Image

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അകലെ: പക്ഷെ ടെക്‌സസില്‍ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 May, 2020
പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അകലെ: പക്ഷെ ടെക്‌സസില്‍ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു (ഏബ്രഹാം തോമസ്)
ടെക്‌സസില്‍ നിബന്ധനകള്‍ക്ക് വിധേയമായി വ്യാപാരേതര സ്ഥാപനങ്ങള്‍ തുറന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കൊറോണ വൈറസിനെ നേരിടാന്‍ സംസ്ഥാനം പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല എന്ന് വിമര്‍ശനം ഉയര്‍ന്നു.
കോവിഡ്-19 ഉണ്ടോ എന്നറിയാന്‍ സംസ്ഥാനത്ത് ദിനംപ്രതി 30,000 ടെസ്റ്റുകള്‍ നടത്തും എ്‌ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞിരുന്നു. ഇപ്പോഴും ശരാശരി 15,000 താഴെ ടെസ്റ്റുകള്‍ മാത്രമേ നടക്കുന്നുള്ളൂ.

ലോക്ക്ഡൗണ്‍, സ്‌റ്റേ അറ്റ് ഹോം ഓര്‍ഡറുകള്‍ നീക്കുന്നതിന് മുമ്പ് തുടര്‍ച്ചയായി 14 ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞ് കുറഞ്ഞു വരണം എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. സ്‌റ്റേ അറ്റ് ഹോമിന്റെ അവസാന ദിവസമായ വ്യാഴാഴ്ച സംസ്ഥാനത്ത് 50 മരണങ്ങള്‍ ഉണ്ടായി. ഇതോടെ മൊത്തം മരണങ്ങള്‍ 782 ആയി.  പോസിറ്റീവ് കേസുകള്‍ ഇതുവരെ 28, 087 ആണ്. ഡാലസ് കൗണ്ടിയില്‍ മാത്രം മരണം 100 കടന്നു. ഇത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ കണക്കുകളാണ്.
ഗവര്‍ണ്ണറുടെ ഓഫീസിന്റെ വിശദീകരണത്തില്‍ രോഗബാധയും ഹോസ്പിറ്റലൈസഷനുമാണ് പ്രധാനം ടെസ്റ്റുകളുടെ നമ്പറല്ല എന്ന് പറഞ്ഞു. ടെക്‌സസില്‍ കോവിഡ്-19 ടെസ്റ്റുകള്‍ വര്‍ധിക്കുമ്പോള്‍ പോസിറ്റീവ് കേസുകളും, വര്‍ധിക്കും. എന്നാല്‍ പോസിറ്റീവ് നിരക്ക് കുറച്ചു നിര്‍ത്താന്‍ സംസ്ഥാനം ശ്രദ്ധിക്കേണ്ടതാണ്. പോസിറ്റീവ് കേസുകളും മൊത്തം ടെസ്റ്റുകളും തമ്മിലുള്ള അനുപാതം 10% ല്‍ നിന്ന് 7% ആയി കുറഞ്ഞിട്ടുണ്ട്, ഗവര്‍ണ്ണറുടെ വക്താവ് ജോണ്‍ വിറ്റ്മാന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ് എന്നും വിറ്റ്മാന്‍ അവകാശപ്പെട്ടു.

 ചില ക്ലിനിക്ക് ജീവനക്കാര്‍ തങ്ങള്‍ക്ക് ഇപ്പോഴും കൊവിഡ്-19 ഉണ്ടെന്ന് കരുതുന്ന മുഴുവന്‍ രോഗികളെയും ടെസ്റ്റ് ചെയ്യാന്‍  കഴിയുന്നില്ല എന്ന് പരാതിപ്പെട്ടു. ടെസ്റ്റിംഗ് വര്‍ധിപ്പിക്കുവാനും ട്രേസിംഗ്  വളരെവേഗം നടത്തുവാനും ടെക്‌സസിന് കരുത്തുറ്റ ഒരു പദ്ധതിയുണ്ട്, 'ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ മര്‍ഗോലിസ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പോളിസി ഡയറക്ടര്‍ ഡോക്ടര്‍മാര്‍ക്ക് മക്ക്‌ലെല്ലന്‍ പറഞ്ഞു.

സംസ്ഥാനമൊട്ടാകെയുള്ള കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി 800 നടുത്ത് നില്‍ക്കുകയാണ്. ഏപ്രില്‍ 10ന് ശേഷം വ്യാഴാഴ്ച ആദ്യമായാണ് 1000ല്‍ അധികം പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ചത്തെ 50 മരണങ്ങളും ആദ്യമായാണ് സംഭവിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഡാലസ് കൗണ്ടിയില്‍ പുതിയ കേസുകള്‍ കുറവായിരുന്നു. ആ ആഴ്ച ഇത് വര്‍ധിച്ചു. സിറ്റി ഓഫ് ഡാലസ് ഉപലബ്ധമായ ബെഡ്ഡുകളുടെ  67% ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടു ചെയ്തു. ഇത് പുതിയ കൊറോണ വൈറസ് കേസുകള്‍ മൂലമാണ്, ഇലക്ടീവ് സര്‍ജറി മൂലമല്ലെന്ന് മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു. പ്രദേശത്തെ ആശുപത്രികള്‍ കൂടുതല്‍ രോഗികള്‍ക്കു വേണ്ടി തയ്യാറെടുക്കുകയാണ്.
വ്യാഴാഴ്ച ഡാലസ് കൗണ്ടി റിപ്പോര്‍ട്ട് ചെയ്ത റെക്കോര്‍ഡ് നമ്പര്‍ 179 കേസുകള്‍ക്ക് കാരണം അതിന് മു്മ്പുള്ള ദിനങ്ങളില്‍ ഗ്രോസറി, ബിഗ് ബോക്‌സ് ജീവനക്കാരെ ടെസ്റ്റിംഗില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ടാണ്. കൗണ്ടിയുടെ ഡ്രൈവ് ത്രൂ ലൊക്കേഷനുകളില്‍ കര്‍ശനമായ ടെസ്റ്റിംഗ് നടന്നില്ല എന്നും ആരോപണമുണ്ട്.

ആബട്ട് തന്റെ പദ്ധതി അനാവരണം ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും സ്ഥിതിഗതികള്‍ ആവശ്യപ്പെട്ടാല്‍ സാമൂഹിക അകല നിയമം വീണ്ടും ഏര്‍പ്പെടുത്തും എന്ന് പറഞ്ഞു. പുതിയ കേസുകള്‍ നിരീക്ഷിക്കുന്നതോടൊപ്പം ഹോസ്പിറ്റലൈസേഷനുകളും മരണങ്ങളും അവലോകനം ചെയ്യും. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും ടെക്‌സസിലെ ആശുപത്രികള്‍ രോഗികളെ വേണ്ടവിധത്തില്‍ സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ റെസ്‌റ്റോറന്റുകളും മറ്റും ഉപഭോക്താക്കളെ സ്വീകരിക്കുമ്പോള്‍ വ്യക്തികള്‍ നേരിട്ടുള്ള സമ്പര്‍ക്കമുണ്ടാകും. ഇത് രോഗം പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും.

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അകലെ: പക്ഷെ ടെക്‌സസില്‍ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക