Image

കോവിഡ് കഴിഞ്ഞാൽ എങ്ങനെയായിരിക്കും ജീവിതം? അതിനു കോവിഡ് കഴിയുന്നില്ലല്ലോ! ( ഷിബു ഗോപാലകൃഷ്ണൻ)

Published on 28 April, 2020
കോവിഡ് കഴിഞ്ഞാൽ എങ്ങനെയായിരിക്കും ജീവിതം? അതിനു കോവിഡ് കഴിയുന്നില്ലല്ലോ! ( ഷിബു ഗോപാലകൃഷ്ണൻ)
ഒളിഞ്ഞും തെളിഞ്ഞും കുറഞ്ഞത് ഒരു വർഷമെങ്കിലും നമുക്കൊപ്പം അദൃശ്യനായ ശത്രുവിനെ പോലെ ഈ കുഞ്ഞൻ കോവിഡ് ഉണ്ടായിരിക്കുമെന്നും, അതിനെ കരുതി ജീവിതം ചിട്ടപ്പെടുത്തേണ്ടി വരുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പഴയതു പോലെ ആയിരിക്കില്ല കോവിഡിനൊപ്പമുള്ള നമ്മളുടെ സാമൂഹിക ജീവിതം. കോവിഡിനെ തോൽപിച്ചു കളയാൻ പാകത്തിൽ പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും ഔദ്യോഗികജീവിതത്തെയും പുനഃക്രമീകരിക്കേണ്ടി വരും. ശത്രുവിനെ പേടിച്ചു അനിശ്ചിതമായി അകത്തിരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നതിനാൽ ശത്രുവിനു പിടികൊടുക്കാതെ നമുക്ക് പുറത്തിറങ്ങേണ്ടി വരും, ജീവിക്കാൻ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടി വരും. മനുഷ്യർ അത്യാവശ്യമല്ലാത്ത ഇടങ്ങളിൽ നിന്നെല്ലാം അവർ ഒഴിവാക്കപ്പെടും.

ശാസ്ത്രവും സാങ്കേതികതയുമെല്ലാം കോവിഡിനൊപ്പമുള്ള ജീവിതത്തെ സജ്ജമാക്കാൻ നിലവിലുള്ള പല സംവിധാനങ്ങളെയും പുനഃപരിശോധിക്കും, പുനർനിർവചിക്കും. ഉദാഹരണത്തിന്, ഇന്നലെ വരെ നമ്മൾ വിരൽകുത്തി ഉപയോഗിച്ചു കൊണ്ടിരുന്ന എടിഎം, ഇനി ഒരുപക്ഷേ അങ്ങനെ ആയിരിക്കില്ല ഉപയോഗിക്കാൻ പോവുക, ഇന്നലെ വരെ ഇരുന്നു ഭക്ഷണം കഴിച്ച രീതിയിൽ ആയിരിക്കില്ല ഇനി ഹോട്ടലുകളിൽ കഴിക്കാനിരിക്കുക. ഇപ്പോൾ തന്നെ പുതിയ പ്രോജക്ടുകളുടെയും ഉപകരണങ്ങളുടെയും രൂപകല്പനയിൽ കോവിഡ് പ്രതിരോധം മുഖ്യപരിഗണനയായി ഇടംപിടിച്ചു കഴിഞ്ഞു, പൂർത്തീകരിച്ച പല ഡിസൈനുകളും പുനഃപരിശോധിക്കാൻ ആരംഭിച്ചു കഴിഞ്ഞു.

ഡ്രൈവർമാരില്ലാത്ത കാറുകൾ അതിവേഗം റോഡുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയേക്കാം, ഓർഡർ എടുക്കാനും അതു കൊണ്ടുവന്നു തരാനും ഹോട്ടലുകളിൽ റോബോട്ടുകൾ എത്തിയേക്കാം, ബ്ലൂടൂത്തും ഇയർഫോണുമുള്ള മാസ്കുകൾ വന്നേക്കാം, മാസ്കിട്ടാലും സെൽഫി എടുക്കാൻ പറ്റുന്ന ക്യാമറകണ്ണുകൾ വന്നേക്കാം, മൊബൈൽ സർവീസ് പ്രൊവൈഡേഴ്സ് പുതിയ ക്വാറന്റൈൻ റീചാർജ് പാക്കേജുകൾ പ്രഖ്യാപിച്ചേക്കാം, തൊഴിലുടമകൾ ക്വാറന്റൈൻ അലവൻസുകൾ ഉൾപ്പെടുത്തി സാലറി സ്ട്രക്ച്ചറുകൾ പരിഷ്‌കരിച്ചേക്കാം, ക്വാറന്റൈൻ ലീവുകൾ വന്നേക്കാം, മനുഷ്യർ കണ്ണിൽകണ്ണിൽ നോക്കി സംസാരിക്കാൻ ആരംഭിച്ചേക്കാം, കണ്ണുകൾ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായി മാറിയേക്കാം, കോവിഡ് വന്നുപോയി ഇമ്മ്യൂണിറ്റി ആർജിച്ചവരെന്നും അല്ലാത്തവരെന്നും ലോകം രണ്ടായി പിളർന്നുപോയേക്കാം. ജീവിതത്തിന്റെ എല്ലാത്തുറയിലും വൈറസിനെ നേരിടാനുള്ള കരുതലുകൾ രൂപംകൊണ്ടേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക