Image

ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഈയര്‍ അവാര്‍ഡ്' നേട്ടവുമായി ദിയ സ്വര്‍ണ വിന്‍സെന്റ്

Published on 28 April, 2020
 ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദ ഈയര്‍ അവാര്‍ഡ്' നേട്ടവുമായി ദിയ സ്വര്‍ണ വിന്‍സെന്റ്


ലണ്ടന്‍: ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലയാളിയായ ദിയാ സ്വര്‍ണ വിന്‍സെന്റ് തിരഞ്ഞെടുക്കപ്പെട്ടു. ട്രോഫിയും സര്‍ട്ടിഫിക്കറ്റും 2,000 പൗണ്ടും അടങ്ങുന്നതാണ് അവാര്‍ഡ്.

സയന്‍സ്, ടെക്‌നോളജി,എന്‍ജിനിയറിംഗ്, മാത്ത്‌സ് (STEM) വിഷയങ്ങളിലെ ചെറുപ്പക്കാരുടെ ശാസ്ത്ര നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുന്നതിനും അവര്‍ക്കായി ശാസ്ത്ര പദ്ധതികള്‍ തുടരുന്നതിനായുള്ള പ്രോത്സാഹനം നല്‍കുന്നതിനുമായി വര്‍ഷം തോറും 'ജിഎസ്‌കെ ബിഗ് ബാംഗ്' രൂപകല്‍പ്പന ചെയ്തു സംഘടിപ്പിക്കുന്നതാണ് അവാര്‍ഡ്.

കെന്റിലെ സെവനോക്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ദിയ 'മൈക്രോ ഗ്രീന്‍സ് ഫ്രം ഗോള്‍ഡ് ഫിഷ്' എന്ന പ്രോജക്ടിലൂടെ 'സാലഡ് ചെടി' വേഗതയിലും ലളിതമായും വളര്‍ത്തിക്കാണിച്ചുകൊണ്ട് പുറത്തെടുത്ത തന്റെ ശാസ്ത്ര നേട്ടം അവാര്‍ഡിനായി പരിഗണിക്കപ്പെടുകയായിരുന്നു.

2020 ലെ ദി ബിഗ് ബാംഗ് യുകെ യംഗ് സയന്റിസ്റ്റ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് മത്സരത്തില്‍ ജിഎസ്‌കെ യുകെ യംഗ് സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ കിരീടം നേടിക്കൊണ്ടാണ് ദിയ, യുകെയിലെ യുവ ശാസ്ത്ര ലോകത്തു ശ്രദ്ധേയയും അഭിമാനതാരവുമാവുന്നത്.

'മൈക്രോ ഗ്രീന്‍സ് ഫ്രം ഗോള്‍ഡ് ഫിഷ്' എന്ന പ്രോജക്ടിലൂടെ പുറത്തെടുത്ത തന്റെ ശാസ്ത്രമികവിന്റെ മുമ്പില്‍ ഫൈനലിസ്റ്റുകളായ 300 ഓളം മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ദിയ കിരീടം ചൂടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പരീക്ഷണത്തിന്റെ ഭാഗമായി, അക്വേറിയത്തില്‍ നിന്നുള്ള മീനിന്റെ അവശിഷ്ടങ്ങളടക്കമുള്ള വളം ഉപയോഗിച്ച് മൈക്രോ ഗ്രീനുകള്‍ വളര്‍ത്തുവാന്‍ മൂന്ന് വ്യത്യസ്ത രീതികള്‍ ഉപയോഗിച്ച് താരതമ്യം ചെയ്യുന്ന പരീക്ഷണമാണ് ദിയ തന്റെ പ്രോജക്ടിലൂടെ പുറത്തെടുത്തത്.

ആദ്യത്തെ രീതി ന്യൂട്രല്‍ മീഡിയയില്‍ ശുദ്ധ വെള്ളത്തില്‍ മൈക്രോഗ്രീനുകള്‍ വളര്‍ത്തുന്നു.രണ്ടാമത്തെ രീതി അക്വേറിയത്തില്‍ നിന്നുള്ള വെള്ളം (സ്വാഭാവികമായി മത്സ്യ മാലിന്യങ്ങള്‍ മൂലം വളമുള്ള) ചെടിയുടെ വേരുകളിലേക്ക് തുണിതിരിയിലൂടെ ആഗിരണം ചെയ്യുന്ന രീതിയാണ്. മൂന്നാമത്തെ രീതി വളപ്രയോഗം ചെയ്ത മത്സ്യ ജലം പ്ലാന്റ് റൂട്ടിനു ചുറ്റും സോളാര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാട്ടര്‍ പമ്പുപയോഗിച്ച് തുടര്‍ച്ചയായി വെള്ളം പകരുന്ന രീതി. മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ചെടിയുടെ വളര്‍ച്ചക്ക് ഏറ്റവും വേഗതയേറിയതെന്ന് ദിയ പറയുന്നു. ക്രെസ് പോലുള്ള മൈക്രോ ഗ്രീനുകള്‍ 10 ദിവസത്തിനുള്ളില്‍ വിളവെടുക്കുവാനും വീടുകളിലെ സാലഡ് പാത്രത്തില്‍ എത്തിക്കുവാനും കഴിയുമത്രേ.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട് മത്സരം, ദി ബിഗ് ബാംഗ് ഫെയറിലെ ജഡ്ജിംഗ് ടീം വീഡിയോ അവതരണം സമര്‍പ്പിക്കാന്‍ മത്സരാത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. അതില്‍ നിന്ന് 50 STEM പ്രഫഷണലുകള്‍ (വിവിധ മേഖലകളിലെ പ്രാവീണ്യം നേടിയവര്‍ ) ജ്യോതിശാസ്ത്രം, ആന്റിമൈക്രോബയലുകള്‍, ആരോഗ്യ നിരീക്ഷണം, അണ്ടര്‍വാട്ടര്‍ അക്കോസ്റ്റിക്‌സ്, ടോക്‌സിക്കോളജി എന്നിവ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നും വിജയികളെ കണ്ടെത്തുകയായിരുന്നു.

ലണ്ടനിലെ സീനിയര്‍ പ്രോജക്ട് മാനേജര്‍മാരായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വിന്‍സെന്റ് നവീന്‍ എം, തിരുവന്തപുരം കരമന സ്വദേശി പ്രിയ സ്വര്‍ണ എന്നിവരാണ് ദിയയുടെ മാതാപിതാക്കള്‍. വിന്‍സെന്റ് നവീന്‍ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. പ്രിയ സ്വര്‍ണ്ണ നിലവില്‍ യുഎസ്എയിലെ ജോര്‍ജിയ ടെക് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്.
മൂത്ത സഹോദരന്‍ റയാന്‍ ബിഗ് ബാംഗ് മത്സരത്തില്‍ അപ്രന്റീസ്ഷിപ്പ് നേടിയിട്ടുള്ള മറ്റൊരു ശാസ്ത്രകുതുകിയാണ്. ലണ്ടനിലെ സിറ്റി ഓഫ് ലണ്ടന്‍ സ്‌കൂളിലാണ് ജിസിഎസ്ഇക്ക് റയാന്‍ പഠിക്കുന്നത്.

ചെറുപ്പക്കാര്‍ക്കായി യുകെയിലെ ഏറ്റവും വലിയ സയന്‍സ് & എഞ്ചിനീയറിംഗ് ആഘോഷമാണ് ബിഗ് ബാംഗ് മേള. അടുത്ത മേള 2020 മാര്‍ച്ച് 11-14 തീയതികളില്‍ ബര്‍മിംഗ്ഹാമിലെ എന്‍ഇസിയില്‍ നടക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക