Image

ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു! (വിജയ് സി.എച്ച്)

Published on 29 April, 2020
ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു! (വിജയ് സി.എച്ച്)
വായില്‍ വെള്ളിക്കരണ്ടിയുമായി പിറക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു ഡോ. സൗമ്യയുടെ മനസ്സിന് പത്തരമാറ്റ് സ്വര്‍ണ്ണത്തിന്റെ ഗുണമേന്മ!

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വളര്‍ന്നു, ബേങ്ക് ലോണ്‍ എടുത്തു പഠിച്ചു ഡോക്ടറായൊരു പെണ്‍കുട്ടിക്ക്, ഒരു ജീവന്റെ വില എത്രത്തോളം വലുതാണെന്ന് മറ്റാരേക്കാളുമേറെ അറിയാം!

ഇടുങ്ങിയ പാതയില്‍ ഇരമ്പിയെത്തിയ കെ.എസ്.ആര്‍.ടി.സി-യുടെ ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്, സീബ്രാ ക്രോസ്സിങ്ങിലൂടെ റോഡ് മുറിച്ചു കടക്കുന്ന ജോയി എന്നൊരാളെ ഇടിച്ചു തെറിപ്പിച്ചു.

അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാര്‍ തലയും നെഞ്ചും തകര്‍ന്നു രക്തം വാര്‍ന്നൊഴുകുന്ന ജോയിയുടെ ചുറ്റും കൂടുന്നതിനിടയിലാണ്, സഡ്ഡന്‍ ബ്രേക്കിട്ടു നിര്‍ത്തിയ സര്‍ക്കാര്‍ ബസില്‍നിന്നും ചാടിയിറങ്ങി സൗമ്യ ജോയിയുടെ രക്ഷക്കെത്തുന്നത്. മാള-തൃശ്ശൂര്‍ റൂട്ടിലെ ഒല്ലൂരിനടുത്ത പനംകുറ്റിച്ചിറയിലായിരുന്നു അത്യാഹിതം നടന്നത്.

മാളയിലെ വടമ സ്റ്റോപ്പില്‍നിന്നു താന്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സിറ്റിയിലെ അശ്വിനി അശുപത്രിയിലെത്താന്‍ സൗമ്യ പതിവായി ആശ്രയിക്കുന്നത് ഈ വഴിയിലോടുന്ന സര്‍ക്കാര്‍ ബസുകളെയാണ്.

കാലത്തും വൈകീട്ടും പത്തമ്പതു കിലോമീറ്റര്‍ ദൂരമുള്ള രണ്ടു യാത്രകള്‍. മനുഷ്യജീവന് ഒട്ടും വില കല്‍പ്പിക്കാതെ മത്സരിച്ചോടുന്ന സ്വകാര്യ വാഹനങ്ങളേക്കാള്‍ അല്‍പ്പമെങ്കിലും സുരക്ഷിതത്വമുള്ളത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകള്‍ക്കാണല്ലൊ.

എന്നാല്‍ ആ ധാരണ ഇപ്പോള്‍ തെറ്റിയിരിക്കുന്നു! സര്‍ക്കാര്‍ ബസാണ് ഇവിടെ ദുരന്തകാരണം. താന്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്തിയൊരാളെ രക്ഷിക്കേണ്ട ചുമതല തനിക്കാണേറെയെന്ന് സൗമ്യയുടെ മനസ്സു മന്ത്രിച്ചു. താനൊരു
ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി, സൗമ്യ തല്‍ക്ഷണം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടു.

അപകടസ്ഥലത്തുനിന്നു ആദ്യം ലഭിച്ച ഒരു ഒംമ്‌നി വേനില്‍, സ്ഥലത്തു കൂടിനിന്നവര്‍ ജോയിയെ എടുത്തുകിടത്തി. സിറ്റിയിലെ അശുപത്രിയില്‍ എത്തുന്നതുവരെ ജോയിയുടെ ജീവന്‍ നിലനില്‍ക്കില്ലെന്നു തിരിച്ചറിഞ്ഞ സൗമ്യ, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു വണ്ടി തിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചു.

'ആംബുലന്‍സിനെപ്പോലെ, സൈറനും ഫ്‌ലേഷിങ് ലൈറ്റുകളുമൊന്നുമില്ലാത്ത വാഹനമായതിനാല്‍, അടുത്തുള്ള ആശുപത്രിയിലേക്കെത്താനും പതിനഞ്ചു മിനിറ്റിലധികം സമയം സഞ്ചരിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന ഷോര്‍ട്ട്കട്ട് ഊടുവഴികളിലൂടെ പരമാവധി വേഗത്തില്‍ ഒംമ്‌നി മിന്നുകയായിരുന്നു!' സൗമ്യ ഉദ്വേഗജനകമായ അനുഭവങ്ങള്‍ പങ്കിട്ടു.

തലയോട് തകര്‍ന്ന് മസ്തിഷ്‌കത്തിലെ ധമനികള്‍ പൊട്ടി, ധാരധാരയായി ഒലിച്ചിറങ്ങുന്ന രക്തം, ജോയിയുടെ തൊണ്ടയില്‍ കെട്ടിക്കിടന്ന് ശ്വാസതടസ്സം നേരിടാതിരിക്കാന്‍, സൗമ്യ ജോയിയെ ചെരിച്ചു കിടത്തി, വായിലൂടെ രക്തം വാര്‍ന്നുപോകാന്‍ അവസരമുണ്ടാക്കി.

നിമിഷങ്ങള്‍ക്കകമാണ് സൗമ്യ ഏറെ ഭയപ്പെട്ടിരുന്ന ആ വിപത്ത് ആഞ്ഞടിച്ചത്. ജോയിയുടെ ശ്വാസം നിലച്ചു. കൈകാലുകള്‍ക്ക് ചലനമറ്റു. തല പൂര്‍ണ്ണമായും കീഴോട്ടു തളര്‍ന്നുവീണു.

'നടുക്കം നിയന്ത്രിച്ച്, ഞൊടിയടക്കുള്ളില്‍ ഞാന്‍ ജോയിയുടെ നാഡിമിടിപ്പ് പരിശോധിച്ചു. അതെ, എല്ലാം നിശ്ചലമായിരിക്കുന്നു,' സൗമ്യയുടെ ശബ്ദത്തില്‍ വൈകാരികത തുളുമ്പിയൊഴുകി.

'ഡോക്ടറേ, ജോയി പോയല്ലേ...,' പതിഞ്ഞ ശബ്ദത്തില്‍ ഒംനിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ഒരേസ്വരത്തില്‍ സൗമ്യയോടു ചോദിച്ചു.

എന്നാല്‍, ശോകം തളംകെട്ടിനിന്ന ആ നിമിഷങ്ങള്‍
ദര്‍ശിച്ചത്, അപ്രതീക്ഷിതമാംവിധം കര്‍മ്മോത്സുകയായ ഒരു യുവ ഡോക്ടറെയാണ്!

ഒംമ്‌നിയുടെ ഇടത്തും വലത്തുമുള്ള സീറ്റുകള്‍ക്കിടയിലെ ഇടുങ്ങിയ സ്ഥലത്ത് ശയിക്കുന്ന ജോയിയെ സൗമ്യ മലര്‍ത്തിക്കിടത്തി. സകല ശക്തിയും സംഭരിച്ച് നെഞ്ചില്‍ ഒരു പിടി പിടിച്ചു -- ചെസ്റ്റ് കമ്പ്രഷന്‍സ്!

വൈദ്യശാസ്ത്ര ഭാഷയില്‍ ഇതിനെ Cardiopulmonary resuscitation, അല്ലെങ്കില്‍, CPR എന്നു വിളിക്കുന്നു. ആശുപത്രിയില്‍ എത്തിക്കുംവരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണ്ണായകമായ പ്രഥമ ശുശ്രൂഷയാണിത്. സ്പന്ദനം നിലച്ചുപോയ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിരമായി ചെയ്യേണ്ടത്.

'മൂന്നു മിനിറ്റിലേറെ സമയം ഓക്‌സിജന്‍ കിട്ടാതിരുന്നാല്‍ തലച്ചോറ് നശിച്ചു തുടങ്ങും. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ ഓരോന്നോരോന്നായി മരണത്തെ നേരിടും. അതിനുമുന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു, പ്രാണവായു വാഹിനിയായ രക്തത്തെ ശിരസ്സിലേക്ക് എത്തിച്ചുകൊടുക്കണം. ഒരു നിമിഷംപോലും നഷ്ടപ്പെടുത്താനില്ല,' സൗമ്യ വ്യക്തമാക്കി.

ശുഭാപ്തിവിശ്വാസം കൈവിടാതെ സൗമ്യ സുശക്തമായി സിപിആര്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു മിനിറ്റില്‍ ചുരുങ്ങിയത് 100 തവണയെങ്കിലും, രണ്ട് ഇഞ്ച് താഴ്ച്ചയില്‍ വാരിയെല്ലുകളെ താഴോട്ടു ഞെക്കിയാല്‍ മാത്രമേ രക്തത്തെ ശരീര ഭാഗങ്ങളിലേക്കെത്തിക്കാനുള്ള ഊര്‍ജ്ജം ലഭിക്കുകയുള്ളു.

കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്റെ ഒരു സൈക്കിള്‍ എന്നത് 30 കമ്പ്രഷന്‍സും രണ്ടു റെസ്‌ക്യൂ ബ്രീത്തുകളും ചേര്‍ന്നതാണ്. മുപ്പതു തവണ കാര്‍ഡിയാക് മസ്സാജ് ചെയ്യുമ്പോള്‍, രണ്ടു തവണ രോഗിയുടെ വായിലേക്ക് ശക്തിയായി ശ്വാസവായു ഊതണം. Mouth-to-mouth resuscitation എന്നാണിതിന്റെ പേര്.

'അപ്പോഴാണ് ഞാന്‍ തീവ്രമായി മോഹിച്ചുകൊണ്ടിരുന്നത് സംഭവിച്ചത്. അതാ, പ്രാണവായു വലിക്കാനായി ജോയി തല വെട്ടിച്ചു! ആ സമയത്ത് ഞാന്‍ സിപിആര്‍-ന്റെ ആദ്യത്തെ സൈക്കിള്‍ പൂര്‍ത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ,' സൗമ്യയുടെ മുഖത്ത് പൂര്‍ണ്ണചന്ദ്രന്റെ പ്രഭ!

എല്ലാം അവസാനിച്ചില്ല. രോഗി ആദ്യത്തെ ഗ്യാസ്പിങ് ബ്രീത്ത് എടുത്തിരിക്കുന്നു! ജീവന്റെ പുതിയ നാമ്പ്. കൃത്യസമയത്ത്, ആവശ്യമായ ശക്തിയിലും വേഗതയിലും നല്‍കിയ സിപിആര്‍ ഫലം കണ്ടു!

ഒംമ്‌നി വേനില്‍ ആഹ്‌ളാദതിമിര്‍പ്പ്! വളവും തിരിവും കുണ്ടും കുഴിയും താണ്ടി വണ്ടി പറക്കുകയാണ്! ശ്രദ്ധ വിടരുതെന്ന് സൗമ്യ ഡ്രൈവറെ ഓര്‍മ്മപ്പെടുത്തി.

ജീവന്‍ രക്ഷിക്കുകയെന്നത് ഒരു മഹത്കര്‍മ്മമാണ്, എന്നാല്‍ ഒരു ജീവന്‍ ഹനിക്കുന്നതിനേക്കാള്‍ എത്രയോ ദുഷ്‌കരമായത്! നിര്‍ത്താതെ നല്‍കുന്ന കമ്പ്രഷന്‍സുകള്‍ക്കു പ്രതികരിച്ചുകൊണ്ട്, പ്രയാസപ്പെട്ടാണെങ്കിലും, ജോയി ഇടക്കിടക്ക് ശ്വാസം വലിക്കാനാരംഭിച്ചു.

'സ്വാഭാവികമായ ശ്വാസോച്ഛ്വാസമല്ലയത്. വാരിയെല്ലുകളെ ഞെക്കുന്നതിനാന്‍ ഹൃദയത്തിനു ലഭിക്കുന്ന പ്രേരകശക്തികൊണ്ടുണ്ടാകുന്ന ഗ്യാസ്പിങ് മാത്രമാണതെന്ന് അറിയാം. എങ്കിലും, മുളച്ചത് പ്രതീക്ഷകളുടെ പുതിയ ചിറകുകളായിരുന്നു,' ഇത് സൗമ്യയുടെ വികാരതീവ്രമായ ഭാഷ്യം!

'ഇതിനകം എന്റെ കൈകള്‍ കഴക്കാന്‍ തുടങ്ങി. രണ്ടിഞ്ചില്‍ കുറഞ്ഞ അമര്‍ത്തലുകള്‍ പ്രയോജനമില്ലാത്തതാണ്,' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാം അറിയാവുന്ന സൗമ്യ ഊക്കില്‍ത്തന്നെ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. തിരിച്ചുവരവിന്റെ നേരിയ സൂചനകള്‍ കാണിച്ച ആ ജീവന്റെ നാളം ആശുപത്രിയെത്തുംവരെ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്!

ഓരോ രണ്ടു മിനിറ്റിലും റെസ്‌ക്യൂവര്‍ (സിപിആര്‍ കൊടുത്തു ജീവന്‍ രക്ഷിക്കുന്ന ആള്‍) മാറണമെന്നാണ് ഈ ചികിത്സാ രീതിയുടെ നടപടിക്രമം അനുശാസിക്കുന്നത്. പക്ഷെ, വാഹനത്തില്‍ ഈ ട്രൈനിങ് ലഭിച്ചവര്‍ ആരുമില്ലായിരുന്നല്ലൊ.

ഇനി ബലം പ്രയോഗിക്കാന്‍ തനിക്കാവില്ലെന്നൊരു ഘട്ടം വന്നപ്പോള്‍, സൗമ്യ അടുത്തിരിക്കുന്ന ആളോട്
സഹായിക്കാനഭ്യര്‍ത്ഥിച്ചു. അയാളുടെ
കൈകളെടുത്ത് ജോയിയുടെ നെഞ്ചില്‍ വച്ചു.
വിടര്‍ത്തിപ്പിടിച്ച ഇടതു കൈപ്പത്തിയുടെ പുറംഭാഗത്തുകൂടി വലതു കൈവിരലുകള്‍ കോര്‍ത്തു മടക്കി, ഹൃദയത്തിനു തൊട്ടുമുകള്‍ഭാഗത്ത് പൊസിഷന്‍ ചെയ്തുകൊടുത്തു.

സൗമ്യയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, പറ്റുംവിധം രണ്ടാമത്തെ റെസ്‌ക്യൂവര്‍ കമ്പ്രഷന്‍ തുടങ്ങി. അധികനേരമായില്ല, ഒംമ്‌നി ആശുപത്രിയുടെ മുന്നിലെത്തി.

വാഹനത്തിന്റെ ഡോര്‍ തള്ളിത്തുറന്ന് സൗമ്യ അത്യാഹിത വിഭാഗത്തിലേക്കോടി, കേഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസറെ അലര്‍ട്ട് ചെയ്തു.

'ഏക്‌സിഡന്റ് കേസാണ്... ട്രോമാറ്റിക് ഹെഡ് ഇന്‍ജറി... കൊണ്ടുവന്നിരിക്കുന്ന പേഷ്യന്റിന് അമ്പത് വയസ്സോളം പ്രായം കാണും... Emergency Endotracheal Intubation വേണം,' സൗമ്യ കേഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസറോട് ഒറ്റ ശ്വാസത്തില്‍തന്നെ പറഞ്ഞുതീര്‍ത്തു.

ഹൃദയസ്തംഭനത്തോട് ബന്ധപ്പെട്ട Critical Medical Emergency അറിയിച്ചുകൊണ്ട്, ആശുപത്രിയില്‍ Code Blue അനൗണ്‍സ്‌മെന്റ് മുഴങ്ങി!

'പാഞ്ഞെത്തിയത് അഞ്ചു ഡോക്ടര്‍മാരടക്കമുള്ള ഒരു വന്‍ മെഡിക്കല്‍ ടീം തന്നെയായിരുന്നു. അവര്‍ ജോയിക്കു ചുറ്റും സുരക്ഷാ വലയം തീര്‍ത്തു. നിമിഷനേരംകൊണ്ട് അവര്‍ രോഗിയെ Cardiopulmonary Resuscitation Area-യിലേക്കെത്തിച്ചു,' സൗമ്യ പങ്കുവച്ചു.

ജീവന്‍രക്ഷാ ഉപകരണമായ വെന്റിലേറ്റര്‍ ജോയിക്ക് ക്രിത്രിമശ്വസനം നല്‍കാനാരംഭിച്ചു. ഐ.വി ഫ്‌ലൂയിഡുകളും, എമര്‍ജന്‍സി മെഡിക്കേഷനും കൊടുക്കാന്‍ തുടങ്ങി. അവയവങ്ങളുടെ പ്രവര്‍ത്തന വിവരങ്ങളറിയാന്‍ സകലമാന മോണിറ്ററുകളും ബന്ധിപ്പിച്ചു.

'എല്ലാം കണ്ണടച്ചുതുറക്കുന്ന വേഗതയില്‍! സിനിമയിലൊക്കെ കാണാറുള്ളതുപോലെ വിസ്മയിക്കുന്ന രംഗങ്ങളായിരുന്നു അവിടെ നടന്നത്,' സൗമ്യ ആവേശംകൊണ്ടു.

ഇനി ഭയപ്പെടേണ്ടതില്ല. ജോയിയുടെ ജീവന്‍ ഇപ്പോള്‍ വിദഗ്ദ്ധഹസ്തങ്ങളില്‍ ഭദ്രമാണ്. സൗമ്യ അല്‍പ്പനേരം ആശുപത്രിയുടെ വെളിയില്‍ വന്നുനിന്നു. നേരം ഉച്ചയോടടുക്കുന്നു. താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്താന്‍ ഏറെ വൈകി. ഒരു ഓട്ടോ വിളിച്ച് സൗമ്യ അശ്വിനിയിലേക്കു പുറപ്പെട്ടു. ഓട്ടോ ചാര്‍ജ് ഒരു സഹപ്രവര്‍ത്തകയില്‍നിന്ന് കടം വാങ്ങിക്കൊടുത്തു.

വസ്ത്രങ്ങളില്‍ സര്‍വ്വത്ര രക്തക്കറ പുരണ്ടു നില്‍ക്കുന്ന, കാര്‍ഡിയോളജി ഡിപ്പാര്‍ട്ടുമെന്റിലെ ജൂനിയര്‍ ഡോക്ടറെ കണ്ടു നടുങ്ങിയ സഹപ്രവര്‍ത്തകര്‍, കാരണം തിരക്കി.

'ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു,' തികഞ്ഞ സംതൃപ്തിയോടെ, ഭാഷണത്തിലും പ്രവര്‍ത്തനത്തിലും സ്വന്തം പേരിനെ അന്വര്‍ത്ഥമാക്കാറുള്ള സൗമ്യ, മറുപടി നല്‍കി.

തലയോടിലും, വാരിയെല്ലുകളിലും നിരവധി ചിന്നലുകളുണ്ടായിരുന്ന ജോയി പതിനഞ്ചു ദിവസം ആപല്‍ക്കരമാംവിധം അബോധാവസ്ഥയില്‍ കിടന്നു. മസ്തിഷ്‌കത്തില്‍ നടത്തിയ നിര്‍ണ്ണായകമായക ശസ്ത്രക്രിയകളും, ഒരു മാസക്കാലത്തെ തീവ്രമായ പരിചരണങ്ങളും രോഗിയെ കുറെയൊക്കെ പൂര്‍വ്വ സ്ഥിതിയിലെത്തിച്ചിട്ടുണ്ട്.

ജോയിക്ക് ബോധം തിരിച്ചു കിട്ടിയയിടക്ക് ഒരുനാള്‍, സൗമ്യ തനിക്ക് അവിസ്മരണീയ ചികിത്സാ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രോഗിയെ സന്ദര്‍ശിച്ചു.

പ്രിയപ്പെട്ടയാള്‍ക്ക് വീണ്ടുമൊരു ജന്മം കനിഞ്ഞേകിയ ഡോക്ടറെ നേരില്‍ കണ്ടപ്പോള്‍, ജോയിയുടെ സഹധര്‍മ്മിണി ആശ വിതുമ്പി. ഭര്‍ത്താവിന്റെ നെഞ്ചില്‍ തടവി ജീവന്‍ വീണ്ടെടുത്ത ആ മാന്ത്രികക്കരങ്ങള്‍ ചേര്‍ത്തുപിടിച്ച് അവര്‍ ഉമ്മ വച്ചു.

ഓട്ടോമോബൈല്‍ വര്‍ക്കുഷാപ്പിലെ ജോലികൊണ്ടു ഉപജീവനം കഴിക്കുന്നൊരാളുടെ ഭാര്യക്കു കഴിയുംവിധം, ഒരു ഉപഹാരവും അവര്‍ സൗമ്യക്കു നല്‍കി. ഓര്‍മ്മശക്തി മുഴുവനായും ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ലാത്ത ജോയി ഇതെല്ലാം കണ്ട് അപരിചിതമായി സൗമ്യയെ നോക്കി!

അപ്പോഴാണ് ഒരു കൊച്ചു പെണ്‍കുട്ടി ഏറെ ആരാധനയോടെ തന്നെ ഉറ്റുനോക്കുന്നത് സൗമ്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. എല്‍.കെ.ജി-യില്‍ പഠിക്കുന്ന ജോയിയുടെ മകള്‍! ആ ഓമന മുഖത്തേക്ക് തിരിച്ചൊന്നു നോക്കിയ നിമിഷത്തിലാണ് താന്‍ ചെയ്തത് ചെറുതെങ്കിലും നല്ലൊരു കാര്യമെന്ന് സൗമ്യക്ക് ആദ്യമായി തോന്നിയത്!

'അതിനുമുന്നെ ഞാന്‍ അങ്ങിനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. ആ കൊച്ചു മാലാഖയുടെ നിഷ്‌കളങ്കമായ പുഞ്ചിരി കണ്ടപ്പോള്‍... ലോകത്തൊരു കുഞ്ഞിനും ഇത്രയും കുരുന്നു പ്രായത്തില്‍ പിതാവിനെ നഷ്ടമാകരുത്,' സൗമ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

സൗമ്യ ആ സുന്ദരിക്കുട്ടിയെ വാരിയെടുത്തു പുണര്‍ന്നു.

സൗമ്യക്കുള്ള അഭിവാദ്യങ്ങളും, അനുമോദന സമ്മേളനങ്ങളും താമസിയാതെ തുടങ്ങി. സൗമ്യ ജോലിചെയ്യുന്ന ആശുപത്രിയും, ജോയിയെ ചികിത്സിച്ച ആശുപത്രിലും, സൗമ്യ MBBS-നു പഠിച്ച മെഡിക്കല്‍ കോളേജും, മാതൃകാപരമായി ഒരു ജീവന്‍ രക്ഷിച്ചയാള്‍ക്ക് സ്വീകരണങ്ങള്‍ സംഘടിപ്പിച്ചു. പോന്നാടകളാലും, സമ്മാനപ്പൊതികളാലും സൗമ്യയെ മൂടി. ചിലര്‍ക്ക് കൂടെ നിന്നൊരു ഫോട്ടോയെങ്കിലും എടുക്കണം!

അഭിനന്ദിച്ചവരുടെയും, കൊണ്ടാടിയവരുടെയും നിരയില്‍, നിയമസഭ-ലോകസഭ അംഗങ്ങളും, മറ്റു പ്രശസ്ത ജനപ്രതിനിധികളും, സെലബ്രിറ്റികളും ഉള്‍പ്പെടുന്നു.

കൊടുങ്ങല്ലൂര്‍ MLA വി. ആര്‍. സുനില്‍കുമാര്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയന്ന് (മാര്‍ച്ച് 8) തുടങ്ങിവച്ച അനുമോദന യോഗങ്ങള്‍ ഇപ്പോഴും എണ്ണത്തിലൊട്ടും കുറവില്ലാതെ അരങ്ങേറിക്കൊണ്ടുമിരിക്കുന്നു. മെഡിക്കല്‍ രംഗത്തെ പ്രമുഖരും, സീനിയര്‍ ഡോക്ടര്‍മാരും നിത്യേനെയെന്നോണം സൗമ്യയെ തേടിയെത്തുന്നു!

അങ്ങിനെ, സ്വര്‍ണ്ണ മനസ്സുള്ള സൗമ്യയും ഇപ്പോഴൊരു സെലബ്രിറ്റിയായി! പക്ഷെ, ഇളംപ്രായക്കാരിയായ ഡോക്ടറുടെ ഉള്ളിലെവിടെയൊ ഒരു നൊമ്പരം ഉള്ളതുപോലെ അനുഭവപ്പെട്ടു.

അച്ഛനമ്മമാരുടെയും, രണ്ടു സഹോദരിമാരുടെയും ഏറ്റവും വലിയ താങ്ങാണ് സൗമ്യ. തകര്‍ച്ചയുടെ വക്കത്തായിരുന്ന വീട് പുതുക്കിപ്പണിയാന്‍ എടുത്ത ലോണിന്റെ ഈ മാസത്തെ തിരിച്ചടവിന് സമയമായിരിക്കുന്നു. വിദ്യാഭ്യാസ വായ്പ്പ തിരിച്ചടക്കുന്നതിന്റെ തത്രപ്പാടിലായിരുന്നു സൗമ്യ ഇത്രയും കാലം. പലപ്പോഴും പലിശക്ക് കടം വാങ്ങിയാണ് ബേങ്കിലെ മാസ ഗഡു അടച്ചിരുന്നത്.

ഇപ്പോള്‍, ഭവന വായ്പ്പ!

'കിട്ടുന്ന ശമ്പളമെല്ലാം ഹൗസിങ് ലോണ്‍ റിപേമെന്റിനായി പോകുന്നു. വീട്ടിലെ ചിലവും നോക്കേണ്ടേ? ഹൗസിങ് ലോണ്‍ തീരാന്‍ ഇനി 25 വര്‍ഷംകൂടി പണം തിരിച്ചടക്കണം,' പൊന്നാടകളുടെ തിളക്കമൊന്നും ആ മുഖത്ത് ഈ ലേഖകന്‍ കണ്ടില്ല!

എന്നാല്‍, വാത്സല്യ നിധിയായ സുരേഷ് അമ്മാമന്‍ പ്രചോദനം നല്‍കാന്‍ എന്നും കുടെയുള്ളതാണ് സൗമ്യക്ക് മുന്നോട്ടു നടക്കാനുള്ള ആവേശം.

'അമ്മയുടെ ഏറ്റവും ഇളയ അനിയന്‍. 'തിന്നാനും കുടിക്കാനുമില്ലാത്ത അവള്‍ക്ക് ഡോക്ടറാവാന്‍ മോഹം' എന്നു പറഞ്ഞു പലരും പരിഹസിച്ചപ്പോള്‍, കൈ പിടിച്ചു എന്നെ മുന്നോട്ടു നടത്തി. അടുക്കളയില്‍ കയറി നോക്കി കലത്തില്‍ ഒന്നും കാണാതിരുന്നപ്പോള്‍, മാമാന്‍ അരി വാങ്ങി കൊണ്ടുതന്നു,' സൗമ്യ ഒന്നും മറന്നിട്ടില്ല.

'ഇപ്പോള്‍ എനിക്ക് സുരേഷ് മാമനെപ്പോലെയൊരു ജേഷ്ഠനെയും കിട്ടി -- ജോയിച്ചേട്ടന്‍,' ആങ്ങളമാരില്ലാത്ത സൗമ്യയുടെ ചെറുചിരിയില്‍ തികഞ്ഞ സുരക്ഷിതത്വബോധം!
ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു! (വിജയ് സി.എച്ച്)ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു! (വിജയ് സി.എച്ച്)ഒരു ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു! (വിജയ് സി.എച്ച്)
Join WhatsApp News
spillai108@gmail.com 2020-04-29 22:56:16
Wish Dr Saumya all the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക