ്പിനും വരുത്തരുത്' എന്ന ചിന്തയും മനുഷ്യ മനസ്സുകളിലേക്ക് എത്തിക്കുന്നവിധത്തില്‍ ശ്രീ പുളിക്കല്‍ തന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഈ പുസ്തകം അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച് വിശദമായ അറിവ് ഇത് പകരുന്ന വിജ്ഞാന സ്രോതസ്സാണ്.  കൂടാതെ ഈടുറ്റ ലേഖനങ്ങളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളും വൈവിധ്യമാര്‍ന്നതാണ്. ആധ്യാത്മിക വിഷയങ്ങള്‍, നന്മ തിന്മയുടെ വിചാരങ്ങള്‍, ഭഗവത്ഗീത, രാമായണ പാരായണം നല്‍കുന്ന ഫലശ്രുതി. ഓരോ അധ്യായവും വായനക്കാരന് അറിവ്  പകരുന്നതിനോടൊപ്പം തന്നെ അവന്റെ ചിന്തകളില്‍ ബുദ്ധിപ്രസരം ഉണ്ടാക്കുന്നു.

ശ്രീ വാസുദേവ് പുളിക്കലിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു.

Join WhatsApp News
Giri Warrier 2020-05-03 00:29:36
വലരെ നല്ല ആസ്വാദനക്കുറിപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക