Image

പ്രവാസം ഒരു തുടര്‍പ്രയാണം (ശ്രീ ജോണ്‍ മാത്യുവിന്റെ നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 29 April, 2020
പ്രവാസം ഒരു തുടര്‍പ്രയാണം (ശ്രീ ജോണ്‍ മാത്യുവിന്റെ  നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Our Beloved Bhoomi

പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള മനുഷ്യന്റെ പ്രയാണം ഒരു തുടര്‍ച്ചയാണ്. കുടിയേറ്റ ചരിത്രത്തിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്റെ പ്രവാസപ്രയാണങ്ങള്‍ തലമുറകളിലൂടെ അനസ്യൂതം, അവിരാമം, അഭംഗുരം തുടരുന്നു. മനുഷ്യസമൂഹം യാത്ര ചെയ്യുന്നു. പക്ഷികളും മൃഗങ്ങളും സ്വതന്ത്രമായി യാത്ര ചെയ്യുന്നു. യാത്രകള്‍, പുറപ്പാടുകള്‍ മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ഒരു ഭാഗമായി തീര്‍ന്നുകഴിഞ്ഞു. അത് പ്രതിദിനം കൂടിവരുന്നു. ഒരാള്‍ ജനിച്ച് വളര്‍ന്ന രാജ്യം അയാളുടെ ജന്മദേശവും കുടിയേറിയ രാജ്യം പ്രവാസഭൂമിയും ആകുന്നുവെന്നു നമ്മള്‍ വിശ്വസിക്കുമ്പോള്‍ ഈ നോവലിലൂടെ നോവലിസ്റ്റ് അതിനു ഒരു പുതിയ നിര്‍വചനം നല്‍കുന്നു. പ്രവാസത്തെക്കുറിച്ചുള്ള വായനക്കാരന്റെ സങ്കല്പ്പങ്ങള്‍ക്ക് ഒരു പുതിയ മാനം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്. ഈ നോവല്‍ ഒരു മലയാളി കുടിയേറ്റത്തിന്റെ കഥയാണെന്ന്  സാധാരണവായനക്കാരന്‍ ചിന്തിച്ചേക്കാമെങ്കിലും നോവലിസ്റ്റ് നല്‍കുന്ന വിവരങ്ങള്‍ അതിനേക്കാള്‍ ബൃഹത്തായ ഒരു തലത്തിലേക്ക് അവനെ എത്തിക്കുന്നു. ഒരിക്കല്‍ പുറപ്പെട്ടു പോയാല്‍ പിന്നെ അവര്‍ തിരിച്ച് അവിടേക്ക് തന്നെ എത്തണമെന്നില്ല. അഥവാ എത്തിയാലും ആ രാജ്യം അവനു അപരിചിതമായിരിക്കും. ആ ഭൂമിയില്‍ അവനു പരിചയമുള്ള മുദ്രകള്‍ മാറിപോയികാണും.  അവന്‍ അതുപേക്ഷിച്ച് വീണ്ടും പ്രയാണം തുടരും.  പക്ഷെ തലമുറകളുടെ സംഗമം എവിടെയോ സംഭവിക്കാമെന്നു നോവലിസ്റ്റ് കരുതുകയും തന്റെ കഥയിലൂടെ അത് സമര്‍ത്ഥിക്കയും ചെയ്യുന്നുണ്ട്.

അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ശ്രീ ജോണ്‍ മാത്യുവിന്റെ ഔര്‍ ബിലവ്ഡ് ഭൂമി (Our Beloved Bhoomi) എന്ന ഇംഗളീഷ് നോവല്‍ വായിച്ചപ്പോള്‍ അതിരുകള്‍ വയ്ക്കാതെ  ഈ ഭൂമി എവിടെയും നമ്മെ കാത്തിരിക്കുന്നുവെന്ന അറിവ് ലഭിച്ചു. ഈ അറിവിന്റെ ആധാരം ഈ നോവലിന്റെ പേരില്‍ തന്നെയുണ്ട്. പുസ്തകത്തിന്റ പേരിനെ  നമ്മുടെ  പ്രിയപ്പെട്ട ഭൂമി എന്ന് പരിഭാഷ ചെയ്യുമ്പോള്‍ ഏതു ഭൂമി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം നോവലിസ്റ്റ് പറയുന്നു ഈ ഭൂമി എല്ലാവരുടെയുമാണ്. എന്നാല്‍ ഓരോ മുദ്രകള്‍ കുത്തി നമ്മള്‍ ഭൂമിയെ നമ്മുടെതാക്കി അവകാശപ്പെടുത്തുന്നു. അപ്പോള്‍ പിന്നെ എവിടെ താമസിച്ചാലും അവിടം ജന്മഭൂമി. ഈ ഭൂമിയില്‍ ഇത്തിരി സ്ഥലം സ്വന്തമാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നോവലിലെ കഥാപാത്രം ടോമി അമേരിക്കയിലേക്ക് കുടിയേറി പാര്‍ക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ഗ്രാമത്തെക്കുറിച്ച് നോവലിസ്റ്റ് കുറെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരന്‍  മാത്തുണ്ണി അപ്പച്ചന്‍ നല്‍കുന്ന വിവരങ്ങള്‍ ടോമിയെ അമ്പരപ്പിക്കുന്ന പോലെ നമ്മെയും ജിജ്ഞാസഭരിതരാക്കുന്നു.  മാത്തുണ്ണി അപ്പച്ചന്റെ കാഴ്ച്ചപ്പാടില്‍  ഈ ലോകം ഇങ്ങനെ നീണ്ടു പരന്നു കാണപ്പെടുന്നെങ്കിലും  മനുഷ്യരെല്ലാം പരസ്പരം ബന്ധമുള്ളവരും അവരുടെ വേരുകള്‍ ലോകം മുഴുവന്‍ പടര്‍ന്നു കിടക്കയും ചെയ്യുന്നുവെന്നാണ്. പണ്ടെങ്ങോ യൂറോപ്പില്‍ നിന്നും പുറപ്പെട്ട രണ്ടുപേരില്‍  ഔസേപ്പ് എന്നയാള്‍ കേരളത്തില്‍ എത്തിപ്പെട്ടു. മറ്റെയാള്‍ ബ്രസീലിലും. ആ ഔസേപ്പിന്റെ പരമ്പരയിലെ ഒരു കണ്ണിയാണ് ടോമി.

ഈ വിവരണങ്ങളിലൂടെ മനുഷ്യന്‍ പ്രവാസിയായത് അവന്റെ പൂര്‍വികരെ കണ്ടുമുട്ടുവാനാണോ എന്ന് വായനക്കാരനെകൊണ്ട് ചിന്തിപ്പിക്കുന്നു നോവലിസ്റ്റ്.  ടോമിയുടെ അമേരിക്കന്‍ജീവിതത്തില്‍ അയാള്‍ വിവാഹിതനാകുകയും പിതാവാകുകയും ചെയ്യുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മകന്‍ വിവാഹം ചെയ്ത ബ്രസീല്‍കാരിപെണ്‍കുട്ടി യൂറോപ്പില്‍നിന്നും പുറപ്പെട്ട ജെയ്മിയുടെ പിന്‍തലമുറക്കാരിയായി വിശ്വസിക്കപ്പെടുന്നുണ്ട്.  തലമുറകളിലൂടെ പൂര്‍വ്വപിതാക്കന്മാരുടെ ഒരു സംഗമം.

ഭൂമിയില്ലാത്തവര്‍ക്ക് പതിമൂന്നര സെന്റ് ഭൂമി കൊടുക്കണമെന്ന ആവശ്യവുമായി അന്നത്തെ കമ്യുണിസ്‌റ്പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്ന കാലം.  കരകളെ വേര്‍തിരിക്കുന്ന തോടുകള്‍ക്ക് മുകളിലൂടെ ഒറ്റത്തടിപാലങ്ങള്‍, കാപ്പിയും, റബ്ബറും കുരുമുളകും വളരുന്ന തൊടികള്‍, പിന്നെ നിഷ്ക്കളങ്കരായ ഗ്രാമീണര്‍. ടോമിയുടെ അമ്മയുടെ സഹോദരന്‍ ജോര്‍ജച്ചയുടെ  വീടിനടുത്തുള്ള മേരി എന്ന യുവതി. ജോര്‍ജച്ചയ്ക്ക് ടോമി മേരിയെ കെട്ടണമെന്ന മോഹമുണ്ടായിരുന്നു. ടോമിക്ക് ആഗ്രഹമുണ്ടെങ്കിലും അയാള്‍ പ്രകടിപ്പിക്കുന്നില്ല. മേരിയും നിശബ്ദതയില്‍ അത് ഒതുക്കുന്നു. എന്നാല്‍ അയാള്‍ തന്റെ വരനായി വന്നെങ്കിലോ എന്നുകരുതി അയാളുടെ ഭാവി ശോഭനമാകാന്‍ വിദ്യാഭ്യാസം തുടരണമെന്ന് അയാളോട് പറയുന്നുണ്ട്. പക്ഷെ അനുരാഗം തുറന്നുപറയാന്‍ മടിക്കുന്നു. തുറന്നുപറയാന്‍ കഴിയാതെ നഷ്ടപ്പെട്ട എത്രയോ പ്രണയദുരന്തങ്ങളുടെ കഥകള്‍  ഗ്രാമങ്ങളുടെ മാത്രം സ്വന്തമാണ്. എന്നാല്‍ അമേരിക്കയില്‍വച്ച് ടോമി പരിചയപ്പെടുന്ന ലിസ എന്ന പെണ്‍കുട്ടി അയാളോട് സംസാരിക്കാന്‍ ഉത്സാഹഭരിതമായ മുന്‍കൈ എടുക്കുന്നത് കാണാം.  അങ്ങനെ അവര്‍ വിവാഹിതരാകുന്നു. അമേരിക്കയില്‍  ഉദ്യോഗാര്‍ത്ഥം എത്തിയ അവിവാഹിതരായ യുവതികള്‍ മിടുമിടുക്കികള്‍ ആണെന്ന് ലിസ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് അറിയിക്കുന്നു. ചില കഥാപാത്രങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റ വിശാലദൃശ്യങ്ങളും നോവലിസ്റ്റ് ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചതാണെങ്കിലും   ഇംഗളീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ കുറേക്കൂടി അന്തര്‍ദേശീയതലത്തിലേക്കും അതേപോലെ മലയാളം അറിയാത്ത പുതുതലമുറകാരിലേക്കും എത്താനുള്ള അവസരം ഈ നോവലിന് ലഭ്യമാകുന്നു.   ഈ നോവലിന്റെ കാതലായ ഭാഗം മുഴുവന്‍ ഒരു മലയാളി അമേരിക്കയില്‍ എത്തുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ ചരിത്രവും അമേരിക്കയില്‍ എത്തുന്നതും അവിടേക്ക് ജീവിതം പറിച്ചുനടുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്.  അയാള്‍ കണ്ടുമുട്ടുന്ന മറ്റു മലായാളികളും ഇതിലെ കഥാപാത്രങ്ങളാകുന്നു. പ്രവാസികളുടെ മാനസികസംഘര്‍ഷത്തിന്റെ,  അവന്റെ പൊങ്ങച്ചങ്ങളുടെ മായാത്തചിത്രങ്ങള്‍  അതിവിദഗ്ദ്ധതയോടെ നോവലിസ്റ്റ് വരച്ചിടുന്നു. അമേരിക്കന്‍മലയാളിയുടെ മോഹമാണ് ത്രീപീസ് സ്യുട്ടില്‍ നിറഞ്ഞ സദസ്സിന്റെ മുന്നില്‍നിന്ന് ഒരു സംഘടനയുടെ ഭാരവാഹിത്വവും പേറി നാല് വാക്കു സംസാരിക്കുകയെന്നത്.  ആ മോഹം പലപ്പോഴും അവരെ കോമാളികളാക്കുന്നു. കുറച്ച് നര്‍മ്മംചേര്‍ത്ത് അത്തരം സംഗതികള്‍ നോവലിസ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരോഗമനപരമായ ചിന്താഗതികള്‍ ഉണ്ടായിട്ടും നോവലിലെ കഥാനായകന്‍ മറ്റു മലയാളികളെപോലെ അമേരിക്കയില്‍ ഒരു സംഘടന (GLOMU) ഉണ്ടാക്കുകയും അതിന്റെ തലപ്പത്ത് ഒരു സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നതായി നോവലിസ്റ്റ് സൂചിപ്പിക്കുന്നു.

തലമുറകളുടെ വിടവുകളില്‍പ്പെട്ട നിസ്സഹായരാകുന്നവരെയും നോവലിസ്റ്റ് കാണി ച്ചുതരുന്നുണ്ട്. ബ്രസീലുകാരി പെണ്‍കുട്ടിയെ വധുവാക്കി വീട്ടില്‍വരുന്ന മകന്‍ പെണ്‍കുട്ടിയോട് വലതുകാല്‍വച്ച് കയറു എന്ന് നിന്ദാഗര്‍ഭമായി പറയുന്നത് അവന്റെ 'അമ്മ നിസ്സഹായയായി നോക്കിനില്‍ക്കുന്ന രംഗം മികവോടെ ചിത്രീകരിച്ചിരിക്കുന്നു.  അതിനോടനുബന്ധമായി നോവലിസ്റ്റിന്റെ കാഴ്ച്ച്ചപ്പാടുകള്‍ അദ്ദേഹം തുന്നിച്ചേര്‍ക്കുന്നുണ്ട്. അതുകൊണ്ട്    നോവല്‍ വായിച്ചുകഴിയുമ്പോള്‍ പ്രവാസത്തിന്റെ ഒരു കഥ വായിച്ച പ്രതീതിയല്ല ഉളവാക്കുന്നത്. വായനക്കാരനും ഒരു പ്രവാസിയാകുന്നുവെന്നാണ്. നമ്മുടെ ഉല്പത്തിയും, വേരുകളും, പുതിയ തലമുറ അഭിമുഖീകരിക്കാവുന്ന പ്രശ്‌നങ്ങളും മനസ്സില്‍ നിറഞ്ഞുവരുന്നു. എന്നാല്‍ മലയാളി കുടിയേറ്റത്തിന്റെ കഥ പറയുന്ന നോവല്‍ എന്ന സങ്കുചിത നിര്‍വചനം ഈ പുസ്തകത്തിനു ചേരുകയില്ല.

നോവലിലെ കഥാപാത്രം മലയാളിയാണെങ്കിലും പ്രവാസജീവിതം പൊതുവായി എല്ലാവരുടെയും പോലെ അയാള്‍ക്കും അനുഭവപ്പെടുന്നുണ്ടെന്നു മാത്രം. കഥയുടെ കാലഘട്ടം 1974 ല്‍ നിന്ന് തുടങ്ങി ഈ അടുത്തകാലം വരെ എത്തിനില്‍ക്കുന്നു. സ്വന്തം നാടെന്ന ചിന്ത കെടാത്തവിളക്കുപോലെ എല്ലാ പ്രവാസികളുടെയും മനസ്സില്‍ കത്തികൊണ്ടിരിക്കുന്നത്‌കൊണ്ടാകാം ടോമിക്ക് തന്റെ നാടിന്റെ അവസ്ഥ കാണാനുള്ള മോഹം അയാളെ അവിടെ എത്തിക്കുന്നു. ടോമിയുടെ ഭാര്യയുടെ ചിന്തയില്‍ ആ മോഹം മേരിയെ കാണാനെന്നാണ്. പിറന്ന നാട്ടിലേക്ക് നീണ്ട പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തുന്ന ടോമി ഒരിക്കല്‍ തന്റെ ഭാര്യയാകുമെന്ന് പ്രതീക്ഷിച്ചവളെ, മേരിയെ  യാദൃശ്ചികമായി  കണ്ടുമുട്ടുന്നുണ്ട്. ടോമിയുടെ ജോര്‍ജച്ചയുടെ വീട്ടില്‍ വച്ച് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ജോര്‍ജച്ച ടോമിയെ അറിയിക്കുന്നു. ഒരിക്കല്‍ പതിമ്മൂന്നര സെന്റ് ഭൂമിക്കുവേണ്ടി സമരം ചെയ്തവര്‍ക്ക് ഇന്ന് ഭൂമി വേണ്ട. മനുഷ്യര്‍ പ്രവാസികളാകുമ്പോള്‍ ഭൂമിക്ക് വിലയിടിയുന്നു. തന്റെ യൗവ്വനകാലത്ത് സുഖകരമായ അനുഭൂതികള്‍ പകര്‍ന്ന പരിസരത്തിലൂടെ ഒന്ന് നടക്കാന്‍ ആഗ്രഹിക്കുന്ന ടോമിക്കൊപ്പം മേരിയും പോകുന്നു. ഒരു കുടക്കീഴില്‍ അവര്‍ നിശ്ശബ്ദരായി നടക്കുന്നു. ഇരുവരും വിവാഹിതര്‍ ആണെങ്കിലും മേരി വിധവയാണ്. തെന്നാതെ നടക്കാന്‍ ടോമി ഉപദേശിക്കുമ്പോള്‍ മേരി പറയുന്ന മറുപടിയില്‍ അവളില്‍ ഉറങ്ങാതെ കിടക്കുന്ന മോഹത്തിന്റെ പ്രതിധ്വനിയുണ്ട്. “:ഞാന്‍ വീണാല്‍ എന്നെ പിടിച്ചുയര്‍ത്താന്‍ ടോമിയുണ്ടല്ലോ? മണ്ണും പെണ്ണും വിട്ടേച്ചുപോയാല്‍ പരഹസ്തങ്ങളില്‍ എത്തിപ്പെടുമെന്ന പഴമൊഴി ഈ കഥയില്‍ യാഥാര്‍ഥ്യമാകുന്നു.
ടോമി തന്റെ പ്രവാസത്തില്‍ ഒരു ഇണയെ കണ്ടുമുട്ടി. അവരില്‍ ഒരു മകന്‍ പിറക്കുന്നു.അപ്പോള്‍ രണ്ട് തലമുറയുടെ കഥ ഇതില്‍ ഉള്‍പ്പെടുന്നു. കുടിയേറ്റത്തിലൂടെ ഒരു വ്യക്തിക്ക് നന്മയാണോ തിന്മയാണോ ലഭിക്കുന്നത് എന്നത് അയാളുടെ കാഴ്ച്ചപ്പാടിനെ ആസ്പദമാക്കിയിരിക്കും.  എന്നാല്‍ ഈ നോവല്‍ നമ്മെ പഠിപ്പിക്കുന്നത്  പ്രവാസം ഒരാളില്‍ നിന്നും പലതും കവരുന്നു പകരമായി പലതും അവനു ലഭിക്കുന്നുവെന്നാണ്. അതേസമയം തലമുറകളുടെ സംഗമം എന്നപോലെ തന്നെ നാട്ടില്‍ ഒരുമിച്ചുണ്ടായിരുന്നവരും ഇവിടെ കണ്ടുമുട്ടുന്നു.  ടോമിയുടെ കുട്ടിക്കാലത്ത്  ആ കാലഘട്ടം താഴ്ന്ന ജാതിക്കാരന്‍ എന്ന് മുദ്ര കുത്തിയ കൂട്ടുകാരില്‍ ഒരാളുടെ മകള്‍ അമേരിക്കയിലെ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി ഗ്ലോമുവിന്റെ വാര്‍ഷികആഘോഷത്തില്‍ ഒരു നൃത്തം അവതരിപ്പിക്കുന്നു. കാലത്തിന്റെ പുരോഗമനങ്ങള്‍, പുതിയ തലമുറയുടെ ചിന്താഗതികള്‍, ഭാര്യാഭര്‍തൃ ബന്ധത്തിലെ പാളിച്ചകള്‍, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനും അവരെ സഹായിക്കാനും ചിലപ്പോള്‍ അവര്‍ക്ക് പാരയാകാനും ശ്രമിക്കുന്നവരുടെ സംഭാഷണങ്ങള്‍ എല്ലാം ഒരു പ്രവാസിയായ എഴുത്തുകാരന്റെ ദൃക്‌സാക്ഷിവിവരണം പോലെ അവബോധത്തോടെ വിവരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം ഓരോരുത്തരുടെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് പ്രവാസത്തിന്റെ കാതല്‍. മനുഷ്യര്‍ മുദ്രകുത്തി വേര്‍തിരിച്ചില്ലെങ്കില്‍ മരണാനന്തരം ഭൂമിയില്‍ എവിടെയും അവനു വിശ്രമിക്കാം. പ്രവാസത്തിന്റെ കഥയോടൊപ്പം നോവലിസ്റ്റ് പറയുന്നത് തലമുറകളിലൂടെ ഭൂമിക്ക് വലുപ്പം കൂടുന്നു. അത് എല്ലാവരുടെയും ആകുന്നു. ഒന്ന് സ്വന്തമാക്കുമ്പോള്‍ മറ്റൊന്ന് നഷ്ടമാകുന്നുവെന്ന സത്യവും.

ആദ്യതലമുറക്ക് പ്രവാസഭൂമി എന്തൊക്കെ സൗഭാഗ്യങ്ങള്‍ നല്‍കിയാലും  അവന്റെ പിറന്ന നാടും പ്രിയപ്പെട്ടവരും ഒരു നീറ്റലായി അവനെ അലട്ടിക്കൊണ്ടിരിക്കും. പ്രവാസം മനുഷ്യന് വിധിക്കപ്പെട്ടതാണ്. നോവലിസ്റ്റ് ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. ആദാമിന്റെ ആദ്യസന്തതി കെയ്ന്‍ ആദ്യത്തെ പ്രവാസിയാണെന്നു അദ്ദേഹം പറയുന്നു.  പ്രവാസത്തിന്റെ വേദന അനുഭവിക്കുന്നവര്‍ ആദ്യതലമുറയാണ്. തലമുറകളിലൂടെ ജന്മനാടിന്റെ ഓര്‍മ്മ വേരറ്റുപോകുന്നു. പക്ഷെ മലയാളിക്ക് മാത്രം അങ്ങനെ പൂര്‍ണ്ണമായി പ്രവാസഭൂമിയില്‍ അലിഞ്ഞു ചേരാന്‍ കഴിയുന്നില്ല.അതിനുകാരണം മലയാളി എവിടെ പോയാലും അവന്റെ  കൂടെ കൊണ്ടുപോകുന്ന ചില വിശ്വാസങ്ങളും മൂല്യങ്ങളുമാണ്. മറ്റു രാജ്യക്കാരേക്കാള്‍ തന്റെ രാജ്യവും തന്റെ സമൂഹവും മെച്ചപ്പെട്ടെതെന്ന മൂഢധാരണയും പ്രവാസനാട്ടിലെ മണ്ണില്‍ അവന്റെ കാലു ഉറപ്പിക്കില്ല. അവന്റെ പൊങ്ങച്ചങ്ങളും തന്മൂലമുണ്ടാകുന്ന മാനസിക സംഘര്ഷങ്ങളും അവനെ പ്രവാസഭൂമിയില്‍ അന്യനാക്കുന്നു. ചേക്കേറിയ മണ്ണില്‍ സ്വന്തം ജന്മനാട് കാണാന്‍ കഴിയാതെ, അതേസമയം ജന്മനാട്ടിലേക്ക് പോകാന്‍ കഴിയാതെ മരണം വരെ പ്രവാസിയായി കഴിയുക.

ഒരു നോവലിന്റെ അവസാനം എങ്ങനെ വേണമെന്നുള്ളത് എഴുത്തുകാരന്റെ വെല്ലുവിളിയാണ്.  ഇവിടെ നോവലിസ്റ്റ് അത് അനായേസം നിര്‍വഹിച്ചിരിക്കുന്നു.  ജീവിതം ഒരു ത്രാസ്സുപോലെയാണ് അതില്‍ എന്ത് വന്നു നിറയുന്നു അതിന്റെ ബാലന്‍സ്  എങ്ങനെ വരുമെന്ന് ആര്ക്കും അറിയില്ല. നമ്മള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ പലപ്പോഴും ദയനീയമായി പരാജയപെടുമ്പോള്‍ അപ്രതീക്ഷിക്തമായി പലരും വിജയികളാകുന്നു.  സമൂഹവും അതിലെ ജീവിതങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു എഴുത്തുകാരനു മാത്രമാണ് കയ്യൊതുക്കത്തോടെ സംഭവവികാസങ്ങളെ വിവരിക്കാന്‍ കഴിയു. 

പ്രവാസികളും പ്രവാസികളുടെ മക്കളായി ജനിക്കുന്നവരും ഇത് വായിച്ചിരിക്കേണ്ട പുസ്തകമാണ്. അധിനിവേശത്തോടൊപ്പം അതിജീവനവും ഓരോ പ്രവാസിയുടെയും വെല്ലുവിളിയാണ്.  അതിനെ തരണം ചെയ്തു അവരുടെ ജീവിതം തീരുമ്പോള്‍ അതേറ്റെടുക്കുന്ന പുതിയ തലമുറ അന്നോളം മാതാപിതാക്കള്‍ കാത്തുസൂക്ഷിച്ചിരുന്ന മൂല്യങ്ങളെ കാറ്റില്‍  പറത്തുന്നു. അവര്‍ അതില്‍ തെറ്റ് കാണുന്നില്ലെന്നുള്ളത് കാരണവന്മാരെ അതിശയിപ്പിക്കുന്നു. അതല്ലേ പ്രവാസം.

ഈ ഭൂമി നമുക്ക് പ്രിയങ്കരി തന്നെയാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും നമ്മള്‍ ജനിക്കുന്നു. നമ്മള്‍ മരിക്കുമ്പോള്‍ ഭൂമിയുടെ ഗര്‍ഭപാത്രം നമ്മളെ  സ്വീകരിക്കുന്നു.  മണ്ണില്‍ നിന്നും ജനിക്കുന്നു മണ്ണിലേക്ക് മടങ്ങുന്നു എന്ന വേദവചനം ശരിയാകുന്നത് നമ്മള്‍ പ്രതിദിനം കാണുന്നു.  പ്രവാസത്തിലൂടെ നമ്മുടെ പൂര്‍വികര്‍ ഭൂമിയില്‍ എവിടെയെല്ലാമോ ജീവിച്ചു, മരിച്ചു. അവരെ സ്വീകരിച്ച മണ്ണിനെ അവകാശപ്പെടുത്താന്‍ തലമുറകള്‍ എത്തുന്നു. ഭൂമിയിലെ എല്ലായിടവും മനുഷ്യര്‍ക്ക് പ്രിയതരമാകുന്നു. അതെ, ഇത് നമ്മുടെ പ്രിയപ്പെട്ട ഭൂമി.

പുസ്തകത്തിന്റെ കോപ്പിക്കായി ആമസോണ്‍, ഓണ്‍ലൈന്‍
 മുഖേന ബന്ധപ്പെടാവുന്നതാണ്.

ശുഭം


Join WhatsApp News
girish nair 2020-04-30 05:00:55
"Our beloved Bhoomi" എന്ന ശ്രീ ജോൺ മാത്യു സാറിന്റെ നോവൽ ആകസ്മികമായി Amazone Kindle edition വായിക്കുവാൻ സാധിച്ചു. പേപ്പർ എഡിഷൻ ഇതുവരെ ഇന്ത്യയിൽ കിട്ടിത്തുടങ്ങിയിട്ടില്ല. ഇന്നത്തെ പുതിയ തലമുറ വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെ. മധ്യതിരുവിതാംകൂറിലെ ജന്മിത്വ, വിപ്ലവ, ക്രൈസ്തവ നവീകരണം, സമ്പത്തിനുവേണ്ടിയും, ബന്ധു ബന്ധനങ്ങളുടെയും, കുടിയേറ്റത്തിന്റെ കഥകളാണ് ഈ നോവലിന്റെ പ്രമേയം. അമേരിക്കയിലെ മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്റെയും, അവരുടെ പ്രശ്നങ്ങളും പോരാട്ടങ്ങളും വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ചരിത്ര, സാമൂഹിക, ശാസ്‌ത്രീയ ബന്ധങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന ഈ പുസ്തകം മികച്ച അംഗീകാരം നേടുമെന്നതിൽ ഒരു സംശയവുമില്ല. ശ്രീ സുധീർ സാറിന്റെ അവലോകനം വളരെ ഹൃദ്യമായിരിക്കുന്നു. ഈ നോവൽ വായിച്ച ഒരു പ്രതീതിയാണ് ഉളവാക്കുന്നത്. നിരൂപകനും നോവലിസ്റ്റിനും അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക