Image

വീടുകൾ ( കവിത: ഡോ.എസ്.രമ)

Published on 01 May, 2020
വീടുകൾ ( കവിത: ഡോ.എസ്.രമ)
ആഗ്രഹം  പാഥേയമായപ്പോഴാണ്
ആവശ്യത്തിന്റെ ബീജം ചലിച്ചത്
അനിവാര്യതയുടെ ഗർഭപാത്രത്തിലൊരു
ഭ്രൂണമടിസ്ഥാനശിലയിട്ടത്.
വെള്ളിടി വെട്ടി പെയ്ത മഴയിൽ
കുരുത്തകൂണു പോലെ വീണ്ടുമൊരു വീട്  ജനിച്ചത്.
ഒന്നമർത്തി ഞെരിക്കുമ്പോൾ
പൊടിഞ്ഞു പോകാൻ മാത്രം  ജനിക്കുന്ന  കൂണുകൾ.
മോഹങ്ങളുടെ മേൽക്കൂര
താങ്ങിയ ചുമരുകൾക്ക് 
സ്വപ്‌നങ്ങളുടെ നിറമായിരുന്നു..

കലപില കൂട്ടിയ കുഞ്ഞുങ്ങളതൊരു
കിളിക്കൂടാക്കി
പ്രതീക്ഷകളുടെ
പൂത്തിരി കത്തിച്ചു
പ്രകാശം നിറച്ചു വച്ചു
ഇരവിനും പകലിനുമിടയിൽ
മരിച്ചു വീഴും ദിനങ്ങളിൽ
കാലമൊരു കടിഞ്ഞാണില്ലാത്ത
കുതിര പോൽ പാഞ്ഞു.

പറക്കമുറ്റിയ  കിളിക്കുഞ്ഞുങ്ങളൊരു 
ദിനം  പറന്നു പോയി.
മൗനമൊരു കുടിയേറ്റക്കാരനായെത്തിയപ്പോൾ
ഓർമ്മസഞ്ചിയിൽ
വിഷാദത്തിന്റെ  കനം കൂടി
ചിറകു തളർന്ന പഴമയൊരു
ദിനം മാഞ്ഞു പോയി.

അപ്പോഴാണൊരു വീട്
മാറാലപ്പുതപ്പിനുള്ളിലഭയം പ്രാപിച്ചത്
ഉറങ്ങാൻ തുടങ്ങിയത്.
അപ്പോഴാണ്
അടഞ്ഞ വാതായനങ്ങൾക്കിടയിലൂടെ 
ചിതലുകൾ നുഴഞ്ഞു കയറിയത്.
പറമ്പിലെ പടർപ്പുകൾ മെല്ലെ
മുറ്റത്തേക്കും തെല്ലുവേഗമകത്തേക്കും കയറിയത്.
സത്യത്തിലൊരു
വീടപ്പോൾ ദയാവധം കൊതിക്കുന്നുണ്ടാകും .
അന്തർഗതം മനസ്സിലാക്കിയെന്നോണം
പറന്നു പോയ കിളികൾ
ക്ഷണനേരമെങ്കിലുമൊന്നു തിരിച്ചെത്തും .
പഴമയുടെയാഗ്രഹങ്ങളെയവർ  പകുത്തെടുക്കും
വിലയിട്ട്  മരണമുറപ്പാക്കും.

ശവക്കുഴിയിൽ അസ്ഥിവാരം തോണ്ടി
പുതിയ അവകാശികളെത്തും.
അപ്പോഴുമുണ്ടാകും തെരുവിന്റെ തിണ്ണകളിൽ ആകാശം മേൽക്കൂരയാക്കിയവർ..
ഒട്ടിയ വയറിൽ വിശപ്പിന്റെ താരാട്ടുകേട്ടുറങ്ങുന്നവർ
മഴയിലും വെയിലിലും
മഞ്ഞു പുതച്ചുറങ്ങുന്നവർ
ചുമരുകളുടെ സ്വകാര്യതകൾ
അവർക്കന്യമായിരുന്നു
അവർ തെരുവിന്റെ മക്കളായിരുന്നു
ജനിച്ചു മരിക്കുന്ന വീടുകളവർക്കൊരു
വ്യാമോഹം മാത്രമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക