Image

ടി.പി വധം: അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചെന്ന് എളമരം കരീം

Published on 25 May, 2012
ടി.പി വധം: അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചെന്ന് എളമരം കരീം
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കളെ കേസില്‍ കുടുക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് എളമരം കരീം. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം. സി.എച്ച് അശോകന്‍ യാതൊരു ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളിയാകില്ലെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം. പാര്‍ട്ടിയെ കരിതേച്ചുകാണിക്കാനാണ് അശോകനെ അറസ്റ്റ് ചെയ്തത്.

കേസിന്റെ ഗൂഢാലോചനയില്‍ അശോകന് പങ്കാളിത്തമുണ്‌ടെന്ന് മൊഴി നല്‍കിയതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നടക്കാത്ത ഒരു ഗൂഢാലോചനയെക്കുറിച്ച് ഒരാള്‍ എങ്ങനെയാണ് മൊഴി നല്‍കുകയെന്നും എളമരം കരീം ചോദിച്ചു. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച ആളാണ് അശോകന്‍. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയായിരിക്കും അതിന് ഉത്തരവാദിയെന്നും എളമരം കരീം പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരേയും എളമരം കരീം വിമര്‍ശനം നടത്തി. കസ്റ്റഡിയിലെടുത്തവരുടെ മൊഴിയെന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും. കേരളത്തിലെ ഒരു പ്രധാന മാധ്യമസ്ഥാപനം തയാറാക്കിയ പദ്ധതിപ്രകാരം മൊബൈല്‍ ഫോണും സിം കാര്‍ഡും ഒരു ഡിവൈഎസ്പിയെ ഏല്‍പിച്ചിരിക്കുകയാണ് . ഈ ഡിവൈഎസ്പി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുപോകുന്നത്.

മനുഷ്യത്വപരമായ പരിഗണന പോലും അശോകന്റെ കാര്യത്തില്‍ പോലീസ് നല്‍കിയിട്ടില്ലെന്നും 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് അശോകന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്യാമ്പിലിട്ട് വീണ്ടും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ഒരു സംഘമാണ് ചോദ്യം ചെയ്യലിന്റെ പേരില്‍ ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക