Image

ഇതെന്തൊരു പ്രഹസനമാണ് സജീ... ആൻസി സാജൻ

Published on 28 April, 2020
ഇതെന്തൊരു പ്രഹസനമാണ് സജീ... ആൻസി സാജൻ
പല പുതിയ കാഴ്ചകളും കാണുന്ന കാലമാണിത്. പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ സംഭവിക്കുന്നൊരു സമയവും. ചിലതൊക്കെ കണ്ട് അന്തം വിടാനും ചിരിക്കാനും യോഗമുണ്ടായവരാണ് നമ്മൾ. പ്രധാന കാര്യങ്ങളെല്ലാം ഓൺലൈൻ വഴിയാണിപ്പോൾ നടക്കുന്നത്.വീടുകളിലിരുന്ന് ജോലി ചെയ്യുന്നുണ്ട് ഒരു പാട് പേർ. വീട്ടിലിരുന്ന് എന്തുമാകാവുന്ന കാലം. ഒരു മീറ്ററല്ല ഒരുപാടൊരുപാട് ദൂരം അകലത്തിലാണെങ്കിലും അടുത്ത് കാണാൻ ഭാഗ്യമുണ്ടായവരാണ് നാം.
ലോക് ഡൗൺ ആയിപ്പോയത് കൊണ്ട് ആരാധനാലയങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ വന്നു. അതിന് പരിഹാരമായി ഫോണിലും ലാപ് ടോപ്പിലുമൊക്കെ ആത്മീയ ചടങ്ങുകൾ വന്നപ്പോൾ ആശ്വസിച്ച് അന്തം വിട്ട് അതിൽ പങ്കുകൊണ്ടു ആത്മീയ ഗണം.
അതു പോലെ അടിയന്തിര മീറ്റിംഗുകൾ , സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ തൽസമയ ആശയ വിനിമയങ്ങൾ ഇതൊക്കെയും നമുക്ക് അത്ഭുതം പകരുകയാണ്.( വൈകുന്നേരമാകാൻ കാത്തിരിക്കും നമ്മൾ ,മുഖ്യമന്ത്രി എന്തൊക്കെ വിവര വിസ്ഫോടനങ്ങളുമായിട്ടാണ് വരികയെന്ന്) ഇതൊക്കെ പോട്ടെ സമാധാനമുള്ള കാര്യങ്ങളാണ്.
കഴിഞ്ഞ ദിവസം ഓൺലൈൻ കല്ല്യാണം എന്ന പുതിയ ഒരു ഐറ്റം കണ്ടു.പ്രധാന പത്രങ്ങളിലെല്ലാം വാർത്തയുണ്ടായിരുന്നു. (സധൈര്യം, സഗൗരവം )

പ്രത്യേക സാഹചര്യം കൊണ്ട് നിശ്ചയിച്ച കല്ല്യാണം മുടങ്ങാതിരിക്കാൻ വരനും വധുവും നിശ്ചിത ആൾക്കാരും കൂടിച്ചേർന്ന അന്തസ്സുള്ള കല്ല്യാണങ്ങൾ നടന്നു. അതൊക്കെ നല്ല മാതൃകയുമായി.
ഈ ഓൺലൈൻ കല്ല്യാണ വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. 'ഇതെന്തൊരു പ്രഹസനമാണ് സജീ' എന്ന തലക്കെട്ടുള്ള ഒന്നാണ് ഞാൻ കണ്ടത്. അകലെയൊരു സംസ്ഥാനത്ത് പട്ടുസാരിയും ആഭരണങ്ങളുമൊക്കെയിട്ട് വധുവായി അണിഞ്ഞൊരുങ്ങിയ പെൺകുട്ടി കേരളത്തിലെ വരന്റെ വീട്ടിലെ ഫോണിൽ തല കുനിച്ചിരിക്കുന്നു. കെട്ടിക്കോ കെട്ടിക്കോ എന്ന് പരിസരത്ത് നിന്ന് ആരൊക്കെയോ ഏലായിടുമ്പോൾ വരൻ, വധുവിന്റെ ദൃശ്യം തെളിഞ്ഞു നിൽക്കുന്ന ഫോണിനെ ചരടിട്ട് കെട്ടുന്നു. 
എന്തായാലും എനിക്ക് കാണാൻ സാധിച്ച വീഡിയോയുടെ താഴെ വന്ന കമന്റുകൾ കണ്ട് ചിരിക്കാതെ വയ്യായിരുന്നു. പക്ഷേ അതൊന്നും ഇവിടെ എഴുതുന്നില്ല. ഓൺലൈൻ വിവാഹിതരുടെ ഭാവിജീവിതത്തെ പ്രതിയുള്ള സംശയങ്ങളും ആശങ്കകളുമായിരുന്നു ഏറെയും.. 'അല്ലാ'' ഇതെന്തൊരു പ്രഹസനമാണ് സജീ..., '
ഓൺലൈൻ ആരാധനാലയ ചടങ്ങുകൾക്കും ഇപ്പോൾ ആദ്യത്തെ പോലെ കാണികൾ ഉണ്ടെന്ന് തോന്നുന്നില്ല. ഔദ്യോഗിക വെബ്സൈറ്റുകളിലും പുരോഹിതരുടെ വ്യക്തിഗത ഫേസ്ബുക്ക് പേജിലുമൊന്നും ഇപ്പോൾ അധികം കാണുന്നില്ല. ആരാധനയ്ക്ക് പോകുന്ന പോലെ നല്ല വസ്ത്രമൊക്കെയണിഞ്ഞ്
ലാപ്ടോപ്പ് തുറന്നു വച്ച് അതിലെ നിഴലിനെ വണങ്ങി നിന്ന് മടുത്തിട്ടുണ്ടാവും ജനത്തിന്.
പള്ളി പ്രോഗ്രാമുകൾക്ക് വലിയ പങ്കാളിത്തമില്ലെങ്കിലും
മാതാവിനോടും ഈശോയോടും പറയാത്ത രഹസ്യമൊന്നുമില്ലാത്തവർക്ക് (അല്ലാതെ ആരോട് ധൈര്യമായിട്ട് പറയും..?) ഭൂമിയിൽ സമാധാനം.( ജന്മ ഗുണം കൊണ്ട് മാതാവും ഈശോയും പ്രധാനം.. അല്ലാത്തവർക്ക് അങ്ങനെ)
എന്നാലും എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് മെന ആകുന്നില്ലല്ലോ സജീ...'
ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക