Image

സിബി ജോര്‍ജ് കുവൈറ്റിലെ അടുത്ത സ്ഥാനപതിയാകുമെന്ന് റിപ്പോര്‍ട്ട്

Published on 01 May, 2020
സിബി ജോര്‍ജ് കുവൈറ്റിലെ അടുത്ത സ്ഥാനപതിയാകുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി : മലയാളിയായ ഐഎഫ്എസ് ഉദ്ദ്യോഗസ്ഥന്‍ സിബി ജോര്‍ജ് കുവൈറ്റിലെ അടുത്ത സ്ഥാനപതിയാകുമെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ സ്ഥാനപതി കെ.ജീവസാഗര്‍ അടുത്ത മാസം അവസാനത്തോടെ വിരമിക്കുന്ന ഒഴിവിലേക്കാണ് സിബിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനര്‍ നിയമിച്ചിരുന്നു. ഐക്യ രാഷ്ട്ര സഭയിലേക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ്.തിരുമൂര്‍ത്തിയെ നിയമിച്ചിരുന്നു. മറ്റു ചില രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്കും മാറ്റമുണ്ട്.

1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സിബി ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു കരിയറിന്റെ ആദ്യ തുടക്കം. ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ തുടര്‍ന്നു പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്‌സ്യല്‍ കൗണ്‍സിലറുമായി യുഎസ്എയില്‍. സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹം ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു.അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുണ്ട് ഐഎഫ്എസില്‍ മികച്ച പ്രവര്‍ത്തിന് നല്‍കുന്ന എസ്.കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014-ല്‍ അര്‍ഹനായിരുന്നു.

2017-നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്സര്‍ലന്‍ഡിലെ സ്ഥാനപതിയാണ്. ആ വര്‍ഷം ഡിസംബറില്‍ തന്നെ വത്തിക്കാന്‍ സിറ്റിയുടെ ചുമതലയും വഹിച്ചുവരുന്നു.

കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ സിബിയുടെ ഭാര്യ ജോയ്‌സ് ജോണ്‍ പാംപൂരത്താണ്. ഇവര്‍ക്ക് മൂന്ന് മക്കള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക