Image

എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ ; തിരുമേനിക്ക് നൂറ്റിമൂന്ന് വയസ് (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 29 April, 2020
എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ ; തിരുമേനിക്ക് നൂറ്റിമൂന്ന് വയസ്   (അനില്‍ പെണ്ണുക്കര)
കഥകളുടെയും ചിന്തകളുടെയും തമ്പുരാന് നൂറ്റി മൂന്നു വയസ് .നടന്നു വരുന്ന വഴികളില്‍ പോലും നര്‍മ്മം വിതറി അത് ചിന്തയുടെ വിത്തുകളായി മാറ്റുന്ന ലോക മലയാളികളുടെ പ്രിയപ്പെട്ട തിരുമേനി. പക്ഷെ ഈ  കൊറോണക്കലത്ത് പരിപൂര്‍ണ്ണ വിശ്രമത്തിലാണ് .എങ്കിലും തിരുമേനി മനുഷ്യ സമൂഹത്തിനായി ചിന്തിച്ചതും പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം നൂറ്റാണ്ടുകളോളം കാത്തു വയ്ക്കേണ്ടതാണ്. ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്.
ഒരിക്കല്‍ തിരുമേനി കുട്ടികളോട് ചോദിച്ചു ..
 
' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ ?'
' ഉണ്ട്,' കുട്ടികള്‍ പറഞ്ഞു .
' അതിനുള്ളില്‍ എന്താണുള്ളത്'
' ഒന്നും ഇല്ല ' ചിലര്‍ പറഞ്ഞു
അപ്പോള്‍ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു.
' ഒരു ചക്കക്കുരുവില്‍ പ്ലാവും അത് നിറയെ ചക്കകളും ഉണ്ട്.'
അത് കേട്ട് കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു.

' ചക്കക്കുരുവില്‍ പ്ലാവും ചക്കകളും കാണാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചത് കൊണ്ട് വിദ്യാഭ്യാസമാകില്ല.'
എത്ര ഉദാത്തമായ സങ്കല്‍പ്പമാണ് അത്. വിദ്യാഭ്യാസത്തിന്റെ മഹത്വം പോലെ തന്നെ പ്രകൃതിയെ നമ്മിലേക്ക് സ്വാംശീകരിക്കുന്നതിന്റെ ആവശ്യകതയതും കൃത്യമായി വരച്ചിടുകയാണ് അദ്ദേഹം .എന്നാല്‍ സ്വയം വിമര്‍ശനമായി അദ്ദേഹം പറഞ്ഞു വയ്ക്കുന്ന ചില കാര്യങ്ങള്‍ ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. കൊച്ചു കഥകളിലൂടെ അദ്ദേഹം ചിരിപ്പിച്ചു കൊണ്ടിരിക്കുമെങ്കിലും അതില്‍ നിന്ന് ചില വലിയ കാര്യങ്ങള്‍ നാം വായിച്ചെടുക്കും.
ഒരു ഹെര്‍ണിയ കഥ കേള്‍ക്കു ...
കണ്ണിനു കാഴ്ച ഇല്ലാത്ത രണ്ടു ഭിക്ഷക്കാര്‍ ഒരു ഞായറാഴ്ച, പള്ളിയുടെ മുന്‍പില്‍ ഭിക്ഷ യാചിക്കുകയാണ്. പള്ളിയിലേക്ക് ആരെങ്കിലും വരുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവര്‍ ''എന്തെങ്കിലും തരണേ'' എന്ന് പറയാന്‍ തുടങ്ങും. ഇടയ്ക്കു രണ്ടു പേര്‍ പള്ളിയുടെ മുമ്പില്‍ എത്തി. ഒരു ഭിക്ഷക്കാരന്‍ ദയനീയ സ്വരത്തില്‍ ഭിക്ഷ യാചിച്ചു.
ഇത് കേട്ട രണ്ടാമത്തെ ഭിക്ഷക്കാരന്‍ പറഞ്ഞു. ' വെറുതെ കിടന്നു നില്ലവിളിക്കണ്ടാ.അത് അച്ചന്മാരാണ്. അവര്‍ ഒന്നും തരില്ല.
'' അത് അച്ചന്മാരാണെന്നു കണ്ണ് കാണാത്ത നിനക്കെങ്ങനെ മനസ്സിലായി''?
'' ഓ അതിനാണോ പ്രയാസം. അവര്‍ ബിഷപ്പിന്റെ കുറ്റം പറയുന്നത് കേട്ടില്ലേ?''
വിവിധ സഭകളിലെ പട്ടക്കാര്‍ തമ്മിലുള്ള വഴക്കും വയ്യാവേലിയും ഇത്ര മനോഹരവും കുറിക്കു കൊള്ളുന്ന തരത്തിലും തിരുമേനിക്കല്ലാതെ ആര്‍ക്ക് അവതരിപ്പിക്കുവാന്‍ സാധിക്കും. മരിച്ചു ദൈവ സന്നിധിയില്‍ എത്തിയ നല്ലവനായ മനുഷ്യനെയും പട്ടക്കാരനെയും അദ്ദേഹം മറ്റൊരു കാതില്‍ അവതരിപ്പിക്കുന്നത് നോക്കൂ.
 
നല്ലവനായ ഒരു മനുഷ്യന്‍ മരിച്ച് ദൈവ സന്നിധിയില്‍ എത്തി .അദ്ദേഹം ചെയ്ത ഒരേ ഒരു തെറ്റ് ജീവിതകാലത്തിലൊരിക്കലും വിശുദ്ധ കുര്‍ബാനയുടെ അനുഭവത്തിലേക്ക് വന്നിട്ടില്ല എന്നുള്ളതായിരുന്നു.പക്ഷെ ദൈവം തമ്പുരാന്‍ ഇതൊരു അപരാധമായി കണക്കാക്കിയില്ല. അതു കൊണ്ട് അവിടെ വച്ചുതന്നെ കുര്‍ബാന നല്‍കി അയക്കുവിന്‍ തീരുമാനിച്ചു. അതിലേക്ക് ഒരു പട്ടക്കാരന്റെ ആവശ്യം ഉണ്ടല്ലോ. സ്വര്‍ഗ്ഗത്തില്‍ മുഴുവന്‍ പരതിയിട്ട് ഒരു അച്ചനെപ്പോലും കിട്ടിയില്ല. പിന്നെയുള്ള ഏക ആശ്രയം നരകമേയുള്ളല്ലോ. അവിടെ പര തേണ്ടി വന്നില്ല.എല്ലാ അച്ചന്‍മാരും അവിടെ ഉണ്ടായിരുന്നു. ആ വലിയ ബഹളത്തിനിടയില്‍ നിന്നു ഒരച്ചനെ കുപ്പായത്തില്‍ വലിച്ച് എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ അച്ചന്‍ പറയുകയാണ്
' പതുക്കെ പിടിയടോ താഴെ ബിഷപ്പ് കിടക്കുന്നു'

ഇങ്ങനെ ഒരു കഥയുണ്ടാക്കാന്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനിക്കല്ലാതെ ആര്‍ക്ക് കഴിയും. നൂറ്റിമൂന്നാം വയസിലേക്ക് കടക്കുമ്പോള്‍ പുഞ്ചിരിയോടെ ജീവിതം ആസ്വദിക്കയാണ് ക്രിസോസ്റ്റം തിരുമേനി.ഈ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത്  കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ ആണ്. പ്രായാധിക്യത്തിലും പ്രസരിപ്പോടെ വിശ്രമജീവിതം നയിക്കുന്ന തിരുമേനി നന്മയുടെ ആള്‍രൂപമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം നൂറ്റിമൂന്നു വയസ്സിന്റെ നിറവിലാണ്.
നൂറ്റി മൂന്ന് വയസിലേക്ക് അദ്ദേഹം  കടക്കുമ്പോള്‍  ദൈവം ഒപ്പം നടക്കുന്ന ഒരാള്‍ ഇന്ന് മലയാളത്തില്‍ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്  .കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരികരംഗത്ത് സജീവസാന്നിധ്യമായ  ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാന്‍ ഭൂമിയില്‍ വന്നിട്ട് നൂറ്റി മൂന്നു വര്‍ഷങ്ങള്‍ ....
ദൈവത്തിന്റെ നിയോഗം.നമുക്ക് അങ്ങനെ വലിയ  സൗഭാഗ്യങ്ങള്‍ ദൈവം നമുക്ക് നല്‍കുന്നു.

ഈ കൊറോണക്കാലത്ത് മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍   തിരുമേനിയുടെ കാഴ്ചപ്പാടുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങാതെ ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി ജീവിച്ചു കാണിക്കുന്ന ഒരു പാഠപുസ്തകം കൂടിയായി മാറുകയാണ് തിരുമേനി. ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. ഒരു യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇനി ആ ചിന്തകള്‍ക്കൊപ്പം  മലയാളി നടന്നാല്‍ മാത്രം മതി .അദ്ദേഹം നമ്മുടെ മുന്നില്‍ നമ്മെക്കാള്‍ ഉര്‍ജ്ജസ്വലനായി നടന്നു നീങ്ങുന്നു.

ചിരിയുടെ പൊന്നു തമ്പുരാന് പ്രാര്‍ത്ഥനകളോടെ
ഈ-മലയാളിയുടെ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.

എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ ; തിരുമേനിക്ക് നൂറ്റിമൂന്ന് വയസ്   (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക