Image

സ്‌ക്കൂളുകള്‍ തുറക്കണമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്) Published on 29 April, 2020
സ്‌ക്കൂളുകള്‍ തുറക്കണമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)
കൊറോണ വൈറസ് ഭീതിയില്‍ യു.എസിലെ സ്‌ക്കൂള്‍, കോളേജുകളുടെ അധ്യയന വര്‍ഷം അവസാനിക്കുന്നതായി വിവിധ സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ അറിയിച്ചിരുന്നു. സാധാരണയായി മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിവിധ സംസ്ഥാനങ്ങളില്‍ അധ്യയന വര്‍ഷം അവസാനിക്കുക പതിവ്. ഏപ്രില്‍ അവസാന വാരം പ്രഖ്യാപിച്ച ഇളവുകളില്‍ സ്‌ക്കൂളുകള്‍ ഉടനെ തുറക്കുകയില്ല എന്ന് പ്രത്യേകം ‌വ്യക്തമാക്കിയിരുന്നു.

വിവിധ സംസ്ഥാനങ്ങള്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ഘട്ടംഘട്ടമായി പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ സംസ്ഥാന ഗവര്‍ണ്ണര്‍മാരുമായി തിങ്കളാഴ്ച ഫോണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് സംസാരിച്ചു.
ഫോണ്‍ സംഭാഷണത്തില്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. നിങ്ങളില്‍ ചിലര്‍ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നു. നിങ്ങള്‍ ഇതെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. എന്റെ 14 വയസ്സുള്ള മകന്‍ സ്‌ക്കൂളികളിലേയ്ക്ക് പോകാന്‍ തയ്യാറാണ്. സ്‌ക്കൂളുകള്‍ ഉടനെ  തുറക്കുമെന്നാണ് എന്റെ വിശ്വാസം. ട്രമ്പ് പറഞ്ഞു. എന്നാല്‍ ജോലിയിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ചൈല്‍ഡ് കെയറിന് എന്തു മാര്‍ഗം കാണണം എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

പ്രസിഡന്റ് ഗവര്‍ണര്‍മാരുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മുതിര്‍ന്ന ഉപദേശകന്‍ ജാരെഡ് കുഷ്‌നറും ഒപ്പം ഉണ്ടായിരുന്നു. മൂവരും സംസാരിച്ചത് ടെസ്റ്റിംഗ് ബ്ലൂപ്രിന്റ്, ടെസ്റ്റിംഗ് ഓവര്‍ വ്യൂ എന്നിവയെ കുറിച്ചായിരുന്നു. അനാവരണം ചെയ്ത പദ്ധതിയില്‍ മൂന്ന് വിഭാഗങ്ങളിലായി എട്ട് ബുളറ്റ് പോയിന്റുകള്‍ ഉണ്ടായിരുന്നു.

തുറക്കുക, മാര്‍ഗം വിലയിരുത്തുക, വീണ്ടും തുറക്കുക എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍, ഭരണകൂടം ഇതുവരെ സ്വീകരിച്ച നടപടികളുടെ സംക്ഷിപ്തരൂപം ഫെഡറല്‍ സഹായത്തോടെ, സംസ്ഥാനത്തിന്റെ മേല്‍ നോട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ടെസ്റ്റിംഗ് നടത്തുക എന്നതാണ് പുതിയ നിര്‍ദ്ദേശം. എന്നാല്‍ ചില സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ ഈ നിര്‍ദ്ദേശം എതിര്‍ക്കുന്നു. ടെസ്റ്റിംഗ് നടത്തുവാനും ഇത് ദേശീയ തലത്തില്‍ ഏകോപിപ്പിക്കുവാനും ഫെഡറല്‍ അധികാരികള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഇവര്‍ വാദിക്കുന്നു.

കൊറോണ വൈറസ് എന്ന സാംക്രമികരോഗം ഇതിനകം ലോകമെമ്പാടും 2,10,000 ല്‍ അധികം പേരുടെ ജീവനെടുത്തതായാണ് കണക്ക്. യു.എസില്‍ മാത്രം 55,906 മരണം ഉണ്ടായി. 9,85,000 പേര്‍ക്ക് രോഗബാധ ഉണ്ടായി.

മീറ്റ് പാക്കിംഗ് പ്ലാന്റുകള്‍ ഉള്ള സ്ഥലങ്ങള്‍ ഗ്രാമീണ പ്രദേശങ്ങളിലെ ഹോട്ട് സ്‌പോട്ടുകളാണെന്ന് ആരോഗ്യ വിദഗ്ധര്‍, ടെക്‌സസിലെ ഹാരിസ്, ഡാലസ് കൗണ്ടികളെക്കാള്‍ കൂടുതല്‍ കോവിഡ്-19 രോഗപകര്‍ച്ച ലക്ഷണങ്ങള്‍ കാണുന്നത് വളരെ വലിയ മീറ്റ് പ്രോസസിംഗ് പ്ലാന്റുകളുള്ള ഗ്രാമ പ്രദേശത്തെ കൗണ്ടികളായ മൂര്‍, ഷെല്‍ബി എന്നിവിടങ്ങളിലാണ്. അമരില്ലോയുടെ വടക്കാണ് മൂര്‍. ഇവിടെ കാക്ടസിലുള്ളത് ജെബിഎസിന്റെ ഭീമന്‍ ബീഫ് പാക്കിംഗ് പ്ലാന്റാണ്. ഷെല്‍ബി കൗണ്ടി ആസ്ഥാനമായ സെന്ററില്‍ പരന്നു കിടക്കുന്ന ടൈസണ്‍ ഫുഡ്‌സിന്റെ ചിക്കന്‍ പ്രോസസിംഗ് പ്ലാന്റാണ്.
ഈ കൗണ്ടികളിലാണ് രോഗം കൂടുതല്‍ പകരുന്നതായി കാണുന്നത്. വ്യാപകമായ ടെസ്റ്റിംഗ് ഇനിയും നടത്തേണ്ടതായുണ്ട്. പൊതുജനാരോഗ്യ വിദഗ്ധര്‍ പറഞ്ഞു. എങ്കിലും പ്രഭവസ്ഥാനങ്ങള്‍ മീറ്റ് പ്രോസസിംഗ് പ്ലാന്റുകളിലാണെന്ന് വേണം കരുതാന്‍.
ഇതൊരു ഡേര്‍ട്ടി ഇന്‍ഡസ്ട്രിയാണ്. കൂടുതല്‍ കേസുകള്‍ അവിടെ കാണാന്‍ കഴിഞ്ഞില്ല എന്നറിയുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു, സംസ്ഥാനത്തിന്റെ മുന്‍ എല്ലിഡെമിയോളജിസ്റ്റ് ഡെനിസ് പെറോട ചില്ലറ വില്പനക്കാര്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നല്‍കാനായി ഇറച്ചി വെട്ടുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്ന പ്ലാന്റുകളെകുറിച്ച് പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്തിലെ ഏറ്റവുമധികം കോവിഡ് ബാധിത 12 കൗണ്ടികളില്‍ ആറും പാന്‍ഹാന്‍ഡില്‍ മേഖലയിലാണ്. നാല് കൗണ്ടികള്‍ ഈസ്റ്റ് ടെക്‌സസിലാണ്. ബാക്കിയുള്ളവ ഈസ്റ്റ് സെന്ററല്‍ ടെക്‌സസിലും. എന്നാല്‍ ടെസ്റ്റിംഗ് പൂര്‍ണ്ണമായി നടന്നിട്ടില്ലാത്തതിനാലാണ് ചില കൗണ്ടികളില്‍ രോഗബാധിതര്‍ കുറവായി കാണുന്നതെന്ന് മുന്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡേവിഡ് ലാക്കി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക