Image

നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കിയാൽ അവിടെ കണ്ടെത്താൻ പലതുമുണ്ടാകും (സുലേഖ ജോർജ് (അമ്മു ഏടത്തി)

Published on 30 April, 2020
നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കിയാൽ  അവിടെ കണ്ടെത്താൻ പലതുമുണ്ടാകും (സുലേഖ ജോർജ് (അമ്മു ഏടത്തി)
ഇത്തിരി ഭൂമിയും  ഇത്തിരി ആകാശവും -1


ഒരിക്കൽ ഫേസ് ബുക്കിൽ ഒരു ചോദ്യം കണ്ടു ,"രോഗം ഒരു കുറ്റമാണോ'. കുറ്റമല്ലെങ്കിലും ശിക്ഷയാണെന്ന്  തോന്നാറുണ്ട് എന്ന ഉത്തരമാണ് ആദ്യം കിട്ടിയത്. കമന്റ്   ചെയ്യാനുള്ള സമയവും സാഹചര്യവും അന്ന് ലഭിച്ചില്ല.പക്ഷെ,ആ ചോദ്യം മനസ്സിൽ കിടന്നു.
35 വർഷത്തോളം കടുത്ത ആസ്ത്മ രോഗത്താൽ വലഞ്ഞ ഒരാളെന്ന നിലയിൽ രോഗി എന്ന അവസ്ഥ ഒറ്റ നോട്ടത്തിൽ സ്വീകാര്യമല്ല എന്നു തോന്നുമെങ്കിലും  അതു വലിയ ഒരു പോസ്സിബിലിറ്റി ആണെന്നാണ് ജീവിതം എനിക്ക് മനസ്സിലാക്കി തന്നത്.
ആരോഗ്യമുള്ളവരോട് എനിക്ക് പണ്ടൊക്കെ അസൂയ ആയിരുന്നു.എന്റെ അമ്മച്ചി ഉൾപ്പെടെ.കാരണം ആരോഗ്യമുണ്ടെങ്കിൽ നന്നായി ജോലി ചെയ്യാം.ജോലി ചെയ്യുമ്പോൾ വിഷമങ്ങൾ ഒക്കെ മറക്കാം.

ഒത്തിരി ആത്മനിർവൃതി തരുമത്.ആരുടെ മുന്നിലും തല കുനിക്കേണ്ട.ഒരിത്തിരി ഈഗോയും ഉണ്ടാവില്ലേ ന്ന് സംശയം.
മറുവശമോ....നമുക്കും സദാ സ്മാർട്ട് ആയിരിക്കാൻ മോഹമുണ്ടാകും.പക്ഷെ,അസുഖം സമ്മതിക്കില്ല.'രോഗി'എന്നൊരു ലേബൽ ചാർത്തിക്കിട്ടിയാലുള്ള  അപമാനമോ ,അതും ദഹിക്കാനും സഹിക്കാനും വല്യ വിഷമമാണ്.
എന്നാലും സാരല്യ.കിടക്കാൻ ഒരു കിടപ്പാടം,വയറു നിറയാനുള്ള ചുറ്റുപാട് ഇതൊക്കെ ഉണ്ടെങ്കിൽ നമുക്ക് രോഗത്തെ മറികിടക്കാനാകും.എന്റെ അനുഭവമാണ്.

രോഗാവസ്ഥയുടെ അടിയിൽ ഒരു കനൽ പതുങ്ങികിടക്കുന്നുണ്ടാകും.ഒരു സ്പാർക്ക് .ഉള്ള ശക്തിയെടുത്തു അതിനെ അങ്ങു ഊതി കത്തിക്കാൻ ശ്രമിക്കുക.സ്റ്റീഫൻ ഹോക്കിൻസിന് ആകാമെങ്കിൽ നമുക്കും ആകാം.
ദേഹമാസകലം തളർന്നു,ഒരു വിരൽ മാത്രം ചലിപ്പിക്കാൻ കഴിയാൻ പറ്റുന്ന ഒരാൾ അതുപയോഗിച്ചു ഒരു പുസ്തകം എഴുതിയത് വായിച്ചിട്ടുണ്ട്.

രോഗം നമുക്ക് അതിജീവനത്തിനുള്ള ഒരു വെല്ലുവിളി ആണ്.
'എനിക്ക് വെറുതെ ഇരിക്കാനെ കഴിയില്ല".,ഭൂരിഭാഗം സ്ത്രീകളും അങ്ങനെയാണ്.എന്റെ അമ്മയൊക്കെ അങ്ങിനെ ആയിരുന്നു.എന്നിട്ടെന്താ ,വയസായപ്പോൾ ശരീരം മനസ്സിനൊപ്പം ഓടാതായി.അപ്പോഴുള്ള ഡിപ്രെഷൻ മറികിടക്കാൻ വല്യ പാടായിരുന്നു.ഞാനത് കൊണ്ട് എല്ലാ സ്ത്രീകളോടും വെറുതെ ഇരുന്ന് ശീലിക്കാൻ പറയും.

എന്റെ രോഗമാണ് മറ്റുള്ളവരുടെ ദുഃഖങ്ങളിൽ  കരുണ ഉണ്ടാകാൻ  പറ്റുന്നത് പോലെ സഹായിക്കാൻ എന്നെ രൂപപ്പെടുത്തിയത്.
എന്റെ അനുഭവം കൊണ്ടു പറയുവാ,നാം നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കിയാൽ  അവിടെ കണ്ടെത്താൻ പലതുമുണ്ടാകും.നമ്മുടെ തന്നെ കയ്യൊപ്പ് പതിപ്പിക്കാൻ കഴിയുന്ന പലതും.

സ്വയം അറിയുക.സ്നേഹിക്കുക.കനൽ ഊതുക.നമ്മുടേതായും ഈ ലോകത്തിന് സമർപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകും.

തീവണ്ടിപ്പാളത്തിനരികെ നിൽക്കുന്ന മനോഹരമായ കുഞ്ഞു പൂക്കളെ കണ്ടിട്ടില്ലേ.ആരും നോക്കുന്നുണ്ടാവില്ല എങ്കിലും അവർക്ക് വിരിയാതിരിക്കാൻ ആവില്ല. വിരിഞ്ഞു നിൽക്കുമ്പോഴെങ്കിലും അവർക്കുമുണ്ട് സ്വന്തമായി ഒരിത്തിരി ഭൂമിയും ഒരിത്തിരി ആകാശവും.
കെട്ടിപ്പിടിക്കാൻ അതു തന്നെ  ധാരാളം.
നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കിയാൽ  അവിടെ കണ്ടെത്താൻ പലതുമുണ്ടാകും (സുലേഖ ജോർജ് (അമ്മു ഏടത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക