Image

ദുബായില്‍ പ്രവാസി റജിസ്‌ട്രേഷന്‍ തുടങ്ങി, നോര്‍ക്കയില്‍ പേരുകൊടുത്തവരും എംബസി ലിസ്റ്റില്‍ പേര് നല്‍കണം

Published on 01 May, 2020
ദുബായില്‍ പ്രവാസി റജിസ്‌ട്രേഷന്‍ തുടങ്ങി, നോര്‍ക്കയില്‍ പേരുകൊടുത്തവരും എംബസി ലിസ്റ്റില്‍ പേര് നല്‍കണം


ദുബായ്: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി റജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യന്‍ എംബസി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു .റജിസ്‌ട്രേഷന് https://www.cgidubai.gov.in/covid_register/ എന്ന സൈറ്റില്‍ പ്രവേശിച്ചാണ് പേരും വിവരങ്ങളും നല്‍കേണ്ടത്.

ഒരു സമയം ഒരാള്‍ക്ക് മാത്രമേ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. കുടുംബത്തിലെ ഒരോ അംഗങ്ങളും പ്രത്യേകമായി റജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങാനുള്ളവരുടെ പ്രാഥമിക വിവരശേഖരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.

നാട്ടിലേയ്ക്ക് തിരിച്ചുപോകാനായി നോര്‍ക്കയില്‍ പേര് റജിസറ്റര്‍ ചെയ്ത മലയാളികളും എംബസിയില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ദുബായ് കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ സൈറ്റിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായെങ്കിലും വൈകാതെ തന്നെ പരിഹരിച്ചു.

മുന്‍ഗണനപട്ടിക തയാറാക്കിയശേഷമായിരിക്കും നാട്ടിലേക്കുള്ള വിമാന - കപ്പല്‍ സര്‍വീസ് ആരംഭിക്കുക .കോവിഡ് അല്ലാതെയുള്ള രോഗങ്ങള്‍ക്ക് നാട്ടില്‍ ചികിത്സ തേടേണ്ടവര്‍ , ഗര്‍ഭിണികള്‍, വയോധികര്‍, കുട്ടികള്‍, ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍, സന്ദര്‍ശക വീസയില്‍ എത്തി ജോലി ലഭിക്കാത്തവര്‍ തുടങ്ങിയവരുടെ പ്രാഥമിക പരിഗണനപട്ടിക , റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വേര്‍തിരിച്ച ശേഷം തയാറാക്കാനാണ് ശ്രമിക്കുന്നത് .

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക