Image

സൂറിച്ചില്‍ 6200 ടണ്‍ ഭാരമുളള മൂന്നുനില കെട്ടിടം തളളി നീക്കി

Published on 25 May, 2012
സൂറിച്ചില്‍ 6200 ടണ്‍ ഭാരമുളള മൂന്നുനില കെട്ടിടം തളളി നീക്കി
സൂറിച്ച്‌: സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്‌ നഗരത്തില്‍ കഴിഞ്ഞദിവസം 123 വര്‍ഷം പഴക്കവും 6200 ടണ്‍ ഭാരവുമുളള, ഇഷ്‌ടികയില്‍ തീര്‍ത്ത മൂന്നുനില കെട്ടിടം 60 മീറ്റര്‍ അകലേക്ക്‌ തളളി നീക്കി. യൂറോപ്പിലെ ഏറ്റവും വലിയ തളളിമാറ്റലിനാണ്‌ നഗരം സാക്ഷ്യം വഹിച്ചതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

സൂറിച്ചിനടുത്തുളള ഒയറിലിക്കോണ്‍ റയില്‍വേ സ്‌റ്റേഷനു സമീപം ഒരു നിര്‍മാണ കമ്പനിയുടെ ഓഫിസ്‌ ആ്‌സഥാനമാണ്‌ തളളി നീക്കിയത്‌. പ്രസ്‌തുത സ്‌ഥലത്ത്‌ പുതിയതായി വരുന്ന രണ്ടുവരി റയില്‍പാതയ്‌ക്ക്‌ ഈ പഴയ കെട്ടിടം `ശകുനംമുടക്കി ആയതോടെ, ഒന്നുകില്‍ കെട്ടിടം പൊളിച്ചു നീക്കുക, അല്ലെങ്കില്‍ തളളിമാറ്റുക എന്നീ രണ്ടു വഴികളേ അധികൃതര്‍ക്കു മുന്നിലുണ്ടായിരുന്നുളളൂ.

പഴമ നടഷ്‌ടപ്പെടാതിരിക്കാന്‍ ഈ കെട്ടിടത്തിന്‌ 60 മീറ്റര്‍ അകലെ സ്‌ഥാനം കണ്ടെത്തുകയും തളളിമാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു. മോര്‍ഗാര്‍ട്ടന്‍ എന്ന നിര്‍മാണ പ്രവര്‍ത്തന കമ്പനിയാണ്‌ ഈ വെല്ലുവിളി ഏറ്റെടുത്തത്‌. കഴിഞ്ഞ പത്തുമാസമായി കമ്പനിയുടെ 26 വിദഗ്‌ധര്‍ ഇതിനായി തീവ്രപരിശ്രമത്തിലായിരുന്നു. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ പ്രാദേശിക സമയം നാലു മണിക്ക്‌ അവര്‍ വിജയംവരിക്കുകയും ചെയ്‌തു.

500 മീറ്ററിലധികം നീളമുളള പ്രത്യേക റയില്‍പാളത്തിലൂടെ സ്‌റ്റീല്‍ ചക്രങ്ങളില്‍ ഹൈഡ്രോളിക്‌ പ്രസ്‌ യന്ത്രം ഉപയോഗിച്ചാണ്‌ ഈ മൂന്നുനിലകെട്ടിടം തളളി മാറ്റിയത്‌. 60 മീറ്റര്‍ അകലെ എത്തിക്കുവാന്‍ 19 മണിക്കൂറോളം പണിപ്പെടേണ്ടി വന്നു. കമ്പനിയുടെ ഈ പറിച്ചുനടീല്‍ കാണാന്‍ ആയിരക്കണക്കിന്‌ കാഴ്‌ചക്കാരും നൂറുകണക്കിന്‌ മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു.

കെട്ടിടം തളളിമാറ്റിയ കമ്പനിയ്‌ക്ക്‌ 60 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുണ്ട്‌. ഇതിനോടകം 400 കെട്ടിടങ്ങള്‍ കമ്പനി കേടുകൂടാതെ തളളിമാറ്റിയിട്ടുണ്ട്‌.

6200 ടണ്‍ ഭാരമുളള ഈ കെട്ടിടം മാറ്റി സ്‌ഥാപിക്കാന്‍ 120 ലക്ഷം സ്വിസ്‌ ഫ്രാങ്ക്‌ (70 കോടി രൂപ) ചെലവായി. 1889 ല്‍ നിര്‍മിച്ച ഈ ബഹുനില കെട്ടിടം ഒരുകാലത്ത്‌ യുദ്ധോപകരണ നിലവറയുമാറിരുന്നു.
സൂറിച്ചില്‍ 6200 ടണ്‍ ഭാരമുളള മൂന്നുനില കെട്ടിടം തളളി നീക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക