Image

റോഡിലും 'റെഡ് സോണ്‍' വര തെളിഞ്ഞു; കോട്ടയം 'ഠ' വട്ടത്തിലായി (ശ്രീനി)

ശ്രീനി Published on 28 April, 2020
 റോഡിലും 'റെഡ് സോണ്‍' വര തെളിഞ്ഞു; കോട്ടയം 'ഠ' വട്ടത്തിലായി (ശ്രീനി)
ലോക്ക് ഡൗണിന് ജനം പുല്ലു വിലയിട്ടപ്പോള്‍ കോട്ടയം ജില്ല അക്ഷരാര്‍ത്ഥത്തില്‍ 'ഠ' വട്ടത്തിലായി. ഇനിയൊരറിയിപ്പുണ്ടാകും വരെ എങ്ങോട്ടും പോകേണ്ട, അര്‍ക്കും ഇങ്ങോട്ട് വരികയും വേണ്ട. കിണറ്റിലെ തവളയെപ്പോലെയായിരിക്കുകയാണ് കോട്ടയത്തുള്ളവര്‍. നാട്ടുകാരുടെ അനുസരണക്കേടിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഗ്രീന്‍ സോണിലായിരുന്നു കോട്ടയം. പിന്നെ ഓറഞ്ച് സോണിലേക്ക് പ്രമോഷന്‍ കിട്ടി. താമസിയാതെ തന്നെ ചുവപ്പ് കാര്‍ഡും കിട്ടി. ജനത്തിന് സമാധാനമായി. ഇനി പുറത്തിറങ്ങേണ്ടല്ലോ. 

കോവിഡ് കാലത്ത് ശുഭ പ്രതീക്ഷയുടെ പച്ചപ്പില്‍ നിന്നാണ് കോട്ടയം പരിഭ്രാന്തിയുടെ ചുവപ്പിലേക്ക് വേഗത്തില്‍ നടന്നുകയറിയത്. ഇടയ്ക്ക് കേരളത്തിലെ ഒരേയൊരു ഗ്രീന്‍ ഡിസ്ട്രിക്ടായിരുന്നു കോട്ടയം. പിന്നെ അയലത്തുള്ള ഇടുക്കിയും കൂട്ടിനെത്തി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഏപ്രില്‍ 14ന് അസാനിക്കുന്ന സമയത്ത് കേരളം കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. അപ്പോള്‍ ഗ്രീന്‍ സോണിലായിരുന്നു കോട്ടയം. കാള പെറ്റെന്ന് കേട്ട് കയറെടുത്തതു പോലെ അതുവരെ കടിച്ച് പിടിച്ച് വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ വണ്ടിയും വള്ളവുമെടുത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനായി പുറത്തിറങ്ങി. പ്രത്യേകിച്ചൊരു കാര്യവുമില്ലാത്തവരെക്കൊണ്ട് ഗ്രാമ-നഗര വഴികള്‍ നിറഞ്ഞു. അവരെല്ലാം കൊറോണയെ മറന്നു. ലോക്ക് ഡൗണിനെ നിസാരമായി തള്ളിക്കളഞ്ഞു.

എന്നാല്‍ അധികൃതര്‍ക്ക് കണ്ണടയ്ക്കാനായില്ല. അവര്‍ ലോക്ക് ഡൗണ്‍ പണ്ടത്തേതിന്റെ പിന്നത്തേതാക്കി. നിയന്ത്രണങ്ങള്‍ പിറ്റേന്നു തന്നെ വല്ലാതെ കടുപ്പിച്ചു. എന്നാല്‍ കിട്ടിയ തക്കത്തിന് വൈറസ് അതിന്റെ പണി ഭംഗിയായി നിര്‍വഹിച്ചു. കാരിയറുകളിലൂടെ പലരിലേയ്ക്കും കോവിഡ് കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കോട്ടയം ചന്തയിലേയ്ക്ക് പച്ചക്കറിയുമായി വന്നയാള്‍ അത്യാവശ്യം കൊറോണ വിതരണവും നടത്തി. അതോടെ കാര്യങ്ങള്‍ക്കൊരു തീരുമാനമായി.

കേരളത്തില്‍ കോവിഡിന്റെ അതിവേഗത്തിലുള്ള വ്യാപനം മൂലം ജനങ്ങളെ ഭീതിയിലാഴ്ത്തിയ ജില്ലയാണ് കാസര്‍കോഡ്. ഒപ്പം കണ്ണൂരുമുണ്ടായിരുന്നു. ഓരോ ദിവസവും നിരവധി കോവിഡ് രോഗികളാണവിടെ സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരുന്നത്. ഒരു ദിവസം 34 പേര്‍ക്കുവരെ കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ അവിടുത്തുകാര്‍ പാഠം പഠിച്ചു. കോവിഡ് ആശുപത്രിയിലെ അവസാന രോഗിയും ഇന്ന് (ഏപ്രില്‍ 28) ഡിസ്ചാര്‍ജായി. ജില്ലയില്‍ ചികില്‍യിലുള്ളത് 14 പേര്‍ മാത്രം. ഇപ്പോള്‍ കാസര്‍കോടും കണ്ണൂരും ആശ്വാസ ജില്ലകളാണ്. കോട്ടയവും ഇടുക്കിയും നേരെ മറിച്ചും.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരമാണിപ്പോള്‍ മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍ നിന്നും ദിവസവും അറിയുന്നത്. പല കേസുകളിലും വൈറസ് എങ്ങനെ പകര്‍ന്നു എന്ന് അറിയാന്‍ കഴിയുന്നില്ല. ഈ സ്ഥിതി ആശങ്കാജനകമാണ്. കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തിയതോടെ ക്വാറന്റൈനില്‍ കഴിയുന്നവരോട് അങ്ങനെ തന്നെ തുടരാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കര്‍ശന നിര്‍ദേശം.

കോട്ടയം ജില്ലയില്‍ കാര്യങ്ങള്‍ വഷളായതോടെ അയല്‍പക്ക ജില്ലകളായ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവ കോട്ടയവുമായുള്ള അതിര്‍ത്തികള്‍ അടച്ച് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. തുടക്കത്തില്‍ കോട്ടയം ജില്ലയിലെ വൈറസ് വ്യാപനം ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാലിപ്പോഴത്തെ വ്യാപനം ജില്ലയാകെ വ്യാപിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഇതൊട്ടും നിസാരമല്ല.

ആരോഗ്യ വകുപ്പ് ഏപ്രില്‍ 26ന് പുറത്തിറക്കിയ കോവിഡ് 19 റിപ്പോര്‍ട്ടനുസരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയിരുന്നു. 27-ാം തീയതിയായപ്പോള്‍ അത് 17 ആയി ഉയര്‍ന്നു. കോട്ടയത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടില്‍ പോയതോടെയാണ് ജില്ലയെ ഗ്രീന്‍ സോണായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ മാറ്റം കണ്ട് ലോക്ക് ഡൗണിന് ഇളവുകള്‍ വരുത്തിയതാണ് കനത്ത തിരിച്ചടിയായത്. 

മാസ്‌കുകള്‍ ധരിക്കണമെന്ന നിര്‍ദേശം ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞു. നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ടു വീലറുകളിലും കാറുകളിലുമൊക്കെയായി ആളുകള്‍ പുറത്തിറങ്ങി കറങ്ങി നടന്നു. പല സ്ഥലങ്ങളിലും ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസ് നോക്കുകുത്തിയായി. കൂട്ടത്തോടെയെത്തുന്ന ജനങ്ങളെ മാനേജ് ചെയ്യാന്‍ അവര്‍ക്ക് പറ്റാതെയായി. പോലീസ് പലപ്പോഴും കണ്ണടച്ചു. ഒരു വശത്ത് പൊതുജനം ഇളവുകളാസ്വദിക്കുമ്പോള്‍ മറുവശത്ത് വൈറസ് അതിവേഗ വ്യാപനവിളയാട്ടം തുടര്‍ന്നു.

ഏപ്രില്‍ 23-ാം തീയതി രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കോട്ടയം ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലായത്. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ റെഡ് സോണിലായി. ഇനിയെന്ന് 'പച്ച'യാവുമെന്ന കാത്തിരിപ്പിലാണ് കോട്ടയം.

റെഡ് സോണായതോടെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് സ്‌പെഷല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. സാമ്പിള്‍ പരിശോധനയും വേഗത്തിലാക്കും. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപ്പഞ്ചായത്തുകള്‍, ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,16, 18, 20, 29, 36, 37 വാര്‍ഡുകള്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ നിലവിലുള്ള ഹോട്ട് സ്‌പോട്ടുകള്‍.

ഇതിനിടെ കോവിഡ് ബാധിച്ചതെവിടെ നിന്നെന്നറിയാതെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെയുള്ള രോഗബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം 25 ഓളം പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരില്‍ കോട്ടയം ജില്ലയിലെ രണ്ടു നേഴ്‌സുമാര്‍, കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളി, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാര്‍ത്ഥിനി എന്നിവരുള്‍പ്പെടുന്നു. ഒരു സമ്പര്‍ക്കവുമില്ലാത്തവര്‍ക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികളുടെ ഏറ്റവും അപടം പിടിച്ച ഘട്ടമാണിത്. എന്നാല്‍ അത്തരത്തിലൊരു അപകടസ്ഥിതി കേരളത്തില്‍ തത്ക്കാലമില്ലെന്ന അധികൃതരുടെ വിശദീകരണം തല്‍ക്കാലം വിശ്വാസത്തിലെടുക്കുകയേ നിവര്‍ത്തിയുള്ളൂ.

 റോഡിലും 'റെഡ് സോണ്‍' വര തെളിഞ്ഞു; കോട്ടയം 'ഠ' വട്ടത്തിലായി (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക