Image

ജീവിതദൃശ്യങ്ങളുടെ കാവ്യപ്രദര്‍ശനങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 26 April, 2020
ജീവിതദൃശ്യങ്ങളുടെ കാവ്യപ്രദര്‍ശനങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)
(ശ്രീമതി മാര്‍ഗരറ്റ് ജോസഫിന്റെ സാമഗീതം എന്ന കാവ്യസമാഹാരം-  നിരൂപണം)


“അനുഭവപ്പെടുന്നെങ്കിലും മറ്റുള്ളവര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത വികാരങ്ങളെ ഒരു യാഥാര്‍ത്ഥകവി ആവിഷ്ക്കരിക്കുന്നു; അയാള്‍ സകല സ്ത്രീ പുരുഷന്മാര്‍ക്കുവേണ്ടിയും സംസാരിക്കുന്നു.” അമേരിക്കന്‍കവിയും തത്വചിന്തകനും, അധ്യാപകനും, ഉപന്യാസകാരനുമായ റാല്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍ കവികളെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. പ്രശസ്ത അമേരിക്കന്‍ മലയാളി കവയിത്രി ശ്രീമതി മാര്‍ഗരറ്റ് ജോസഫിന്റെ എണ്‍പത്തിയഞ്ച് കവിതകള്‍ അടങ്ങിയ "സാമഗീതം" എന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ എമേഴ്‌സന്റെ നിര്‍വചനം എത്രമാത്രം ശരിയാണെന്നു ബോധ്യമായി. ഇതിലെ ഓരോ കവിതകളും വായനക്കാരില്‍ ആരുടെയൊക്കെയോ ചിന്തകളാണ്, അനുഭവങ്ങളാണ്, അവര്‍ താലോലിച്ച മോഹങ്ങളാണ്, വേദനകളാണ്. ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ കമനീയത കതിര്‍ചിന്തുന്ന ഭാഷയില്‍ ആവിഷ്ക്കരിച്ചുകൊണ്ട് അനുവാചകമനസ്സുകളെ അവര്‍ ആനന്ദം കൊള്ളിക്കുന്നു.
അധ്യാപനം എന്ന മഹത്തായ സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ് കവയിത്രി. ശിക്ഷിക്കുന്നതിനേക്കാള്‍ മാതൃകകാട്ടുക,  മാതൃക കാട്ടുന്നതോടൊപ്പം ഉപദേശിക്കുക, ഉപദേശിക്കുന്നതിനേക്കാള്‍ സാന്ത്വനം നല്‍കുക എന്നൊക്കെയായിരിക്കും ഈ അധ്യാപിക സ്വീകരിച്ച അധ്യയന മാതൃകയെന്നു കവിതകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് തോന്നാവുന്നതാണ്.  കവിതാസമാഹാരത്തിനു സാമഗീതം എന്ന പേര് കൊടുത്തതും അവരുടെ നന്മയുള്ള മനസ്സിന്റെ പ്രതിഫലനമാണ്.  സാമഗീതമെന്നാല്‍ സാന്ത്വനഗീതം എന്നും വ്യാഖ്യാനിക്കാം. വേദങ്ങളില്‍ മൂന്നാമത്തെ വേദമായ സാമവേദത്തിന്റെ അര്‍ത്ഥവും അറിവിന്റെ പാട്ടു എന്നാണ്. സാമന്‍ എന്നാല്‍ സമാധാനമെന്നും സാന്ത്വനം എന്നും അര്‍ത്ഥമുണ്ട്. സംഗീതത്തിലെ ഏഴ് സ്വരങ്ങള്‍ ഉണ്ടായത് സാമഗീതത്തില്‍ നിന്നാണ്.

"സാമഗീതം" എന്ന കവിതയില്‍ പ്രതിമാനങ്ങള്‍കൊണ്ട് മനുഷ്യജീവിത ത്തിന്റെ പൊരുള്‍ വളരെ വിദഗ്ദ്ധമായി അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സാമഗീതങ്ങള്‍ മുഴങ്ങിയിരുന്ന ഭാരതത്തില്‍ ഇന്ന് മദമത്സരങ്ങള്‍ നിറഞ്ഞാടുകയാണ്. സമാധാനം തേടിചെല്ലുന്ന മനുഷ്യന്‍ എത്തിപ്പെടുന്നത്  പ്രതീക്ഷകള്‍ നഷ്ടപെട്ടുപോകുന്ന മരുഭൂമിയിലാണ്. അവിടെ സഹജനെ ഹനിച്ച മനുഷ്യന്‍ ഉണ്ട്,  ഭോഗലഹരിയില്‍ മുങ്ങി മൃഗങ്ങളെക്കാള്‍ അധഃപതിച്ചവര്‍  ഉണ്ട്. തീര്‍ത്ഥം എന്ന് കരുതുന്ന പുണ്യഗംഗയില്‍ ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു. അങ്ങനെയുള്ള ഒരു പ്രദേശത്ത് സമാധാനം തേടുന്നതിനെ മൃഗതൃഷ്ണയോട് ഉപമിച്ചിരിക്കുന്നു. മൃഗതൃഷ്ണ എന്ന  വാക്കിന്റെ അര്‍ഥം മാനിന്റെ ദാഹം എന്ന് പറയാമെങ്കിലും വാസ്തവത്തില്‍ ദാഹം തീര്‍ക്കാന്‍ മരീചിക കണ്ട് ഓടുന്ന മാന്‍ അത് അപ്രത്യക്ഷമാകുന്നത് കാണുന്നു. കുറേകൂടി മുന്നോട്ട് മാറി അത് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മാന്‍ വീണ്ടും ഓടുന്നു. എന്നാല്‍ മുമ്പുണ്ടായ അനുഭവം ആവര്‍ത്തിക്കുന്നു. അങ്ങനെ ഓടിത്തളര്‍ന്ന് ദാഹം ബാക്കിയായി മാന്‍ വീഴുന്നു. മനുഷ്യരും അങ്ങനെ തന്നെ. ധനത്തിനും, സ്ഥാനമാനങ്ങള്‍ക്കും  വേണ്ടി ഓടിത്തളര്‍ന്നു ഒന്നും പ്രാപിക്കാന്‍ കഴിയാതെ അവര്‍ വീഴുന്നു. ഈ കവിതയിലൂടെ അവര്‍ നല്‍കുന്ന സന്ദേശം ഇതാണ്. "സാമഗീതം പാടിപ്പാടി , ദീനനു സഹചാരിയായി, സൗമ്യത മുഖമുദ്രയാക്കി, സേവനം വൃതമാക്കുവോര്‍ ധന്യര്‍, ജന്മം സഫലമാക്കി, മേദിനിക്കഭിമാനമായി, ഇരുളില്‍ മിന്നാമിനുങ്ങ് പോല്‍ നുറുങ്ങുവെട്ടം പകരട്ടെ എന്നാണു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക, നുറുങ്ങ് വെട്ടം എന്നാണു അവര്‍ അഭ്യര്‍ത്ഥിക്കുന്നത്. അല്‍പ്പമെങ്കിലും നന്മ മനുഷ്യരിലുണ്ടെങ്കില്‍ അതവര്‍ക്കും ഈ ലോകത്തിനും ഗുണകരമാകുമെന്ന്  കവയിത്രി  വിശ്വസിക്കുന്നു.

സരളവും ഭാവദീപ്തവുമാണ് ശ്രീമതി മാര്‍ഗരറ്റ്   ജോസഫിന്റെ മിക്ക കവിതകളും. ഏകാഗ്രമായ കലോപാസനയില്‍ അവര്‍ മുഴുകിപോകുമ്പോള്‍ കാല്‍പ്പനിക സൗന്ദര്യത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍ വാക്കുകളെ ആശ്ലേഷിക്കുന്ന അതീവസുന്ദരമായ അനുഭൂതി വായനക്കാരെ വിസ്മയാധീനരാക്കുന്നു. അത്തരം കവിതകളില്‍നിന്ന് "ചിത്രശാല" എന്ന കവിത പരിശോധിക്കാം. വാക്കുകള്‍കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ നിറഞ്ഞുകവിയുന്ന കവിതയാണിത്. ചിത്രശാല എന്ന പേര് അനുയോജ്യമായിരിക്കുന്നു. ഇതിലെ ബിംബങ്ങള്‍ ഏതെന്നു നോക്കാം. ഹൃദയകടല്‍, ജീവിതത്തിന്റെ നിമിഷചിറകുകള്‍, കളിവിളക്ക്, കേളികൊട്ട്, പുളകപ്പുതപ്പ്, സര്‍ഗ്ഗശ്രീകോവില്‍, മനസ്സെന്ന മായികാകാശം , മഴവില്ലുകള്‍ , പൂനിലാപ്പാലൊളി, ചിത്രശലഭം. നെടുവീര്‍പ്പുകള്‍ ഓളമിളക്കുന്ന ഹൃദയക്കടലില്‍ ഏകാന്തയാത്ര. അതില്‍ പൊങ്ങിയും മുങ്ങിയും കാണുന്ന രൂപങ്ങള്‍. ജീവിതം നിമിഷചിറകില്‍ ഏറി സുന്ദരദൃശ്യങ്ങള്‍ കാണാന്‍ ഒരുങ്ങുമ്പോള്‍ തെളിയുന്ന കളിവിളക്കുകള്‍ പിന്നെ കേളികൊട്ട്. മനസ്സെന്ന മായികാകാശത്തിലെ മഴവില്ലുകള്‍. അതിന്റെ എണ്ണം പറയുന്നതിലും  ആവിഷ്കാരതന്ത്രത്തിന്റെ ഭംഗി കാട്ടിയിരുന്നു. ഒന്നല്ലതിലെത്ര  മഴവില്ലുകള്‍ എന്നാണു അവര്‍ എഴുതുന്നത്. കനവുകള്‍ തുറന്നു കൊടുക്കുന്ന വാതിലിലൂടെ ജീവിതം കാണുന്നത് ആനന്ദപൂനിലാപ്പാലൊളിയാണ്. കമനീയമായ കല്പനകളും ചേതോഹരമായ സംഗമം നമ്മള്‍ ഇവിടെ കാണുന്നു. പ്രതിമാനങ്ങള്‍ സൃഷ്ടിക്കയും അവയെ ജീവിതത്തിന്റെ ഭാവങ്ങളുമായി വിദഗ്ദ്ധമായി അവര്‍ ബന്ധിപ്പിക്കുന്നു. സൗന്ദര്യമുഗ്ദ്ധമായ ഭാഷയില്‍ പാടുന്ന ഒരു ഭാവഗായികയാണവര്‍.

ഉദാത്തമായ മാതൃത്വത്തെ  മനസ്സിലാക്കുകയോ മാനിക്കുകയോ ചെയ്യാത്ത ഇന്നത്തെ സമൂഹത്തെ കവയിത്രി വിമര്‍ശിക്കുന്നുണ്ട്. മാതൃത്വമേറ്റം മഹത്തരമായ്, തലമുറക്കെണ്ണികൊളുത്തിട്ടുന്ന മാനിനി മണ്ണില്‍ ചുമടുതാങ്ങി. പക്ഷെ  ആ ധന്യത എന്നും നിലനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസവും അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. മണ്മറഞ്ഞാലുമീ ധന്യത പിന്നെയും ജന്മാന്തരങ്ങളായ് നീളും പൊരുളായി. അവര്‍ സര്‍വംസഹക്കൊപ്പം ആരാധ്യയല്ലേ? അമ്മയുടെ സ്‌നേഹം വിവരിക്കുന്നത് ഇപ്രകാരം. സ്വര്‍ഗീയതേജസ്സായെന്നരികില്‍ സ്വപനസഞ്ചാരിയായെത്തുകില്ലേ? ദേശാടനക്കിളികള്‍ ചിറകടിച്ചെത്തി കവയിത്രിയുടെ സ്മൃതിപഥത്തില്‍നിന്നും കൊത്തിയെടുക്കുന്ന വിവരങ്ങളിലും കാല്പനിക ഭംഗി നിറഞ്ഞുകവിയുന്നുണ്ട്.  "പുല്ലിലെ നീഹാരഹാരങ്ങള്‍ മിഴികളില്‍ മഴവില്ലു വിരിയിക്കുമായിരുന്നു. ആദ്യമായ് കണ്ണും കരളുമറിഞ്ഞതീ   ഗ്രാമീണവീഥിയിലായിരുന്നു. പുള്ളിയുടുപ്പിട്ട പൂമ്പാറ്റപോല്‍ കളിക്കുട്ടിയായി  കൂട്ടുകാരൊത്ത് കളിച്ച ബാല്യത്തിന്റെ നിര്‍വൃതി അവിടം സന്ദര്‍ശിക്കുമ്പോള്‍  വീണ്ടും അനുഭവപ്പെടുന്ന അനുഭൂതി ഒട്ടും ചോര്‍ന്നുപോകാതെ വിവരിക്കുന്നത് എത്രയോ ഹൃദ്യമായിട്ടാണ്.  ഋതുഭേദങ്ങളുടെ ഭംഗിവിവരിച്ചുകൊണ്ട് ഒരു സത്യം അവര്‍ ഓര്‍മ്മിപ്പിക്കുന്നു. സുഖദുഃഖമയം ജീവിതമെന്നു തെന്നലിടക്കിടെ മൊഴിയുമ്പോള്‍  സ്ഥിരമായെന്തീ ഭൂമിയിലെങ്ങും,  മാറ്റങ്ങള്‍ക്ക് വിധേയങ്ങള്‍. ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് വളരെ ലളിതമായി   വിവരിച്ചിരിക്കുന്നു. അമ്മ തൊട്ടിലുരുവായി , പിള്ളത്തൊട്ടിലില്‍ ചാഞ്ചാടി മണ്ണിന്‍ തട്ടില്‍ നടമാടി എവിടെയിനിക്കിനി സുഖനിദ്ര.

പ്രഹരണത്തിലൂടെയല്ല അറിവിലൂടെ പ്രബുദ്ധരാക്കുക എന്ന നയം സ്വന്തം കവിതയിലും ഈ അധ്യാപിക വ്യക്തമാക്കുന്നു. ദുരൂഹതകളില്ലാതെ, ജല്പനങ്ങളില്ലാതെ,  അടിച്ചേല്‍പ്പിക്കാതെ സ്വപ്നതുല്യമായ ഒരു ധ്യാനത്തിലൂടെ കടന്നുപോകുന്ന അനുഭവം വായനക്കാര്‍ക്ക് നല്‍കികൊണ്ട് ഓരോ താളുകളും സത്യമായ ജീവിതദ്ര്യശ്യങ്ങളുടെ കാവ്യപ്രദര്‍ശനം നല്‍കുന്നു. കവിതകള്‍ വായിച്ചാല്‍ മനസ്സിലാകരുത് അതു  കവിയുടെ രഹസ്യമാണെന്നു ആധുനികകവികള്‍ വിശ്വസിക്കുന്നതായി ഈ ലേഖകന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അപ്പോഴാണ് ശ്രീമതി മാര്‍ഗരറ്റ് ജോസഫിനെപ്പോലുള്ളവരുടെ കവിതകള്‍ കിട്ടുക. തെളിനീരുപോലെ നമ്മുടെ മുന്നില്‍ അതു  ഒഴുകുന്നു അതിലെ അനേകം പ്രതിബിംബങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുന്നു. 

എണ്‍പത്തിയഞ്ചു കവിതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കയാണെങ്കില്‍ അതൊരു കാവ്യനിരൂപണലേഖനത്തില്‍ ഒതുങ്ങുകയില്ല. അതുകൊണ്ട് മുഴുവന്‍ കവിതകളെ പദാനുപദമായ അര്‍ത്ഥം,  അനുമാനസിദ്ധമായ അര്‍ത്ഥം, മൂല്യനിര്‍ണ്ണയപ്രകാരമുള്ള   അര്‍ത്ഥം എന്നിങ്ങനെ വിഭജിച്ച് ചുരുക്കമായി വായനക്കാര്‍ക്ക് നല്‍കുക എന്നാണ് ഉദ്ദേശിക്കുന്നത്. അതേസമയം ഇംഗളീഷില്‍ പറയുന്ന സ്കിമിങ്ങ് (ടസശാാശിഴ) രീതിയും. ഈ വാക്ക് മലയാളത്തില്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ തിരക്കുപിടിച്ച വായന എന്നു മനസ്സിലാക്കുന്നത് മുഴുവനായി ശരിയല്ല. വാസ്തവത്തില്‍ ഓടിച്ചിട്ട ഒരു വായനയല്ല. മറിച്ച് മുഖ്യമായ ആശയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വായനയെന്നു സാരം.  കവിതകളില്‍ ഉദാത്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.  ധാര്‍മ്മികബോധവും, ആത്മവീര്യവും വായനക്കാരില്‍ ഉളവാക്കുംവിധമുള്ള രചനകളുടെ ശില്‍പ്പഭംഗി അഭിനന്ദനീയം.

ഈ സമാഹാരത്തിലെ  കവിതകള്‍ തികച്ചും സാമഗീതങ്ങള്‍ തന്നെ. സംഗീതത്തിന്റെ ആരംഭം സാമവേദത്തില്‍ നിന്നത്രേ. സംഗീതം എല്ലാവരിലും ആഹ്‌ളാദമുളവാക്കുന്നു. ശബ്ദങ്ങള്‍ക്ക് മനുഷ്യരില്‍ ഒരു സ്വാധീനശക്തിയുണ്ട്. അതവനെ ദിവ്യമായ  അനുഭൂതിയിലാഴ്ത്തുന്നു.  ശ്രാവകന്റെ മനസ്സിലെ ദുര്‍ വിചാരങ്ങള്‍ അകന്നുപോകുന്നു. അക്ബറിന്റെ രാജസദസ്സിലെ നവര്തനങ്ങളില്‍ ഒരാളായ താന്‍സെന്‍  (യഥാര്‍ത്ഥ പേര് രാം തനു  പാണ്ഡെ) മേഘമല്‍ഹാര്‍ എന്ന രാഗം പാടി മഴപെയ്യിച്ചത്രേ. എന്തുകൊണ്ടാണ് കാണികള്‍ക്ക് അത് അതിശയമായത്. മഴ അവരൊക്കെ കണ്ടിട്ടുണ്ടല്ലോ. കാരണം കാറ്റ് വന്നു മഴയുണ്ടാകുകയല്ല.   രാഗാലാപനം കൊണ്ട് മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞപ്പോള്‍  ജനങ്ങള്‍ തികച്ചും വിസ്മയഭരിതരായി.     ശ്രീമതി മാര്‍ഗററ് ജോസഫിന്റെ സാമഗീതങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അതേ അനുഭവം ഉണ്ടാകാം. കാരണം വായനക്കാരന് പരിചയമുള്ള വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ ജീവിതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. അതൊരു കാവ്യമഴയായി കണ്മുന്നില്‍ പെയ്തുതീരുമ്പോള്‍ നമ്മുടെ സമൂഹത്തിലെ എത്രയോ  ജീവിതങ്ങളുടെ ജലബിന്ദുക്കള്‍ നമുക്ക് ചുറ്റും തെന്നിതെറിക്കുന്നു.
ശ്രീമതി മാര്‍ഗരറ്റ് ജോസഫിന് ഒരു കാവ്യലോകം സ്വന്തമാണു. അവര്‍ കാണുന്ന കാഴ്ച്ചകളിലെല്ലാം കവിത നിറഞ്ഞുനില്‍ക്കുന്നു. ഇതാ അവരുടെ  വരികള്‍.
നവ്യാനുഭൂതിയുണര്‍ത്തുന്ന കാഴ്ചകള്‍
നിര്‍വൃതിനിര്‍ഭരമാകുന്ന മാത്രകള്‍
ഭാവനപ്രാവുകളീധവളാബയില്‍
നീര്‍ത്തി ചിറകുകളെന്നില്‍ പൊടുന്നനെ

ശ്രീമതി മാര്‍ഗററ് ജോസഫ് അവരുടെ കവിതകള്‍ ആരംഭിക്കുന്നത് നിത്യവെളിച്ചമായ് എത്തുന്ന രക്ഷകനെ സ്തുതിച്ചുകൊണ്ടാണ്.  പിന്നീടുള്ള താളുകളിലും അവരുടെ അചഞ്ചലമായ വിശ്വാസത്തിന്റെ വെളിച്ചം പ്രഭ തൂവുന്നത് കാണാം. ദിവ്യകാരുണ്യമായി ഉള്ളില്‍ വസിക്കുന്ന ദൈവത്തെ സ്വര്‍ഗ്ഗീയ പിതാവായി അവര്‍ കാണുന്നു. നീതിബോധം നശിച്ച ഈ ലോകത്തില്‍ യേശുദേവനെപോലെ നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നതിലുള്ള രോഷം ഇങ്ങനെ പ്രകടിപ്പിക്കുന്നു. ദയ അലിവറ്റുപോയവരെ, ഹൃദയം   പകുത്തവരെ, അഹന്ത  പെരുത്തവരെ. വീണ്ടും ഭൂലോകത്തിലെ  പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടിന്‍ ദിവ്യാപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നു. ലോകത്തോട് വിളിച്ച് പറയുന്നു "ഉത്ഥിതന്‍ തന്ന സമാധാനമല്ലാതെ, പ്രത്യാശ മറ്റെങ്ങ് വാഴ്വില്‍”. എന്നാല്‍ ഭക്തരായി നടിച്ച് കാപട്യം കൈമുതലായി നടക്കുന്നവര്‍ യേശുദേവനെ തിരിച്ചറിയാതെ അങ്ങാടി വാണിഭം വിലപേശി നടക്കുന്ന കാഴ്ച്ച അവരെ ദുഖിപ്പിക്കുന്നു. അപ്പോള്‍ തന്നെ അവര്‍ കര്‍ത്താവിന്റെ സ്‌നേഹസങ്കീര്‍ത്തനങ്ങള്‍ കേള്‍ക്കുന്നു. കാറ്റിലും സാഗരത്തിരകളിലും അവ പ്രതിധ്വനിക്കുന്നതായി അവര്‍ അറിയുന്നു. ചിരിയും കരച്ചിലുമായി തിരക്കേറിയ ജീവിതത്തില്‍ അനേകരെ കാണുമ്പോഴും അവര്‍ ഇല്ലായ്മയെ ഉണ്മയായി മാറ്റുന്ന നിത്യവെളിച്ചത്തിനു നന്ദി പറയുന്നു. ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലും ആത്മനാ സ്വീകരിച്ചാലിംഗനം ചെയ്തു നിത്യഭവനത്തില്‍ സ്വാഗതം ചെയ്‌വൂ ഞാന്‍. നൈരാശ്യമേശാതെയുള്‍ക്കരുത്തേകണെ നിത്യസൗഭാഗ്യമണച്ചിടേണേ"  എന്നവര്‍ എഴുതുന്നു.

ഓരോ കവിയും അവരുടെ കവിതകളിലൂടെ ആവിഷ്കരിക്കുന്നത് അവരുടെ ചിന്തകളാണ്, നിരൂപങ്ങളാണ്, വീക്ഷണങ്ങളാണ്, വിമര്‍ശനങ്ങളാണ്. ജീവിതത്തെ പ്രണയിക്കുന്ന ഒരു കവയിത്രിയെ നമ്മള്‍ ഈ സമാഹാരത്തില്‍ കാണുന്നു.  അറുപതിലും ആറിന്റെ ചിലങ്കകള്‍ കെട്ടാന്‍ മോഹിക്കുന്ന ഒരു ബാലികയാകുന്നു അവര്‍. ഈ വിശ്വം നല്‍കുന്ന കമനീയ കാഴ്ച്ചകളില്‍ വിസ്മയം പൂണ്ട് നില്‍ക്കുമ്പോള്‍ കവയിത്രീയുടെ കാവ്യജാലകങ്ങള്‍ മലക്കെ തുറക്കുകയായി. അതില്‍ വായനക്കാരന്‍ അത് വരെ കാണാത്ത സൗന്ദര്യമുണ്ട്. ഇവരുടെ സാന്ത്വനഗീതങ്ങള്‍ വേദനിക്കുന്നവരുടെ മനസ്സിന് ആശ്വാസം പകരുന്നവയാണ്. അശ്രുപൂജ എന്ന കവിതയില്‍ മുപ്പത്തിനാല് മാസങ്ങള്‍ മാത്രം പ്രായമുള്ള അരുമക്കുഞ്ഞിന്റെ  വേര്‍പാടിന്റെ  വിയോഗത്തില്‍ ദുഃഖിക്കുന്ന അമ്മയുടെ വേദന ഓര്‍മ്മകളായി വരികളില്‍ വിങ്ങുന്നു. "മൗനവേദന" എന്ന കവിതയിലും വേദനയിതളുകള്‍ വിടരുന്നു. നഷ്ടപ്പെട്ടതില്‍ നിന്നും ശക്തമായ എന്തോ ഉണ്ടാകുന്നു. അതാണ് പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നമ്മള്‍ക്ക് പിടിച്ച് നില്‍ക്കാനുള്ള ശക്തി പകരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വികാരങ്ങള്‍ പകരാന്‍ വാക്കുകള്‍ അപര്യാപതങ്ങളാകുമോ എന്ന് വായനക്കാര്‍ ഭയപ്പെടുമ്പോള്‍ കവയിത്രിയില്‍ നിന്ന് വാക്കുകള്‍ ഒഴുകി വരുന്നു. കണ്ണുനീരിന്റെ നനവോടെ, ഗദ്ഗദ ത്തോടെ.
"തീപ്പന്തം" എന്ന കവിത ഒരു പെണ്‍കുട്ടിയുടെ അമ്മയായ പ്രിയസഖിയുടെ മരണത്തില്‍ നൊന്തുഎഴുതിയതാണ്.ഇത്തരം വിലാപകാവ്യങ്ങള്‍ നമ്മള്‍ വായിക്കാറുണ്ടെങ്കിലും കൂട്ടുകാരിയുടെ മരണകാരണം രണ്ടുവരികളില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. "മൊട്ടു വിരിഞ്ഞു പൂവ്വായി മകള്‍, അച്ഛനോ വണ്ടായി വട്ടമിട്ടു.കൈക്കുടന്നയില്‍ ഒരു കടല്‍ ഒതുക്കുന്ന പോലെ ആ  വരികളിലൂടെ ഒരു മഹാദുരന്തത്തിന്റെ ചുരുള്‍ അഴിക്കുന്നു അവര്‍.
സ്വന്തം ജീവിതവും ചുറ്റിലും കാണുന്ന ജീവിതവും നിരീക്ഷിക്കുമ്പോള്‍  കവയിത്രി ഉരുവിടുന്ന മന്ത്രങ്ങളാണീ കവിതകള്‍.  മന്ത്രങ്ങള്‍ ഉത്തമരൂപത്തില്‍ എത്തുമ്പോള്‍ അതു  സാമവേദമാകുന്നുവെന്നാണ്. ഇവിടെ  സാമഗീതമാകുകയാണ്.  ശ്രദ്ധിച്ച് വായിക്കുന്നവര്‍ക്ക്  ഇവരുടെ കവിതകള്‍ പ്രസന്നമധുരങ്ങളെന്ന് തിരിച്ചറിയാം. സ്‌നേഹവും, സമത്വവും, സത്യവും, ആത്മീയതയും അവരുടെ കാവ്യവിഷയങ്ങളാകുന്നു. നീതിരഹിതമായ സമൂഹവ്യവസ്ഥിതികളില്‍ ധാര്‍മ്മികരോഷം ഉള്‍ക്കൊണ്ടെഴുതിയ കവിതകളിലും സ്വതസിദ്ധമായ മൃദുസമീപനമാണ് ഉപയോഗിക്കുന്നത് അല്ലാതെ തീവ്രമായ, കഠിനമായ പ്രതികരണങ്ങളല്ല ആഗ്രഹിക്കുന്നത്. അവരുടെ കാവ്യദര്‍ശനങ്ങളില്‍ ജീവിതം ഒരു സാമഗീതം പോലെ പാടി ആനന്ദിക്കാനും ആസ്വദിക്കാനുമാണ് സൂചന നല്‍കുന്നത്. കവിതകളില്‍ വസ്തുനിഷ്ഠമായ വീക്ഷണങ്ങളും, കവി സഹജമായ സംശയങ്ങളും, ഉല്‍ക്കണ്ഠകളും പ്രകടമാണ്. കവിതകളിലെ പ്രമേയങ്ങളില്‍ സൗന്ദര്യമുണ്ട്, മനുഷ്യജീവിതത്തിന്റെ ക്ഷണികതയുണ്ട്, മനുഷ്യന്റെ വക്രതകളെ സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളുടെ വിവരണമുണ്ട്. മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ചിന്തിക്കാത്തവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ വസിക്കുന്നുവെന്നവര്‍ വിശ്വസിക്കുന്നു.  അവരോട് ചോദിക്കുന്നു. "നിശ്ചിതവേളയില്‍ മിന്നല്‍പ്പോലെ, നിശ്ചലരാകുമെന്നോര്‍ക്കുകില്ലേ?

നേരത്തെ സൂചിപ്പിച്ചപോലെ ഇവരുടെ കവിതകളിലെ ജീവിതവീക്ഷണം നന്മനിറഞ്ഞ ഒരു നവലോകമാണ്. കവികളുടെ കാവ്യദര്‍ശനം എന്ന് പറയുന്നത് അവര്‍ ഒരു വസ്തുവിനെ വെറുതെ നോക്കി കാണുകയല്ല. അതിലേക്ക് ഇറങ്ങി ചെന്ന് അതിനെ വീക്ഷിക്കുന്നതിനെയാണ്.  കായലിലെ ഓളങ്ങളെ എല്ലാവരും കാണുന്നു. മനോഹരം, സുന്ദരം, നയനാന്ദകരം എന്നൊക്കെ ഒരു സാധാരണക്കാരന്‍ പറയും. പക്ഷെ ശ്രീമതി മാര്‍ഗരറ്റ് ജോസഫ് അത് കാണുമ്പോള്‍ എന്ത് സംഭവിക്കുന്നു. മനോഹരമായ ഒരു കവിത ജനിക്കുന്നു.വെറുതെ കായലിന്റെ ഭംഗി വിവരിക്കയല്ല. നമ്മള്‍ കാണാത്ത മനോഹാരിത, ചില സത്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. അവര്‍ പറയുന്നു ഇത് സുന്ദര നീലനീരാളമല്ലേ? പിന്നെ ഒരു വലിയ തത്വം കണ്ടെത്തുന്നു.  വായു കുമിളകളായി ജീവന്‍ വച്ച് ഉയര്‍ന്നു തീരങ്ങളെ ഉമ്മ വച്ച്  വിടചൊല്ലുന്ന മനോഹാരിതയില്‍ തോണികള്‍ ഉലഞ്ഞുള്ള യാത്രയുടെ പാത അജ്ഞാതമാവാമെന്നും അത് നമ്മുടെ ജീവിതനൗക പോലെ കളം കളം മൂളി ചിന്നിച്ചിതറുന്ന സൗന്ദര്യമായ് പച്ചപ്പായല്‍പുതപ്പില്‍ കായല്‍ മൂടിപ്പുതച്ച് കിടക്കയാണോ എന്ന് അവര്‍ ഉല്‍പ്രേക്ഷിക്കുന്നു. ഭാവനയും സര്‍ഗ്ഗശക്തിയും ഒത്തുചേരുമ്പോഴാണ് ഇതുപോലെയുള്ള ക്രിയാത്മക ഔന്നത്യം ഉണ്ടാകുന്നത്.     .മരീചികയ്ക്ക് പുറകെ ഓടുന്ന മാനിനെ  ഓര്‍മ്മിപ്പിക്കുമാറു മനുഷ്യന്‍ പെരുമാറുന്നത് മുഴുവന്‍ അവന്റെ ദൗര്‍ബല്യമല്ലെന്നു പറയാനും കവയിത്രി ധൈര്യപ്പെടുന്നു. നന്മ മരിക്കുമ്പോള്‍ ശാന്തിയും സ്‌നേഹവും നഷ്ടപ്പെടുന്നതായി കവയിത്രി ആശങ്കപ്പെടുന്നുണ്ട്.

കവിതകളില്‍ വാക്കുകള്‍ സംഗീതസാന്ദ്രമായ ശബ്ദങ്ങളാകുന്നു. അത് അനുവാചകമനസ്സുകളെ കോള്‍മയിര്‍കൊള്ളിക്കുന്നു. പ്രത്യേകിച്ച് വായനക്കാരന് സുപരിചിതമായ പ്രതിമാനങ്ങള്‍ വാക്കുകളിലൂടെ അവര്‍ ചാരുതയോടെ ഒരുക്കി നിര്‍ത്തുമ്പോള്‍. കാല്‍പ്പനിക സുഖം പകരുമ്പോഴും ഗഹനമായ തത്വങ്ങളെ വഹിക്കുന്ന അര്‍ത്ഥഗര്‍ഭമായ വരികള്‍.
ഓര്‍മ്മകള്‍ ഏകാന്തതക്കുറ്റ തോഴരാകുന്നു.

കടല്‍  കാറ്റിലുലയുന്ന നീരാവിയായുടന്‍
ഗഗനത്തിന്‍ കരിമുകിലാടയായി .
****   **
പലതുള്ളിയില്‍ നിന്ന്, പെരുവെള്ളമായി, ചിപ്പിയില്‍
നറു മുത്തായി, വരുന്ന അതിഥിയായി
കാലാന്തരത്തില്‍ പ്രളയമായ്  മാറുന്ന
മന്ത്രമോഹിനി

പിഞ്ചുകാല്‍വച്ച് വരച്ച ചിത്രങ്ങളാല്‍
അഞ്ചിതമാം തിരുമുറ്റം പൂക്കളമാക്കിയ ചെമ്പക  മുത്തശ്ശി
ഇപ്പോഴും നില്പതാശ്ചര്യം

ജീവിതം ഒരു തീര്‍ത്ഥയാത്ര
ജനിമൃതിയതിരിട്ട യാത്ര

മുഖരിതമാകുമീ വീഥികളില്‍ സദാ
യാനം തുടര്‍ന്നവരിന്നെവിടെ

എന്തൊരു ഭീതിദമായ സ്ഥിതിവിശേഷം ! ആല്‍ ഷൈമേഴ്‌സ് രോഗം
നിത്യനിശ്ശബ്ദതയിലേക്ക് വിടചൊല്ലും മുമ്പേ സ്മരണകളേ
മറഞ്ഞു പോകുന്നതെവിടെ?
അതെ,ഉള്ളറയില്‍ മാറാല കെട്ടുന്ന മറവി മരണമാണ്
ഓര്‍മ്മകള്‍ ജീവിതവും
 
ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ അക്ഷരരൂപം പൂണ്ടുനില്‍ക്കുന്ന വിസ്മയം കവിതകളില്‍ പ്രകടമാണ്. വള്ളത്തോളിനെ മലയാളികള്‍ ശബ്ദസുന്ദരന്‍ എന്ന് വിശേപ്പിക്കാറുണ്ട്.  അമേരിക്കന്‍ മലയാളസാഹിത്യത്തിനു അഭിമാനത്തോടെ ശ്രീമതി മാര്‍ഗരറ്റ് ജോസഫിനെ  അങ്ങനെ വിശേഷിപ്പിക്കാം. കവിതക്കായി കമനീയപദങ്ങള്‍  ശ്രദ്ധാപൂര്‍വം ,തെരഞ്ഞെടുക്കുന്നതില്‍ അവര്‍ നിപുണയാണ്. അക്ഷയമായ പദസമ്പത്തിന്റെ സമൃദ്ധികൊണ്ട് അതിഹൃദ്യമായ ശബ്ദഭംഗി വരികളില്‍ വരുത്താനുള്ള അവരുടെ സ്വാധീനം പ്രശംസാര്‍ഹം തന്നെ.ഈ ലേഖകന് പ്രസാദോജ്ജ്വലം എന്ന്  തോന്നിയ ചില വരികള്‍ പങ്കു വയ്ക്കാം.

അറിവിന്‍ കിരണം വീസും പാവന
ഹൃദയകോവിലിലെന്നും
നിര്‍മ്മലസ്‌നേഹം പൂജകളായി
അര്‍ച്ചനചെയ്യാമാര്‍ക്കും

കാര്‍മുകില്‍ മാല നിരന്നു വിണ്ണില്‍
ശ്യാമയവനിക മൂടി
ചാരുതയൊപ്പിയെടുക്കുമ്പോഴും
വാര്‍മഴവില്ലായ് സ്വപ്നം

ഈറ്റുനോവിന്‍ മഹത്തായ സമ്മാനമേ,
സ്ത്രീത്വം സഫലമാക്കുന്ന മാതൃത്വമേ,
മണ്ണിനു സ്‌നേഹാര്‍ദ്ര സന്ദേശമേകുന്ന,
ദിവ്യനിയോഗമായ്  മറ്റേതു വിസ്മയം

സമ്പത്തിനായ് കരങ്ങള്‍ നീട്ടി
വെമ്പല്‍ക്കൊള്ളും  വഴിപോക്കര്‍ നമ്മള്‍
അഭിനയമേന്മയ്കനുസരിച്ച്
ശിക്ഷയും സമ്മാനവും ഫലങ്ങള്‍

സര്‍വംസഹയായ ഭൂമിയെ പോറ്റമ്മയായി കാണാന്‍ അവര്‍ നിര്‍ദേശിക്കുന്നു. ക്ഷണികമായ മനുഷ്യന്റെ ജീവിതത്തെ ഒരു മണ്‍വണ്ടിയോട് അവര്‍ ഉപമിക്കുന്നുണ്ട്.  മനുഷ്യനെ മണ്ണില്‍ നിന്നെടുത്തതുകൊണ്ട് അവന്റെ ജീവിതം ഈ ഭൂമിയില്‍ ഓടുന്ന ഒരു മണ്‍വണ്ടി തന്നെ. നാള്‍ക്കുനാള്‍ അനുഭവപാഠങ്ങള്‍ പഠിച്ച് അവന്‍ ജീവിതനാടകം ആടുന്നു. മിഥ്യയുടെ പൊരുള്‍ തേടുന്ന അത്ഭുതപ്രതിഭാസമാണ് ജീവിതമെന്ന തത്വം കവയിത്രി സ്ഥാപിക്കുന്നു. ആ മിഥ്യയിലാണ്ടുപോകാതെ സത്യങ്ങള്‍ കണ്ടെത്തുവാന്‍ ദുര്ഘടങ്ങള്‍ താണ്ടുന്നതും മനുഷ്യനല്ലേ എന്ന് കവയിത്രി ചോദിക്കുന്നു. ചുടലയില്‍ ഒടുങ്ങുവോളം മോഹങ്ങള്‍ അവനെ മുന്നോട്ട് നയിക്കുന്നു. ജീവിതത്തിലെ പൂര്‍ണ്ണതകളും അപൂര്‍ണ്ണതകളും കാണുന്ന കവയിത്രി കണ്ടെത്തുന്ന സത്യങ്ങള്‍ അതിനെ ആസ്പദമാക്കി അവര്‍ കണ്ടെത്തുന്ന തത്വങ്ങള്‍ എല്ലാം തന്നെ വായനക്കാരന്റെ ചിന്താമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കുന്നവയാണ്.

കവിതകളിലൂടെ ശ്രീമതി മാര്‍ഗരറ്റ് ജോസഫ് നല്‍കുന്ന സന്ദേശവും ദര്‍ശനവും പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ നിന്നും കണ്ടെത്തുന്നതല്ല മറിച്ച് പക്വതയാര്‍ന്ന അവരുടെ വിചാരങ്ങളില്‍ നിന്നും അവര്‍ക്ക് സ്വായത്തമായി ലഭിക്കുന്നതാണ്. അതുകൊണ്ട് അതില്‍ കൃത്രിമത്വമില്ല.  കവിതകളുടെ മനോഹാരിത അവ കവിഹൃദയങ്ങളില്‍ നിന്ന് അനര്‍ഗ്ഗളം ഒഴുകുമ്പോഴാണ്. ബുദ്ധിമുട്ടി ഒഴുക്കുമ്പോഴല്ല.

നിരൂപണങ്ങള്‍ ഒരു കൃതിയെക്കുറിച്ചുള്ള അവസാനവാക്കല്ലെന്നു ഈ ലേഖകന്‍ മുമ്പും എഴുതിയിട്ടുണ്ട്. ശ്രീ കുട്ടികൃഷ്ണമാരാരെ ഉദ്ധരിക്കുന്നു. " നിരൂപണം പകുതിയോളം ഗ്രന്ഥകാരനെയും പകുതിയോളം നിരൂപകനെയും ആശ്രയിച്ചിരിക്കുന്നു.  ഗ്രന്ഥകാരന്റെയും നിരൂപകന്റെയും കഴിവുകള്‍ക്ക് തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുമാണ് അതില്‍ പ്രധാനം. അനേകം ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നുള്ള ആ കഴിവുകള്‍ക്ക് ഗ്രന്ഥകാരനെ സം ബന്ധിച്ചേടത്തോളം വാസന എന്നും നിരൂപകനെ സംബന്ധിച്ചേടത്തോളം സഹൃദയത്വമെന്നും വ്യവഹാരസൗകര്യത്തിനു വേണ്ടി പേരിട്ടിരിക്കുന്നു.” വായനക്കാര്‍ ഈ അഭിപ്രായം മനസ്സിലാക്കുമല്ലോ?
ശ്രീമതി മാര്‍ഗരറ്റ് ജോസഫിന് ഭാവുകങ്ങള്‍ നേരുന്നു. ഈ പുസ്തകത്തിന്റെ കോപ്പികള്‍ക്കായി ശ്രീമതി മാര്‍ഗരറ്റ് ജോസഫുമായി ബന്ധപ്പെടാവുന്നതാണ്.
 
ശുഭം


ജീവിതദൃശ്യങ്ങളുടെ കാവ്യപ്രദര്‍ശനങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
girish nair 2020-04-27 09:57:03
സാമഗീതം എനിക്ക്‌ മുഴുവൻ വായിക്കാൻ സാധിച്ചിട്ടില്ല. ഉള്ളടക്കത്തിലുള്ള ഏറെക്കുറെ കവിതകൾ ഇ മലയാളിയിലൂടെ വായിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ജനതയുടെ ജീവിതമാണ് കവിത. പ്രസന്നവും ഭാവദീപ്തവുമായ അനുഭവപരമ്പരകളിലൂടെ ഇതൾവിരിയുന്ന ജീവിതത്തിലെ അതീവ വികാര സാന്ദ്രമായ ഒരു കവിത സമാഹാരമാണ് "സാമഗീതം". ചിന്താ ബന്ധുരവും ലക്ഷ്യാധിഷ്ഠിതവുമായ കാവ്യങ്ങൾ കൊണ്ട് സാഹിത്യ ലോകം പുതിയ പുതിയ വെളിപാടുകളിലൂടെ പുരോഗമനം കൈവരിക്കുമ്പോഴും വർത്തമാനകാലം സംഘർഷഭരിതമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സാമൂഹിക തിന്മകൾക്കെതിരെയുള്ള പോർവിളികൾ മുഴങ്ങുന്ന ഈ സമാഹാരം വലിയ വിജയം കൈവരിക്കുവാൻ കഴിഞ്ഞു എന്നതിനു തെളിവാണ് 2017ൽ ഫൊക്കാന അവാർഡ്‌ നൽകി ശ്രീമതി മാർഗരറ്റ് ജോസഫിനെ ആദരിച്ചത്. ജന്മസഹജമായ ധിഷണാബലം, ഇതരഭാഷയിലും സാഹിത്യത്തിലുള്ള അഗാധമായാപാണ്ഡിത്യം, ദീർഘയാത്രകളിലൂടെ നേടിയ ലോകാനുഭവജ്ഞാനം എന്നിവ വിളിച്ചോതുന്ന ഒരു നിരൂപണം. നിരൂപകനും കവയിത്രിക്കും അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക