Image

കടലെടുത്തൊരു കവിത(സുനീതി ദിവാകരന്‍ )

സുനീതി ദിവാകരന്‍ Published on 02 May, 2020
കടലെടുത്തൊരു കവിത(സുനീതി ദിവാകരന്‍ )
ഈ കടലിലെ ഓളങ്ങളിലെവിടെയോ 
തടഞ്ഞു നില്ക്കുന്നുണ്ടെന്റെ കവിത 
തിരിച്ചു വരാത്ത ഒരു തിരയുടെ കൈ പിടിച്ച് 
കടലിലേക്കിറങ്ങിപ്പോയൊരു കവിത 
കൊലുസിട്ടൊരു തിര വന്ന് കിലുകിലെ ചിരിച്ചപ്പോള്‍ 
കരഞ്ഞു പോയി ഞാന്‍ - 
ഈ കടലിനക്കരെയാണെന്റെ കവിത 
കണ്ണീരു വെറുക്കുന്ന കൊലുസിട്ട തിര ചൊല്ലി 
മറുതീരത്തു പോയി മടങ്ങിവരുവോളം കാക്കാന്‍ 
കളഞ്ഞു പോയ കവിതയെ തിരഞ്ഞു കൊണ്ടുവരുവോളം കാക്കാന്‍ 
കടല്‍ നോക്കി,  തിര നോക്കി കടല്‍തീരത്തിരിക്കുമ്പോള്‍ 
വെയില്‍ വന്നു,  മഴ വന്നു 
കടലിനു വേണ്ടാത്തതൊക്കെ തിര തിരിച്ചു തന്നു 
കടല്‍ മെല്ലെ ചുവന്നു,  പിന്നെ ചുവപ്പു മാറി കറുത്തു 
കടല്‍ കാണുന്ന കുട്ടികളും 
കടല വില്‍ക്കുന്നൊരാളും മടങ്ങി 
തിര വന്നു,  തിര പോയി,  കടല്‍തീരം മൂകമായി 
കൊലുസിട്ട തിരമാത്രം തീരത്തായണഞ്ഞില്ല 
' മറുതീരം ദൂരെയല്ലേ,   നീന്തിയിങ്ങോട്ടെത്തണ്ടേ '
മനസ്സുറക്കെ പറഞ്ഞപ്പോള്‍ 
തിര പാടും തീരത്ത് വീണ്ടും കടല്‍ നോക്കിയിരിപ്പായി 
ഇരുള്‍ മൂടി,  തണുപ്പേറി,  കടല്‍ പോലുമുറങ്ങിപ്പോയ് 
കടല്‍ കണ്ട കൊതി തീര്‍ന്ന എന്റെ 
കണ്ണുകളും മയക്കമായി 
കൊലുസിന്റെ ചിരി കേട്ട് കൊതിയോടെ ഉണര്‍ന്നപ്പോള്‍ 
തിരയുമില്ല,  തീരത്താരുമില്ല 
മറുതീരം താണ്ടി വെറും കയ്യോടെ മടങ്ങി വന്ന 
തിര അഴിച്ചുവെച്ച കൊലുസും പിന്നെ 
തീരത്ത് ഈ ഞാനും മാത്രം ബാക്കി

കടലെടുത്തൊരു കവിത(സുനീതി ദിവാകരന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക