Image

സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ. അനുമതി: മലയാളിക്ക് അഭിമാന നേട്ടം (സെബാസ്റ്റ്യന്‍ ആന്റണി )

സെബാസ്റ്റ്യന്‍ ആന്റണി Published on 27 April, 2020
സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ. അനുമതി: മലയാളിക്ക് അഭിമാന നേട്ടം  (സെബാസ്റ്റ്യന്‍ ആന്റണി )
ന്യൂ ജേഴ്സി: അമേരിക്ക മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്തനാര്‍ബുദ ചികിത്സക്ക് ട്രോഡെല്‍വി (Trodelvy) എന്ന പേരിലുള്ള പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എയുടെ  അനുമതി കഴിഞ്ഞ ബുധനാഴ്ച ലഭിച്ചു. ഇനി മുതല്‍ ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ (TNBC) രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് അമേരിക്ക വിപണിയില്‍ ലഭ്യമാകും. ന്യൂജഴ്സിയിലെ ഇമ്യൂണോമെഡിക്സ് (Immunomedics) എന്ന ബയോ - ഫര്‍മാസ്യൂട്ടിക്കല്‍  കമ്പനിക്കാണ് അമേരിക്കന്‍   ഈ അനുവാദം നല്‍കിയിരിക്കുന്നത്.

സ്തനാര്‍ബുദ കോശങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുള്ള റിസപ്റ്ററു (receptor)കളാണ് (Estrogen, Progesterone, HER-2) ആണ് പ്രകടിപ്പിക്കുന്നത്. ഈ മൂന്നു റിസപ്റ്ററുകളില്‍ ഏതെങ്കിലും പ്രകടിപ്പിക്കുന്ന സ്തനാര്‍ബുദത്തിനുള്ള ചികിത്സക്ക് പലവിധ മരുന്നുകള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയൊന്നും പ്രകടിപ്പിക്കാത്ത സ്തനാര്‍ബുദം അഥവാ ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍  വളരെയധികം അപകടകാരിയും ചികിത്സിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ളതുമാണ്. പ്രത്യേകിച്ചും രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചു (metastasized) കഴിഞ്ഞാല്‍. നിലവിലുള്ള കീമോ മരുന്നുകള്‍   കൊണ്ട് ഇത്തരം രോഗികളില്‍ സാധാരണ 10 ശതമാനത്തില്‍ താഴെ മാത്രമേ ഫലം  കാണുകയുള്ളൂ. മാത്രമല്ല, ഇവരില്‍ 1 - 2 മാസങ്ങള്‍ക്കുള്ളില്‍ രോഗം സാധാരണ തിരിച്ചുവരികയും ചെയ്യും. അതായത്, ഈ രോഗം വ്യാപിച്ചു കഴിഞ്ഞാല്‍ ആയുസ് വളരെ കുറച്ചു മാസങ്ങള്‍ മാത്രം. എന്നാല്‍ ട്രോഡെല്‍വി  കുത്തിവയ്പ് (2 നിര ചികിത്സക്ക് ശേഷം) ലഭിച്ച    രോഗികളില്‍ 33 ശതമാനത്തിലേറെ അര്‍ബുദം ഭാഗികമായോ പൂര്‍ണമായോ ചുരുങ്ങുകയും, അവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍   കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.എ ഈ മരുന്ന്  ലഭ്യമാക്കാനുള്ള പെട്ടന്നുള്ള അനുവാദം (Accelerated Approval) നല്‍കിയിരിക്കുന്നത്. ഈ അനുവാദത്തിന്റെ അടിസ്ഥാനമായ 5 വര്‍ഷത്തോളം നീണ്ടുനിന്ന ഫേസ് 1 - 2 ക്ലിനിക്കല്‍ ട്രയലിന്റെ ചുമതല ഇമ്യൂണോമെഡിക്സിന്റെ ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഡോ. പയസ് മാളിയേക്കല്‍ ആണ് നിര്‍വഹിച്ചത്.

സ്മാര്‍ട്ട് ബോംബുമായി ഉപമിക്കാവുന്നതും സ്മാര്‍ട്ട് ഡ്രഗ്  ആയി വിശേഷിപ്പിക്കാവുന്നതുമായ ആന്റിബോഡി ഡ്രഗ് കണ്‍ജുഗേറ്റ് (Antibody Drug Conjugate - ADC) എന്ന പുതിയ തരം മരുന്നുകളുടെ ഗവേഷണം നടത്തുന്നതിനും വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഇമ്യൂണോമെഡിക്സ് 2012-ല്‍ ഡോ. പയസ് മാളിയേക്കലിനെ നിയമിച്ചത്. എ.ഡി.സിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്: റിസപ്റ്ററിനെ  ലക്ഷ്യമാക്കുന്ന ഒരു ആന്റിബോഡി; കോശങ്ങളെ നശിപ്പിക്കുന്ന ടോക്സിന്‍; ഇവ രണ്ടിനേയും യോജിപ്പിക്കുന്ന ലിങ്കര്‍. ഒട്ടനവധി അര്‍ബുദ രോഗകോശങ്ങളുടെ പ്രതലഭാഗത്ത് പ്രകടിപ്പിക്കുന്ന ട്രോപ്-2 റിസപ്റ്ററിനെ  ആണ് ട്രോഡെല്‍വിയുടെ ഒരു ഭാഗമായ ആന്റിബോഡി ലക്ഷ്യം വയ്ക്കുന്നത്. സ്തനാര്‍ബുദ കോശങ്ങള്‍ 90 ശതമാനം ട്രോപ്-2 പ്രകടിപ്പിക്കുന്നതായി കണ്ടിരുന്നു. ട്രോഡെല്‍വിയില്‍ എസ്.എന്‍ -38   എന്ന ടോക്സിന്‍ ആണ് പ്രത്യേക ലിങ്കര്‍ വഴി ആന്റിബോഡിയുമായി ഘടിപ്പിച്ചിരിക്കുന്നത്. എസ്.എന്‍-38 ഇപ്പോള്‍ നിലവിലുള്ള ഒരു കാന്‍സര്‍ മരുന്നിന്റെ, മെറ്റാബൊളൈറ്റ് ( ശരീരത്തിനകത്ത് രൂപാന്തരപ്പെടുന്ന കെമിക്കല്‍) ആണ്. മൂല മരുന്നായ   ഐറിനോടെക്കാനേക്കാള്‍ നിരവധി മടങ്ങാണ് എസ്.എന്‍-38 -ന് കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി.

ഐ.വി. ഇന്‍ജക്ഷനായി   നല്‍കുന്ന ട്രോഡെല്‍വി അര്‍ബുദ കോശങ്ങളിലെ ട്രോപ്-2 റിസപ്റ്ററിനെ ലക്ഷ്യമാക്കി രക്തത്തിലൂടെ യാത്ര ചെയ്ത് അര്‍ബുദ കോശങ്ങളില്‍ പറ്റിപ്പിടിക്കുകയും അതിനകത്ത് കടന്നുകൂടുകയും ചെയ്യുന്നു. കോശങ്ങള്‍ക്കകത്തുള്ള പ്രത്യേക സാഹചര്യത്തില്‍ (pH) ട്രോഡെല്‍വിയുടെ ലിങ്കര്‍ വിഘടിച്ച് എസ്.എന്‍-38 നെ സ്വതന്ത്രമാക്കുമ്പോള്‍ അര്‍ബുദ കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നു ചെയ്യുന്നു. ട്രോഡെല്‍വി യിലുള്ള ഒരു മോളിക്യൂള്‍  ആന്റിബോഡി യില്‍ തന്നെ ഏഴിലധികം എസ്.എന്‍-38 മോളിക്യൂള്‍ ഘടിപ്പിക്കാന്‍ സാധ്യമാകുന്ന പ്രത്യേകതയുള്ളതു കൊണ്ട് ഈ മരുന്നിന് കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂടുതലാണ്. ട്രോപ്-2 റിസപ്റ്ററിനെ ലക്ഷ്യമാക്കുന്ന ട്രോഡെല്‍വി സാധാരണ കോശങ്ങളെ ആക്രമിക്കാത്തതുകൊണ്ട് മറ്റുള്ള കീമോ മരുന്നകളെ അപേക്ഷിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍  കുറവാണ്. അതുപോലെ ലിങ്കര്‍ ഉള്ളതുകൊണ്ട് സ്വതന്ത്രമായാ എസ്.എന്‍-38 അര്‍ബുദ കോശത്തിന് പുറത്ത് അധികം ഉണ്ടാവുകയുമില്ല. ചുരുക്കത്തില്‍ ഒരു സ്മാര്‍ട് ഡ്രഗ് ! ഈ മരുന്ന് IMMU-132 എന്ന പേരിലും, സാസിറ്റുസുമാബ് ഗോവിറ്റെകാന്‍ എന്ന ജനറിക് പേരിലും  ട്രോഡെല്‍വി  എന്ന വ്യാപാരനാമം  ആയും ആണ് അറിയപ്പെടുന്നത്.

ട്രോഡെല്‍വി ഉപയോഗിച്ചുള്ള 5 വര്‍ഷത്തെ പഠനത്തിന്റെ നടത്തിപ്പിനിടയില്‍ നിരവധി അര്‍ബുദ രോഗികള്‍ക്ക് രോഗം ഭേദമാകുമ്പോള്‍ തനിക്ക് എത്രമാത്രം സന്തോഷം ലഭിച്ചു എന്നു പറയാന്‍ ഡോ.പയസ്സിന് വാക്കുകള്‍ പരിമിതം. അഞ്ച് വര്‍ഷത്തിനകം നൂറില്‍പരം TNBC രോഗികള്‍, മറ്റു സ്താനാര്‍ബുദങ്ങള്‍, മറ്റു പല തരം അര്‍ബുദങ്ങള്‍, ഉള്‍പ്പെടെ 475 ഓളം രോഗികളില്‍ ട്രോഡെല്‍വി ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം ഡോ. പയസ്സിന്റെ ചുമതലയില്‍ നടത്തിയിരുന്നു. ഹാര്‍വാര്‍ഡ് , യേല്‍, ദാനാ ഫാര്‍ബെര്‍, കൊളംബിയ , കോര്‍ണെല്‍ തുടങ്ങി പ്രസിദ്ധ കാന്‍സര്‍ സെന്ററുകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങളീലായീ നടത്തിയ ഈ ഗവേഷണങ്ങള്‍ മറക്കാനാവാത്ത ഒരു സംരംബം ആയും അതില്‍ തന്റെ മുഴുവന്‍ മനസ്സും, ഹൃദയവും ആത്മാവും കൊടുത്തു വിജയിപ്പിക്കാന്‍ സാദ്ധിച്ചു എന്ന ചാരിതാര്‍ഥ്യം എന്നും മായാതെ കാത്തുസൂക്ഷിക്കാം. ഇതെല്ലാം ഒരു സി.ആര്‍.ഒയുടേയും സഹായമില്ലാതെയായിരുന്നു എന്നത് ശ്രദ്ധാര്ഹമായിരുന്നു. ട്രോഡെല്‍വി ഉപയോഗിച്ചുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ രോഗികളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ട്രോഡെല്‍വി ഗവേഷണത്തിന് ശേഷം ഈഗിള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്  എന്ന കമ്പനിയുടെ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഡെലിവേലോപ്‌മെന്റ്  ഡയറക്ടര്‍ ആയി സ്തനാര്‍ബുദത്തിനുള്ള വേറെ ഒരു മരുന്നിന്റെ ഗവേഷണത്തിലായിരുന്നു പയസ്സ് കുറച്ചുനാള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പി.ടി.സി തെറാപ്യൂട്ടിക്സ്എന്ന കമ്പനിയുടെ ക്ലിനിക്കല്‍ ഗവേഷണത്തിന്റെ ഓങ്കോളജി വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി സേവനമനുഷ്ടിക്കുന്ന പയസ്സിന് ഇപ്പോള്‍ ലുക്കീമിയ , ഓവേറിയന്‍ കാന്‍സര്‍, സര്‍ക്കോമ , തലച്ചോറിലെ ട്യൂമര്‍  എന്നീ അര്‍ബുദ രോഗചികിത്സാ പഠനങ്ങളുടെ ചുമതലയാണ്.

2012-നു മുമ്പ് ഒര്‍ലാന്‍ഡോയില്‍ എം.ഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്റര്‍ ആന്റ് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്റ് പ്രീക്ലിനിക്കല്‍ റിസര്‍ച്ച്  സയിന്റിസ്റ്റായി ജോലി ചെയ്തിരുന്നപ്പോള്‍ ടോള്‍ഫെനാമിക് ആസിഡ് എന്ന ഒരു തരം വേദനാ സംഹാരി (NSAID) കാന്‍സര്‍ രോഗ ചികിത്സക്ക് ഫലപ്രദമാണെന്ന് ലാബില്‍ നിന്നുള്ള പ്രീക്ലിനിക്കല്‍ പഠനത്തില്‍ കണ്ടുപിടിക്കുകയും അതിനുശേഷം ആദ്യമായി ക്യാന്‍സറിനെതിരായീ ടോള്‍ഫെനാമിക് ആസിഡ് ഉപയോഗിച്ചുള്ള Phase-1 ക്ലിനിക്കല്‍ ട്രയല്‍ അവിടെ ആരംഭിക്കുകയും ചെയ്ത വിവരം അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്ലോറിഡയില്‍ വച്ച് അഞ്ചു വര്‍ഷത്തോളം ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയൂടെ മെഡിക്കല്‍ കോളേജില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ കുഴുപ്പിള്ളിയിലെ പരേതരായ മാളിയേക്കല്‍ പൗലോസ് (എം. സി. പൗലോസ്മാസ്റ്റര്‍)ന്‍ടേയും റോസിയുടേയും മകനായ പയസ്സിന്റെ വിദ്യാഭ്യാസ കാലത്ത് SSLCക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സര്‍വോദയ ഗോള്‍ഡ് മെഡലും, ലയണ്‍സ് ക്ലബ് അവാര്‍ഡും, എറണാകുളം അതിരൂപതാ അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് കേരളാ സര്‍വകലാശാലയില്‍ നിന്ന് ബി.ഫാം ഒന്നാം റാങ്ക് നേടി IDMA സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. തുടര്‍ന്ന് നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോട് കൂടി എം.ഫാം ബിരുദം നേടി. കുറച്ചു കാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം, പയസ്സ് കുടുംബ സമേതം ന്യൂസിലാന്‍ഡിലേക്ക് താമസം മാറ്റി. കാന്‍സര്‍ ഗവേഷണത്തോടുള്ള അതിയായ താല്‍പര്യം നിമിത്തം ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശായില്‍ പി.എച്ച്.ഡി ഗവേഷണം ആരംഭിച്ചു. കാന്‍സര്‍ കീമോപ്രിവന്‍ഷന്‍ ആന്‍ഡ് കീമോതെറാപ്പി ആസ്പദമാക്കിയുള്ള ഗവേഷണത്തിന്റെ ഉത്തരങ്ങള്‍ അടങ്ങിയ പ്രബന്ധം അവതരിപ്പിച്ച് പി.എച്ച്.ഡി ബിരുദം നേടിയതിനുശേഷം 2000-ല്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനായീ  ന്യൂജഴ്സിയിലെ റട്ട്ഗേഴ്സ്  സര്‍വകലാശായില്‍ ചേര്‍ന്നു. പി.എച്ച്.ഡിയുടേയും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന്റെയും നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന നിരവധി പ്രീ-ക്ലിനിക്കല്‍ ട്രയലുകളില്‍ നൂറുകണക്കിന് എലികളില്‍ ഗവേഷണം നടത്തിയിരുന്നപ്പോള്‍ പയസ്സിന് പലപ്പോഴും ഗവേഷണ വെല്ലുവിളികളെ അതിജീവിക്കുന്നത് ഒരു ഹരമായിരുന്നു. പി.എച്ച്.ഡി പ്രോജക്ടില്‍ എലികളില്‍ കാന്‍സര്‍  വരുത്തിയിട്ട് അത് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പല മരുന്നുകളെ പറ്റിയുള്ള ഗവേഷണ ലക്ഷ്യം ആയിരുന്ന ആ സംരംഭത്തില്‍ അനവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യേണ്ടിവന്നിരുന്നു. ഒരു തവണ, എലികളില്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന രാസവസ്തു ലോകത്തെങ്ങുനിന്നും ലഭ്യമാകാതെ വന്നപ്പോള്‍ അത് സ്വന്തമായി ലാബില്‍ തന്നെ സംശ്ലേഷണം ചെയ്യുകയും അതുപയോഗിച്ച് കണ്‍ട്രോള്‍ ഗ്രൂപ്പില്‍  പൂര്‍ണമായും കാന്‍സര്‍ ഉണ്ടാക്കുകയും ചികിത്സിക്കുന്ന ഗ്രൂപ്പില്‍  ഫലപ്രദമായി തടയുകയും ചെയ്തകാര്യം ഒട്ടാഗോ സര്‍വകലാശാലയില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എത്രമാത്രം ക്ഷമയും, കഠിനാധ്വാനവും, സമര്‍പ്പണവും, റിസ്‌ക് എടുക്കാനുള്ള ആത്മദ്യര്യവും ഗവേഷകര്‍ക്ക് വേണമെന്നുള്ളതിന്റെ ഉദാഹരണമാണിത്.

കാന്‍സര്‍ ഗവേഷണം ഒരു അഭിനിവേശവും പ്രീക്ലിനിക്കല്‍ റിസര്‍ച്ചിലും ക്ലിനിക്കല്‍ റിസര്‍ച്ചിലും ഒരേപോലെ നൈപുണ്യംആര്‍ജിച്ച പയസ്സിന്റെ ഒരു ജീവിതാഭിലാഷമായിരുന്നു ഏതെങ്കിലും ഒരു മരുന്ന് വിജയകരമായി കാന്‍സര്‍ രോഗികളില്‍ ചികിത്സക്കായി എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുക എന്നത്. ട്രോഡെല്‍വി ഇപ്പോള്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ലഭ്യമാണെന്ന വാസ്തവം നല്‍കുന്ന വലിയ ഒരു ചാരിതാര്‍ത്ഥ്യം അര്‍ബുദത്തെ അതിജീവിച്ച പയസ്സിന് ഇരട്ടി മധുരം നല്‍കുന്നു.

മുപ്പതോളം പ്രസിദ്ധീകരണങ്ങളുടെ ഉടമയായ പയസ്സ് ട്രോഡെല്‍വി ഗവേഷണം ആസ്പദമാക്കി ആറിലേറെ പ്രസിദ്ധീകരണങ്ങളില്‍ ഭാഗഭാക്കായി. പേരുകേട്ട ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി, ക്ലിനിക്കല്‍ കാന്‍സര്‍ റിസര്‍ച്ച്, കാന്‍സര്‍, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍  തുടങ്ങിയ ജേര്‍ണലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കയില്‍ സ്ഥിരതാമസമായ പയസ്സിന്റെ കുടുംബത്തില്‍ ഏഴു പേരാണുള്ളത്:

ഭാര്യ: ഗീത (ബി.ഫാം)

മകള്‍: ഡോ. ഹിമ പയസ് (പീഡിയാട്രീഷ്യന്‍, കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍, ന്യൂയോര്‍ക്ക്)

മരുമകന്‍: ഡോ. ഫെലിക്സ് (കാര്‍ഡിയോളജിസ്റ്റ്, മൗണ്ട് സിനായി ഹോസ്പിറ്റല്‍, ന്യൂയോര്‍ക്ക്)

കൊച്ചുമകള്‍: മേരി ഗ്രേസ് (5 വയസ്)

മകള്‍: ഡോ. സിമ പയസ് (ഗൈനക്കോളജി റെസിഡന്റ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, വാഷിംഗ്ടണ്‍ ഡി.സി)

മകന്‍: സിനോയ് പയസ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, കെ.എം.സി, മണിപ്പാല്‍)

യു.എസിന്റെയും ന്യൂസിലാന്‍ഡിന്റെയും ഇരട്ട പൗരത്വവും ഗള്‍ഫ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലെ ജീവിത പരിചയവുമുള്ള പയസ്സിനും ഗീതയ്ക്കും ഇപ്പോഴും നമ്മുടെ നാടിനോടുള്ള സ്നഹവും അഭിമാനവും എല്ലാറ്റിനും ഉപരിയാണ്. ഇടക്കിടെക്ക് കുറേ മാസങ്ങള്‍ നാട്ടില്‍ ചെലവഴിക്കണമെന്നുള്ള ആഗ്രഹവുമായി കഴിയുകയാണ് ഇരുവരും.
സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ. അനുമതി: മലയാളിക്ക് അഭിമാന നേട്ടം  (സെബാസ്റ്റ്യന്‍ ആന്റണി )
Join WhatsApp News
Rajeev kumaran 2020-04-27 21:46:39
Dr. Sebastian Antani congratulation great job keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക